.

ഏറനാടിന്റെ വീരനായകന്‍

മലബാര്‍ ലഹളയായി ഖിലാഫത്ത് പ്രസ്ഥാനം പാളിപ്പോയതും
നിത്യനരകത്തിലേക്ക് ഒരു ദേശത്തെ തള്ളിവിട്ടതും കേരളത്തിന്റെ
താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വാര്‍ത്താമാധ്യമം ഇല്ലാതിരുന്നത്
കൊണ്ടാണെന്ന ചിന്തയില്‍ നിന്നാണ് 1923ല്‍
'മാതൃഭൂമി' പത്രം പിറക്കുന്നത്. കെ.പി. കേശവമേനോന്‍ പത്രാധിപരും
കെ. മാധവന്‍നായര്‍ മാനേജിങ് എഡിറ്ററുമായി പിറന്ന
മാതൃഭൂമിയാണ് പിന്നീട് കേരളത്തില്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ
ജിഹ്വയായത്


ആദ്യത്തെ കെ.പി.സി.സി. പ്രസിഡന്റും സ്വാതന്ത്ര്യസമരപോരാട്ടത്തിന് ആവേശംപകര്‍ന്ന 'മാതൃഭൂമി' പത്രത്തിന്റെ സ്ഥാപക മാനേജിങ് ഡയറക്ടറുമായ ഏറനാടിന്റെ വീരനായകന്‍ കെ. മാധവന്‍നായരുടെ ജീവിതം പുതുതലമുറയ്ക്ക് ഊര്‍ജമായി മാറണം. മലപ്പുറം ജില്ലയില്‍ മഞ്ചേരിയിലെ ഒരു ഇടത്തരം നായര്‍ കുടുംബത്തില്‍ ജനിച്ച് നിസ്വാര്‍ഥമായ പ്രവര്‍ത്തനംകൊണ്ട് കേരളത്തിന് വഴികാട്ടുകയായിരുന്നു മാധവന്‍നായര്‍. 1934 ജനവരി 13ന് കോഴിക്കോട് ടൗണ്‍ഹാളില്‍ മാധവന്‍നായരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നടത്തിയ പ്രസംഗം മതി മാധവന്‍നായരുടെ കര്‍മശേഷിയെ തിരിച്ചറിയാന്‍. 'അയിത്തത്തെ അകറ്റുന്നതിനുള്ള സമരത്തിനിറങ്ങിയ ഒരു യോദ്ധാവ് പോര്‍ക്കളത്തില്‍ തന്റെ പടക്കുതിരമേല്‍ വെച്ചാണ് മരിച്ചുപോയത്' എന്നാണ് മാധവന്‍നായരുടെ വിയോഗത്തെക്കുറിച്ച് മഹാത്മജി അനുസ്മരിച്ചത്.

1921ല്‍ കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ അതിന്റെ സെക്രട്ടറിയായിരുന്നു മാധവന്‍നായര്‍. അന്ന് കോണ്‍ഗ്രസ്സിന് പ്രസിഡന്റ് സ്ഥാനം ഇല്ലായിരുന്നു. സെക്രട്ടറിക്കായിരുന്നു പാര്‍ട്ടിയുടെ നിയന്ത്രണം. 1925ല്‍ കെ.പി.സി.സി.ക്ക് പ്രസിഡന്റുണ്ടായപ്പോള്‍ ആദ്യ പ്രസിഡന്റായതും മാധവന്‍നായരാണ്. വക്കീലന്മാരുടെ ഞായറാഴ്ച അവധി ദിവസങ്ങളിലെ സൊറപറച്ചിലില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ കേരളത്തില്‍ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മാധവന്‍നായരുടെ പങ്ക് നിസ്തുലമാണ്. ബി.എല്‍. പരീക്ഷ പാസായി മഞ്ചേരിയിലും പിന്നീട് കോഴിക്കോട്ടും വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് മാധവന്‍നായര്‍ കോണ്‍ഗ്രസ്സില്‍ സജീവമാകുന്നത്. അതുവരെ വക്കീലന്മാരുടെ ഞായറാഴ്ച സഭകളില്‍ പ്രമേയം അവതരിപ്പിച്ചു ചായകുടിച്ചു പിരിയല്‍ മാത്രമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം. 1915ല്‍ കോഴിക്കോട്ട് താമസമാക്കിയതുമുതല്‍ മാധവന്‍നായര്‍ കോണ്‍ഗ്രസ് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. മാധവന്‍നായര്‍ ആദ്യമായി ഏറ്റെടുത്ത ജനകീയപ്രശ്‌നം അയിത്തോച്ചാടനമായിരുന്നു. കോഴിക്കോട്ടെ സാമൂതിരി രാജവംശത്തിന് കീഴിലുള്ള തളിക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക് നടന്നുപോകാന്‍ വിലക്കുണ്ടായിരുന്നു. പട്ടിക്കും പൂച്ചയ്ക്കും പോലും വിലക്കില്ലാത്ത റോഡില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അയിത്തം കല്പിച്ചതിനെതിരെ ശക്തമായാണ് മാധവന്‍നായര്‍ പ്രതികരിച്ചത്. 1917 നവംബര്‍ ഒന്നിന് തളി റോഡിന്റെ രണ്ടറ്റത്തും തീണ്ടല്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ വിവരമറിഞ്ഞ് കെ. മാധവന്‍നായരും സുഹൃത്തുക്കളായ കെ.പി. കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍, മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍ എന്നിവര്‍ കൃഷ്ണന്റെ ഗവര്‍ണര്‍സ് കാര്‍ട്ടില്‍ റോഡിലൂടെ യാത്ര ആരംഭിച്ചു. മാധവന്‍ നായര്‍ അടക്കമുള്ളവര്‍ക്ക് അയിത്തമില്ലെങ്കിലും കൃഷ്ണനെ തടയുമോ എന്നറിയാനായിരുന്നു യാത്ര. തുടര്‍ന്ന് തീണ്ടല്‍ബോര്‍ഡ് വലിച്ചഴിച്ച് ടാര്‍ അടിച്ച് തളിക്കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതോടെ തളി റോഡിലെ തീണ്ടല്‍ പ്രശ്‌നവും തീര്‍ന്നു.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഹോംറൂള്‍ പ്രസ്ഥാനം ശക്തിപ്രാപിച്ചപ്പോള്‍ മാധവന്‍നായര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. 1920 ഏപ്രില്‍ 28ന് മഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ അഞ്ചാം മലബാര്‍ ജില്ലാ സമ്മേളനത്തിലാണ് മാധവന്‍നായര്‍ നേതൃനിരയിലേക്കുയര്‍ന്നത്.
1920ലെ കോണ്‍ഗ്രസ്സിന്റെ നാഗ്പുര്‍ സമ്മേളനമാണ് കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നിവ ചേര്‍ത്ത് കേരളമെന്ന ഒറ്റ കോണ്‍ഗ്രസ് സംസ്ഥാനമാക്കി അംഗീകരിച്ചത്. ഈ തീരുമാനപ്രകാരം കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി രൂപംകൊണ്ടപ്പോള്‍ ആദ്യത്തെ കെ.പി.സി.സി. സെക്രട്ടറിയായി നിയോഗിച്ചത് മാധവന്‍നായരെയാണ്.
1921 ജനവരി 15ന് കോഴിക്കോട്ട് കടപ്പുറത്ത് നടന്ന കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ വക്കീല്‍ ജോലി ഉപേക്ഷിച്ച് മാധവന്‍നായര്‍ മുഴുവന്‍സമയം കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനായി ഉഴിഞ്ഞുവെച്ചു. ഖിലാഫത്ത് സമരപ്രഖ്യാപനവുമായി 1920 ആഗസ്ത് 18ന് മഹാത്മാഗാന്ധി മൗലാന മുഹമ്മദലിക്കൊപ്പം കോഴിക്കോട്ടെത്തി. അന്ന് കോഴിക്കോട്ട് കടപ്പുറത്ത് ചേര്‍ന്ന കോണ്‍ഗ്രസ് പൊതുയോഗത്തില്‍ ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റിയത് മാധവന്‍നായരായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തെ ഖിലാഫത്ത് കമ്മിറ്റികളുമായി സഹകരിച്ച് മുന്നോട്ടുകൊണ്ടുപോകാനായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശം. ഇതനുസരിച്ച് പ്രചാരണം നടത്തുകയായിരുന്നു മാധവന്‍നായര്‍. കേരളത്തിലെ സ്ഥിതിഗതികള്‍ വീക്ഷിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സി. രാജഗോപാലാചാരിയും കോഴിക്കോട്ടെത്തിയിരുന്നു. നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്തും സംബന്ധിച്ച് പ്രചാരണം നടത്താന്‍ മദിരാശിയില്‍ നിന്ന് യാക്കൂബ് ഹസ്സനും കോഴിക്കോട്ടെത്തി. ഇതറിഞ്ഞ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് നിരോധനാജ്ഞ ഇറക്കി. യാക്കൂബ് ഹസ്സന്‍, കെ. മാധവന്‍നായര്‍, യു. ഗോപാലമേനോന്‍, മൊയ്തീന്‍കോയ എന്നിവരെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റു ചെയ്തു. ഒരിക്കലും മജിസ്‌ട്രേട്ടിന്റെ കല്പന ലംഘിക്കില്ലെന്ന് ഒരു കരാറില്‍ ഒപ്പുവെക്കണമെന്ന് മജിസ്‌ട്രേട്ട് ആവശ്യപ്പെട്ടപ്പോള്‍ മാധവന്‍നായര്‍ അത് തള്ളുകയായിരുന്നു. അഡ്വക്കേറ്റായ തന്റെ വാക്ക് വിശ്വസിക്കാന്‍ കോടതി തയ്യാറല്ലെങ്കില്‍ കച്ചീട്ട് കൊടുക്കാന്‍ താനും ഒരുക്കമല്ലെന്ന് മാധവന്‍ നായര്‍ അറിയിച്ചു. ഇതോടെ മാധവന്‍നായരടക്കം നാലു പേരെയും ആറുമാസം കണ്ണൂര്‍ ജയിലില്‍ തടവിനുശിക്ഷിച്ചു. മാധവന്‍നായരടക്കമുള്ളവരെ അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത കാട്ടുതീ പോലെ മലബാറിലെങ്ങും പടര്‍ന്നു. കോടതി ബഹിഷ്‌കരണവും പഠിപ്പുമുടക്കും പ്രതിഷേധപ്രകടനങ്ങളും നാടെങ്ങും നടന്നു. കോഴിക്കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ സി.വി. നാരായണമേനോന്‍ പ്രതിഷേധസൂചകമായി രാജിവെക്കുകയും ചെയ്തു. മാധവന്‍നായരടക്കമുള്ളവരുടെ ജയില്‍വാസം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു.

മലബാര്‍കലാപത്തിലെ ശാന്തിദൂതന്‍


മാധവന്‍നായര്‍ ജയില്‍മോചിതനായതിന്റെ അടുത്ത ദിവസം ജന്‍മനാടായ മഞ്ചേരിയിലേക്ക് പോയപ്പോഴാണ് തിരൂരങ്ങാടിയില്‍ മലബാര്‍കലാപം പൊട്ടിപ്പുറപ്പെട്ടത്. ഖിലാഫത്ത് പ്രസ്ഥാനം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട നേതാവെന്ന നിലയില്‍ കലാപവുമായും അതിന്റെ നേതാക്കളുമായും മുഖാമുഖം ഇടപെടേണ്ടുന്ന നിരവധി അവസരങ്ങളാണ് മാധവന്‍നായര്‍ക്കുണ്ടായത്. മലബാര്‍ കലാപത്തിന്റെ യഥാര്‍ഥ വസ്തുത അറിയിക്കുന്ന ചരിത്രഗ്രന്ഥമാണ് മാധവന്‍നായരുടെ 'മലബാര്‍കലാപം' എന്ന പുസ്തകം. പുസ്തകത്തിന്റെ അവതരണം തന്നെ ദൃക്‌സാക്ഷി വിവരണത്തിന് സമാനമാണ്. മാധവന്‍നായര്‍ മരിച്ച് 50 വര്‍ഷത്തിനുശേഷമാണ് ഭാര്യ കെ. കല്യാണിഅമ്മ ഈ പുസ്തകം കണ്ടെടുത്ത് മാതൃഭൂമി ബുക്‌സിലൂടെ പ്രസിദ്ധീകരിച്ചത്. ചരിത്രത്തിന് നല്‍കിയ വലിയസംഭാവനയാണ് മാധവന്‍നായരുടെ പുസ്തകം.
ആയുധങ്ങളുമായി കലാപത്തിനൊരുങ്ങി നിന്ന പൂക്കോട്ടൂരിലെ മാപ്പിളമാരെ പ്രസംഗത്തിലൂടെ ശാന്തരാക്കി മടക്കിയ സംഭവവും മാധവന്‍നായരുടെ സമാധാന ദൗത്യത്തിന്റെ വിജയമായിരുന്നു. കോഴിക്കോട്ടുനിന്ന് കളക്ടറും പട്ടാളവും മലപ്പുറത്തേക്ക് പോന്നതറിഞ്ഞ് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും മൊയ്തുമൊലവിയും കോരിച്ചൊരിയുന്ന മഴയത്താണ് കാളവണ്ടിയില്‍ മഞ്ചേരിയിലെ മാധവന്‍നായരുടെ വീട്ടിലെത്തിയത്. വിവരം അറിഞ്ഞ് ഒരു നിമിഷം പോലും വൈകാതെ മാധവന്‍നായര്‍ ഇവര്‍ക്കൊപ്പം കാളവണ്ടിയില്‍ സായുധരായി പോരാട്ടത്തിനു തയ്യാറായ പൂക്കോട്ടൂരിലെ മാപ്പിളമാരുടെ അടുത്തേക്ക് കുതിച്ചു. പൂക്കോട്ടൂര്‍ അങ്ങാടിയിലെ നിരത്തില്‍ 200ല്‍പ്പരം മാപ്പിളമാരാണ് തോക്കും വാളും വടിയും അടക്കമുള്ള പലതരം ആയുധങ്ങളുമായി ആക്രമണത്തിന് ഒരുങ്ങിനിന്നത്. ഇവരെ മാധവന്‍നായരും അബ്ദുറഹിമാന്‍സാഹിബും മൊയ്തുമൗലവിയും നാരായണമേനോനും ചേര്‍ന്നാണ് അനുനയിപ്പിച്ച് പിരിച്ചയച്ചത്.

മലബാറിലെ കലാപമേഖലയില്‍ ഒറ്റപ്പെട്ട സ്ത്രീകളെയും കുട്ടികളെയും കോഴിക്കോട്ടെത്തിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്തെഴുതിയതിന്റെ പേരില്‍ അബ്ദുറഹിമാന്‍ സാഹിബിനെ ജയിലിലടച്ചപ്പോള്‍ മലബാറിലെ ശാന്തിദൂതന്റെ ദൗത്യം മാധവന്‍നായര്‍ക്കായി. ദുരിതബാധിതരുടെ രക്ഷാകേന്ദ്രം മഞ്ചേരിയിലെ മാധവന്‍നായരുടെ വീടായിരുന്നു. ജനങ്ങള്‍ക്ക് ഭക്ഷണത്തിന് അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ തീര്‍ന്നതോടെ അവര്‍ പട്ടിണികിടന്നു മരിക്കുമെന്ന പേടിയായി. ഇതോടെ മാധവന്‍നായര്‍ സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി കലാപബാധിതമേഖലയിലൂടെ കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍, കലാപത്തിന്റെ നേതാക്കള്‍ മാധവന്‍നായര്‍ക്ക് സഞ്ചരിക്കാന്‍ കാളവണ്ടി ഒരുക്കി നല്‍കുകയായിരുന്നു. കലാപബാധിത പ്രദേശത്തുനിന്നും കോഴിക്കോട്ടേക്ക് ഒഴുകിയ ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കുന്നതിന് മാധവന്‍നായര്‍ മഹാത്മജിയുടെയും രാജഗോപാലാചാരിയുടെയും സഹായം തേടി. ചാലപ്പുറത്തെ മാധവന്‍നായരുടെ വീട് ദുരിതാശ്വാസകേന്ദ്രമായി മാറി. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നേരേ ഒരുപോലെ അദ്ദേഹത്തിന്റെ സഹായഹസ്തം നീണ്ടു. ഏതാണ്ട് ആറുമാസക്കാലമാണ് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി മാധവന്‍നായര്‍ നീങ്ങിയത്.

മലബാര്‍ ലഹളയായി ഖിലാഫത്ത് പ്രസ്ഥാനം പാളിപ്പോയതും നിത്യനരകത്തിലേക്ക് ഒരു ദേശത്തെ തള്ളിവിട്ടതും കേരളത്തിന്റെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വാര്‍ത്താമാധ്യമം ഇല്ലാതിരുന്നതുകൊണ്ടാണെന്ന ചിന്തയില്‍ നിന്നാണ് 1923ല്‍ 'മാതൃഭൂമി' പത്രം പിറക്കുന്നത്. കെ.പി. കേശവമേനോന്‍ പത്രാധിപരും കെ. മാധവന്‍നായര്‍ മാനേജിങ് എഡിറ്ററുമായി പിറന്ന മാതൃഭൂമിയാണ് പിന്നീട് കേരളത്തില്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ ജിഹ്വയായത്. മദിരാശി നിയമസഭയില്‍ അംഗമായിരുന്ന മാധവന്‍നായര്‍ 1929ലെ കുടിയാന്‍ നിയമം, മരുമക്കത്തായ നിയമം എന്നിവയ്ക്ക് രൂപം നല്‍കുന്നതില്‍ നേതൃപരമായ പങ്കാണ് വഹിച്ചത്. വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയുടെ വിജയത്തിന് വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിന്റെ റഫറണ്ടം ഡയറക്ടറായുള്ള പ്രവര്‍ത്തനം ഗാന്ധിജിയുടെകൂടി പ്രശംസ നേടിക്കൊടുത്തു. 1930'32ലെ സിവില്‍ നിയമലംഘന സമരക്കാലത്തും മാധവന്‍നായര്‍ അറസ്റ്റുവരിച്ചു. ഗാന്ധിജി, മോട്ടിലാല്‍, ജവാഹര്‍ലാല്‍ നെഹ്‌റു, രാജാജി തുടങ്ങിയ ദേശീയ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഗുരുവായൂര്‍ റഫറണ്ടം, നിയമലംഘനപ്രസ്ഥാനം എന്നിവസംബന്ധിച്ച കഠിനാധ്വാനം 1933 സപ്തംബര്‍ 28ന് മാധവന്‍നായരുടെ ജീവന്‍കവര്‍ന്നു. മാധവന്‍നായരുടെ മരണം രാഷ്ട്രത്തിന് വലിയൊരു നഷ്ടമാണെന്നാണ് മഹാത്മാഗാന്ധി മാതൃഭൂമിക്കയച്ച കമ്പി സന്ദേശത്തില്‍ പറഞ്ഞത്. സ്വന്തം ജീവിതം നാടിന്റെ സ്വാതന്ത്ര്യത്തിനും നന്മയ്ക്കുമായി സമര്‍പ്പിച്ച മാധവന്‍നായരുടെ ജീവിതം നമുക്ക് പുതിയ പ്രതീക്ഷയും കരുത്തുമാകട്ടെ

ആര്യാടന്‍ ഷൗക്കത്ത്‌
Mathrubhumi

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP