.

ഉമര്‍ഖാസി: ബ്രിട്ടീഷുകാരെ വിറപ്പിച്ച സ്വാതന്ത്ര്യ സമരനായകന്‍

ചരിത്രം വിസ്മരിച്ച ദേശീയനായകരില്‍ പ്രധാനിയാണ് നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ വെളിയങ്കോട് ഉമര്‍ഖാസി. സ്വാതന്ത്ര്യ സമര സേനാനി, തികഞ്ഞ മതേതര വാദി, പണ്ഡിതന്‍, ന്യായാധിപന്‍, നിമിഷ കവി, സാഹിത്യകാരന്‍, സമരയോദ്ധാവ്, സൂഫിവര്യന്‍ എന്നിവയെല്ലാമായിരുന്നു അദ്ദേഹം. ഉമര്‍ഖാസിയുടെ പ്രവാചക വൈദ്യവും യൂനാനി ചികിത്സയും പ്രസിദ്ധമായിരുന്നു.

വിദേശ ഭരണ മേലാളരുടെ അന്യായത്തിനും ധിക്കാരത്തിനുമെതിരെ പ്രക്ഷോഭം നടത്തുകയും അധിനിവേശത്തിന്റെ കാലഘട്ടത്തില്‍ സാമ്രാജ്യത്വ-വാണിജ്യ-സാംസ്‌ക്കാരിക മേഖലകളിലെ കടന്നുകയറ്റം, ദേശ, ഭാഷ-സംസ്‌കാരങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ അതിനെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്ത ആ വിപ്ലവകാരിയുടെ വീരേതിഹാസം രോമാഞ്ചജന്യമാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ആരംഭിക്കുന്നതിന് എത്രയോ ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് ഉമര്‍ഖാസി, നികുതി നിഷേധ പ്രസ്ഥാനം ആരംഭിച്ചത്.

സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമായായിരുന്നു അത്. 1815-16 കാലഘട്ടത്തില്‍ തുക്കിടി നീബു സാഹിബിന്റെ മുഖത്ത് നോക്കി നിങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ റവന്യൂ വരുമാനമായ നികുതി തരില്ല എന്നും ഈ രാജ്യം വിട്ടുപോകണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചാവക്കാട്, കോഴിക്കോട് ജയിലുകളില്‍ പീഡനങ്ങളേല്‍ക്കേണ്ടി വരികയും തടവ് അനുഭവിക്കുകയും ചെയ്തു. ചരിത്രകാരന്മാരുടെ പിഴവ്മൂലം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വിട്ടുപോയ കണ്ണിയാണ് അദ്ദേഹം. തന്നെയുമല്ല, ചരിത്രകാരന്മാര്‍ ഉമര്‍ഖാസിയെ അവഗണിക്കുകയും ചെയ്തു.

തീര്‍ത്തും മതേതരവാദി ആയിരുന്നു ഉമര്‍ ഖാസി. ഇന്ത്യയിലെ സകല മതസ്ഥരേയും ഒരു ജനതയായും ഇംഗ്ലീഷുകാരെ നാടിന്റെ ശത്രുവായും അദ്ദേഹം നോക്കിക്കണ്ടു. സാമുദായിക സൗഹാര്‍ദത്തിന്റെ വക്താവ് കൂടിയായ അദ്ദേഹം മറ്റു മതക്കാര്‍ക്ക് സ്വന്തം നാട്ടില്‍ ക്ഷേത്രം പണിയാന്‍ സ്ഥലം കൊടുത്ത മഹത്‌വ്യക്തിയാണ്.

പ്രതിഭയുള്ള കവിയും കൂടിയായിരുന്നു അദ്ദേഹം. അല്ലാഹുവിനോടും പ്രവാചക പ്രവീണരോടുമുള്ള നിരുപമ സ്‌നേഹാദരവുകള്‍ ഉമര്‍ഖാസിയുടെ കവിതകളുടെ ആത്മാവാണ്. അറബി കാവ്യശൈലിയുടെ ഉദാത്ത ഉദാഹരണമാണ് പ്രസിദ്ധമായ 'ഖസ്വീദത്തുല്‍ ഉമരിയ്യ'. ജിദ്ദയിലും മറ്റും തരീഖ് ഖാളി ഉമര്‍ എന്ന പേരില്‍ റോഡുകളുണ്ട്. ഉമര്‍ഖാസി നിര്‍മിച്ച പള്ളിയും സഊദിയിലുണ്ട്.
ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയെ കൊള്ള ചെയ്തവരാണ്, ഇംഗ്ലീഷ് സംസാരിച്ച് ഹാറ്റും സൂട്ടും ധരിച്ചും മാന്യത നടിച്ചും കച്ചവടത്തിനെന്ന വ്യാജേന വന്നവര്‍.

ഇന്ത്യയോടും ഇന്ത്യക്കാരോടും കൊള്ളക്കാരെപോലെ അവര്‍ പെരുമാറി. 300 വര്‍ഷത്തെ വാഴ്ച കൊണ്ട് ഇന്ത്യയെ അവര്‍ തുലച്ചു. ലക്ഷക്കണക്കിന് വൈഡൂര്യങ്ങളും സ്വര്‍ണവും നിസ്തുലമായ വസ്തുവഹകളും ഇന്ത്യയില്‍ നിന്നവര്‍ കടത്തി. ലോക ചരിത്രത്തില്‍ വ്യാപാരങ്ങളുടെ സമ്പന്നരാജ്യം തന്ത്രപൂര്‍വം അധീനപ്പെടുത്തി . അവരുടെ ഭൗതിക കുതന്ത്രങ്ങളെ മുന്‍കൂട്ടി കണ്ടറിഞ്ഞ ദാര്‍ശനികന്‍ കൂടിയായിരുന്നു ഉമര്‍ഖാസി (റ). ഉമര്‍ഖാസിയുടെ പഠന കേന്ദ്രത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടന്നു വരികയാണ്.

താന്‍ സര്‍വ്വസ്വത്തിനേക്കാളും സ്‌നേഹിക്കുന്ന നബി (സ)യുടെ റൗളാശരീഫില്‍ ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുന്ന ചരിത്രപുരുഷന്റെ ഹൃദയത്തില്‍നിന്നും പുണ്യാത്മാവിനോടുള്ള സ്‌നേഹം അണപൊട്ടി ഒഴുകി ചൊല്ലിയ ആ കവിതാസമാഹാരം 'സല്ലല്‍ ഇലാഹുബൈത്ത്' ലോകപ്രശസ്തമാണ്. ഈ ബൈത്ത് 'ഖസ്വീദത്തുല്‍ ഉമരിയ്യ' എന്ന പേരിലാണ് അറബിനാടുകളില്‍ അറിയപ്പെടുന്നത്.

ക്രിസ്ത്വബ്ദം 1765ല്‍ ഹിജ്‌റ 1177 റബീഉല്‍ അവ്വല്‍ 10ന് വെളിയങ്കോട് ഖാളിയാരകത്ത് കാക്കത്തറയില്‍ ആലി മുസ്‌ല്യാരുടെയും ആമിനയുടെയും മകനായാണ് ജനനം. ക്രിസ്ത്വബ്ദം 1857ല്‍ 95-ാമത്തെ വയസില്‍ ദുല്‍ഹജ്ജ് മാസത്തില്‍ വെളിയങ്കോട് ആ ദീപം അണഞ്ഞിട്ട് നാളേക്ക് 162 വര്‍ഷം തികയുന്നു. ഒക്‌ടോബര്‍ 18, 19 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഉമര്‍ ഖാസിയുടെ ആണ്ടുനേര്‍ച്ചയും അനുസ്മരണ സമ്മേളനവും നടക്കുകയാണ്.

ഈ സ്വാതന്ത്ര്യസമരനായകന്റെ ജീവചരിത്രം വരുംതലമുറയിലെ നാനാജാതി മതസ്ഥര്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി തലത്തില്‍ ചരിത്രം പാഠ്യവിഷയമാക്കണമെന്നാണ് രാജ്യത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി ഈ സന്ദര്‍ഭത്തില്‍ മുന്നോട്ടുവെക്കാനുള്ള ആവശ്യം.   

റസാഖ് കൂടല്ലൂര്‍
10/17/2014

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP