.

വിജയത്തിന്റെ കഥ പറയുന്ന ചാലിയം

ഇസ്‌ലാമിന്റെ വിശുദ്ധതയെ കേരള മണ്ണ് സ്വീകരിക്കുന്നതിനും മത സാഹോദര്യത്തിന്റെ പുതിയ തലം സൃഷ്ടിക്കുന്നതിനും സാക്ഷ്യം വഹിച്ച മലബാറിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ചാലിയം.

കുഞ്ഞാലി മരക്കാരുടെ നാവിക പടയുടെ പോരാട്ട വീര്യവും വിജയഗാഥകളും നിറഞ്ഞു നില്‍ക്കുന്ന പ്രദേശത്തിന് വൈദേശികാധിപത്യങ്ങളെ ചെറുത്തു തോല്‍പിച്ചതിന്റെ ധീര ചരിത്രവും പറയാനുണ്ട്. പോര്‍ച്ചുഗീസുകാര്‍ കടലുകലക്കി പടിഞ്ഞാറന്‍ നയവൈകല്യങ്ങളെ കേരള തീരത്തേക്ക് പറിച്ചു നടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതിരോധം ഏറ്റെടുത്ത കുഞ്ഞാലി മരക്കാര്‍മാര്‍ ചാലിയത്തിന്റെ രക്ഷകരായെത്തുന്നത്.

മക്കയില്‍ നിന്നും കൊടുങ്ങല്ലൂരിലെത്തിയ മാലിക് ഇബ്‌നു ദീനാറിന്റെ സഹോദരപുത്രന്‍ മാലിക് ഇബ്‌നു ഹബീബിനെയാണ് മലബാറിലേക്ക് ഇസ്‌ലാമിക പ്രചരണത്തിനായി അയക്കുന്നത്. ചാലിയത്തെത്തിയ അദ്ദേഹം ആരാധനക്കായി ഒരു പള്ളിയും സ്ഥാപിച്ചു. ചേരമാന്‍ പെരുമാളിനൊപ്പം മക്കയിലേക്ക് പോയ സംഘത്തില്‍ വിശ്വസ്തരായ ചാലിയത്തെ നാലുപേരുമുണ്ടായിരുന്നുവെന്നും ചരിത്രം പറയുന്നു. തിരിച്ചെത്തിയ ചാലിയത്തുകാര്‍ ധര്‍മ്മടത്തിറങ്ങി ഇസ്‌ലാമിക പ്രചരണത്തിനും മുന്‍പന്തിയില്‍ നിന്നു. അറക്കല്‍ കുടുംബത്തെ ഇസ്‌ലാമിലേക്ക് നയിച്ചതിലും ഈ സംഘത്തിന് മുഖ്യപങ്കുണ്ട്.

ചരിത്രത്തില്‍ ഇടംപിടിച്ച പോരാട്ടങ്ങള്‍ക്കും കടല്‍ ആക്രമണങ്ങള്‍ക്കും ഇടയില്‍ ചാലിയം, മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കടലിലേക്ക് തള്ളി നില്‍ക്കുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് ചാലിയം. കടലിലൂടെയുള്ള യാത്രക്കും യുദ്ധത്തിനും ചാലിയത്തിന് വളരെ സാധ്യതയുണ്ടായിരുന്നു.

ചരിത്രാതീതകാലം മുതല്‍ അറേബ്യയുമായുള്ള ബന്ധമായിരുന്നു ചാലിയത്ത് ആദ്യം ഇസ്‌ലാമെത്താനുള്ള പ്രധാന കാരണം. മാലിക് ഇബ്‌നു ദീനാറിന്റെ സംഘത്തിലുണ്ടായിരുന്ന ചാലിയത്തുകാര്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഇസ്‌ലാം പ്രചരിപ്പിക്കാനും പള്ളി നിര്‍മ്മിക്കാനും പരിശ്രമിച്ചു. ചാലിയം പള്ളിയുടെ ചുമര്‍രേഖകള്‍ പോര്‍ച്ചുഗീസ് ആക്രമണത്തില്‍ നശിച്ചുപോയതും ശേഷിച്ച കല്ലച്ചുകള്‍ നഷ്ടപ്പെട്ടുപോയതും ചരിത്ര രേഖകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ചരിത്രത്തില്‍ ചാലിയത്തിന്റെ സ്ഥാനം വ്യക്തമാക്കപ്പെട്ടതാണ്.

പള്ളികള്‍ക്ക് കുറവില്ലാത്ത ചാലിയത്തിന്റെ ചരിത്രത്തില്‍ നിരവധി പുണ്യഗേഹങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പള്ളികള്‍ മതപഠന കേന്ദ്രങ്ങളും സാംസ്‌കാരിക കേന്ദ്രമങ്ങളുമായി മാറി. പ്രമുഖ പണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ നടന്നുപോന്ന ദര്‍സുകളും ഇന്നും ചാലിയത്തെ ശ്രദ്ധേയമാക്കുന്നു.

ഹിജ്‌റ 22 ല്‍ തന്നെ സ്ഥാപിച്ച പുഴക്കരപള്ളിയെന്ന ചാലിയത്തെ ആദ്യത്തെ പള്ളിക്കു നേരെ എ.ഡി 1531 (ഹിജ്‌റ 938) ല്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ അക്രമം പള്ളിയുടെ പൂര്‍ണ നാശത്തിലേക്കെത്തിച്ചിരുന്നു. പിന്നീട് വിശ്വാസികള്‍ ചേര്‍ന്ന് പള്ളി പുനര്‍ നിര്‍മ്മിച്ചിരുന്നു. നെടിയപള്ളിയെന്ന സുല്‍ത്താന്‍ പള്ളിയും ജുമുഅത്ത് പള്ളിയും ചാലിയത്തിന്റെ ചരിത്ര ചലനത്തില്‍ ഇടം പിടിച്ചവയാണ്.

പ്രമുഖ സൂഫിവര്യനായ നൂറുദ്ദീന്‍ ശൈഖ് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് പണിയിച്ച മുനമ്പത്തെ പള്ളി ഇന്ന് പുതുമോടിയില്‍ തലയുയര്‍ത്തിനില്‍ക്കുകയാണ്. നൂറുദ്ദീന്‍ ശൈഖിന്റെ താമസ സ്ഥലത്തെ വലിയകത്ത് പള്ളി, ഒന്നരപതിറ്റാണ്ടിന്റെ മേനിയുമായി മുഹ്‌യുദ്ദീന്‍ പള്ളിയും സ്വിദ്ദീഖ് ജുമുഅത്ത് പള്ളിയും ചാലിയത്തിന്റെ അഭിമാന ഗേഹങ്ങളാണ്.

ചെറിയപള്ളിയും കണ്ട്‌റംപള്ളിയും പ്രദേശത്തിന്റെ പുരാതന പള്ളികളുടെ പട്ടികയില്‍പ്പെട്ടതാണ്. അമൂല്യ ഗ്രന്ഥ ശേഖരങ്ങള്‍ക്കൊണ്ട് അനുഗ്രഹം ചൊരിയുന്ന ചാലിയം പുതാറമ്പത്ത് പള്ളി ചരിത്രാന്വേഷകരുടെ ഇടമായി മാറിയിട്ടുണ്ട്. 1946 ല്‍ അഹമ്മദ്‌കോയ ശാലിയാത്തിയാണ് പുതാറമ്പത്ത് പള്ളിയും ഗ്രന്ഥപ്പുരയും പണികഴിപ്പിച്ചത്.

ചാലിയം കേന്ദ്രമാക്കിയുള്ള ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ പലപ്പോഴും പോര്‍ച്ചുഗീസുകാര്‍ക്ക് അസൂയയുണ്ടായിരുന്നു. അവര്‍ 1530-31 ല്‍ ചാലിയത്ത് കോട്ട സ്ഥാപിക്കുകയുമുണ്ടായി. വടക്ക് ബേപ്പൂര്‍ പുഴയും തെക്ക് കടലുണ്ടി പുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ദ്വീപ് പോലെ തോന്നിക്കുന്ന ചാലിയത്ത് അറബിക്കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ആക്രമിക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് കോട്ട പണിയാന്‍ പോര്‍ച്ചുഗീസുകാര്‍ പ്രത്യേകം താല്‍പര്യമെടുത്തത്.

സാമൂതിരിയുടെ രാജ്യത്തേക്ക് യുദ്ധം നയിക്കാനുള്ള ഒരു അടിത്തറയാണ് ഇതിലൂടെ പോര്‍ച്ചുഗീസുകാര്‍ക്ക് ലഭിച്ചത്. ഇതു മനസ്സിലാക്കിയ സാമൂതിരി രാജാവ് കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യത്തിന്റെ പിന്‍ബലത്തില്‍ യുദ്ധത്തിലേക്ക് തിരിയുകയും വിജയം കൈവരിക്കുകയും ചെയ്തു. കോട്ട പിടിച്ചടക്കി നശിപ്പിച്ചതോടെ മലബാറില്‍ പോര്‍ച്ചുഗീസുകാരുടെ ആധിപത്യം പൂര്‍ണമായും തകര്‍ക്കാന്‍ കഴിഞ്ഞു.

പി.വി നജീബ്‌
8/1/2013

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP