.

ഹജൂര്‍കച്ചേരി ജില്ലാ പുരാവസ്തു പൈതൃക മ്യൂസിയമാക്കും

തിരൂരങ്ങാടി: ചെമ്മാട്ടെ ഹജൂര്‍ കച്ചേരി ജില്ലാ പുരാവസ്തു പൈതൃക മ്യൂസിയമാക്കി സംരക്ഷിക്കാന്‍ മന്ത്രി പികെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചായോഗത്തില്‍ തീരുമാനമായി.

ജില്ലയുടെ സംസ്കാരം ചരിത്രം സ്വാതന്ത്യ്രസമരത്തില്‍ ജില്ലയുടെ പങ്ക്‌ എന്നിവയുടെ ചരിത്രം പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാക്കി ഹജൂര്‍ കച്ചേരിയെ സംരക്ഷിക്കും. സംസ്ഥാനത്തെ ഏഴാമത്തെ പൈതൃക മ്യൂസിയമായിരിക്കും ഇത്‌. ഹജൂര്‍ കച്ചേരിയുടെ കെട്ടിടത്തിന്റെ തനിമ ചോരാതെ നവീകരിക്കും. സബ്‌ രജിസ്ട്രാര്‍ ഓഫിസ്‌ ബ്രിട്ടീഷ്‌ പട്ടാളക്കാരുടെ ശവക്കല്ലറ എന്നിവ ഉള്‍ക്കൊള്ളുന്ന 1.7 ഏക്കര്‍ഭൂമി ഇതിന്നായി പുരാവസ്തു ഏറ്റെടുത്തിട്ടുണ്ട്‌. ജനകീയ പങ്കാളിത്തത്തോടെയാവും സ്മാരകം മ്യൂസിയമാക്കുക. ജില്ലയുടെ സംസ്കാരവും പഴയകാല ജീവിതരീതികളും കാണിക്കുന്ന ഉപകരണങ്ങളും രേഖകളും ഇതിന്നായി ശേഖരിക്കും.

ഇതിന്റെ മുന്നോടിയായി വിപുലമായ ചരിത്ര സെമിനാറും സംഘടിപ്പിക്കുന്നുണ്ട്‌. ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന താലൂക്ക്‌ ഓഫിസ്‌ പൂര്‍ണമായി മിനിസിവില്‍ സ്റ്റേഷനിലേക്ക്‌ മാറ്റും. കോംപൌണ്ടിലുള്ള തൊണ്ടിവാഹനങ്ങള്‍ ഉടന്‍ ഒഴിവാക്കും. നവീകരണത്തിന്റെ ഭാഗമായി മുമ്പ്‌ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായത്‌ നിലനിര്‍ത്തുകയും അല്ലാത്തവ ഒഴിവാക്കുകയും ചെയ്യും.സ്ഥലം എം.എല്‍.എ. കൂടിയായവിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്‌ പുറമെ കേരള പുരാവസ്തു എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. എസ്‌ റൈമണ്‍, ആര്‍ക്കിയോളജി ഡോ. ജി പ്രേംകുമാര്‍, ലാന്റ്‌ അക്വിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ നിര്‍മലകുമാരി, പൊതുമരാമത്ത്‌ കെട്ടിടവിഭാഗം എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ എഎസ്‌ മുഹമ്മദ്‌ അശ്‌റഫ്‌, അസി. എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഹാരീഷ്‌, കണ്‍സര്‍വേറ്റീവ്‌ എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ വിഎസ്‌ സതീഷ്‌ ഡപ്യൂട്ടി തഹസില്‍ദാര്‍ പിഒ സാദിഖ്‌, തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അബ്ദുര്‍റഹ്മാന്‍കുട്ടി, ഹനീഫ ്‌, സി അബൂബക്കര്‍ ഹാജി, നഹ തുടങ്ങിയവരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

Thejas News

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP