.

ധീരദേശാഭിമാനിയുടെ സ്മരണയില്‍ എ.ആര്‍. നഗര്‍ പഞ്ചായത്ത്


തിരൂരങ്ങാടി: വീറുറ്റ സ്വാതന്ത്ര്യ സമര ചരിത്രത്തോട് അടങ്ങാത്ത ആവേശമാണ് അബ്ദുറഹ്മാന്‍ നഗര്‍ നിവാസികള്‍ക്ക്. തങ്ങളുടെ ഗ്രാമത്തിന്റെ പേരുതന്നെ അബ്ദുറഹ്മാന്‍ നഗര്‍ (എ.ആര്‍. നഗര്‍) എന്നാക്കിയവരാണിവര്‍.
ജില്ലയിലെ കൊടുവായൂര്‍ എന്ന പ്രദേശമാണ് പിന്നീട് അബ്ദുറഹ്മാന്‍ നഗര്‍ എന്നറിയപ്പെട്ടുതുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് കൊടുവായൂര്‍ പ്രദേശവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

കൊടുവായൂരിലെ കോണ്‍ഗ്രസ്സിന്റെ സ്ഥാപകപ്രസിഡന്റും മാതൃഭൂമി പത്രത്തിന്റെ പ്രചാരകനുമായിരുന്ന സ്വാതന്ത്ര്യസമര സേനാനി പി.പി.സി. മുഹമ്മദ് സാഹിബ്, അബ്ദുറഹ്മാന്‍ സാഹിബുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. ഈബന്ധം അബ്ദുറഹ്മാന്‍ സാഹിബിനെ കൊടുവായൂരുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും തന്റെ കര്‍മ്മമേഖലയിലെ പ്രധാനപ്പെട്ട ഒരിടമായി മാറ്റുന്നതിനും കാരണമായി. കൊടുവായൂര്‍ ദേശത്തോട് ചേര്‍ന്നുള്ള മമ്പുറത്തെ തങ്ങന്‍മാരോട് പ്രത്യേക താത്പര്യവും സയ്യിദ് കുടുംബത്തിലെ സയ്യിദലി തങ്ങളുമായി അടുത്ത ബന്ധവും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ സമകാലികരായിരുന്ന ഇ. മൊയ്തു മൗലവി, കെ. മാധവമേനോന്‍, കുട്ടിമാളു അമ്മ, കട്ടിലശ്ശേരി മുഹമ്മദ് മൗലവി തുടങ്ങിയവെരാക്കെ അക്കാലത്ത് കൊടുവായൂരുമായി നിത്യവും ബന്ധപ്പെട്ടിരുന്നവരായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ കോണ്‍ഗ്രസ്സിന് നല്ല വളക്കൂറുള്ള മണ്ണായിരുന്നു കൊടുവായൂര്‍..

കൊടുവായൂരിലെ കോണ്‍ഗ്രസ്സ് നേതാവും എ.ആര്‍. നഗര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന വി. അഹമ്മദ് ആസാദിന്റെ ശ്രമഫലമായി 1962-ല്‍ അന്നത്തെ മന്ത്രിയായിരുന്ന പി.പി. ഉമ്മര്‍ കോയയാണ് കൊടുവായൂരിന്റെ പേരുമാറ്റി 'അബ്ദുറഹ്മാന്‍ നഗര്‍' എന്ന് നാമകരണം നല്‍കി ഉത്തരവിറക്കിയത്. കൊടുവായൂരുകാരുടെ പോേസ്റ്റാഫീസായിരുന്ന വി.കെ. പടി പോസ്റ്റ് ഓഫീസിന്റെ പേരും പിന്നീട് 'അബ്ദുറഹ്മാന്‍ നഗര്‍' പോേസ്റ്റാഫീസ് എന്നാക്കി മാറ്റി.

ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന്ന പഞ്ചായത്ത് എന്ന അപൂര്‍വ നേട്ടവും എ.ആര്‍. നഗര്‍ പഞ്ചായത്തിനുണ്ട്. ആ ധീരദേശാഭിമാനിയുടെ ഓര്‍മ തന്നെ ഇവിടത്തുകാര്‍ക്കിപ്പോഴും ആവേശം നിറയ്ക്കുന്ന ചാലകശക്തിയായി തുടരുന്നു.

എം. ഷനീബ്‌
23 Nov 2014

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP