.

അങ്ങിനെ ഒരു മാപ്പിളകലാപ കാലത്ത്.......മലയാള ചലചിത്ര ലോകത്തെ വിസമിപ്പിച്ച 1921എന്ന ചലചിത്രം പുറത്തിറങ്ങിയിട്ട് 26 വര്‍ഷം തികയുകയാണ്. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ നടന്ന മലബാര്‍ കലാപത്തെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രം കാല്‍നൂറ്റാണ്ടു മുമ്പ് മലയാള സിനിമാ ചരിത്രത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മാറ്റിയെഴുതിയിരുന്നു. തിരക്കഥാകൃത്തായിരുന്ന ടി. ദാമോദരന്‍ സൃഷ്ടിച്ച മമ്മൂട്ടി അവതരിപ്പിച്ച കാദറായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. വെള്ളപട്ടാളത്തിനു മുന്നില്‍ ശിരസ് കുനിക്കാതെ അവസാന നിമിഷം വരെ പോരാടിയ ധീരനായ ആ കാദര്‍ ചരിത്ര പുസ്തകത്തില്‍ ആരായിരുന്നു.

മലബാര്‍ കലാപത്തിന്റെ ചരിത്രവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അധികമൊന്നും കേട്ടിട്ടില്ലാത്ത ഒരു കഥാപാത്രമാണ് കാദര്‍. ടി. ദാമോദരന്‍ സൃഷ്ടിച്ച ആ കഥാപാത്രം "താനൂരിലെ സിംഹക്കുട്ടി" എന്നറിയപ്പെടുന്ന ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍ ആയിരുന്നു. മലബാര്‍ കലാപത്തിന്റെ ചരിത്ര സ്മൃതികളില്‍ എറെയൊന്നും അറിയപ്പെടാത്ത കുഞ്ഞിക്കാദര്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍െറ കൊലക്കയറില്‍ അവസാനിക്കുകയായിരുന്നു.

ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍...
മലപ്പുറം താനൂരില്‍ സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബത്തിലാണ് കുഞ്ഞിക്കാദര്‍ ജനിച്ചത്. ബീച്ചിലേക്കുള്ള വഴിയില്‍ ടിപ്പു സുല്‍ത്താന്‍ റോഡില്‍ അദ്ദേഹം താമസിച്ച വീട് ഇന്നുമുണ്ട്. തന്‍െറ യൗവനകാലം മുതല്‍ക്കു തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വളര്‍ന്ന അദ്ദേഹം ആമിനുമ്മാന്‍റകത്ത് പരീക്കുട്ടി മുസ് ലിയാരെന്ന തന്‍െറ ഗുരുനാഥനിലൂടെയാണ് വെള്ളപട്ടാളത്തിന്‍െറ ക്രൂര ചെയ്തികള്‍ക്കെതിരെ രംഗത്തിറങ്ങുന്നത്.

തീരദേശ പ്രദേശമായ താനൂരില്‍ ഖിലാഫത്ത് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം കുഞ്ഞിക്കാദറിനായിരുന്നു. സ്വന്തം മണ്ണില്‍ അടിമയായി ജീവിക്കേണ്ടി വരുന്നത് എത്രത്തോളം അപമാനകരമാണെന്ന ചിന്താഗതിയാണ് കുഞ്ഞിക്കാദറിനെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരാക്കിയത്. ഇതിനായി അദ്ദേഹം താനൂരിലും പരിസര പ്രദേശങ്ങളില്‍ നിന്നും ഖിലാഫത്തിനായി ആളെക്കൂട്ടി. 1918ല്‍ കോഴിക്കോട് കടപ്പുറത്ത് മഹാത്മ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത ഖിലാഫത്ത് കോണ്‍ഗ്രസ് സമ്മേളനത്തിലൂടെയാണ് കാദര്‍ നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് താനൂരില്‍ ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിജി അബ്ദുല്‍ കരീമെന്ന ഉത്തരേന്ത്യക്കാരനെ അയച്ചു. താനൂര്‍ മാടത്തില്‍ മൈതാനിയില്‍വെച്ച് നടന്ന സമ്മേളനം കുഞ്ഞിക്കാദറിന്‍െറയും പരീക്കുട്ടി മുസ് ലിയാരുടേയും ശ്രമഫലമായി വന്‍ വിജയമായി തീര്‍ന്നു. ജനനിബിഡമായ മാടത്തില്‍ മൈതാനിയില്‍വെച്ച്  ബ്രിട്ടീഷുകാര്‍ക്കെതിരെ സമാധാന മാര്‍ഗത്തിലുള്ള സമരത്തിന് ആഹ്വാനം ചെയ്യപ്പെട്ടു.

താനൂരിലെ തന്‍െറ കച്ചവട സ്ഥാപനം മറ്റൊരാളെ ഏല്‍പിച്ച് ഖിലാഫത്തിന്‍െറ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കുഞ്ഞിക്കാദര്‍ രംഗത്തിറങ്ങി. അദ്ദേഹം ഒരിക്കലും പട്ടാളത്തിന്‍െറ തോക്കിന്‍ മുനകളെ ഭയപ്പെട്ടില്ല. താനൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാര്‍ക്കിടയില്‍ ഖിലാഫത്ത് പ്രചാരണത്തിനായി കാദര്‍ ഏറെ അധ്വാനിച്ചു. അക്കാലത്തെ ധീരതയുടെ പര്യായമായി കുഞ്ഞിക്കാദര്‍ അറിയപ്പെട്ടു. തീരദേശത്തു വെച്ചു പിടിപ്പിച്ച തെങ്ങിന്‍ തൈകള്‍ പറിച്ചു കളയണമെന്ന ബ്രിട്ടീഷ് ആജ്ഞയെ തള്ളിക്കളയാന്‍ കുഞ്ഞിക്കാദര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. തെങ്ങിന്‍ തൈകള്‍ പറിച്ചു മാറ്റാന്‍ അധികാരികള്‍ക്ക് കൂലിക്കു പോലും ആളെക്കിട്ടിയില്ളെന്നാണ് ചരിത്രം. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പതിയെ പതിയെ കുഞ്ഞിക്കാദറെന്ന ഖിലാഫത്തുകാരന്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍െറ കണ്ണിലെ കരടായി.

ബ്രിട്ടീഷുകാരെ കൂസാത്ത ഭാവമായിരുന്നു കുഞ്ഞിക്കാദറിന്റേത്. അദ്ദേഹം ഒരിക്കലും പട്ടാളത്തെ ഭയപ്പെട്ടിരുന്നില്ല. താനൂരില്‍ പണ്ടുമുതലെ തുടര്‍ന്നു പോരുന്ന നാട്ടുമൗലൂദ് നടക്കുമ്പോള്‍ വരുന്ന പട്ടാളത്തിന് ഷൂസും തൊപ്പിയും അഴിച്ചുവെച്ചാല്‍ മാത്രമേ കുഞ്ഞിക്കാദര്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. "ഇന്നെ കാണണമെങ്കില്‍ അത് രണ്ടും അഴിച്ചുവെക്ക്" എന്നായിരുന്നു അദ്ദേഹം വെള്ളപട്ടാളത്തോട് ആജ്ഞാപിച്ചിരുന്നത്.

1920ല്‍ താനൂരില്‍ ഖിലാഫത്ത് കമ്മിറ്റി യോഗം ചേരാനായി ശ്രമം തുടങ്ങി. കുഞ്ഞിക്കാദര്‍ തന്നെയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറ മുന്നണിപോരാളി. സമ്മേളനത്തിലേക്ക് ആളെക്കൂട്ടാനായി അദ്ദേഹം കഠിനധ്വാനം ചെയ്തു. ഈ സമ്മേളനത്തിലൂടെ തങ്ങള്‍ക്കെതിരെ കുഞ്ഞിക്കാദറിന്‍െറ നേതൃത്വത്തില്‍ വന്‍ നീക്കം നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അതിനെ  ഇല്ലാതാക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം ശ്രമം തുടങ്ങി. സമ്മേളനം നടത്തരുത് എന്ന് ബ്രിട്ടീഷുകാര്‍ ഉത്തരവിട്ടു. എന്നാല്‍ ഖിലാഫത്ത് നേതാക്കള്‍ സമ്മേളനത്തില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല. ഇതേ തുടര്‍ന്ന് മറ്റു ഖിലാഫത്ത് നേതാക്കള്‍ക്കൊപ്പം കോഴിക്കോട് വെച്ച് കുഞ്ഞിക്കാദറെ ബ്രിട്ടീഷ് ഭരണകൂടം  അറസ്റ്റ്  ചെയ്തു.

തിരൂരങ്ങാടി പള്ളി പൊളിക്കല്‍
1920 ആഗസ്റ്റ് 20, കലാപ നാളുകളില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു ദിനത്തിലാണ് കുഞ്ഞിക്കാദര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലാകുന്നത്. തിരൂരങ്ങാടി പള്ളി പട്ടാളം ആക്രമിച്ചെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് കുഞ്ഞിക്കാദറും സംഘവും താനൂരില്‍ നിന്നും പുറപ്പെട്ടത്. പരപ്പനങ്ങാടിക്കടുത്ത പന്താരങ്ങാടിയില്‍വെച്ച് കുഞ്ഞിക്കാദറിനെയും സംഘത്തെയും പട്ടാളം വളഞ്ഞു. തുടര്‍ന്ന് കാദറിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. വെള്ളപട്ടാളത്തില്‍ നിന്നും പിറന്ന നാടിന്‍െറ മോചനത്തിനായി പ്രവര്‍ത്തിച്ച ആ ധീരദേശാഭിമാനിയെ പിന്നീട് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റുകയായിരുന്നു.

കുഞ്ഞിക്കാദര്‍- ഒരപൂര്‍വ താരകം
താനൂരില്‍ നിന്നും തിരൂരങ്ങാടിയിലേക്ക് പുറപ്പെടുമ്പോള്‍ കുഞ്ഞിക്കാദറിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ആ സമയത്ത് ഒരു മകളും കുഞ്ഞിക്കാദറിനുണ്ടായിരുന്നു. വീട്ടില്‍ നിറവയറുമായി നില്‍ക്കുകയായിരുന്ന ഭാര്യയെയും ഉമ്മയെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം തിരൂരങ്ങാടിക്ക് പുറപ്പെട്ടത്. നാടിനു വേണ്ടി പോരാടാനായി യാത്രയാകുമ്പോള്‍ അവരും നിനച്ചിരിക്കില്ല, ബ്രിട്ടീഷ് പട്ടാളത്തിന്റെ കൊലമരത്തിലേക്കാണ് തന്‍െറ പ്രിയതമന്‍ യാത്രയാകുന്നതെന്ന്. തന്‍െറ ഭാര്യ ഗര്‍ഭിണിയാണെന്നും അവര്‍ പ്രസവിക്കുന്നത് ഒരാണ്‍കുഞ്ഞിനെയാണെങ്കില്‍ അവനെയും താന്‍ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ രംഗത്തിറക്കുമെന്നുമാണ് തൂക്കികൊല്ലാന്‍ വിധിക്കപ്പെട്ട സമയത്ത് കുഞ്ഞിക്കാദര്‍ നല്‍കിയ മരണമൊഴി. അദ്ദേഹത്തിന്റെ ജയില്‍വാസ കാലത്ത് ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജയിലിലിരുന്ന് അദ്ദേഹം ഇക്കാര്യം അറിഞ്ഞിരുന്നു.

തൂക്കു മരത്തിലേക്ക്
കുഞ്ഞിക്കാദര്‍ ആവശ്യപ്പെട്ട പ്രകാരം നമസ്കരിക്കാന്‍ അധികൃതര്‍ അദ്ദേഹത്തിന് അനുമതി നല്‍കി. തുടര്‍ന്നാണ് അദ്ദേഹത്തെ തൂക്കിലേറ്റിയത്. കാദറിന്‍െറ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ ബ്രിട്ടീഷുകാര്‍ തയാറായില്ല. കണ്ണൂരില്‍ തന്നെ അജ്ഞാതമായ സ്ഥലത്ത് അദ്ദേഹത്തെ അടക്കം ചെയ്തെന്ന് പറയപ്പെടുന്നു. തൂക്കിക്കൊല്ലുമ്പാള്‍ കാദര്‍ ധരിച്ച വസ്ത്രവുമായി പട്ടാള ഉദ്യോഗസ്ഥന്‍ താനൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെ ത്തിയിരുന്നു. എന്നാല്‍ അവ  കൈപറ്റാന്‍ കുഞ്ഞിക്കാദറിന്റെ ഉമ്മ തയാറായില്ല. സ്വര്‍ണ നിറമുള്ള നൂലിനാല്‍ അലങ്കാരപണികള്‍ നടത്തിയ പ്രത്യേക കുപ്പായമായിരുന്നത്രേ അത്.

കുഞ്ഞിക്കാദര്‍ ജീവിച്ച വീട് താനൂര്‍ ടിപ്പു സുല്‍ത്താന്‍ റോഡിനടുത്ത് ഇന്നുമുണ്ട്. കാലമേല്‍പിച്ച പരിക്കുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ആ ധീരനായകന്റെ വീട് പ്രതാപത്തോടെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്‍െറ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഈ വീടിന്റെ വാതിലുകളിലും ജനാലകളിലും പട്ടാളം ഇരുമ്പുകമ്പി കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പാടുകള്‍ ഇന്നും കാണാം. വീടിനോട് ചേര്‍ന്നുള്ള അദ്ദേഹത്തിന്‍െറ ഓഫീസ് മുറി ഇപ്പോഴുമുണ്ട്.

സിനിമയിലെ ഖാദറും കുഞ്ഞിക്കാദറും
1921 ആഗസ്റ്റ് 20ന് കലാപത്തിന്‍െറ തുടക്ക ദിനം തന്നെ അദ്ദേഹത്തെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സിനിമയിലെ കാദര്‍ കോട്ടക്കുന്നില്‍വെച്ച് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കുകയാണ്. സിനിമയുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഉമൈത്താനകത്ത് കുഞ്ഞിക്കാദറെന്ന ധീര ദേശാഭിമാനിയെ ചരിത്രത്തിന് പരിചയപ്പെടുത്തിയ 1921 എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.

മുഹമ്മദ് അഷ്ഫാഖ്
Madhyamam Daily

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP