ലഹളക്കാര്‍ക്ക് നെയ്‌ച്ചോര്‍ വിളമ്പിയ നിക്കാഹ്1921 ആഗസ്ത് 21, അന്നായിരുന്നു ആ നിക്കാഹ്! ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയവൈകല്യങ്ങളാല്‍ വിവേകരഹിതരായിതീര്‍ന്ന ഒരുപറ്റം പട്ടാളക്കാര്‍ തലേദിവസം തിരൂരങ്ങാടിയില്‍ നടത്തിയ നരനായാട്ട്. പതിനേഴ് പേരുടെ മരണങ്ങളും കൊടുംക്രൂര കൃത്യങ്ങളും ഹേതുവായിത്തീര്‍ന്ന മലബാര്‍ കലാപം തെക്കെ മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ സംഹാര താണ്ഡവമാടാന്‍ ആരംഭിച്ച ആദ്യദിവസം.

അന്നാണ് പൊന്നാനിയിലെ സയ്യിദ് തറവാടായ വെട്ടംപോക്കിരിയകത്തെ കുഞ്ഞാറ്റബീവി ശരീഫയുടെ നിക്കാഹ്. പിതാവ് അദിനയില്‍ പടിഞ്ഞാറകത്ത് ഇമ്പിച്ചികോയതങ്ങള്‍ പ്രാദേശിക ഖിലാഫത്ത് കമ്മിറ്റി അധ്യക്ഷനും പൊതുകാര്യപ്രസക്തനും ആയതിനാല്‍ അദ്ദേഹത്തിന്റെ പ്രൗഢിക്ക് അനുയോജ്യമായ രീതിയില്‍ നാട്ടിലും മറുനാട്ടിലും ക്ഷണിച്ചായിരുന്നു മംഗല്യം.

ഇല്ലായ്മയുടെ നാളുകളായിരുന്ന അക്കാലത്ത.് ഒരു നേരത്തെ അന്നം ഏഴകള്‍ക്ക് പരമപ്രധാനം. കടലോരം കൊടും വറുതിയിലും. ഏഴകളുടെ തോഴനായ തങ്ങള്‍ അവരെ പ്രത്യേകം ക്ഷണിക്കാന്‍ മറന്നില്ല.

മാസങ്ങള്‍ക്കുമുമ്പേ പറഞ്ഞുറപ്പിച്ച നിക്കാഹായതിനാല്‍ ആസൂത്രണ മികവോടെയായിരുന്നു മുന്നൊരുക്കങ്ങള്‍. വരന്‍ വാഴക്കാട് ആക്കോട്ടെ സയ്യിദ് കുടുംബത്തില്‍നിന്നുള്ള യുവകോമളന്‍. ഇതിനിടയിലാണ് കലാപം വ്യാപിച്ചത്. വിവരസാങ്കേതികവിദ്യ വികസിക്കാത്ത അക്കാലത്ത് സന്ദേശങ്ങള്‍ കൈമാറാന്‍ ദൂതനെ അയക്കുകയോ, ടെലഗ്രാം അടിക്കുകയോ വേണം. കല്യാണത്തിന്റെ ദിവസം മാറ്റിവെക്കാനും പ്രയാസം. ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു നിക്കാഹ് ദിവസം പുലര്‍ച്ച മുതലുള്ള ഇമ്പിച്ചികോയ തങ്ങളുടെ ഓരോ കരുനീക്കവും.

അല്ലറചില്ലറ അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ മഖ്ദൂമ്മാരുടെ ആഗമനം തൊട്ട് മൂന്നുനൂറ്റാണ്ടിലധികമായി മതേതരമൂല്യങ്ങള്‍ക്ക് പോറലേല്‍ക്കാതെ സംരക്ഷിക്കുന്നതിന് മലബാറിന് തന്നെ മാതൃകയായിരുന്നു പൊന്നാനി. അവിടെ യാതൊന്നും സംഭവിക്കരുതെ എന്നാണ് ജാതി-മത ഭേദമന്യെ സര്‍വ്വരുടെയും മനമുരുകിയ പ്രാര്‍ത്ഥന.

സര്‍വ്വവിധ സൗകര്യങ്ങളും ഒരുക്കി അലങ്കാരപൊലിമയോടു കൂടിയുള്ള വിശാലമായ പന്തല്‍ വെട്ടം പോക്കിരിയകം തറവാട് മുറ്റത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്നിരുന്നു. അക്കാലത്ത് പൊന്നാനിയിലെ പ്രധാന കല്യാണങ്ങളെല്ലാം ചുരുങ്ങിയത് മൂന്ന് ദിവസം നീണ്ടുനില്‍ക്കും. വീടിന്റെ പിന്‍വശത്തൂകൂടി ഒഴുകുന്ന കനോലികനാലിലൂടെ കൊച്ചി തൈക്ക്യാവ്, ആലുവ, തോട്ടുമുഖം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വെളിയംകോട്, തിരൂര്‍, ചാലിയം പ്രദേശങ്ങളില്‍ നിന്ന് കെട്ടുവള്ളങ്ങളിലും വഞ്ചികളിലും, കരയിലൂടെ കാളവണ്ടിയിലും കുതിരവണ്ടിയിലും ബന്ധുമിത്രാദികള്‍ പുലര്‍ച്ചെ വന്നുചേര്‍ന്നു. റോഡ് ഗതാഗതം ഇന്നത്തെപോലെ വികസിക്കാത്ത അക്കാലത്ത് ജലഗതാഗതത്തിനായിരുന്നു പ്രാമുഖ്യം. വേലിയേറ്റ ഗതിയനുസരിച്ച് രാത്രികളിലാണ് അധികവും വഞ്ചികളുടെ സഞ്ചാരം. നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നും എത്തിയ സ്ത്രീജനങ്ങള്‍ വീടിന്റെ അകത്തളത്തിലും പുരുഷന്മാര്‍ പന്തലിലും സംഗമിച്ചു. ഇവിടെ അക്കാലത്ത് കല്യാണങ്ങള്‍ രാത്രികളിലാണ് നടന്നിരുന്നത്. വരന്റെ വീട്ടുകാര്‍ അകലെനിന്നും എത്തേണ്ടവരായിരുന്നതിനാല്‍ രാത്രിയിലാണ് നിക്കാഹും നിശ്ചയിച്ചത്.

സന്ധ്യമയങ്ങിയതോടെ പെട്രോമാക്‌സ് ലൈറ്റുകളും കാന്തവിളക്കുകളും വീടും പരിസരവും പ്രകാശം വിതറി. കോലായയിലും, പടാപ്പുറത്തും കൊട്ടിലിലും അകത്തളങ്ങളിലും ചായ്പിലും അതിഥികളുടെ കേലാഹലവും കൂട്ടച്ചിരികളും. മുറ്റത്തെ പന്തലില്‍ പണ്ഡിതന്മാരുടെയും നാട്ടുകാരണവന്മാരുടെയും നിറഞ്ഞ സദസ്സ്. നശീദ, മദഹ് ബൈത്തുകളുടെ ഈരടികള്‍ ഈണത്തില്‍ ചൊല്ലിക്കൊണ്ടുള്ള മൊല്ലാക്കന്മാരുടെയും സില്‍ബന്ധികളുടെയം അറവനമുട്ടും കോല്‍ക്കളിയും. കലാപത്തിന്റെ അലയടികള്‍ ഏശാത്തതുപോലെ എല്ലാം ആഹ്ലാദമയം.

ഈ അവസരത്തിലാണ് ഏതാനും ചിലര്‍ ഓടിവന്ന് ഇമ്പിച്ചികോയതങ്ങളോട്: ''വലിയ തങ്ങളെ പറ്റിച്ച് ചമ്രവട്ടം പള്ളിപ്പുറത്തുകാരന്‍ അവുതലുവിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ലഹളക്കാര്‍ വാരിക്കുന്തങ്ങളും, കുറുവടികളും, വടിവാളുകളുമായി ഒന്നാം നമ്പര്‍ പാലത്തിനടുത്ത് ഇതാ എത്തിയിരിക്കുന്നു. താലൂക്കാഫീസും ഖജനാവും പോലീസ് സ്റ്റേഷനും അങ്ങാടിയിലെ ധനാഢ്യ തറവാടുകളായ രായിച്ചന്റകവും കൊങ്ങണം വീടും തകര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്. കേളപ്പന്റെ നേതൃത്വത്തില്‍ തല്‍ക്കാലം നമ്മുടെ ആളുകള്‍ സുരക്ഷാവലയം തീര്‍ത്തിരിക്കുന്നു. പാലം കടന്നാല്‍ പിന്നത്തെ സ്ഥിതി പറയണോ തങ്ങളെ. ഇത് കേട്ടമാത്രയില്‍ മംഗല്യ സദസ്സിലാകെ മ്ലാനത പരന്നു. സദസ്സാകമാനം നിശ്ശബ്ദമായി. തങ്ങളേ, കേളപ്പനും രാമന്‍മേനോന്‍ വക്കീലും പഞ്ചിലിയകത്ത് മുഹമ്മദാജിയും മക്കി ഇമ്പിച്ചാക്കയും ബാലകൃഷ്ണമേനോനും പറഞ്ഞിട്ടൊന്നും അവര്‍ അടങ്ങുന്നില്ല.''

രാമന്‍മേനോന്റെ ചുമലില്‍ കയറിയിരുന്ന് കേളപ്പന്‍ ആവര്‍ത്തിച്ചു ഇങ്ങനെ പറയുകകൂടി ചെയ്തു ''അല്ലയോ സുഹൃത്തുക്കളേ ദയവായി അല്‍പമൊന്നു ശ്രദ്ധിക്കൂ. ഞങ്ങള്‍ നിങ്ങളുടെ ഗുണകാംക്ഷികളാണ്. നിങ്ങള്‍ സ്വീകരിച്ച രീതികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. നമ്മുടെ മാര്‍ഗം ശാന്തിയും സമാധാനവുമാണ്. അതിലൂടെ ലക്ഷ്യം നേടാനാണ് ദേശീയനേതാക്കളുടെ ആഹ്വാനം. ഈ സാഹസകൃത്യങ്ങളുടെ ഭാവി വൈഷമ്യങ്ങള്‍ നിങ്ങള്‍ ഗ്രഹിക്കണം. അതുകൊണ്ട് ശാന്തരാകൂ. നമുക്ക് കാര്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാം.''

ആത്മാര്‍ത്ഥതയും നേതൃഗാംഭീര്യവും തുളുമ്പുന്ന ആ വാക്കുകള്‍ ആദ്യം ലഹളക്കാര്‍ ചെവിക്കൊണ്ടില്ല. അല്‍പ്പമൊന്ന് ശാന്തരായപ്പോള്‍ പാലം കടന്ന് അങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റി ഓഫീസിലും പരിസരത്തും അവര്‍ സംഗമിച്ചു. കേളപ്പന്റെയും സംഘത്തിന്റെയും നാട്ടുകാരടെയും അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാന്‍ അപ്പോഴും അവര്‍ മടിച്ചു. ഇതെല്ലാം സശ്രദ്ധം കേട്ട ഇമ്പിച്ചികോയ തങ്ങള്‍ എതാനും അനുയായികളോടൊത്ത് പുറത്തേക്കിറങ്ങി.

സമരഭടന്മാരുടെ മനസ്സില്‍ ആളിപ്പടര്‍ന്നിരുന്ന പ്രതികാര കനലുകള്‍ എന്നിട്ടും പൂര്‍ണ്ണമായി അണഞ്ഞിരുന്നില്ല. ഇശാ നമസ്‌കാരാനന്തരം അവരെ അഭിമുഖീകരിച്ചത് നീളകുപ്പായവും തലയില്‍കെട്ടും അണിഞ്ഞ് ശാന്തനായി വന്ന ഇമ്പിച്ചികോയതങ്ങളുടെ നയചാതുര്യത്തോടെയുള്ള വാക്കുകളാണ്. ''പ്രിയ മക്കളെ, മുസ്‌ലിം സഹോദരങ്ങളെ, ഇത് ചെറിയ മക്കയാണ.് മലബാറിന്റെ പകുതിയോളം വിസ്തൃതിയുള്ള താലൂക്കിന്റെ ആസ്ഥാനവും. സാമൂതിരി രാജാവ് കണ്ണിന്റെ കൃഷ്ണമണിപോലെ സംരക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ രണ്ടാം തലസ്ഥാനവുമാണ്. അങ്ങാടി പ്രദേശത്ത് മുസ്‌ലിംകള്‍ അല്ലാതെ മറ്റാരും വസിക്കുന്നില്ല. ഇവിടത്തെ ഹൈന്ദവ സുഹൃത്തുക്കളും മുസ്‌ലിംകളും നൂറ്റാണ്ടുകളായി തികഞ്ഞ മതമൈത്രിയോടെയാണ് ജീവിക്കുന്നത്. മാത്രമല്ല, ഇന്ന് എന്റെ പൊന്നുമകള്‍ കുഞ്ഞാറ്റയുടെ നിക്കാഹാണ്. ഞാന്‍ നടത്തുന്ന തറവാട്ടിലെ ആദ്യ അടിയന്തിരമായതിനാല്‍ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത.് നിങ്ങള്‍ ശാന്തരായി എല്ലാവരും എന്റെ കൂടെ വന്ന് മകളുടെ നിക്കാഹ് ഭംഗിയാക്കി തരണം.

അദ്ദേഹം സമരനേതാവ് അവുതലുവിനെ ചേര്‍ത്തുപിടിച്ചു. തങ്ങളുടെയും കൂടി അഭ്യര്‍ത്ഥനയായപ്പോള്‍ അവര്‍ ശാന്തരായി.

ഇതിനിടയില്‍ പരപ്പനങ്ങാടിയില്‍ റെയില്‍ തകര്‍ത്തതിനാല്‍ വരനും പാര്‍ട്ടിക്കും നിക്കാഹിന് വരാന്‍ പറ്റാതെ തിരിച്ചുപോയെന്ന അശുഭ'വാര്‍ത്ത തങ്ങളുടെ ചെവിയിലെത്തിയത്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കലക്ടര്‍ തോമസും പൊലീസ് സൂപ്രണ്ട് ഹിച്ച് കോക്കും സര്‍ക്കാര്‍ പക്ഷവും പട്ടാളവും കോഴിക്കോട്ടേക്ക് രക്ഷപ്പെടാതിരിക്കാന്‍ തലേദിവസം രാത്രിതന്നെ സമരഭടന്മാര്‍ പരപ്പനങ്ങാടിയിലെ റെയില്‍വേ സ്റ്റേഷനും റെയില്‍പ്പാളങ്ങളും തകര്‍ത്തിരുന്നു.

ഇമ്പിച്ചിക്കോയ തങ്ങളൊടൊപ്പം തക്ബീര്‍ വിളികളോടെ മംഗല്യപന്തലിലേക്കുള്ള ലഹളക്കാരുടെ വരവ് കണ്ട് സദസ്സ് പെട്ടെന്ന് ഇളകി. അങ്കലാപ്പിലായി പലരും പല ഭാഗത്തേക്ക് ചിന്നിച്ചിതറി. ഉടനെ ഇമ്പിച്ചികോയതങ്ങളുടെ ആഹ്വാനം- ആരും 'ഭയപ്പെടരുത്. ഓടരുത്. ഇത് നമ്മുടെ സുഹൃത്തുക്കളും അതിഥികളുമാണ്. അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.

പ്രതികാര വാഞ്ഛയുടെ കനലുകള്‍ അണഞ്ഞ് പോരാട്ട വീര്യം അല്‍പമൊന്ന് കുറഞ്ഞപ്പോള്‍ സമരഭടന്മാരെ വിശപ്പും ദാഹവും കാര്യമായി അലട്ടിത്തുടങ്ങി. അവര്‍ ചെമ്പുകളില്‍ കലക്കിവെച്ചിരുന്ന പഞ്ചസാരവെള്ളം മതിവരോളം കുടിച്ചു ദാഹം തീര്‍ത്തു. തുടര്‍ന്ന് സുഭിക്ഷമായി ഭക്ഷണവും കഴിച്ചു. ഖിലാഫത്ത് ഫണ്ടിലേക്ക് സദസ്സില്‍ നിന്ന് സ്വരൂപിച്ചെടുത്ത 2500 രൂപയുടെ കിഴിയുമായി പിറ്റേന്ന് പുലര്‍ച്ച ചമ്രവട്ടം കടവിലൂടെ തിരൂരിലേക്ക്തന്നെ അവര്‍ യാത്ര തിരിച്ചു.

ആ നിക്കാഹ് മുടങ്ങിയെങ്കിലും കേരളത്തിലെ ഹൈദ്രോസ്സി കബീലയുടെ ആസ്ഥാനമായ വലിയ ജാറത്തിങ്ങല്‍ ഇമ്പിച്ചകോയതങ്ങള്‍ കുഞ്ഞാറ്റ ബീവിയെ വിവാഹം ചെയ്തു. രാഷ്ട്രീയക്കാര്‍ പോലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനു മുമ്പ് ബീവിയുടെ അനുഗ്രഹം തേടിയെത്തിരുന്നു. അശണരുടെയും മത്സ്യതൊഴിലാളികളുടെയും അത്താണിയായി അവര്‍ വാഴുകയും പതിമൂന്ന് വര്‍ഷം മുമ്പ് ഇഹലോകവാസം വെടിയുകയും ചെയ്തു.

***
ഇമ്പിച്ചിക്കോയ തങ്ങളുടെ മകനും മുസ്‌ലിം ലീഗ് നേതാവും രണ്ട് പ്രാവശ്യം പൊന്നാനിയില്‍ നിന്ന് വിജയിച്ച് എം.എല്‍.എ ആയ വി പി സി തങ്ങളുടെ ആദ്യകാല പ്രധാന പ്രവര്‍ത്തനകേന്ദ്രം ഇവിടെയായിരുന്നു.

സി.എച്ച്. മുഹമ്മദ് കോയാസാഹിബിനെ സംസ്ഥാന നേതൃപദവിയിലേക്കുയര്‍ത്തിയ 1955 ഡിസംബര്‍ 30ന് പൊന്നാനി കടപ്പുറത്തെ മരക്കടവത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് സമ്മേളനത്തിന്റെ അണിയറ ഒരുക്കങ്ങള്‍, ഐക്യകേരളം നിലവില്‍വരുന്നതിന്‍മുമ്പ് ഖാഇദെമില്ലത്ത്, ബാഫക്കി തങ്ങള്‍, പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സീതി സാഹിബ്, ടി.ഒ.ബാവ, മജീദ് മരക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന മലബാര്‍ തിരുകൊച്ചി മുസ്‌ലിംലീഗ് സംയോജന ചര്‍ച്ചകള്‍, മദ്രാസ്സ് അസംബ്ലി മുസ്‌ലിംലീഗ് പാര്‍ട്ടി ലീഡര്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍, ജാതിപ്പിശാച് അടക്കിവാണിരുന്ന കാലത്ത് 1960കളിലെ മുക്കൂട്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പൊന്നാനി-തൃത്താല ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് വി. പി. സി. തങ്ങളോടൊപ്പം മത്സരിച്ച് വിജയിച്ച് മന്ത്രിയായ കോണ്‍ഗ്രസ്സ് നേതാവ് കെ.കുഞ്ഞമ്പു ദിവസങ്ങളോളം താമസിച്ച് നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍, മഊനത്തുല്‍ ഇസ്‌ലാം സ' സ്‌കൂള്‍ സ്ഥാപിച്ച ആദ്യകാലത്ത് സ്ഥലപരിമിതിമൂലം ക്ലാസ്സുകള്‍ നടന്നതും ഈ തറവാടിന്റെ അങ്കണത്തിലും മാളികമുകളിലുമാണ്. ഇതിനെല്ലാം കളമൊരുക്കിയത് വിപിസി തങ്ങളായിരുന്നു. വി പി സി തങ്ങളുടെ വിയോഗത്തിനുേശഷം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന വി പി ഹുസൈന്‍കോയ തങ്ങള്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കി.

ജുമാമസ്ജിദ് റോഡില്‍ പ്രൗഢിയുടെ മുഖമുദ്രയണിഞ്ഞ് വിശാലമായ കോലായയും കല്‍തൂണുകളും മാളികമുകളും മുറ്റത്ത് പള്ളിയും നിലനില്‍ക്കുന്ന പൊന്നാനിയിലെ നാമമാത്ര തറവാടുകളില്‍ ഒന്നാണ് വെട്ടം പോക്കിരിയകം. തറവാട്ടിലെ ആദ്യ വലിയ തങ്ങള്‍ സയ്യിദ് പൂക്കോയ തങ്ങള്‍ 1884 ജൂണ്‍(ഹിജ്‌റ 1301 ശഅബാന്‍) മാസത്തിലാണ് ഈ 'ഭവനം നിര്‍മ്മിച്ചത്.
തൊണ്ണൂറ്റിമൂന്ന് വര്‍ഷം പൂര്‍ത്തിയാകാറായ തറവാടിന്റെ വീരകഥ വിവരിക്കുമ്പോള്‍ കുഞ്ഞാറ്റ ബീവിയുടെ ജീവിച്ചിരിക്കുന്ന ഏക സന്തതി എണ്‍പത് കഴിഞ്ഞ മുല്ലബീവിയുടെ മുഖത്ത് അഭിമാന പൂര്‍ണിമയുടെ ഒളിവെട്ടം.

ടി. വി. അബ്ദുറഹിമാന്‍ കുട്ടി
8/20/2014  
Chandrika

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal