അധിനിവേശ സ്മരണയില്‍ മുല്ലമ്മേല്‍ കോട്ട
മലബാറിലെ പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന ചാലിയത്തെ മുല്ലമ്മേല്‍കോട്ട നാശത്തിലേക്ക്. 1552-ല്‍ മലബാറില്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ചതാണ് കോട്ട. ചാലിയം ബീച്ചില്‍ കടലിലേക്ക് തള്ളിനില്‍ക്കുന്ന ചെറുപാറക്കൂട്ടങ്ങള്‍ക്കിടയിലായിട്ടാണ് ഇത് നിര്‍മിച്ചത്. സംരക്ഷണ പ്രവര്‍ത്തനങ്ങളൊന്നും നടക്കാതെ ചരിത്രത്തിന്റെ ഭാഗമായ കോട്ട മണ്ണടിഞ്ഞ് നശിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

മലബാറില്‍ പറങ്കികളുടെ അധിനിവേശം അസഹനീയമായപ്പോള്‍ 1571-ല്‍ സാമൂതിരിയുടെ നിര്‍ദേശപ്രകാരം സേനാനായകനായ കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തില്‍ സൈന്യം കോട്ട ആക്രമിച്ചു കീഴടക്കിയതായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കുഞ്ഞാലിമരയ്ക്കാരുടെയും സൈന്യത്തിന്റെയും ആക്രമണം തടുക്കാനാകാതെ പറങ്കിസൈന്യം ചാലിയം കടലോരത്തെ കോട്ടയിലേക്ക് പിന്‍വാങ്ങി. ഇത് തകര്‍ക്കാനായി കുഞ്ഞാലിമരയ്ക്കാരും സൈന്യവും കോട്ടയ്ക്ക് ചുറ്റും കിടങ്ങുകള്‍ നിര്‍മിച്ച് പറങ്കികളെ പ്രതിരോധത്തിലാക്കി. അവസാനം ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ പരിക്ഷീണരായ പറങ്കിപ്പട കുഞ്ഞാലിമരയ്ക്കാര്‍ക്കും സൈന്യത്തിനും മുമ്പാകെ കീഴടങ്ങുകയായിരുന്നു. പറങ്കിപ്പടയെ കീഴടക്കിയ കുഞ്ഞാലിമരയ്ക്കാരും സംഘവും കടലോരത്തെ കോട്ടയും തകര്‍ത്തശേഷമാണ് പിന്‍വാങ്ങിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കോട്ട നിര്‍മാണത്തിനുപയോഗിച്ച കല്ലുകള്‍, ചാലിയം പുഴക്കരപള്ളിയുടെയും മരഉരുപ്പടികള്‍ കുറ്റിച്ചിറയിലെ മിശ്ക്കാല്‍ പള്ളിയുടെയും പുനര്‍നിര്‍മാണത്തിനാണ് ഉപയോഗിച്ചത്. പോര്‍ച്ചുഗീസ് അധിനിവേശം പ്രതിരോധത്തിന് ഊര്‍ജം പകരാനായി സൈനുദ്ദീന്‍ മഖ്ധൂം രണ്ടാമന്‍ രചിച്ച തുഹഫത്തുല്‍ മുജാഹിദിനിലും ഖാസി മുഹമ്മദ് എഴുതിയ ഫത്ത്ഹുല്‍ മുബീനിലും ചാലിയം മുല്ലമ്മേല്‍ കോട്ടയെക്കുറിച്ച് പറയുന്നുണ്ട്.

പറങ്കി അധിനിവേശത്തിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന ചാലിയം മുല്ലമ്മേല്‍ കോട്ട സംബന്ധിച്ച് ഇനിയും കാര്യമായ ഗവേഷണങ്ങളോ ചരിത്രപഠനങ്ങളോ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ കോട്ടയുടെ ഘടന, ചരിത്രപ്രാധാന്യം എന്നിവ സംബന്ധിച്ച പ്രാദേശികമായ വാമൊഴി അറിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്.

ചാലിയം ബീച്ചില്‍ പുലിമുട്ടിന് സമീപം മണലടിഞ്ഞുണ്ടായ രണ്ട് ചെറുമണല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലാണ് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉള്ളതെന്ന് പറയപ്പെടുന്നു. ഇവിടെ ഉത്ഖനനം നടത്തിയാല്‍ മലബാറിലെ പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രാദേശിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഈ ചരിത്രാവശിഷ്ടം സംബന്ധിച്ച് അധികൃതര്‍ ഇനിയും ബോധവാന്മാരായിട്ടില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതിനാല്‍ത്തന്നെ മണലടിഞ്ഞുകൂടി കോട്ടയുടെ അവശിഷ്ടങ്ങള്‍ വിസ്മൃതിയിലായിക്കൊണ്ടിരിക്കുകയാണ്.

മലബാറിലെ പടയോട്ടക്കാലത്ത് ടിപ്പു സുല്‍ത്താന്‍ മുല്ലമ്മേല്‍ കോട്ട പ്രദേശം താവളമാക്കിയതായും പറയപ്പെടുന്നുണ്ട്. തീരദേശത്തുകൂടി കടന്നുപോകുന്ന ചാലിയം - കടുക്ക ബസാര്‍ റോഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്ന പേരിലറിയപ്പെടുന്നത് ഇതിനെ സാധൂകരിക്കുന്നുണ്ട്. ഫറോക്കിലെ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ നിന്ന് മുല്ലമ്മേല്‍ കോട്ടയിലേക്ക് തുരങ്കം ഉള്ളതായും പഴമക്കാര്‍ പറയുന്നു. കടലുണ്ടിയില്‍ നടപ്പാക്കുന്ന ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയുടെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം

Mathrubhumi
പി.വി. സനില്‍ കുമാര്‍
28 Mar 2012

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal