രക്തസാക്ഷികളുടെ മാഞ്ഞുപോയ ഖബറുകള്‍ തേടി മുന്‍ വൈസ്‌ ചാന്‍സലര്‍

മലപ്പുറം: നാടിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ചിട്ടും തിരിച്ചറിയപ്പെടാനുള്ള ശവക്കല്ലറ പോലുമില്ലാതെ ചരിത്രത്തില്‍ നിന്നു പറിച്ചെറിയപ്പെട്ടവരോടു നീതിപുലര്‍ത്താനുള്ള ദൌത്യവുമായി കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി മുന്‍ വൈസ്‌ ചാന്‍സലര്‍. 1921ല്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ മലബാറിലെ പോരാളികള്‍ നടത്തിയ യുദ്ധത്തില്‍ രക്തസാക്ഷിയായവരുടെ ഖബറുകള്‍ കണെ്ടത്തി സംരക്ഷിക്കാനുള്ള പദ്ധതിയുമായി മുന്‍ വൈസ്‌ ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ കെ എന്‍ കുറുപ്പാണ്‌ രംഗത്തുവന്നിട്ടുള്ളത്‌.

1921ല്‍ പൂക്കോട്ടൂരില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ നേര്‍ക്കുനേരെ ഏറ്റുമുട്ടി വീരമൃത്യു വരിച്ച പോരാളികളെ പലയിടങ്ങളിലായി അടക്കം ചെയ്ത ഖബറുകള്‍ കണെ്ടത്തുന്ന പദ്ധതിയാണിത്‌.1921ലെ പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പട്ടാളമേധാവി ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ബ്രിട്ടിഷുകാര്‍ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലുകയായിരുന്നു. ഇതില്‍ പുരുഷന്‍മാരും കുട്ടികളുമുള്‍പ്പെടെ നിരവധിപേരുടെ മൃതദേഹങ്ങള്‍ അടക്കംചെയ്യാന്‍ ആളില്ലാതെ വഴിയരികിലും പറമ്പുകളിലുമായി ചിതറിക്കിടന്നത്‌ ദിവസങ്ങള്‍ക്കുശേഷം നാട്ടിലുള്ള സ്ത്രീകളാണ്‌ പലയിടങ്ങളില്‍ സംസ്കരിച്ചത്‌.

ഇവരില്‍ നൂറിലേറെ പേരെ കോണോംപാറ, മേല്‍മുറി, അധികാരത്തൊടി, പൂക്കോട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണു ഖബറടക്കിയിട്ടുള്ളത്‌. പല ഖബറുകളിലും ഒന്നിലധികം പേരെ മറവ്‌ ചെയ്തിട്ടുണ്ട്‌. അഞ്ചുപേരെ ഒന്നിച്ച്‌ മറവു ചെയ്ത ഖബറുകളുമുണ്ട്‌. എന്നാല്‍, ഇതെല്ലാം ആരുടേതാണെന്ന ആധികാരികമായ രേഖ നിലവിലില്ല. പല ഖബറുകളും വിവിധ വീട്ടുവളപ്പുകളിലാണുള്ളത്‌. ഇത്‌ കണെ്ടത്തി സര്‍ക്കാര്‍ വകുപ്പുകളുടെയും നാട്ടിലെ പഴമക്കാരുടെയും സഹായത്തോടെ ഖബറിടങ്ങളെക്കുറിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നു കെ കെ എന്‍ കുറുപ്പ്‌ പറഞ്ഞു.

പള്ളിയിലേക്കു പോവുന്നവഴി ബ്രിട്ടിഷുകാര്‍ വെടിവച്ചു കൊന്നയാളുടെ ഖബറിടം മേല്‍മുറിയിലെ വീട്ടുവളപ്പില്‍ കണെ്ടത്തിയിട്ടുണ്ട്‌. ഇതുപോലെ മറ്റു മൂന്നിടങ്ങളിലും രക്തസാക്ഷികളെയും ഖബറുകളെയും തിരിച്ചറിഞ്ഞു. നാടിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടി മരിച്ചവരുടെ അന്ത്യവിശ്രമസ്ഥാനങ്ങള്‍ കണെ്ടത്തുന്ന പ്രവര്‍ത്തനം ഡോ. കെ കെ എന്‍ കുറുപ്പ്‌ തനിച്ചാണ്‌ തുടങ്ങിയിട്ടുള്ളത്‌.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal