.

'മലബാര്‍ കലാപം' ഇംഗ്ലണ്ടില്‍ വീണ്ടും

പുനഃപ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ പുറംചട്ട

മലപ്പുറം . സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ ഭാഗമായ മലബാര്‍ കലാപത്തിന്റെ ഓര്‍മകള്‍ പുതുക്കി ഇംഗ്ലണ്ടില്‍ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു. മലബാര്‍ കലാപം അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സേനയില്‍ അംഗമായിരുന്ന ഡൊണാള്‍ഡ്‌ സ്റ്റീഫന്‍ രചിച്ച മൂന്നു പുസ്തകങ്ങളാണ്‌ അദ്ദേഹത്തിന്റെ മകള്‍ ഡോ. ചാമിയന്‍ ഗോള്‍ഡ്‌വിന്‍ പുനഃപ്രസിദ്ധീകരിച്ചത്‌.

സ്റ്റീഫന്റെ മകളായ ചാമിയനും ഭര്‍ത്താവ്‌ എഡ്വേര്‍ഡും 2002 ജനുവരിയില്‍ മലബാര്‍ കലാപ കേന്ദ്രങ്ങളായിരുന്ന തിരൂരങ്ങാടിയും പൂക്കോട്ടൂരുമെല്‍ളാം സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ വള്ളുവമ്പ്രം എംഐസി കോളജിലെ അധ്യാപകനായ ഫൈസല്‍ ശബാബ്‌ ആയിരുന്നു അന്ന്‌ അവരെ അനുഗമിച്ച്‌ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തത്‌. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ്‌ ഇംഗ്ലണ്ടില്‍ തിരിച്ചുചെന്നശേഷം അവര്‍ പുസ്‌തകം പുനഃപ്രസിദ്ധീകരിച്ചത്‌.

ദ്‌ ജുവല്‍ ഓഫ്‌ മലബാര്‍, മദര്‍ ഇന്‍ ലോ ഇന്ത്യ, ദ്‌ പ്രൊട്ടാഗണിസ്റ്റ്‌ എന്നീ പുസ്തകങ്ങളാണ്‌ വീണ്ടും പുറത്തിറക്കിയത്‌. 1891ല്‍ ഫ്രാങ്കിന്റെയും ആനി സ്റ്റീഫന്റെയും മകനായി ഇംഗ്ലണ്ടില്‍ ജനിച്ച ഡൊണാള്‍ഡ്‌, ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. മലബാര്‍ കലാപം അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട ഡോര്‍സ്റ്റ്‌ ഷെയര്‍ എന്ന സേനയിലായിരുന്നു 1919 മുതല്‍ 1921 വരെ ഡൊണാള്‍ഡ്‌. സ്വാതന്ത്യ്രസമരത്തിന്റെ തീച്ചൂളകളായി മാറിയ മലബാര്‍ പ്രദേശങ്ങള്‍ ഡൊണാള്‍ഡിനു മുന്‍പില്‍ അനുഭവങ്ങളുടെ വാതില്‍ തുറന്നിട്ടു. ഈ കാലഘട്ടത്തിലാണ്‌ പട്ടാളക്കാരനായ ഡൊണാള്‍ഡിന്റെ
മനസ്സിലെ സാഹിത്യകാരന്‍ ഉണര്‍ന്നത്‌. ആദ്യ നോവലായ ദ്‌ ജുവല്‍ ഓഫ്‌ മലബാര്‍ 1927ല്‍ പുറത്തിറങ്ങി.

ദേശബന്ധങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തെ സ്നേഹത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഡൊണാള്‍ഡ്‌ കേന്ദ്രകഥാപാത്രങ്ങളായി തിരഞ്ഞെടുത്തത്‌ കമല എന്ന നായര്‍ യുവതിയെയും അവളെ സ്നേഹിക്കുന്ന ജോണ്‍ ബെന്‍വിലെ എന്ന ബ്രിട്ടീഷ്‌ പട്ടാള ഓഫിസറെയുമാണ്‌. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത മാപ്പിളപ്പോരാളികളുടെ ധീരതയെക്കുറിച്ച്‌ നോവലില്‍ വിവരിക്കുന്നുണ്ട്‌. യുദ്ധമുഖത്തേക്ക്‌ ചാടി ഇറങ്ങുന്ന മാപ്പിളപ്പോരാളികള്‍ക്കു മുന്‍പില്‍ പകച്ചുനില്‍ക്കുന്ന ബ്രിട്ടീഷ്‌ പട്ടാളക്കാരുടെ ചിത്രം നോവലില്‍ കാണാം. നോവലിലെ കഥാപാത്രമായ അഹമ്മദ്‌ ഹാജി മുഖ്യകഥാപാത്രവും പട്ടാള ഒാ‍ഫിസറുമായ ജോണിനോട്‌ ഇങ്ങനെ പറയുന്നുണ്ട്‌: താങ്കള്‍ വിചാരിക്കുന്നതുപോലെ ഞങ്ങള്‍ സംസ്കാരശൂന്യരല്ല. താങ്കളുടെ വംശത്തെപ്പോലെ ബുദ്ധിയും യുക്‌തിയും ഉള്ളവര്‍തന്നെ.

1929ല്‍ പുറത്തിറങ്ങിയ മദര്‍ ഇന്‍ ലോ ഇന്ത്യ എന്ന പുസ്തകത്തില്‍ ഇന്ത്യാ വിഭജനവും മറ്റും മുന്‍കൂട്ടി കണ്ടിട്ടുണ്ട്‌ ഡൊണാള്‍ഡ്‌. ദ്‌ പ്രൊട്ടാഗണിസ്റ്റ്‌ എന്ന നോവലിലെ അഞ്ചാം അധ്യായത്തിന്റെ പേര്‌ മലബാര്‍ എന്നാണ്‌. 1983ല്‍ ആണ്‌ ഡൊണാള്‍ഡ്‌ മരിക്കുന്നത്‌.

അനില്‍ കുരുടത്ത്‌
Manorama

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP