.

മലബാര്‍ കലാപത്തിന്റെ ജ്വാലാമുഖങ്ങള്‍


പുസ്തകം
ചീഫ് എഡിറ്റര്‍ മാലിക് മഖ്ബൂല്‍


ചരിത്ര വഴികള്‍ എപ്പോഴും അങ്ങിനെയാണ്. ശിഥിലവും അവ്യക്തവുമായിരിക്കും. ചിലപ്പോഴത് ഐതിഹ്യങ്ങളും യാഥാര്‍ത്ഥ്യവും കൂടികലര്‍ന്നതുമാവും. അതുമല്ലെങ്കില്‍ ചിലര്‍ മനപ്പൂര്‍വ്വം മാറ്റിയെഴുതിയതോ മായിച്ചു കളഞ്ഞതോ ആയിരിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വേറിട്ട അധ്യായമായ 1921ലെ മലബാര്‍ സമര പോരാട്ട ചരിത്രത്തെ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ച് വികലമാക്കാന്‍ ശ്രമിച്ചതായി കാണാനാകും. മാപ്പിള ലഹള, വര്‍ഗീയ ലഹള, ഖിലാഫത്ത്‌സമരം, കാര്‍ഷിക വിപ്ലവം തുടങ്ങിയ വ്യത്യസ്ത പേരുകളിലും വ്യാഖ്യാനങ്ങളിലും അറിയപ്പെടുന്ന വൈദേശികാധിപത്യത്തിനെതിരെയുള്ള മലബാറിലെ ചെറുത്തുനില്‍പ്പിനെ പുതുതലമുറക്ക് മുന്നില്‍ കലര്‍പ്പില്ലാതെ അടുക്കി തുന്നിച്ചേര്‍ക്കുകയാണ് 1921 മലബാര്‍ സമരം എന്ന ചരിത്രാന്വേഷണ കൃതിയിലൂടെ ഒരുകൂട്ടം ദേശസ്‌നേഹികളായ പ്രവാസികള്‍. സൗദി അറബ്യയിലെ യാമ്പു കെ.എം.സി.സി.സെന്‍ട്രല്‍ കമ്മിറ്റി പ്രസിദ്ധീകരിച്ച 1921 മലബാര്‍ സമരം എന്ന ഗ്രന്ഥം ചരിത്രാന്വേഷികള്‍ക്കും വായനക്കാര്‍ക്കും മലബാറിലെ സ്വാതന്ത്ര്യ സമരത്തെുക്കുറിച്ചുള്ള കലര്‍പ്പില്ലാത്ത ചരിത്രത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ വിളിച്ചോതുന്നതാണ്. മലബാര്‍ സമരത്തെക്കുറിച്ച് ഇന്നോളം എഴുതപ്പെട്ട പ്രമുഖരുടെ ലേഖനങ്ങളും ചരിത്ര സത്യങ്ങളും ഈയപുര്‍വ്വ ഗ്രന്ഥത്തില്‍ ചേര്‍ത്തുവെക്കാന്‍ ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്ററായ എഴുത്തുകാരനും ചരിത്രാന്വേഷിയുമായ മാലിക് മഖ്ബൂല്‍ ആലുങ്ങലിനും അണിയറ ശില്‍പ്പികള്‍ക്കും കഴിഞ്ഞിട്ടുണ്ട്.
1921 മലബാര്‍ സമരം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ രക്തസാക്ഷികളായ മലബാര്‍ സമരത്തെക്കുറിച്ച് ചരിത്രകാരന്‍മാരും പുതിയ എഴുത്തുകാരും നടത്തിയ ഗവേഷണമാണ് കൃതിയുടെ ഉള്ളടക്കം. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പ്രത്യക്ഷ ചെറുത്തുനില്‍പ്പ് നടത്തിയ ദേശസ്‌നേഹികളുടെ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നാഴികക്കല്ലെന്ന വിശേഷിപ്പിക്കാനാണ് കൃതിയില്‍ മിക്ക രചയിതാക്കളും തുനിഞ്ഞത്. ഇതിന് സാക്ഷ്യമായി നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളും വിവരിക്കുന്നുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളുടെ അവതാരികയോട് കൂടിയാണ് കൃതി തുടങ്ങുന്നത്. ജന്മി നാടുവാഴിത്ത വ്യവസ്ഥയും സാമ്രാജ്യത്വ അധികാര വ്യവസ്ഥയും കൂട്ടം ചേര്‍ന്ന അടിസ്ഥാന വിഭാഗങ്ങളോട് ചെയ്ത നീതിരഹിതമായ അക്രമങ്ങളെ ചോദ്യം ചെയ്തതിന് ക്ഷുഭിത വിഭാഗം നടത്തിയ പോരാട്ടമാണിതെന്ന് അവതാരികയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച പടക്കളത്തിലേക്കിറങ്ങിയ നിഷ്കളങ്കരും നിസ്വാര്‍ത്ഥരുമായ കര്‍ഷകരുടെയും അവര്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളുടെയും ത്യാഗത്തിന്റെ മുഖം ആമുഖത്തില്‍ തന്നെ തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
75 എഴുത്തുകാര്‍ വ്യത്യസ്ത കോണുകളിലൂടെ മലബാര്‍ സമരത്തെ നോക്കിക്കാണുന്നുവെന്നതാണ് 348 പേജിലൊരുക്കിയ അപൂര്‍വ കൃതിയുടെ പ്രത്യേകത. അതൊരു സമൂഹിക ലഹള അല്ലേയല്ല എന്ന തലക്കെട്ടോടെ സി.എച്ച്. മുഹമ്മദ് കോയ മുമ്പെഴുതിയ ലേഖനത്തോടെയാണ് കൃതി തുടങ്ങുന്നത്.
പട്ടാഭി സീതാരാമയ്യ, ഡോ.കെ.എന്‍.പണിക്കര്‍,
ഡോ.സി.എ.കരിം, ഡോ.കെ.കെ.എന്‍ കുറുപ്പ്, കെ.മുഹമ്മദ് അബ്ദുള്‍ കരിം, കെ.എം.ബഹാവുദ്ദീന്‍, എം. ഗംഗാധരന്‍, പി.കെ മൈക്കിള്‍ തരകന്‍,എം.പി.അബ്ദുസമ്മദ് സമദാനി, ഡോ.എം.എന്‍.കാരശ്ശേരി,സി.രാധാകൃഷ്ണന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍,
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തുടങ്ങി 75 സര്‍ഗധനന്മാരാണ് മലബാര്‍ സമരത്തിന്റെ കാഴ്ചപ്പാടുകളും ചരിത്ര പശ്ചാത്തലവും ഉള്‍പ്പെടുത്തി വിവരിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായി ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ നികുതി നിഷേധം നടത്തിയ ധീരദേശാഭിമാനി വെളിയംകോട് ഉമര്‍ ഖാദി, എന്നും തെറ്റിധരിക്കപ്പെട്ട ചരിത്രംപറയുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, ആലി മുസ്‌ലിയാര്‍, മമ്പുറം തങ്ങള്‍ തുടങ്ങിയവരെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഈ കൃതിയുടെ പ്രത്യേകതയാണ്. വാഗണ്‍ ട്രാജഡി, തിരൂരങ്ങാടി പള്ളി,  ഗാന്ധിജിയും മലബാര്‍ കലാപവും, ബാങ്കൊലിയും നിലവിളികളും തുടങ്ങിയ ശ്രദ്ധേയ ലേഖനങ്ങള്‍ ഈ അപൂര്‍വ്വ ഗ്രന്ഥത്തില്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. പോരാട്ട സമരം മാത്രമല്ല അതു കഴിഞ്ഞുള്ള ചരിത്രങ്ങളും അവയുടെ വ്യാഖാനങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.
     വായനയിലൂടെ ഒരു ചരിത്രം പുനരാവിഷ്കരിക്കാന്‍ പുസ്തക പ്രസാധകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അറബി നാട്ടിലെങ്കിലും അവധിക്ക് നാട്ടിലെത്തുമ്പോള്‍ സ്വപൈതൃകം നേടാനും അവ സംരക്ഷിക്കാനും ഒരു കൂട്ടം പ്രവാസികള്‍ കാണിക്കുന്ന താല്‍പര്യം ഇന്നത്തെ തലമുറക്ക് മാതൃകാപരമാണ്. ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനകീയ സംരംഭത്തിന്റെ യഥാര്‍ത്ഥ വശത്തിലേക്ക് വെളിച്ചം വീശുകയെന്ന ഉത്തരവാദിത്തമാണ്  തങ്ങള്‍ നിറവേറ്റിയതെന്ന്് യാമ്പൂ കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ.ടി. അബ്ദുള്‍ കരീം പുഴക്കാട്ടിരി പറഞ്ഞു. മലബാര്‍ കലാപത്തെക്കുറിച്ച് നേരത്തെ കൃതികള്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ നേരിന്റെ അംശം ഉള്‍ക്കൊണ്ടു മാത്രം വര്‍ഷങ്ങളെടുത്താണ് ഗ്രന്ഥം തയാറാക്കിയിട്ടുള്ളത്. കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം മാലിക് മഖ്ബൂല്‍, ഇ.സാദിഖലി, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, ഉമര്‍ അറക്കല്‍, അവതാരികയെഴുതിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം കൂടി ചേര്‍ന്നുള്ള സംരംഭം കൂടിയാണിത്. മാപ്പിളമാരുടെ പൈതൃകം നാട്ടിടവഴികളിലൂടെ തേടി അലഞ്ഞ് ശേഖരിച്ച ചരിത്രകാരന്‍ പരേതനായ കെ.കെ. മുഹമ്മദ് അബ്ദുള്‍കരീം മാസ്റ്റര്‍ക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. മലബാര്‍ മുദ്രകള്‍, ചില്ലകള്‍ കാറ്റിനോട് പറഞ്ഞത്, കനവിന്റെ സുല്‍ത്താന്‍, ഹരിതധ്വനി തുടങ്ങി ശ്രദ്ധേയ ഗ്രന്ഥങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രവാസി എഴുത്തുകാരന്‍ മാലിക് മഖ്ബൂലാണ് ചരിത്ര പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. കെ.കെ. അബ്ദുള്‍ കരീം മാസ്റ്ററുടെ കൂടെ ചരിത്രം തേടി പോയതിന്റെ സാരാംശം ഉള്‍ക്കൊണ്ടാണ് പുസ്തകം തയാറാക്കിയത് കെട്ടിലും മട്ടിലും പുസ്തകം ക്രോഡീകരിക്കാന്‍ മഖ്ബൂലിന് കഴിഞ്ഞിട്ടുമുണ്ട്
1921 മലബാര്‍ സമരം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങും മലപ്പുറത്ത് വേറിട്ട ഒരു കാഴ്ചയായിരുന്നു. 1921 എന്ന മലയാള ചലച്ചിത്രത്തിന് ആലി മുസ്‌ലിയാരെ അവതരിപ്പിച്ച നടന്‍ മധു, സിനിമ നിര്‍മിച്ച മണ്ണില്‍ മുഹമ്മദ് എന്നിവരെ ആദരിച്ചുകൊണ്ടാണ് പുസ്തക പ്രകാശനം നടന്നത്. മധു, മണ്ണില്‍ മുഹമ്മദിന് കോപ്പി നല്‍കിക്കൊണ്ടാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. മധുവിനെയും മണ്ണില്‍ മുഹമ്മദിനെയും മന്ത്രി മഞ്ഞളാംകുഴി അലി ആദരിച്ചു.

പുസ്തക പ്രകാശന ചടങ്ങ്
1921 മലബാര്‍ സമരം പുസ്തക പ്രകാശനം നടന്‍ മധു, മണ്ണില്‍ മുഹമ്മദിന് നല്‍കി നിര്‍വ്വഹിക്കുന്നുഎ.എഫ്. ഷാഹിന

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP