.

വാരിയന്‍കുന്നത്തിനെ വെള്ളപ്പട്ടാളം കീഴൊതുക്കിയിട്ട് 92 വര്‍ഷം

കാളികാവ്: ഏറനാടിന്‍െറ വിപ്ളവകാരി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി വെള്ളപ്പട്ടാളത്തിന്‍െറ പിടിയിലകപ്പെട്ടിട്ട് 92 വര്‍ഷം പിന്നിടുന്നു. മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ വൈദേശികാധിപത്യത്തിനും ജന്‍മിത്ത വാഴ്ചക്കുമെതിരെ മാപ്പിളമാരെ സംഘടിപ്പിച്ച് ആലിമുസ്ലിയാര്‍ക്കൊപ്പം ധീരോദാത്തം പോരാടിയ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂലയില്‍ ബിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയില്‍ വീഴുന്നത്.
ഖിലാഫത്ത് പ്രസ്ഥാനം പ്രഖ്യാപിക്കപ്പെട്ടതോടെ ഏറനാട്ടില്‍ എം.പി. നാരായണമേനോനും ആലിമുസ്ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും രൂപപ്പെടുത്തിയ ഖിലാഫത്ത് സമരം വെള്ളപ്പട്ടാളത്തിന്‍െറ ക്രൂരമായ ചെയ്തികളോടെ ഗതിമാറി.
ബ്രിട്ടീഷ് വാഴ്ചകള്‍ക്കെതിരെ മാപ്പിളമാരുടെ സമാന്തര സര്‍ക്കാര്‍ എന്ന ആശയവും ഉയര്‍ന്നുവന്നപ്പോള്‍ വാരിയന്‍കുന്നത്തായിരുന്നു നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. പാണ്ടിക്കാട്ട് ഇതിനായി പ്രത്യേക സമ്മേളനം നടത്തി. നിലമ്പൂര്‍, പന്തലൂര്‍, തുവ്വൂര്‍ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. ചെമ്പ്രശ്ശേ്ശരി തങ്ങള്‍ക്ക് മണ്ണാര്‍ക്കാടിന്‍െറയും അലിമുസ്ലിയാര്‍ക്ക് തിരൂരങ്ങാടിയുടെയും വള്ളുവനാട്ടിലെ ബാക്കി ഭാഗത്തിന്‍െറ ചുമതല സീതിക്കോയ തങ്ങള്‍ക്കും ലഭിച്ചു.
ആലിമുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്‍െറ പിടിയിലായതോടെ വാരിയന്‍കുന്നത്ത് പ്രവര്‍ത്തന മേഖല നിലമ്പൂര്‍ കാടുകളിലേക്ക് മാറ്റി. കാളികാവിനടത്ത കല്ലാമൂലയിലെ മലവാരത്ത് ഒളിച്ചുപാര്‍ത്ത് അദ്ദേഹം വെള്ളക്കാര്‍ക്കെതിരെ ഒളിപ്പോര് തുടര്‍ന്നു.
വാരിയന്‍കുന്നത്തിനെ ഏത് വിധേനയും പിടികൂടുകയെന്ന ലക്ഷ്യവുമായി മലബാര്‍ പൊലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് ബാറ്ററി എന്ന പേരില്‍ പ്രത്യേക സേന രൂപവത്കരിച്ചു. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കല്ലാമൂലയില്‍ ഇന്ന് ചിങ്കക്കല്ല് എന്നറിയപ്പെടുന്ന സ്ഥലത്ത് ഒളിവില്‍ പാര്‍ത്ത കുഞ്ഞഹമ്മദാജിയെയും 27 അനുയായികളെയും സേന പിടികൂടി. അനുരഞ്ജന രൂപത്തിലെത്തി കുഞ്ഞഹമ്മദാജിയെ ചതിയില്‍ പിടികൂടുകയായിരുന്നെന്നാണ് ഒരുവിഭാഗം ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയത്.
ജനുവരി 15നാണ് ഹാജി പിടക്കപ്പെട്ടതെന്നും ഇത് കീഴടങ്ങലായിരുന്നെന്നും അഭിപ്രായങ്ങളുണ്ട്. കാളികാവ് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് അടുത്ത ദിവസം മലപ്പുറത്തും എത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 21ന് രാവിലെ പത്തോടെ മലപ്പുറം കോട്ടക്കുന്നില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

Madhyamam
06.01.14

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP