വാരിയന്‍കുന്നത്തിന്‍െറ ഓര്‍മകള്‍ ജ്വലിപ്പിച്ച് സ്വാതന്ത്ര്യസമര കുടുംബങ്ങളുടെ സംഗമം


മലപ്പുറം: സ്വാതന്ത്ര്യസമരാവേശങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകള്‍ ജ്വലിപ്പിച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 92ാം രക്തസാക്ഷിദിനം അനുസ്മരിച്ചു. ഒപ്പം സ്വാതന്ത്യസമര സേനാനി കുടുംബാംഗങ്ങളുടെ സംഗമം ബ്രിട്ടീഷ് അധിനിവേശ പോരാട്ടങ്ങള്‍ക്ക് വീര്യം പകര്‍ന്നവരെ ഒരിക്കല്‍കൂടി ഓര്‍മിക്കുന്നതായി.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷനാണ് അനുസ്മരണവും സംഗമവും ഒരുക്കിയത്. കാലിക്കറ്റ് സര്‍വകലാശാല ചരിത്രാധ്യാപകന്‍ ഡോ. പി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വരുംകാലങ്ങളിലും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടാന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് സാധിക്കുമെന്നും ഇതിന് ഊര്‍ജം പകരാന്‍ യുവതലമുറ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിലെ ധീരോദാത്തമായ അധ്യായമായിരുന്നു 1921ലെ മലബാര്‍ സമരമെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. സ്വരാജ്യസ്നേഹം വിശ്വാസത്തിന്‍െറ ഭാഗമാണെന്ന പ്രവാചകവചനവും ഗാന്ധിജി നേതൃത്വം കൊടുത്ത ദേശീയ പ്രക്ഷോഭങ്ങളും മലബാര്‍ സമരത്തിന് ഉത്തേജനം പകര്‍ന്നെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പി. വാസുദേവന്‍, സമരസേനാനി കുടുംബങ്ങളെ ആദരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അലവി കക്കാടന്‍ അധ്യക്ഷത വഹിച്ചു. വെബ്സൈറ്റ് പ്രഖ്യാപനം അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ടും സ്വാതന്ത്ര്യസമര വിവരശേഖരണ വിജയികള്‍ക്കുള്ള സമ്മാന വിതരണം ബഷീര്‍ ചുങ്കത്തറയും നിര്‍വഹിച്ചു. അഡ്വ. കെ. മുഹമ്മദലി, ഡോ. ഹംസ, വി.ടി. അലവിക്കുട്ടി, അഞ്ചാലന്‍ സകീര്‍, അഷ്റഫ് കരിപ്പാലി, വാരിയന്‍കുന്നത്ത് ഇബ്രാഹിം, വാരിയന്‍കുന്നത്ത് ഹംസ, ഡിബോണ നാസര്‍ എന്നിവര്‍ സംസാരിച്ചു. മോഹന്‍ ഐസക് സ്വാഗതവും മുബാറക് കുരിക്കള്‍ നന്ദിയും പറഞ്ഞു. കുമ്പളത്ത് ഗോവിന്ദന്‍ നായര്‍ രചിച്ചതും ബ്രിട്ടീഷുകാര്‍ നിരോധിച്ചതുമായ ‘പടവാള്‍’ പടപ്പാട്ട് വേദിയില്‍ പാടി അവതരിപ്പിച്ചു.

News @ Madhyamam
22.01.2014

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal