.

ഓര്‍മ വേണം ഉമര്‍ ഖാസിയെ

ഇന്ത്യയില്‍ ആദ്യമായി ഗാന്ധിജിക്കു മുമ്പേ, നികുതിനിഷേധപ്രസ്ഥാനത്തിനു തുടക്കമിട്ട ക്രാന്തദര്‍ശി. ഒരു നൂറ്റാണ്ടു മുഴുവന്‍ ബ്രിട്ടിഷ്ഭരണത്തിനെതിരേ ആഞ്ഞടിച്ച സ്വാതന്ത്യ്രപോരാട്ടങ്ങള്‍ക്കു തിരികൊളുത്തിയ ജനകീയനേതാവ്‌. നിത്യവ്യവഹാരങ്ങള്‍ക്കു പോലും കവിതയെ മാധ്യമമാക്കിയ കവി. മുസ്ലിം നവോത്ഥാനങ്ങളുടെ ആദ്യ വിത്തെറിഞ്ഞ സാമൂഹികപരിഷ്കര്‍ത്താവ്‌. മതപണ്ഡിതന്‍. 18ാ‍ം ശതകത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയ വെളിയങ്കോട്‌ ഉമര്‍ ഖാസിയെന്ന ജീനിയസ്സിനെക്കുറിച്ചു ഭാവി തലമുറയ്ക്കു പറഞ്ഞുകൊടുക്കാന്‍ ഒരു ജീവചരിത്രം പോലുമില്ല. അദ്ദേഹത്തിന്റെ തിരുശേഷിപ്പുകളും പിന്‍മുറക്കാരും മണ്‍മറഞ്ഞുപോയിട്ടില്ല. പക്ഷേ, ആ മഹാന്റെ ഓര്‍മ വീണെ്ടടുക്കുന്നതിനെക്കുറിച്ച്‌ കേരളത്തിലെ മുസ്ലിംകളും പൊതുസമൂഹവും ആലോചിക്കുക പോലും ചെയ്യാത്തത്‌ എന്തുകൊണ്ടാണ്‌?

കവിയായ ഉമര്‍ ഖാസി ഇന്ന്‌ സമ്പൂര്‍ണമായും മലയാളത്തിന്‌ അന്യനാണെന്നു പറയാം. സാമൂഹികപരിഷ്കര്‍ത്താവിന്റെ വചനങ്ങളെ മതപ്രസംഗത്തിന്റെ ചൊല്ലിയാട്ടത്തില്‍നിന്നു സാഹിത്യചര്‍ച്ചയുടെ സഹൃദയവേദിയിലേക്കു പ്രവേശിക്കാനനുവദിക്കാതിരുന്നതാവാം ഉമര്‍ ഖാസിയിലെ പോരാട്ടകവിയെ തമസ്കരിക്കാന്‍ ഇടയാക്കിയത്‌.
1800കളിലെ വിദേശാധിനിവേശത്തോട്‌ പാര്‍ശ്വവല്‍കൃതരായ കീഴാളര്‍/മുസ്ലിംകള്‍ പ്രതികരിക്കാതിരുന്നൊരു കാലത്താണ്‌ ഖാസി ഉമര്‍ നികുതിനിഷേധ വിപ്ലവത്തിനു തുടക്കമിട്ടത്‌. അധിനിവേശം സാമ്പത്തികമേഖലയിലും സാംസ്കാരികമേഖലയിലും തുടരവെ ഖാസിയുടെ പോരാട്ടവഴികള്‍ക്കും പോരാട്ടകവിതകള്‍ക്കും ഇന്നും
പ്രാധാന്യമുണ്ട്‌.

ജയിലറക്കവിതകള്‍

കേരള മുസ്ലിംകള്‍ക്ക്‌ ഖാസി ഉമര്‍ മഹല്ല്‌ മേധാവി മാത്രമായി ചുരുങ്ങിയപ്പോള്‍ മതവിദ്യാര്‍ഥികള്‍ക്കു ലക്ഷണമൊത്ത അധ്യാപകനായി. ചുരുക്കം ചിലര്‍ ഉമറിനെ അമാനുഷികസിദ്ധിയുള്ള (കറാമത്ത്‌)വലിയ്യായി കണ്ടു. ചിലര്‍ക്ക്‌ ആത്മീയപാതയിലെ 'സൂഫിഗുരു'വുമായിരുന്നു അദ്ദേഹം. തിരിച്ചറിയപ്പെടാന്‍ ഭിന്നമുഖങ്ങള്‍ ഒട്ടേറെയുണ്ടായതുകൊണ്ടാവാം ഖാസിയിലെ 'പോരാട്ടകവിയെ' ചരിത്രകാരന്‍മാര്‍ പോലും കണ്ടില്ല.
1819 ഡിസംബര്‍ 18ന്‌ നികുതിനിഷേധ സമരത്തിന്റെ പേരില്‍ ഖാസിയെ കോഴിക്കോടു ജയിലില്‍ അടക്കാന്‍ മലബാര്‍ കലക്ടര്‍ മെക്ലിന്‍ പ്രഭു ഉത്തരവിട്ടു. 'മാപ്പുപറയണം' എന്ന കലക്ടറുടെ ആവശ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചത്‌ കവിതയിലൂടെയായിരുന്നു. ജയിലില്‍ കിടന്നുകൊണ്ട്‌ ആത്മീയഗുരു മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ക്ക്‌ കാവ്യാത്മകമായ ഒരു കുറിപ്പ്‌ കവി അയച്ചു. പ്രതിരോധത്തിന്റെ ഭാഷയാല്‍ വികാരതീവ്രമായിരുന്നു അത്‌.
ഫസയ്യറനീ ഫില്‍ ഹബ്സി
സാഹിബു തുക്കിടീ
അലാ ളുല്‍മി നീബു സാഹിബുന്‍
വഹുവ മുഅ്തദി
(അക്രമിയായ നിബു സായ്പിനെ ദ്രോഹിച്ചു എന്നാരോപിച്ചുകൊണ്ട്‌ തുക്കിടി എന്നെ ബന്ധനസ്ഥനാക്കി വച്ചിരിക്കുന്നു.)
ജനം ഇളകിയതോടെ കവിയെ ബ്രിട്ടിഷുകാര്‍ക്കു മോചിപ്പിക്കേണ്ടി വന്നു. ഒപ്പം വെളിയങ്കോട്‌ മുതല്‍ ചേറ്റുവ വരേയുള്ള ഉമര്‍ ഖാസിയുടെ 12 മഹല്ലുകളില്‍ നികുതിപ്പിരിവു വേണെ്ടന്നുവയ്ക്കുകയും ചെയ്തു.
ഉമര്‍ ഖാസി വിതച്ച പോരാട്ടത്തിന്റെ വിത്തുകള്‍ അപ്പോഴേക്കും മലബാറില്‍ മുളച്ചുതുടങ്ങിയിരുന്നു. ചില ചരിത്രകാരന്‍മാര്‍ 'മലബാര്‍കലാപങ്ങള്‍' എന്നു വിളിക്കുന്ന ബ്രിട്ടിഷ്‌വിരുദ്ധ പോരാട്ടങ്ങള്‍ ഗ്രാമങ്ങള്‍ തോറും കത്തിയാളുകയും പടരുകയും ചെയ്തു. ഈ പോരാട്ടങ്ങള്‍ക്ക്‌ വീര്യം പകര്‍ന്നത്‌ ഉമര്‍ ഖാസിയുടെ കാവ്യവും. പുസ്തകത്തിന്റെ അനേകം പ്രതികള്‍ പകര്‍ത്തിയെഴുതി കേരളത്തിലെ പള്ളികളില്‍ വിതരണം ചെയ്തിരുന്നു. ഒടുവില്‍ ബ്രിട്ടിഷുകാര്‍ കവിത നിരോധിച്ചു. പുസ്തകം കണ്ടുകെട്ടി.
പാശ്ചാത്യരുടെ ജയിലെഴുത്തുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണു ലോകത്തെ ഇളക്കിമറിച്ചതെങ്കില്‍ അതിനുമുമ്പു തന്നെ ഉമര്‍ ഖാസി കവിതയെ വിപ്ലവായുധമാക്കി മാറ്റിയിരുന്നു. ജയില്‍പ്രഹരങ്ങളുടെ കൊടിയ കരാളിമയിലും അധ്വാനിക്കുന്ന ജനവര്‍ഗങ്ങള്‍ക്കു വേണ്ടി എല്ലാ എതിര്‍പ്പുകളെയും ചെറുത്തുനില്‍ക്കാന്‍ പ്രാപ്തമായ മതവിധികള്‍ അടങ്ങിയതായിരുന്നു ഖാസിയുടെ ജയിലെഴുത്തുകള്‍.

ചരിത്രപുരുഷന്‍ 

ഗ്രാമീണകലാപത്തിന്റെ വഴി തുറന്നുവിട്ട ഉമര്‍ ഖാസി 1765ല്‍ മലപ്പുറം ജില്ലയിലെ
പൊന്നാനിക്കടുത്ത്‌ വെളിയങ്കോടാണു ജനിച്ചത്‌. ഖാസിയാരകത്ത്‌ കാക്കത്തറയില്‍ ഉമര്‍ എന്നാണു പൂര്‍ണമായ പേര്‌. 17ാ‍ം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അറേബ്യയില്‍നിന്നു
കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ അംഗം വെളിയങ്കോട്ടെ പ്രശസ്തമായ ബ്രാഹ്മണകുടുംബമായ കാക്കത്തറ ഇല്ലത്തുനിന്നു വിവാഹം ചെയ്തിരുന്നു. ഇതില്‍ പിറന്ന കുഞ്ഞാണ്‌ ഉമര്‍ ഖാസി. അക്കാലത്ത്‌ അറബികള്‍ക്ക്‌ ബ്രാഹ്മണസ്ത്രീകളെ വിവാഹം ചെയ്തുകൊടുക്കുന്നത്‌ കേരളത്തില്‍ പതിവായിരുന്നു. അറബികളുമായുള്ള വിവാഹബന്ധം സമൂഹത്തില്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനം നല്‍കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. പിതാവില്‍നിന്നു കിട്ടിയ അറബിപാണ്ഡിത്യവും അമ്മയുടെ കുടുംബത്തില്‍നിന്നു കിട്ടിയ സംസ്കൃതജ്ഞാനവും ചേരുകയായിരുന്നു ഉമറില്‍. ആയുര്‍വേദചികിത്സയുടെ മര്‍മം സ്വായത്തമാക്കിയ വൈദ്യനുമായിരുന്നു അദ്ദേഹം.

മലയാളി മറന്ന കവി 
ഉമര്‍ ഖാസി കവിതകളെല്ലാം അറബിയിലാണ്‌ എഴുതിയിരുന്നത്‌. 18ാ‍ം നൂറ്റാണ്ടിലെ പരിമിതമായ മലയാളത്തേക്കാള്‍ തന്റെ ചിന്തയെയും സ്വപ്നങ്ങളെയും പകുത്തുനല്‍കാന്‍ അറബി സാഹിത്യഭാഷയ്ക്കു കഴിയുമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. എന്നാല്‍, കല്ലിലും വഴിയിലും പള്ളിച്ചുവരുകളിലും കരിക്കട്ട കൊണ്ടും പച്ചിലകള്‍ കൊണ്ടും കോറിയിട്ട കവിതകള്‍ വേണ്ടവിധം സംരക്ഷിക്കപ്പെട്ടില്ല. കവിതകള്‍ അറബിയിലായതിനാല്‍ വരേണ്യ കാവ്യലോകത്തിന്‌ പിന്നീടതു വീണെ്ടടുക്കാനുമായില്ല.
ജീവിതപാഠങ്ങളും മതപാഠങ്ങളും ഭക്തിയും വൈദ്യവും കത്തിടപാടുകളും ശാസ്ത്രവും വിലാപവും എല്ലാം ഉമര്‍ ഖാസിക്ക്‌ കവിതകളായിരുന്നു. പ്രവാചകനോടുള്ള പ്രണയം കവിതകളായി മുട്ടിവിളിച്ചപ്പോള്‍ അറബ്സാഹിത്യത്തിലെ ഉത്തമ പ്രണയകാവ്യമാണു പിറന്നുവീണത്‌. മലയാളിയുടെ അറബ്കാവ്യം!
'തറവാടിത്തത്തിന്റെ പേരില്‍ ആഭിജാത്യം നടിക്കുന്നവരേ... നിങ്ങളുടെ അടിസ്ഥാനം പരിശോധിക്കുക; തിയ്യനും നായരും ആശാരിയും മൂശാരിയും മണ്ണാനും പാണനും കൊയപ്പനും ചെട്ടിയും നായാടിയും പറയരും മതം മാറി വന്നതല്ലേ നിങ്ങളും... ' കവി എഴുതി. മലയാളവും അറബിയും കൂട്ടിക്കലര്‍ത്തി രചിച്ച ഈ കവിത പൊന്നാനി പള്ളിയുടെ ചുവരിലാണ്‌ കരിക്കട്ടകൊണ്ടു കോറിയിട്ടത്‌. വംശീയതയുടെ മിഥ്യാഭിമാനം തച്ചുതകര്‍ക്കുന്ന ഈ കവിത രചിക്കപ്പെടുന്നത്‌ ശ്രീനാരായണ ഗുരുവിനു മുമ്പാണെന്നോര്‍ക്കുക.
അറബിയില്‍ തന്നെ കവിതയെഴുതാന്‍ മാത്രം ഭാഷാവ്യുല്‍പ്പത്തി അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, മിക്ക കവിതകളും നഷ്ടപ്പെട്ടു. 1862ല്‍ അദ്ദേഹത്തിന്റെ ഒരു കാവ്യസമാഹാരം ഈജിപ്തില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്നത്രെ. ഖസീദത്തുല്‍ ഉമരിയ്യ (ഉമറിന്റെ കവിതകള്‍) എന്ന പേരില്‍.
എന്തുകൊണ്ടാണ്‌ ഉമറിലെ കവിയെ മലയാളി കൈവിട്ടത്‌? രചന അറബിയില്‍ ആയതുകൊണേ്ടാ? അതൊരു കാരണമാവാമെന്ന്‌ ഗവേഷകര്‍ പറയുന്നുണെ്ടങ്കിലും കവിതയെ ഹൃദയം കൊണ്ട്‌ സ്വീകരിക്കാന്‍ മാത്രം വളരാത്ത ഒരു സമൂഹമായിരുന്നു ഉമറിന്റെ അനുവാചകരെന്ന്‌ ഉറപ്പ്‌.
ഉമറിന്‌ കവിത ജീവിതമായിരുന്നു. ഓരോ നിമിഷവും കവിതകളാക്കി മാറ്റിയ നിമിഷകവി. പോരാട്ടങ്ങള്‍ക്കു വേണ്ടി മാത്രമല്ല, തന്റെ മുന്നിലെത്തുന്ന കൊച്ചുകാര്യങ്ങള്‍ പോലും ഉമര്‍ സംസാരിച്ചത്‌ കാവ്യഭാഷയില്‍ തന്നെ! ഫിഖ്ഹ്‌ നിയമങ്ങള്‍ കാവ്യങ്ങളാക്കി രചിച്ച അദ്ദേഹത്തിന്‌ നിത്യജീവിതത്തിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ പോലും കവിതകളായിരുന്നു. ജീവിതപാഠങ്ങള്‍ എന്നു വിളിക്കാവുന്ന പദ്യശകലങ്ങള്‍. അറബ്‌ കാവ്യനിയമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ മലയാളവാക്കുകള്‍ ചേര്‍ത്ത്‌ പ്രാസവും വൃത്തവും ചോരാതെ ഉമര്‍ കവിതകള്‍ എഴുതി.
മലയാളിയെന്നതില്‍ ഉമര്‍ അഭിമാനം കൊണ്ടിരുന്നു. ഒരിക്കല്‍ അറേബ്യയില്‍ വച്ച്‌ ഒരു അറബ്‌ കവി തന്റെ ഭാഷയെക്കുറിച്ചു വാചാലനായി. ചെറിയ വാക്കുകളില്‍ പോലും അറബ്പദങ്ങള്‍ ചെലുത്തുന്ന അര്‍ഥവ്യത്യാസം അദ്ദേഹം തുറന്നു കാട്ടി.
ബര്റ്‌ (കര)
ബുര്റ്‌ (ഗോതമ്പ്‌)
ബിര്റ്‌ (ഗുണം)
ഉമര്‍ഖാസി തിരിച്ചടിച്ചു
കളി
കുളി
കിളി
ചെറിയ മലയാളപദങ്ങളില്‍ പോലും പ്രകടമായ അര്‍ഥവ്യത്യാസം കണ്ട്‌ അറബ്കവി തല താഴ്ത്തിയത്രേ...
പോര്‍ച്ചുഗീസുകാരുടെ ആക്രമണങ്ങളും ടിപ്പുവിന്റെ പരാജയവും കേരളീയ മുസ്ലിം ജനപക്ഷത്ത്‌ വരുത്തിവച്ച മുറിവിന്‌ സാന്ത്വനമേകാന്‍ ഉമര്‍കവിതകള്‍ക്കു കഴിഞ്ഞു.
സമൂഹത്തെ ആകുലതകളുടേയും ആതുരതകളുടേയും ഇരുളില്‍നിന്നു വിശ്വാസത്തിന്റെയും ആത്മീയതയുടെയും പ്രകാശത്തിലേക്ക്‌ നയിക്കാന്‍ കഴിഞ്ഞു എന്നതാണ്‌
ആ കവിതകളുടെ പ്രസക്തി.

കാലില്ലാതെ ഓടുന്ന വാഹനം
ആദ്യമായി തീവണ്ടി കണ്ടതിനെക്കുറിച്ച്‌ ഉമറിന്റെ ഒരു കവിതയുണ്ട്‌:
റഅയ്ത്തു ബി ബര്‍റിന്‍
അംസി യാ സ്വാഹി മര്‍ക്കബാ...

യസീറു ബിലാ രിജലിന്‍
അലര്‍റെയിലി ഹാരിബാ
ബി സൌതിന്‍ ബി കൂ... കൂ... കൂ...
വശീശി മഅ ദുഖാന്‍
വഫിഹില്‍ അനാസു വല്‍
മതാഇ അജാഇബാ
(സ്നേഹിതാ, ഇന്നലെ കരയിലൂടെ കാലില്ലാത്ത റയിലില്‍ കൂടി ഓടുന്ന ഒരു വാഹനം ഞാന്‍ കണ്ടു. കൂ... കൂ... ശീ... ശീ... എന്ന ശബ്ദത്തോടും പുകയോടും കൂടി അത്‌ ഓടുന്നു. നിറയെ ആളുകളും ചരക്കുകളുമുണ്ട്‌. റെയിലും തീവണ്ടിയുടെ ശബ്ദവും അറബിയോട്‌ അലിഞ്ഞു ചേരുന്നുണ്ടിവിടെ... )

അനുയായികളെയും വിദ്യാര്‍ഥികളെയും പഠിപ്പിക്കാനുദ്ദേശിക്കുന്ന മതപാഠങ്ങള്‍ മിക്കപ്പോഴും ഉമര്‍ ഖാസി കവിതയിലൂടെയാണ്‌ നല്‍കിയത്‌. മഖാസിദുന്നികാഹ്‌ (വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍) എന്ന കാവ്യം 1831ല്‍ ബോംബെയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്നു.
ഭക്ഷണം, വസ്ത്രം, വിവാഹം, ആരാധനാക്രമം, ചരിത്രം, സ്വഭാവസംസ്കരണം, ആയുധപ്രയോഗം തുടങ്ങി ജീവിതത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഉമര്‍ഖാസി മതവിധിയായി നല്‍കിയത്‌ കവിതകളിലൂടെയായിരുന്നു. ഭക്ഷ്യയോഗ്യമായ ജന്തുക്കള്‍, നിഷിദ്ധമായ മൃഗങ്ങള്‍ ഭക്ഷണത്തിനായി മൃഗങ്ങളെ അറുക്കുന്നതിന്റെ നിയമങ്ങളും മതപാഠങ്ങളുമെല്ലാം ഉമര്‍ ഖാസിക്ക്‌ കവിതയുടെ വിഷയങ്ങള്‍ തന്നെ.

പ്രവാചകപ്രണയം
മുഹമ്മദ്‌ നബിയോടുള്ള പ്രണയമുഹൂര്‍ത്തങ്ങള്‍ ഉദാത്തമായ കാവ്യഭംഗിയിലാണ്‌ ഉമര്‍ അവതരിപ്പിച്ചത്‌. ഏറെ ഭക്തിയോടെ ഇന്നും മുസ്ലിം വീടുകളില്‍ ഇത്‌ പാടി വാഴ്ത്തുന്നു. ഒരു ഫഖീറിനെപ്പോലെ പ്രണയസാക്ഷാത്കാരത്തിന്‌ ഏകാന്തതയിലും ഒറ്റപ്പെടലിലും ഭക്തിപൂര്‍വം മൊഴിയുന്ന കാവ്യങ്ങള്‍. അനാദൃശ്യമായൊരു കാവ്യസംവേദനത്തിന്റെ പ്രയോക്താവായിത്തീര്‍ന്ന ഉമര്‍ ഖാസിയെ ഏറ്റവുമധികം സ്വാധീനിച്ചത്‌ സൂഫിസമായിരുന്നു. കവിതകളില്‍ നിറഞ്ഞുനിന്ന ഭക്തി ജീവിതത്തിന്റെ കണ്ണാടിയായിരുന്നു.

സാമൂഹികവിമര്‍ശനം
ഉമറിന്റെ കവിതയിലെ സാമൂഹികവിമര്‍ശനത്തിന്‌ തത്ത്വചിന്താപരമായ പക്വതയുണ്ട്‌. ചിലയിടങ്ങളില്‍ കവിത സ്വാതന്ത്യ്രത്തെ വാഴ്ത്തുകയും ആചാരങ്ങളെ പരിഹസിക്കുകയും പൌരോഹിത്യത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു. തന്റെ തത്ത്വചിന്തകള്‍ ചവച്ചരയ്ക്കാന്‍ മാത്രം ബലമുള്ള പല്ലുകള്‍ സ്വന്തമായില്ലാത്ത 'തൊണ്ണന്‍മാരോടാണ്‌' അദ്ദേഹം കൊട്ടടക്കയെക്കുറിച്ചുള്ള പ്രസിദ്ധമായ കവിത ചൊല്ലിക്കൊടുത്തത്‌: "വായില്‍ പല്ലില്ലാത്ത നീ കൊട്ടടക്ക തിന്നരുത്‌. നിനക്ക്‌ നല്ലത്‌ പൈങ്ങടക്കയാണ്‌ സംശയം വേണ്ട." ആശയപരമായ അടിമത്വത്തില്‍നിന്ന്‌ മോചിതരാവാത്ത ആ സമൂഹം കവിത വെറും തമാശയായി കണ്ടു.
മറ്റൊരു സാമൂഹികവിമര്‍ശനം നോക്കൂ...
അഹ്‌റസുല്‍ ഹയവാനി സിത്തുന്‍
കല്‍ബു മുല്ലാ മുക്കര്‍റി
കാക്ക ബ അ്ദ ഒസ്സാനുന്‍ ഹു ഈച്ച
ത്വാറ തന്‍ ളുര്‍ യാഫിരി
പള്ളിയും പരിസരവും നാട്ടുനടപ്പും മാമൂലുകളുമായി ജനങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്ന 'ജന്തു'ക്കളെ വിമര്‍ശിക്കുന്ന ഈ വരികള്‍ ഏറെ കാലികപ്രസക്തമാണ്‌.
പൊന്നാനി പള്ളിയുടെ ചുവരില്‍ ഒരിക്കല്‍ ഇങ്ങനെ കുറിച്ചിട്ടു.
യാ ഗനം യാ ഗനം ലാ തനം ഹാഹുനാ
യന്‍ തനം ഫള്ളറബു വാജിബുന്‍
(ആടേ... ആടേ... ഇവിടെ ഉറങ്ങരുത്‌ ഇവിടിക്കിടന്നുറങ്ങിയാല്‍ അടി കിട്ടുമെന്നുറപ്പ്‌...) പള്ളിയുടെ അരികില്‍ കിടന്നുറങ്ങിയ ആടിനെ സൂചിപ്പിച്ച്‌ പള്ളിയില്‍ ജീവിതകര്‍ത്തവ്യങ്ങള്‍ മറന്നു ചടഞ്ഞിരുന്ന ആളുകളെ വിമര്‍ശിക്കുകയായിരുന്നു ഈ വരികളിലൂടെ... ദൈവത്തെ അന്വേഷിക്കേണ്ടത്‌ ദേവാലയങ്ങളുടെ ഉള്ളറയില്‍ അല്ലെന്നും മനുഷ്യന്റെ ദുരിതഭൂമിയിലാണെന്നുമുള്ള സന്ദേശം നല്‍കുകയായിരുന്നു കവി. പരിഷ്കൃതി സമ്മാനിക്കുന്ന കാപട്യത്തില്‍ നിന്നും ദുരയില്‍നിന്നും ആശയപരമായ അടിമത്തത്തില്‍നിന്നും സമൂഹത്തെ രക്ഷിച്ചെടുക്കുന്നതായിരുന്നു ഉമര്‍കവിതകള്‍.

കാക്കത്തറ ഇല്ലവും കുറേ മിത്തുകളും
ഉമര്‍ ഖാസിയുടെ പിതാവ്‌ അലി മുസ്ലിയാര്‍ ചാലിയത്തു നിന്ന്‌ വെളിയങ്കോട്ടേക്ക്‌ കുടിയേറിയവരാണ്‌. വെളിയങ്കോട്ടെ പ്രസിദ്ധമായ കാക്കത്തറ ബ്രാഹ്മണ ഇല്ലമാണ്‌ ഉമര്‍ ഖാസിയുടെ മാതാവിന്റെ കുടുംബം. വാന്‍ ഭൂസ്വത്തിന്റെ ഉടമകള്‍. ബ്രിട്ടിഷുകാര്‍ നികുതി ഇരട്ടിയാക്കിയത്‌ കാക്കത്തറകുടുംബത്തിന്‌ വാന്‍ ഭാരമാവുകയായിരുന്നു. ഇതോടെയാണ്‌ ഉമര്‍ ഖാസി നികുതിനിഷേധസമരവുമായി രംഗത്തിറങ്ങിയത്‌.
കാക്കത്തറ ഇല്ലം എന്ന വീട്ടുപേര്‌ ഉണ്ടായതിന്‌ മറ്റൊരു ഐതിഹ്യമാണ്‌ ഉമര്‍ ഖാസിയുടെ പിന്‍ഗാമികള്‍ പറയുന്നത്‌. എളയടത്ത്‌ മനയുമായി ബന്ധമുള്ള ഒരു ഇല്ലത്തു നിന്നാണ്‌ ആലി മുസ്ലിയാര്‍ വിവാഹം കഴിച്ചത്‌. ഇതോടെ ആ വീട്‌ 'ഖാസിയാരകം' എന്ന്‌
അറിയപ്പെടാന്‍ തുടങ്ങി.
ആലി മുസ്ലിയാര്‍ വെളിയങ്കോട്ടെ ഖാസി കൂടിയായിരുന്നു. ആ വീടിന്‌ മുമ്പില്‍ ഒരു തറയുണ്ടായിരുന്നു. എന്നും ഭക്ഷണം കഴിക്കുമ്പോള്‍ ഒരുപിടി ഭക്ഷണം കാക്കകള്‍ക്കു തറയില്‍വച്ചു കൊടുക്കുമായിരുന്നു. ഇത്‌ പിന്നീട്‌ കാക്കത്തറ കുടുംബമായി മാറിയെന്നാണു
പഴമക്കാര്‍ പറയുന്നത്‌.

പിന്‍ഗാമികള്‍
ഉമര്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. കുഞ്ഞ്‌ മരിച്ചുപോവുകയും ചെയ്തു. മാറഞ്ചേരിയിലെ അധികാരി കുടുംബത്തില്‍നിന്നാണ്‌ വിവാഹം കഴിച്ചത്‌. ഇപ്പോള്‍ ഉമര്‍ ഖാസിയുടെ കുടുംബം ഉമ്മാച്ചു ഉമ്മ, ഉമ്മു കുല്‍സു ഉമ്മ, ഉമ്മുതിത്തി ഉമ്മ എന്നി മൂന്നു സഹോദരികള്‍ അടങ്ങുന്നതാണ്‌. ഒപ്പം മാതാവിന്റെ സഹോദരിമാര്‍ അടങ്ങുന്ന കുടുംബാംഗങ്ങളുടെ പിന്‍ഗാമികളും. ഉമര്‍ഖാസിക്ക്‌ ഒരു സഹോദരനുണ്ടായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച അയാളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഉമര്‍ ഖാസി ഉപയോഗിച്ച ഒരു കട്ടില്‍ മാത്രമാണ്‌ ഇപ്പോള്‍ അവശേഷിക്കുന്നത്‌. കവി താമസിച്ച വീടിന്റെ സ്ഥാനത്ത്‌ ചെറിയൊരു കുടിലുണ്ടാക്കി ആ കട്ടില്‍ അവിടെ സംരക്ഷിക്കുന്നുണ്ട്‌. ഒരേക്കര്‍ വരുന്ന ഈ പ്രദേശത്ത്‌ ആധുനിക
ലൈബ്രറിയും റിസര്‍ച്ച്‌ സെന്ററും തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയതായി ഇതിന്റെ ഉടമസ്ഥനായ കാക്കത്തറയില്‍ നിസാര്‍ പറയുന്നു.
ഉമര്‍ ഖാസിയുടെ വീട്‌ ആദ്യകാലങ്ങളിലൊന്നും സംരക്ഷിക്കപ്പെട്ടിരുന്നില്ല. ഓലമേഞ്ഞ മണ്‍കൂനകള്‍ ഉപയോഗിച്ച്‌ ചുവരുകള്‍ പാകിയ ആ വീടിനെ 'സ്രാമ്പിയ' എന്നാണു വിളിച്ചിരുന്നത്‌. ഇപ്പോള്‍ അത്‌ ആധുനികരൂപത്തിലാക്കിയിട്ടുണ്ട്‌. ഉമര്‍ ഖാസിയെക്കുറിച്ച്‌ വെളിയങ്കോട്‌ ജുമാമസ്ജിദ്‌ തയ്യാറാക്കിയ ചരിത്രകൃതി പക്ഷേ, ചരിത്രം എന്ന നിലയില്‍ വിശ്വസനീയമല്ല. മിത്തുകളും അതിശയോക്തി നിറഞ്ഞ കഥകളുമാണ്‌ അതിലുള്ളത്‌. ഉമര്‍ ഖാസിയുടെ സഹോദരിമാരുടെ കുടുംബങ്ങളുടെയെല്ലാം അടിയാധാരങ്ങളില്‍ എളയടത്ത്‌ മന നല്‍കിയ ഭൂമിയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. എളയടത്ത്‌ മനയും കാക്കത്തറ ഇല്ലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
Thejas Daily

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP