അഭ്രപാളിയില്‍ ജീവന്‍വച്ച് വക്കം ഖാദര്‍

കോഴിക്കോട്:ദേശീയ സ്വാതന്ത്ര്യസമരത്തിലെ ധീരനായകന്‍ വക്കം ഖാദറിന്റെ കഥ സിനിമയാവുന്നു. സപ്തംബര്‍ 10, 1943 എന്ന ചിത്രമാണ് ഐ.എന്‍.എ. സമരപോരാളിയായിരുന്ന വക്കം ഖാദറിന്റെ ജീവിതകഥ പറയുന്നത്.

1942-ല്‍ ബ്രിട്ടീഷ് പോലീസ് പിടികൂടിയ ഖാദറിനെ 43-ല്‍ മദ്രാസിലെ സെന്റ് ഫോര്‍ട്ട് ജയിലിലാണ് തൂക്കിലേറ്റിയത്. ഐ.എന്‍.എ.യുടെ സ്വരാജ് ഇന്‍സ്റ്റിറ്റിയൂട്ടിലും ആത്മഹത്യാ സ്‌ക്വാഡിലും പരിശീലനം പൂര്‍ത്തിയാക്കിയ ഖാദറും സംഘവും ജപ്പാന്റെ സൈനിക അന്തര്‍വാഹിനിയില്‍ ഇന്ത്യയിലേക്ക് തിരിച്ചപ്പോഴാണ് ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായത്. രണ്ട് ഡിഞ്ചികളിലായി മലബാറിലെ കടലോരഗ്രാമമായ താനൂര്‍ കടപ്പുറത്ത് നീന്തിക്കയറിയപ്പോഴാണ് ഖാദറും സംഘവും പിടിക്കപ്പെട്ടത്.

വക്കം സുകുമാരന്‍ എഴുതിയ 'ഐ.എന്‍.എ. ഹീറോ വക്കം ഖാദര്‍' എന്ന പുസ്തകത്തെ ആധാരമാക്കി മുഹമ്മദ് റാഫി താനൂരാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പീവീസ് പിക്‌ച്ചേഴ്‌സാണ് നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്.

പുതുമുഖം ശ്രീകാന്ത് മേനോനാണ് വക്കം ഖാദറായി വേഷമിടുന്നത്. 1921-ല്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ താനൂരിലെ ഉമ്മൈത്താനകത്ത് കുഞ്ഞിഖാദര്‍ ചിത്രത്തില്‍ കഥാപാത്രമാണ്. സ്വാതന്ത്ര്യസമര സേനാനിയും 1942-കാലത്തെ 'മാതൃഭൂമി' ലേഖകനുമായ താനൂരിലെ ഹസനാര്‍കുട്ടിയും പ്രധാന കഥാപാത്രമാണ്. വാഹിദ് ഇന്‍ഫോം, അഖ്ബര്‍ റിയല്‍ മീഡിയ എന്നിവരാണ് ക്യാമറ. താനൂര്‍, കോഴിക്കോട്, വാഗമണ്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സപ്തംബറില്‍ തിയേറ്ററുകളിലെത്തും.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal