.

മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന് തൊണ്ണൂറ്റിമൂന്ന് വയസ്സ്മലപ്പുറം: ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ധീരദേശാഭിമാനികളെ നിലക്ക് നിര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തുടങ്ങിയ മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന് (എംഎസ്പി) തൊണ്ണൂറ്റിമൂന്ന് വയസ്സ്. മലപ്പുറം ആസ്ഥാനമാക്കി 1921 സപ്തംബര്‍ 30ന് ആണ് എംഎസ്പി രൂപീകരിച്ചത്. പെരുമണ്ണ ക്ലാരിയിലെ കോഴിച്ചെന. അരീക്കോട്, മേല്‍മുറി എന്നിവിടങ്ങളിലും എംഎസ്പിക്യാമ്പുകളുണ്ട്.

പട്ടാളക്യാമ്പുകളായി അറിയപ്പെട്ട എംഎസ്എപി ഇന്ന് പൊലീസുകാരെ പരീശീലിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ്. പക്ഷേ പേര് ഇന്നും ബ്രീട്ടീഷുകാരുടെ കാലത്തേത് തന്നെ. കേരളത്തിന് പൊലീസ് സേനയെ സമര്‍പ്പിക്കുന്ന വലിയ കേന്ദ്രമാണ് മലപ്പുറം ക്യാമ്പ്. 1921-ലെ മലബാര്‍ കലാപ കാലത്ത് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് ആണ് ഒരു സ്‌പെഷ്യല്‍സേന വേണമെന്നും സായുധസേനയായിരിക്കണമെന്നും ബ്രിട്ടീഷ്‌സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയത്.

മലബാറിലെ ക്രമസമാധാന പ്രശ്‌നങ്ങളെ നേരിടാന്‍ പ്രത്യേക സേനയില്ലാതെ കഴിയില്ലെന്നും ഹിച്ച് കോക്ക് വെളിപ്പെടുത്തുകയും ജില്ലാ മജിസ്‌ട്രേറ്റിനെ കൊണ്ട് ശക്തമായി സമ്മര്‍ദ്ദം ചെലുത്തിക്കുകയുമായിരുന്നു. ബ്രിട്ടീഷ് വൈസ്രോയി ഈ ആവശ്യം സ്വീകരിക്കുകയും 1921 സപ്തംബര്‍ 30ന് ഉത്തരവാകുകയുമായിരുന്നു. ആറ് ബ്രിട്ടീഷ് ഓഫീസര്‍മാര്‍, എട്ട് സുബേദാര്‍മാര്‍, 16 ജമീന്ദര്‍മാര്‍, 60 ഹവില്‍ദാര്‍മാര്‍, 600 കോണ്‍സ്റ്റബിള്‍മാര്‍, എന്നിവരുള്‍പ്പെട്ട ആറ് കമ്പനികളെയാണ് പൊലീസ് സഹകൂട്ടരായി ഇവിടെ സ്ഥാപിച്ചത്.

കലാപത്തെ അടിച്ചമര്‍ത്താന്‍ ഗ്രാമങ്ങളില്‍ പട്ടാളക്കാരെ വിന്യസിച്ചു. കലാപം കൊടുമ്പിരികൊള്ളുമ്പോഴാണ് എംഎസ്പി രൂപീകരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ നിലകൊണ്ടവരെയും നിരപരാധികളെയും എംഎസ്പി വേട്ടയാടി. മര്‍ദിച്ചും നാട് കടത്തിയും വെടി വെച്ചും കൊള്ളയടിച്ചും ഭീകരതാണ്ഡവമാടി.

രാജ്യസ്‌നേഹികളെ അടിച്ചൊതുക്കിയതിന്റെ അടയാളമാണിന്നും എംഎസ്പി എന്ന് കേള്‍ക്കുമ്പോള്‍ മലബാറില്‍ അലയടിക്കുന്നത്. മലപ്പുറം, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂരിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ എംഎസ്പി രൂപീകരിച്ചത്. രാജ്യം സ്വതന്ത്രമായ ശേഷവും എംഎസ്പി അതേ പേരില്‍ ഒരു അടയാളമായി തുടര്‍ന്നു. ഇന്ന് പക്ഷേ വെള്ളക്കാരുടെ മുഖമില്ല. ജനമൈത്രിയിലൂടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എംഎസ്പി ശ്രമങ്ങള്‍ നടത്തുന്നു.

തെലുങ്കാന തീവ്രവാദികളെയും വിശാഖ പട്ടണത്തിലെ പോര്‍ട്ട് തൊഴിലാളികളെയും നേരിടുന്നതിന് എംഎസ്പിയുടെ സേവനം രാജ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് ഓപ്പറേഷനില്‍ പട്ടാളത്തോടൊപ്പം പങ്കെടുത്ത ഏക അര്‍ദ്ധസൈനിക വിഭാഗം എംഎസ്പിയായിരുന്നു.

1962-65ല്‍ നാഗലാന്റിലെ ഒളിപ്പോരാളികളെ നേരിടാന്‍ ഇന്ത്യാഗവണ്‍മെന്റ് ഉപയോഗപ്പെടുത്തി. നാഗലാന്റ്, ത്രിപുര, മേഘാലയ,ഹരിയാന, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴിനാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പാലനത്തിനായി എംഎസ്പിയെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പൊലീസുകാരെ സമര്‍പ്പിക്കുന്നത് മലപ്പുറത്ത് നിന്നാണ്. രണ്ടായിരം പേരെയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. 9 മാസമാണ് പരീശീലന കാലം. 210 പ്രവൃത്തി ദിനങ്ങള്‍ പിന്നിടുന്നതോടെ പാസിങ് ഔട്ട് പരേഡ്. തുടര്‍ന്ന് നിശ്ചിത സമയം ബറ്റാലിയന്‍ ഡ്യൂട്ടി അനുഷ്ഠിച്ച് എആര്‍ ക്യാമ്പിലേക്ക് മാറും.

എട്ട് കമ്പനികളില്‍ മൂന്ന് കമ്പനികളാണ് മലപ്പുറത്ത്. എഫ്, എച്ച് ക്യു, എംടിസി, എന്നീ മൂന്ന് കമ്പനികള്‍ മലപ്പുറത്തും പെരുമണ്ണ ക്ലാരിയില്‍ എ,ബി കമ്പനികളും അരീക്കോട്ട് ഡി,ഇ കമ്പനികളും മേല്‍മുറിയില്‍ സി കമ്പനിയും പ്രവര്‍ത്തിക്കുന്നു. കമാന്റന്റ്, ഡെപ്യൂട്ടി കമാന്റന്റ്, അസി കമാന്റന്റ്, എഡിജെ (ക്യൂ.എം, ട്രൈനിങ്, വണ്‍വിങ്, ടുവിങ്) എപിഐ, എസ്‌ഐ, എഎസ്‌ഐ, ഹവില്‍ദാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവരാണ് എം.എസ്.പി.യുടെ ശ്രേണി. ക്ലാരിയില്‍ അറുപതോളം പേരാണ് പരിശീലനം നേടുന്നത്. അരീക്കോട്ടും മേല്‍മുറിയിലും ഇപ്പോള്‍ പരിശീലനമില്ല.

Chandrika
ഇഖ്ബാല്‍ കല്ലുങ്ങല്‍
9/29/2013 

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP