.

ചരിത്രത്തിന്റെ മറുപുറം കണ്ടെത്തിയ ചരിത്രകാരന്‍എം.എസ് ജയപ്രകാശിന്റെ വിടവാങ്ങലോടെ നഷ്ടമായത് ചരിത്രത്തില്‍ അഗാധ വ്യുല്‍പ്പത്തിയുള്ള പണ്ഡിതനെയാണ്.

ചരിത്രാധ്യാപകനായിരിക്കെ, ചരിത്രപുസ്തകങ്ങളില്‍ ചരിത്രത്തിന്റെ മറുപുറം അന്വേഷിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാകുവാനും ജയപ്രകാശ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കുവേണ്ടി മാത്രം സിലബസിലെ ചരിത്രം നിങ്ങള്‍ പഠിക്കൂ. അത് പഠിച്ചുകൊണ്ട് തന്നെ ചരിത്രത്തിന്റെ സത്യാന്വേഷണം നടത്തൂ എന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഏത് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന സെമിനാറുകളിലും എം.എസ്. ജയപ്രകാശ് ക്ഷണിക്കപ്പെട്ടത് നിലവില്‍ എഴുതപ്പെട്ട ചരിത്രത്തോട് രാജിയാകാന്‍ കഴിയാത്ത അദ്ദേഹത്തിന്റെ മൗലികമായ ദര്‍ശനം കൊണ്ടായിരുന്നു.

ആധുനിക ചരിത്രകാരന്‍മാര്‍ വിഗ്രഹവല്‍ക്കരിച്ച പല വ്യക്തികളെയും, സ്വയം കണ്ടെത്തിയ പ്രമാണങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം തകര്‍ത്തെറിഞ്ഞു. വേലുത്തമ്പിദളവ, മാര്‍ത്താണ്ഡവര്‍മ്മ, ചട്ടമ്പിസ്വാമികള്‍ ഒക്കെ അതിന് ഉദാഹരണങ്ങളാണ്. ഗാന്ധിജിയെക്കുറിച്ചുപോലും അദ്ദേഹത്തിന് വ്യത്യസ്തമായ വീക്ഷണമായിരുന്നു. സുബാഷ്ചന്ദ്രബോസിന്റെ ജീവിതത്തെയും മരണത്തെയും ഗവേഷകന്റേയും ചരിത്രകുതുകിയുടെയും കണ്ണുകൊണ്ട് കാണാന്‍ ജയപ്രകാശ് ശ്രമിച്ചു. ശ്രീനാരായണ ഗുരുവിനെ എസ് എന്‍ ഡി പി യോഗത്തിന്റെ കാഴ്ചപ്പാടോടെയല്ല അദ്ദേഹം വിലയിരുത്തിയത്.

ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ, ജാതീയതയ്ക്കും അയിത്തത്തിനും എതിരെയുള്ള നിശബ്ദ വിപ്ലവമായിരുന്നുവെന്നാണ് ജയപ്രകാശ് വിലയിരുത്തുന്നത്. സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടതല്ലെന്നും യു.പി യിലെ ഒരാശ്രമത്തില്‍ ബാബയായി ജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം കണ്ടെത്തി. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവും അവസാനകാലവുമായി ബന്ധപ്പെട്ട് ഒരു പുസ്തകത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ജയപ്രകാശ്.

ബ്രിട്ടീഷ് -അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിനെതിരെ ശക്തമായ നിലപാടായിരുന്നു ബോസിന്റേതെന്ന് ഇന്ത്യയുടെ ഭരണ നേതൃത്വത്തിലേക്ക് സുഭാഷ്ചന്ദ്രബോസ് കടന്നുവന്നിരുന്നുവെങ്കില്‍ ഇന്ത്യയുടെ മുഖം ഇതൊന്നുമായിരിക്കില്ലെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

കേരളത്തിന്റെ ചരിത്രം ബുദ്ധമത സാഹോദര്യം ഉയര്‍ത്തിപ്പിടിച്ച ചരിത്രമായിരുന്നുവെന്നും ബിസി 300 മുതല്‍ എഡി 900 വരെയുള്ള ബുദ്ധമതത്തിന്റെ കാലഘട്ടത്തില്‍ ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ ഇല്ലാതിരുന്നുവെന്നും ബ്രാഹ്മണ്യം കുടിയേറിയതോടെയാണ് ജാതിവര്‍ണ്ണ ചിന്തകള്‍ കേരളത്തില്‍ വ്യാപിച്ചതെന്നും എം.എസ്. ജയപ്രകാശ് കണ്ടെത്തി.

ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ ഒരേസമൂഹമായി കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ നിന്ന് ബ്രാഹ്മണിസത്തിന്റെ ആഗമനം വര്‍ണ്ണവിവേചനത്തിന് വിത്ത് പാകിയെന്നും ബുദ്ധമതത്തേയും അതിന്റെ ആശയങ്ങളേയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്നും അതില്‍ ബ്രാഹ്മണ്യം വിജയിച്ചെന്നും അദ്ദേഹം പറയുന്നു.

ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ സമൂഹത്തില്‍ നടത്തിയിട്ടുള്ള ഇടപെടലുകളും പോരാട്ടങ്ങളും ഏതു വേദിയില്‍ നിന്നും സംസാരിക്കുവാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. ഓരോ സമൂഹത്തെയും ചരിത്രത്തിന്റെ പിന്‍ബലത്തോടെ സ്‌നേഹബുദ്ധ്യാ വിമര്‍ശിക്കുമ്പോഴും അത് സ്വയം വിമര്‍ശനമായി നിങ്ങള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറയാറുണ്ട്.

പത്രപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കുവാനും സംവാദത്തിനും ഇനിയുള്ള നാളുകളില്‍ എം.എസ്. ജയപ്രകാശ് ഇല്ലാഎന്നത് എക്കാലത്തെയും ദുഃഖമാണ്.

പത്രാധിപകര്‍ക്കെഴുതുന്ന കത്തുപോലും ഈടുറ്റ ലേഖനങ്ങളായിരുന്നു. വര്‍ത്തമാനകാല അസംബന്ധങ്ങള്‍ക്കെതിരെ അദ്ദേഹം പെട്ടന്ന് പ്രതികരിക്കുമായിരുന്നു. ചരിത്രത്തിലെ വേഷപ്രഛന്നതകളെ തുറന്നുകാട്ടാന്‍ മരണംവരെ ഊര്‍ജ്ജസ്വലമായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ഒരര്‍ത്ഥത്തില്‍ മഹാ ഭാഗ്യവാനാണ് ജയപ്രകാശ്. അവസാന ശ്വാസംവരെ യഥാര്‍ത്ഥ ചരിത്രം പറഞ്ഞുതന്ന ചരിത്രകാരനാകാന്‍ എം.എസ്. ജയപ്രകാശിന് കഴിഞ്ഞു

 എം.കെ ബിജു മുഹമ്മദ്‌
Posted On: 5/11/2013 11:57:05 PM

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP