.

തീച്ചൂടുള്ള ഓര്‍മകളില്‍ തിരൂരങ്ങാടി

തിരൂരങ്ങാടി . മലബാര്‍ കലാപത്തിന്റെ വീറുറ്റ സ്മരണകളില്‍ തിരൂരങ്ങാടി ഇന്ന്‌ 92 വര്‍ഷം തികയ്ക്കുന്നു. 1921ലെ രക്‌തരൂഷിത സമരത്തിന്‌ തീപിടിക്കുകയും സമാപനം കുറിക്കുകയും ചെയ്‌ത പോരാട്ടങ്ങളുടെ ചരിത്രഭൂമിയാണ്‌ തിരൂരങ്ങാടി. കലാപത്തിന്റെ ഭാഗമായി ഒട്ടേറെപ്പേര്‍ വെടിയേറ്റുമരിച്ച ദിവസമാണിന്ന്‌. എന്നാല്‍, തിരൂരങ്ങാടിയുടെ ചരിത്രശേഷിപ്പുകള്‍ പലതും തിരിച്ചെടുക്കാനാവാത്തവിധം മറഞ്ഞു. ശേഷിക്കുന്നവയും മറവിയിലേക്ക്‌ നീങ്ങുകയാണ്‌.

ഖിലാഫത്ത്‌ സമരത്തിന്റെ ഭാഗമായുള്ള ചെറുത്തുനില്‍പ്പിലൂടെ തിരൂരങ്ങാടിയും പരിസരവും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി. 1921 ഓഗസ്റ്റ്‌ രണ്ടാംവാരത്തോടെ ബ്രിട്ടീഷ്‌ സൈന്യം തിരൂരങ്ങാടിയിലെത്തി. ആലി മുസല്യാരെയും അനുയായികളെയും പിടികൂടാന്‍ കൂടുതല്‍ പട്ടാളം പിന്നാലെയെത്തി. പട്ടാളത്തിന്റെ പരിശോധനകള്‍ക്കിടെ ആലി മുസല്യാരെ അറസ്റ്റ്‌ ചെയ്‌തെന്നും മമ്പുറം പള്ളി തകര്‍ത്തെന്നുമുള്ള കിംവദന്തി പരന്നു. വാര്‍ത്തകേട്ട്‌ പല ഭാഗങ്ങളില്‍നിന്നായി ജനം തിരൂരങ്ങാടിയിലേക്ക്‌ ഒഴുകി.
കുതിരാലയത്തിന്റെ അവശിഷ്ടങ്ങള്‍

അറസ്റ്റ്‌ ചെയ്‌തവരെ വിട്ടയയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓഗസ്റ്റ്‌ 20ന്‌ ജനം തിരൂരങ്ങാടിയിലെ ഹജൂര്‍കച്ചേരിക്ക്‌ (ഇപ്പോഴത്തെ താലൂക്ക്‌ ഓഫിസ്‌) മുന്നില്‍ തടിച്ചുകൂടി. ആള്‍ക്കൂട്ടത്തിന്‌ നേരെ പട്ടാളം വെടിയുതിര്‍ത്തു. ഒട്ടേറെപ്പേര്‍ അന്ന്‌ രക്‌തസാക്ഷികളായി. സമരക്കാര്‍ വധിച്ച ബ്രിട്ടീഷ്‌ പട്ടാളമേധാവി ജോണ്‍ ഡെങ്കണ്‍ റൌളി, വില്യം റുഥര്‍ഫോഡ്‌ മഷറ്റ്‌ ജോണ്‍സ്റ്റണ്‍ എന്നിവരുടെ കല്ലറകള്‍ സംരക്ഷിക്കുന്നുണ്ട്‌.
ചന്തപ്പടിയിലും പട്ടാളക്കാരുടെ കല്ലറകളുണ്ട്‌. ഓഗസ്റ്റ്‌ അവസാനം തിരൂരങ്ങാടി പള്ളി വളഞ്ഞ പട്ടാളം പള്ളിക്കുനേരെ വെടിവയ്പ്‌ തുടങ്ങി.
മലബാര്‍ കലാപ സ്മാരകശില: യംഗ് മെന്‍സ് ലൈബ്രറി തിരൂരങ്ങാടി

ഓഗസ്റ്റ്‌ 30ന്‌ ആലി മുസല്യാരുള്‍പ്പെടെ നാല്‍പതോളം പേര്‍ കീഴടങ്ങിയതോടെയാണു തീമഴ നിലച്ചത്‌. കുതിരലായമായി ഉപയോഗിച്ചിരുന്ന ചെമ്മാട്‌ താലൂക്ക്‌ ആശുപത്രി പരിസരത്തെ കെട്ടിടം പൂര്‍ണമായി നശിച്ചു. രക്‌തസാക്ഷി മന്ദിരമായി തിരൂരങ്ങാടി പഞ്ചായത്ത്‌ ചന്തപ്പടിയില്‍ നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ മാത്രമാണ്‌ തിരൂരങ്ങാടിയിലെ രക്‌തസാക്ഷികള്‍ക്ക്‌ സ്മാരകമെന്നു പറയാനുള്ളത്‌. ഹജൂര്‍കച്ചേരിക്കുള്ളിലെ ജയിലുകള്‍ ഇന്ന്‌ ഫയല്‍ സൂക്ഷിപ്പുമുറികളാണ്‌. ഹജൂര്‍ കച്ചേരി കെട്ടിടം പൈതൃക സ്മാരകമാക്കി സംരക്ഷിക്കുന്നതിന്‌ സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചെങ്കിലും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.
ഹജൂര്‍ കച്ചേരിയിലുള്ള ബ്രിട്ടീഷ് ശവകല്ലറ

ചന്തപ്പടിയിലുള്ള ബ്രിട്ടീഷ് ശവക്കല്ലറ

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP