.

സാഹിബ്: സാഗരഗരിമ പോലെ : സമദാനി


സാഹിബ്: സാഗരഗരിമ പോലെ
എം.പി. അബ്ദുസ്സമദ് സമദാനികേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും ഭൂതകാലത്തേക്ക് കണ്ണോടിക്കുമ്പോള്‍ ഒരു പ്രോജ്ജ്വലതാരകം പ്രകാശം പരത്തി നില്‍ക്കുന്നതുകാണാം - മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. അദ്ദേഹത്തിന്റെ ചരമദിനമാണ് നാളെ

ചരിത്രം മഹദ്‌വ്യക്തികള്‍ക്ക് ജന്മം നല്‍കുന്നു. ചില മഹത്തുക്കളാകട്ടെ ചരിത്രം സൃഷ്ടിക്കുന്നു. അവര്‍ ചരിത്രത്തിലൂടെ കാലത്തിലേക്കും യശസ്സിന്റെ അനശ്വരതയിലേക്കും നടന്നുനീങ്ങുന്നു. 

കേരളത്തിന്റെയും ഇന്ത്യയുടെതന്നെയും ഭൂതകാലത്തേക്ക് കണ്ണോടിക്കുമ്പോള്‍ നമ്മുടെ സാമൂഹികതയുടെ ആകാശത്ത് ഒരു പ്രോജ്ജ്വലതാരകം പ്രകാശംപരത്തി നില്‍ക്കുന്നത് കാണാം-മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. മനുഷ്യത്വത്തെയും അതിന്റെ പൗരുഷഭാവത്തെയും അതിതീവ്രതയോടെ ആവിഷ്‌കരിച്ച കര്‍മധീരനായ പോരാളി, പ്രേഷ്ഠപ്രമാണങ്ങള്‍ക്കുവേണ്ടി സ്വന്തമായതെല്ലാം ത്യജിച്ച ആദര്‍ശനിഷ്ഠനായ ജനനായകന്‍, രാജ്യസ്‌നേഹത്തിന്റെയും സമുദായസൗഹൃദത്തിന്റെയും മാനവ മൈത്രിയുടെയും അചഞ്ചലനായ ധ്വജവാഹകന്‍, സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യന്‍ജനത നടത്തിയ പോരാട്ടവേദിയിലെ അജയ്യനായ രണധീരന്‍, നമ്മുടെ ദേശീയ നവോത്ഥാനത്തിന്റെയും ഹിന്ദു-മുസ്‌ലിം സഹവര്‍ത്തിത്വത്തിന്റെയും തത്ത്വങ്ങള്‍ക്ക് സ്വകീയജീവിതംകൊണ്ട് ശക്തമായ വ്യാഖ്യാനം നല്‍കിയ സമൂഹ സമുദ്ധാരകന്‍, അനീതിക്കും അന്ധതയ്ക്കുമെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞുവീശിയ പുരോഗമനവാദിയായ വിപ്ലവകാരി, വിശ്വാസത്തിലും പ്രയോഗത്തിലും മതത്തെ പൂര്‍ണമായും പാലിച്ചുകൊണ്ടുതന്നെ മതേതരത്വത്തെയും അതിന്റെ മാനവികതയെയും സാക്ഷാത്കരിച്ച മനുഷ്യസ്‌നേഹിയായ രാഷ്ട്രീയ നായകന്‍... അങ്ങനെ ദേശചരിതത്തില്‍ മഹാമേരുകണക്കെ ഉയര്‍ന്നുനില്‍ക്കുന്ന സാഹിബിന്റെ വ്യക്തിത്വത്തിന് എത്രയെത്ര ഭാവങ്ങള്‍!

അടിമുടി പോരാളിയായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. ധീരനായ പോരാളി. സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും നേതൃത്വവും വീരത്വത്തിന്റെ കഥാകഥനമായിത്തീര്‍ന്നത് ഈ ധൈര്യത്തിന്റെ മഹാബലം കൊണ്ടുതന്നെ. ഇന്ത്യക്കാരായ തടവുകാരോട് ബ്രിട്ടീഷ്‌സാമ്രാജ്യത്വത്തിന്റെ കൂലിപ്പട്ടാളക്കാര്‍ കാട്ടിയിരുന്ന ക്രൂരതകള്‍ക്കെതിരെ ജയിലിലും സാഹിബ് പ്രതികരിച്ചു. മുസ്‌ലിംതടവുകാര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ വിഘാതമായിരുന്ന ജയിലിലെ വസ്ത്രധാരണരീതിക്കെതിരെയും അദ്ദേഹം പ്രതിഷേധിച്ചു. അപ്പോഴെല്ലാം സാഹിബിന്റെ ഇടപെടലുകള്‍ ഫലംകണ്ടു. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തയ്യാറായി.

കോഴിക്കോട് കടപ്പുറത്ത് ബ്രിട്ടീഷുകാരുടെ കഠിനമായ പീഡനങ്ങള്‍ക്ക് ഇരയായപ്പോഴും ആ പുരുഷകേസരി കുലുങ്ങിയില്ല. കണ്ണില്‍ച്ചോരയില്ലാത്ത അധിനിവേശത്തിന്റെ അംഗരക്ഷകന്മാര്‍ ബൂട്ടിട്ട് ചവിട്ടിയപ്പോഴും ലാത്തികള്‍കൊണ്ട് മുറുക്കിയപ്പോഴും ആ ധീരമനസ്സ് ജ്വലിച്ചുനിന്നു.

ഒരിക്കല്‍ കളക്ടര്‍ സാഹിബിനോട് ചോദിച്ചു -''നീ ജയില്‍ കണ്ടിട്ടുണ്ടോ?' ''ഞാന്‍ കിടന്ന ജയിലുകളുടെ പേരുകള്‍ നീ കേട്ടിട്ടുണ്ടോ? '' എന്നായിരുന്നു സാഹിബിന്റെ മറുചോദ്യം. അതുകേട്ട് സ്തബ്ധനായിനിന്ന സാമ്രാജ്യത്വത്തിന്റെ പ്രതിനിധിയായ ഉദ്യോഗസ്ഥനോട് അദ്ദേഹം പറഞ്ഞു- ''ഭീഷണികൊണ്ട് എന്റെ മുതുക് താഴ്ത്തുവാന്‍ ആര്‍ക്കും കഴിയുകയില്ല''.

തന്റെ തലയെടുക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതിനോട് കോഴിക്കോട് മാങ്കാവില്‍ ചെയ്ത പ്രസംഗത്തില്‍ സാഹിബിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു - ''എന്റെ തല ഇവര്‍ വിചാരിച്ചാല്‍ എടുക്കാന്‍ കഴിയുകയില്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ എന്റെ തലയെടുക്കാന്‍ കഴിയൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ അശക്തരായ ഇവിടെക്കൂടിയ എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍വെച്ച് എനിക്ക് ജീവന്‍നല്‍കാന്‍ സാധ്യമല്ല.'' അനീതിക്കെതിരെ സുധീരം നിരന്തരം അടരാടുന്ന വീരപോരാളികളെപ്പറ്റി ദാര്‍ശനിക മഹാകവി അല്ലാമാ ഇഖ്ബാല്‍ നടത്തിയ കാവ്യ പ്രസ്താവനയുടെ വിശദീകരണമായിരുന്നു ആ സമര ജീവിതം- 'സത്യനിഷ്ഠയും നിര്‍ഭയതയും വീരപുരുഷരുടെ പ്രകൃതം; ദൈവത്തിന്‍ വ്യാഘ്രങ്ങള്‍ക്കറിഞ്ഞുകൂടാ സൃഗാലസൂത്രം.'

ഇന്ത്യ എന്നത് സാഹിബിന് കേവലം ജന്മദേശമായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ സിദ്ധാന്തവും മനുഷ്യസാഹോദര്യത്തിന്റെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും പ്രയോഗരൂപവും അദ്ദേഹം ഇന്ത്യയുടെ വദനത്തില്‍നിന്ന് വായിച്ചെടുത്തു.

ഇന്ത്യന്‍ജനത ഒറ്റയ്ക്കും കൂട്ടായും നടത്തിയ പ്രക്ഷോഭമായിരുന്നു സ്വാതന്ത്ര്യസമരം. എല്ലാ ജനവിഭാഗങ്ങളും സമുദായങ്ങളും അതില്‍ പങ്കുവഹിച്ചു. ഏത് സമരത്തിലും വിപ്ലവത്തിലും എന്നപോലെ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളും അതിന് ഹേതുകമായിത്തീര്‍ന്ന അകല്‍ച്ചകളും അതില്‍ സംഭവിച്ചിട്ടുണ്ടായിരിക്കാം. എന്നാല്‍, അതിന്റെ ആത്മാവ് സര്‍വസമുദായ മൈത്രിയായിരുന്നു. അനുകമ്പയുടെ അവധൂതനും സ്‌നേഹസാഫല്യത്തിന്റെ കര്‍മയോഗിയുമായ മഹാത്മാഗാന്ധിയായിരുന്നു അതിന്റെ നായകന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും കേരളത്തിലെ നെടുനായകനായിത്തീര്‍ന്നു സാഹിബ്.

ഇന്ത്യയുടെ നന്മയ്ക്കും ക്ഷേമത്തിനുംവേണ്ടിയുള്ള ഏത് പ്രവര്‍ത്തനവും വിശാലമായ ഇസ്‌ലാമിക കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഭാഗമായിക്കണ്ട സാഹിബ് സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യം മതത്തിന്റെ പേരില്‍തന്നെ ഊന്നിപ്പറഞ്ഞു. ഉപ്പുസത്യാഗ്രഹത്തെപ്പറ്റി തടവറ വാസത്തിനിടയില്‍ അദ്ദേഹം എഴുതി - ''സ്വരാജ്യസ്‌നേഹം സത്യവിശ്വാസത്തിന്റെ അംശമാണെങ്കില്‍, സ്വാതന്ത്ര്യസന്ദേശത്തെ പ്രകീര്‍ത്തനംചെയ്യുന്ന ഒരു മതമാണ് ഇസ്‌ലാം. എങ്കില്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മോക്ഷത്തിനുംവേണ്ടി സര്‍വസ്വവും ബലികഴിച്ചുകൊണ്ട് ദൈവികമാര്‍ഗത്തില്‍ ജീവത്യാഗംചെയ്യേണ്ടത് യഥാര്‍ഥ മുസ്‌ലിങ്ങളുടെ കടമയാണ്. ധീരനായ ഖാലിദും പ്രതാപശാലിയായ ഉമറും ഈ സ്വാതന്ത്ര്യസമരത്തില്‍ നമുക്ക് മാര്‍ഗദര്‍ശികളാണ്. ഇന്ത്യയ്ക്കും ഇസ്‌ലാമിനും വേണ്ടി ജീവത്യാഗംചെയ്യാന്‍ കരുത്തുള്ള മുസ്‌ലിം യോദ്ധാക്കളുടെ സംഖ്യ വര്‍ധിച്ചുവരുന്നത് ഈ സഹനസമരത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.''

അടിമുടി മുസ്‌ലിമും അടിമുടി ഭാരതീയനുമായിരുന്നു സാഹിബ്. എസ്.കെ. പൊറ്റെക്കാട്ട്, പി.പി. ഉമ്മര്‍കോയ, എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നീ മലയാളി പ്രമുഖര്‍ ചേര്‍ന്നെഴുതിയ ജീവചരിത്രത്തില്‍ പറയുന്നു- 'അണുവും തെറ്റാത്ത മതനിഷ്ഠ, അഞ്ചുനേരം മുറതെറ്റാത്ത നിസ്‌കാരം , നിത്യേന ഖുര്‍ ആന്‍ പാരായണം. ജയിലില്‍ക്കിടന്ന അഞ്ചുകൊല്ലത്തിനുള്ളില്‍ അദ്ദേഹം ഖുര്‍ ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു. സാധാരണ മുസ്‌ലിങ്ങള്‍പോലും ആചരിക്കാത്ത ആഴ്ചയില്‍ രണ്ടുദിവസമുള്ള നോമ്പ്, പാതിരകഴിഞ്ഞുള്ള പ്രാര്‍ഥന, വ്യക്തിയെന്നനിലയില്‍ ഒരു യഥാര്‍ഥമുസല്‍മാന്‍ അനുഷ്ഠിക്കേണ്ട യാതൊരു കര്‍മങ്ങളും അദ്ദേഹം തെറ്റി നടന്നിരുന്നില്ല.'

മനുഷ്യത്വവും വിശാലഹൃദയത്വവുമായിരുന്നു സാഹിബിന്റെ മതം. അതായിരുന്നു അദ്ദേഹത്തിന്റെ മതേതരത്വവും . അതെല്ലാംചേര്‍ന്ന് അദ്ദേഹത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ നെടുനായകനാക്കി. ഇന്ത്യ അദ്ദേഹത്തിന്റെ വിചാരവും വികാരവുമായി; അല്ല ജീവിതസര്‍വസ്വം തന്നെയായി.

വിഭജനവാദത്തിനെതിരെ ആഞ്ഞടിക്കാന്‍ സാഹിബിനെ സജ്ജനാക്കിയതും ഈ പശ്ചാത്തലമായിരുന്നു. സമുദായ സാഹോദര്യത്തിലും അതിന്റെ മതനിരപേക്ഷതയിലും ഉറച്ചുനിന്ന അദ്ദേഹത്തിന് ഇന്ത്യാവിഭജനം അചിന്ത്യമായിരുന്നു. ഇന്ത്യന്‍സമൂഹം എന്നത് ഒരു ഏകകമായിക്കണ്ടു അദ്ദേഹം. സമുദായ സാകല്യമാണ് അതിന്റെ ശക്തിയും സൗന്ദര്യവും. അതുകൊണ്ടുതന്നെ അത് അവിഭാജ്യവും അവിച്ഛിന്നവുമാണ്.

മൂന്നുതവണ അല്ലാഹുവിന്റെ നാമം ഉരുവിട്ടുകൊണ്ടുള്ള അസാധാരണവും അതിശയകരവുമായ വീരചരമം പ്രാപിക്കുന്നതിനുമുമ്പ് കൊടിയത്തൂരില്‍ നടത്തിയ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിടവാങ്ങല്‍(അന്തിമ) പ്രസംഗത്തിലും ആ ദീര്‍ഘദര്‍ശി മൊഴിഞ്ഞത് ദാര്‍ശനിക മഹിമയുള്ള വാക്കുകള്‍- ''നിങ്ങളെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ പലരുമുണ്ടാകും. അതൊന്നും നിങ്ങള്‍ കേള്‍ക്കരുത്. ഞാന്‍ പറയുന്നതുതന്നെ നിങ്ങള്‍ കേള്‍ക്കണമെന്ന് ഞാന്‍ പറയുന്നില്ല. ദൈവവചനമായ ഖുര്‍ആനും നബിവചനവുംമാത്രം നോക്കി നടക്കുക. അയല്‍വാസികളായ ഹിന്ദുക്കളോട് ഒരിക്കലും നിങ്ങള്‍ ശത്രുതയില്‍ വര്‍ത്തിക്കരുത്. അത് നമുക്ക് ദോഷമേ ചെയ്യൂ.''

ബ്രിട്ടീഷുകാരുടെ അന്തമാന്‍ സ്‌കീമിനെ അബ്ദുറഹിമാന്‍ സാഹിബ് ശക്തമായി എതിര്‍ത്തുതോല്‍പ്പിച്ചു. സോവിയറ്റ് റഷ്യയിലെ ക്രീമിയന്‍ താര്‍ത്താര്‍ വംശജര്‍ക്ക് സ്റ്റാലിന്റെ ക്രൂരമായ ഭരണത്തില്‍ ഏറ്റുവാങ്ങേണ്ടിവന്ന മര്‍ദനങ്ങള്‍ മാപ്പിളമാര്‍ക്ക് അനുഭവിക്കേണ്ടി വരാതിരുന്നതിന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ളവരോടുള്ള കടപ്പാട് അതിരറ്റതാണെന്ന് ഇ. മൊയ്തു മൗലവിയുടെ മകന്‍ എം.റഷീദ് പറയുന്നു.

അവശജനങ്ങളുടെ ദയാലുവായ രക്ഷകനായിരുന്നു സാഹിബ്. മലബാര്‍കലാപത്തിലെ ദുരിതബാധിതരെ സഹായിക്കാനായി കോഴിക്കോട്ടെ കടകളും വീടുകളും കയറിയിറങ്ങി പണവും അരിയും വസ്ത്രങ്ങളും ശേഖരിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. അവരുടെ അനാഥക്കുഞ്ഞുങ്ങള്‍ക്ക് അഭയംനല്‍കാനായി നഗരത്തില്‍ത്തന്നെ ജെ.ഡി.ടി. സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. പാവങ്ങള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താനായി പുളിക്കല്‍, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളില്‍ നൂല്‍നൂല്പുകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ദരിദ്രകുടുംബങ്ങളിലെ കുട്ടികളെ തന്റെ സമ്പന്നരായ അനുയായികളുടെ വീടുകളില്‍ പാര്‍പ്പിച്ച് അവരെ വിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാനും അദ്ദേഹം വഴികണ്ടെത്തി.

സാഹിബിന്റെ ഉള്ളില്‍ ഒരു കവിയും കലാകാരനും ഉണ്ടായിരുന്നു. ജയിലില്‍വെച്ച് അദ്ദേഹം മൂന്ന് പുസ്തകങ്ങള്‍ എഴുതുകയുണ്ടായി. ജയിലില്‍നിന്ന് വായിച്ച് അദ്ദേഹം തിരിച്ചുകൊണ്ടുവന്ന പുസ്തകങ്ങള്‍ അല്ലാ മാ ഇഖ്ബാലിന്റെ അസ്‌റാറെ ഖുദിയും ഹാഫിസ്, സഅദി, ഖുദാ ബഖ്ഷ് എന്നിവരുടെ കാവ്യസമാഹാരങ്ങളുമായിരുന്നു.

ഏത് ആദര്‍ശവാദിയെയുംപോലെ അവസാനകാലത്ത് ഏറെക്കുറേ ഒരു ഏകാന്തപഥികന്റെ ജീവിത സഞ്ചാരമാണ്. സാഹിബ് തിരഞ്ഞെടുത്തതും നിര്‍വഹിച്ചതും. പക്ഷേ, അന്ത്യംവരെയും ആ പോരാട്ടവീര്യവും സ്ഥൈര്യവും ശക്തിപൂര്‍വംതന്നെ നിലനിന്നു.

ഏകാകിയായപ്പോഴും പോരാളി, പോരാളി തന്നെയായിരുന്നു. കൊടുങ്കാറ്റിലും വിളക്ക് കൊളുത്താനുള്ള അപൂര്‍വസിദ്ധി സാഹിബിന് വശമുണ്ടായിരുന്നു. ദൈവത്തില്‍മാത്രം എല്ലാം അര്‍പ്പിച്ചും സത്യത്തെമാത്രം അനുധാവനംചെയ്തും നീതി മാര്‍ഗേണമാത്രം സഞ്ചരിച്ചും അന്ന് അദ്ദേഹം കൊളുത്തിയ വിളക്കുകള്‍ ഇന്ന് നമ്മുടെ ചുറ്റുവട്ടത്ത് വെളിച്ചം പരത്തിക്കൊണ്ടേയിരിക്കുന്നു.

News @ Mathrubhumi
22.11.2012

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP