ആ രക്‌തസാക്ഷിത്വത്തിന്റെ ഒാ‍ര്‍മയ്ക്ക്‌ 70 വയസ്സ്‌

വക്കം അബ്ദുല്‍ ഖാദര്‍ പിടിയിലായ താനൂര്‍ എളാരന്‍ തീരം. വക്കം അബ്ദുല്‍ ഖാദര്‍ (ഇന്‍സെറ്റില്‍)
താനൂര്‍ . 1942 സെപ്റ്റംബര്‍ 28. എഴുപതു വര്‍ഷം മുന്‍പ്‌ ഇതേനാള്‍. നിറയെ നിലാവുള്ള റമസാന്‍ രാത്രിയായിരുന്നു അത്‌. എളാരന്‍ കടപ്പുറത്ത്‌ നല്ല ആള്‍ക്കൂട്ടം. പെട്ടെന്നാണ്‌ തീരത്തോടു ചേര്‍ന്ന്‌ ഒരു അന്തര്‍വാഹിനിയില്‍നിന്ന്‌ അഞ്ചു പേര്‍ ഇറങ്ങുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ഒറ്റനോട്ടത്തില്‍ത്തന്നെ ഇന്നാട്ടുകാരല്‍ളെന്ന്‌ മനസ്സിലായി. പന്തികേടു തോന്നിയ തീരവാസികള്‍ സംഘത്തെ തടഞ്ഞുവച്ചു. പൊലീസിനെ വിവരമറിയിച്ചു. കോഴിക്കോട്ടുനിന്ന്‌ വാന്‍ പൊലീസ്‌ സംഘമെത്തി. ചോദ്യംചെയ്‌തപ്പോഴാണറിയുന്നത്‌ ഐഎന്‍എ ഭടന്‍മാരായിരുന്നു അതെന്ന്‌.

നാട്ടുകാരുടെ ബുദ്ധിമോശംകൊണ്ട്‌ തടവിലായ ആ സംഘത്തില്‍ ചരിത്രം ഒരിക്കലും മറക്കാത്ത ആ യുവ വിപ്ലവകാരിയുമുണ്ടായിരുന്നു-'രക്‌തംപുരണ്ട ബലിപുഷ്പം എന്ന്‌ പിന്നീട്‌ വിശേഷിപ്പിക്കപ്പെട്ട വക്കം അബ്ദുല്‍ ഖാദര്‍!

കഴുമരത്തിലേക്ക്‌ നീണ്ട ആ ചരിത്രമുഹൂര്‍ത്തത്തിന്‌ ഇത്‌ എഴുപതാം വാര്‍ഷികദിനം. ചിറയിന്‍കീഴുകാരനായ ഖാദര്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു. പിന്നീട്‌ മലേഷ്യയിലേക്ക്‌ കടന്ന്‌ സുബാഷ്‌ ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ ചേര്‍ന്നു. യുദ്ധമുറകളിലും ചാരപ്രവര്‍ത്തനങ്ങളിലും പരിശീലനം നേടി. ബ്രിട്ടീഷ്‌ പടയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള ദൌത്യമായിരുന്നു ഖാദറിന്റെ സംഘത്തിന്‌. അങ്ങനെയാണ്‌ താനൂരിലെത്തുന്നത്‌.

ഐഎന്‍എ മേധാവികള്‍ പിടിയിലായ വാര്‍ത്ത നാടാകെ പരന്നു. അറസ്റ്റിലായ ഖാദറിനെ മദിരാശി സെന്റ്‌ ജോര്‍ജ്‌ കോട്ടയില്‍
തടവില്‍ പാര്‍പ്പിച്ചു. രാജ്യദ്രോഹമായിരുന്നു കുറ്റം. താമസിയാതെ വധശിക്ഷ വിധിച്ചു. 26 വയസ്സ്‌ മാത്രമായിരുന്നു പ്രായം. ഒപ്പം പിടികൂടിയ അനന്തന്‍ നായരെയും ഖാദറിനെയും ഒരുമിച്ചായിരുന്നു തൂക്കിലേറ്റിയത്‌. എളാരന്‍ കടപ്പുറവും താനൂരും അധികാരികളുമെല്ലാം ആ കഥകള്‍ മറന്നു. ഉപ്പുരുചിയുള്ള കടല്‍ക്കാറ്റിലെ വിപ്ലവസ്മരണകളല്ലാതെ ഒരു സ്മാരകം ഇവിടെയെങ്ങുമില്ല.

News @ Manorama
03.10.2012

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal