ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാകുന്നു


ഒരു കോടി രൂപയുടെ സഹായം തിരൂരങ്ങാടിയിലെ ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാകുന്നു

ഹജൂര്‍ കച്കേരി
തിരൂരങ്ങാടി: മലബാര്‍ കലാപത്തിന്റെ വീരസ്മരണകളുറങ്ങുന്ന തിരൂരങ്ങാടിയിലെ ഹജൂര്‍കച്ചേരി പൈതൃക മ്യൂസിയമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. നിലവില്‍ താലൂക്കോഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടം അതേപടി നിലനിര്‍ത്തി നവീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി തഹസില്‍ദാര്‍ പി. സുരേന്ദ്രന്‍ പറഞ്ഞു.

1906ലാണ് വിശാലമായ കെട്ടിടം ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ചത്. വെയില്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായിട്ടായിരുന്നു നിര്‍മാണമെന്ന് കരുതുന്നു. ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായിരുന്ന ഹജൂര്‍ കച്ചേരിയില്‍ കോടതിയും പോലീസ്‌സ്റ്റേഷനും ജയിലുമൊക്കെയുണ്ടായിരുന്നു. മലബാര്‍കലാപത്തിന് അവസാനംകുറിച്ച് 1921 ആഗസ്ത് 20ന് ഹജൂര്‍ കച്ചേരിക്ക് മുന്നിലാണ് പട്ടാളക്കാരുമായി മാപ്പിള യോദ്ധാക്കള്‍ പോരടിച്ചത്. സമരക്കാരില്‍ 17പേരും അവര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് ബ്രിട്ടീഷ് പട്ടാളക്കാരും കൊല്ലപ്പെട്ടു. ഇതില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന്റെ അങ്കണത്തില്‍ തന്നെയാണ് അടക്കംചെയ്തത്.

2.37 ഏക്കര്‍ ആണ് ഹജൂര്‍ കച്ചേരിക്കുണ്ടായിരുന്നത്. പിന്നീട് പോലീസ്‌സ്റ്റേഷന്‍, ട്രഷറി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി കുറേ സ്ഥലം വിട്ടുനല്‍കി. നന്നായി കാറ്റും വെളിച്ചവും കിട്ടുന്ന വിശാലമായ മുറികളും ഇടനാഴികളും അകത്തളങ്ങളുമുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഒരുകോടി രൂപയാണ് അനുവദിച്ചത്. ഈ സാമ്പത്തികവര്‍ഷം തന്നെ പണി തുടങ്ങും. ഇവിടെയുള്ള താലൂക്കോഫീസ് മിനി സിവില്‍സ്റ്റേഷനിലേക്ക് മാറ്റാന്‍ ഉത്തരവായിട്ടുണ്ട്. സ്ഥലസൗകര്യം കുറവായതിനാല്‍ സിവില്‍സ്റ്റേഷനില്‍ പുതിയ നിലയുടെ നിര്‍മാണം നടത്തിയ ശേഷമാകും മാറ്റം. താലൂക്കോഫീസ് കെട്ടിടം ചരിത്രമ്യൂസിയമാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സമരവും ഒപ്പുശേഖരണവും നടത്തിയിരുന്നു.

പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ കെട്ടിടം ആകര്‍ഷകമാക്കുന്നതിനായി റവന്യുവകുപ്പ് ഉടനെ യോഗം ചേരുമെന്ന് അറിയിച്ചതായി യൂത്ത്‌ലീഗ് ഭാരവാഹികളായ ഇക്ബാല്‍ കല്ലുങ്ങല്‍, സൈതലവി കടവത്ത്, ജാഫര്‍ പനയത്തില്‍, എ.സി റസാഖ് എന്നിവര്‍ പറഞ്ഞു.

Posted on: 13 Oct 2012
Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal