നൂറിന്റെ പടിവാതിലില്‍ സ്വാതന്ത്ര്യസമര സേനാനി ബാപ്പുട്ടി മാഷ്‌


ജയിലറകളിലെ പെരുന്നാള്‍ സ്മരണകളുമായി നൂറിന്റെ പടിവാതിലില്‍ ബാപ്പുട്ടി മാഷ്‌
ഷമീര്‍ രാമപുരം

പുലാമന്തോള്‍:വാര്‍ധക്യത്തിന്റെ അവശതകള്‍ ശരീരത്തിനേയും മനസിനേയും വേട്ടയാടുമ്പോഴും ജന്‍മനാടിന്റെ സ്വാതന്ത്രത്തിനുവേണ്ടി പോരാടിയ ഓര്‍മ്മകളിലും ഈദ്‌ ആഘോഷത്തിന്റെ വീര്യം കൈവിടാതെ പുതുതലമുറയോടൊപ്പം പങ്കെടുക്കുകയാണ്‌ നൂറിന്റെ പടിവാതിലിലും കെ എം ബാപ്പുട്ടി മാഷ്‌.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഏക സമര പോരാളിയെന്ന നിലയില്‍ മൂന്നു തവണ രാഷ്ട്രം ആദരിച്ച പുലാമന്തോള്‍ വലിയത്തൊടി കൊല്ലിയത്ത്‌ മൊയ്തീന്‍ എന്ന കെ എം ബാപ്പുട്ടി മാഷാണ്‌ ആ ഭാഗ്യവാന്‍. 99 വയസ്സ്‌ പിന്നിട്ടെങ്കിലും രോഗ കിടക്കയിലും സമര വീര്യം ചോര്‍ന്നു പോകാതെ ആറ്‌ തലമുറകളോടൊപ്പം ചെറിയ പെരുന്നാളും വലിയ പെരുന്നാളുമായി ഇരുനൂറിനടുത്ത്‌ ഈദ്‌ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ഭാഗ്യം ലഭിച്ചു.

ഏഴ്‌ മക്കളും പേരമക്കളുമായി പുലാമന്തോളിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുന്ന ബാപ്പുട്ടി മാഷിന്റെ പതിനഞ്ച്‌ വയസിനു ശേഷമുള്ള ഓരോ പെരുന്നാള്‍ ആഘോഷവും ജയിലിലും ഒളിതാവളങ്ങളിലുമായിരുന്നു. 1930കളിലെ മഹാത്മഗാന്ധിയോടൊപ്പമുള്ള വിദേശ വസ്ത്ര ബഹിഷ്കരണ സമരം, മദ്യഷാപ്പ്‌ വിരുദ്ധസമരം, ഉപ്പുസത്യഗ്രഹം, 1934ലെ ഹരിജനോദ്ധരണ പ്രക്ഷോഭം, എ കെ ഗോപാലന്‍, പട്ടംതാണുപിള്ള എന്നിവരോടൊപ്പമുള്ള സമരങ്ങളിലും പങ്കെടുത്ത്‌ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചു. മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്്ല്യാര്‍, എം പി നാരായണ മേനോന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമര നായകര്‍ മാഷുടെകൂടെ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്‌. എല്ലാ വ്യാഴാഴ്ചകളിലും നോമ്പ്‌ അനുഷ്ടിച്ചിരുന്ന മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിന്‌ ജയിലില്‍വെച്ചു നോമ്പുതുറക്കാനാവശ്യമായ ഭക്ഷണം പാകം ചെയ്തു നല്‍കിയിരുന്നതും യുവാവായിരുന്ന ബാപ്പുട്ടിയായിരുന്നു.

വാഗണ്‍ട്രാജഡി ദുരന്തം നടക്കുന്ന സമയത്ത്‌ ബാപ്പുട്ടിമാഷിന്‌ ഏഴ്‌ വയസാണുള്ളത്‌. മാഷുടെ ജന്‍മനാട്ടിലേയും ബന്ധുക്കളുമായി പുലാമന്തോള്‍, കരുവമ്പലം പ്രദേശത്തുകാരായിരുന്നു മരിച്ചവര്‍. 1921 നവംബര്‍ 19ന്‌ നടന്ന വാഗണ്‍ ദുരന്തത്തില്‍ ആകെ 70 പേരാണ്‌ മരിച്ചിരുന്നത്‌. ഇതില്‍ ഏഴ്‌ പേര്‍ പുലാമന്തോളുകാരും 35 പേര്‍ കുരുവമ്പലത്തുകാരുമാണ്‌ ബാപ്പുട്ടി മാഷ്‌ ഓര്‍ത്തുപറയുന്നു. ഇപ്പോള്‍ ദുരന്തം കഴിഞ്ഞിട്ട്‌ 91 വര്‍ഷം പിന്നിടുന്നു. ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ പീഡനങ്ങള്‍ അനുഭവിച്ചുള്ള ചെറുപ്പക്കാലത്തേ ജീവിതങ്ങള്‍ ആഘോഷങ്ങള്‍ക്ക്‌ നിറവും പകിട്ടും കുറയുവാന്‍ കാരണമായതായി മാഷ്‌ ഓര്‍ക്കുന്നു.

1921ലെ മലബാര്‍ ലഹളകാലത്ത്‌ ആറ്‌ വയസുകാരനായ തന്റെ മുന്നില്‍ വെച്ചു പിതൃസഹോദരന്‍ കെ എം മമ്മദുവിനെ ബ്രിട്ടീഷ്‌ പട്ടാളം വെടിവെച്ചു കൊല്ലുന്നത്‌ നേരിട്ടു കണ്ടത്‌ മായാത്ത ഓര്‍മ്മയായി സൂക്ഷിക്കുന്നു. സമര പോരാളിയാകുവാന്‍ ഇത്തരത്തിലുള്ള നേര്‍സാക്ഷ്യങ്ങളാണ്‌ തന്നെ പ്രേരിപ്പിച്ചതെന്നും മാഷ്‌ പറയുന്നു. 1941 ആഗസ്ത്‌ 31ന്‌ അര്‍ദ്ധരാത്രി വീട്ടില്‍ വച്ചു രാജ്യദ്രോഹിയായി മുദ്രകുത്തി ഒരുവര്‍ഷത്തോളം ജയിലിലടച്ചു. അന്നത്തെ പെരുന്നാളും നോമ്പുമെല്ലാം തടവറയിലായിരുന്നു. ഇ എം എസ്‌ നമ്പൂതിരിപ്പാട്‌, ഇ മൊയ്തു മൌലവിയും അന്ന്‌ തന്നോടൊപ്പം ജയിലിലുണ്ടായിരുന്നു. ദേശീയതലത്തില്‍ മൂന്ന്‌ പ്രധാനമന്ത്രിമാരായ എ ബി വാജ്പേയിയും ഇന്ദിരാഗാന്ധി, രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം എന്നിവരുടെ സ്നേഹ വിരുന്നുകളില്‍ ഡല്‍ഹിയിലെത്തി അതിഥിയായിട്ടുണ്ട്‌.

2003ലാണ്‌ അവസാനമായി ഡല്‍ഹിയിലേക്ക്‌ പോയത്‌. എല്ലാ വര്‍ഷവും പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും കത്തുകള്‍ വരാറുണ്ട്‌. ഈ വര്‍ഷം (2012-ആഗസ്ത്‌ ഒന്‍പത്‌) രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ വിരുന്നില്‍ പങ്കെടുക്കുവാന്‍ നേരിട്ടുള്ള അതിഥിയായി ഡല്‍ഹിയിലേക്ക്‌ ക്ഷണിച്ചിരുന്നു. പോകണമെന്ന അതിയായ ആഗ്രഹമുണ്ടായെങ്കിലും ശാരീരിക അവശതകള്‍ അനുവദിച്ചില്ല. സ്വന്തം മാനേജ്മെന്റിലുള്ള പാലൂര്‍ എ.എം.എല്‍.പി സ്കൂളില്‍ നിന്ന്‌ 1969ലാണ്‌ പ്രധാന അധ്യാപകനായി വിരമിക്കുന്നത്‌. ചെറുകാടിന്റെ വിവിധ രാഷ്ട്രീയ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്‌.

പരേതയായ നെളിയത്തൊടി കുഞ്ഞിരുമ്മയാണ്‌ ഭാര്യ.അധികാര-അഥമ രാഷ്ട്രീയത്തില്‍ നിന്നും വിട്ട്‌ സ്വതന്ത്രസമര പെന്‍ഷനും വാങ്ങി ഓര്‍മകളുടെ സര്‍വവിജ്ഞാന കോശവുമായി പുതുതലമുറക്ക്‌ ചരിത്രം പകര്‍ന്നു നല്‍കി ജീവിതം തള്ളിനീക്കുകയാണ്‌ പേരക്കുട്ടികളൊടൊപ്പം ഈദ്‌ ആഘോഷവേളയിലും.

തേജസ് 28.10.12

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal