.

മങ്കട കോവിലകം ഓര്‍മയാവുന്നു


മാപ്പിളമാര്‍ കാവലിരുന്നു കാത്ത മങ്കടയിലെ കോവിലകങ്ങള്‍ ഓര്‍മയാവുന്നു

മിനാരങ്ങളുടെയും കല്‍വിളക്കുകളുടെയും പരസ്പര സ്നേഹത്തിന്‌ ഇന്ത്യന്‍ചരിത്രത്തില്‍ ഇടം നേടിക്കൊടുത്ത വള്ളുവക്കോനാതിരിമാരുടെ കോവിലകങ്ങള്‍ ഓര്‍മയാവുന്നു. വള്ളുവനാടന്‍ രാജവംശത്തിന്റെ പ്രൌഢസ്മരണകള്‍ ഉറങ്ങുന്ന വള്ളുവക്കോനാതിരി സ്വരൂപമായ മങ്കടയിലും പരിസരങ്ങളിലുമുള്ള കോവിലകങ്ങളാണ്‌ മറവിയിലേക്കു ചേക്കേറുന്നത്‌.

തിരൂര്‍ക്കാട്‌, അരിപ്ര, വെള്ളില ആഴിരനാഴിപ്പടി, കടന്നമണ്ണ, മങ്കട, കൊളത്തൂര്‍ എന്നിവിടങ്ങളിലാണ്‌ വള്ളുവനാട്‌ രാജവംശത്തിന്റെ കോവിലകങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. ആയിരക്കണക്കിനേക്കര്‍ പ്രകൃതിരമണീയ സ്ഥലങ്ങളിലാണു ചരിത്രമുറങ്ങുന്ന രാജമന്ദിരങ്ങളുള്ളത്‌. 1784-90 കാലഘട്ടങ്ങളില്‍ മൈസൂര്‍ ഭരണാധികാരി ടിപ്പുസുല്‍ത്താന്റെ മലബാര്‍ പടയോട്ടകാലത്തും 1921 മുതലുള്ള മലബാര്‍ സമരസമയത്തും കോവിലകങ്ങള്‍ കാവലിരുന്നു സംരക്ഷിച്ചിരുന്നത്‌ മങ്കടയിലെ മാപ്പിളപ്പോരാളികളായിരുന്നു. 1918-21ല്‍ ശത്രുക്കള്‍ വള്ളുവക്കോനാതിരിയെ ആക്രമിച്ചു കോവിലകം തകര്‍ക്കാനെത്തിയ ശത്രുക്കളെ വെള്ളിയാഴ്ച ജുമുഅക്കുപോലും പോവാന്‍ കഴിയാതെയാണ്‌ മാപ്പിളപ്പോരാളികള്‍ കാവലിരുന്നു സംരക്ഷിച്ചതെന്നാണു ചരിത്രം. ഇതിന്റെ പ്രത്യുപകാരമായിട്ടാണ്‌ മുസ്ലിംകള്‍ക്ക്‌ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വള്ളുവക്കോനാതിരി ഏക്കര്‍ കണക്കിനു ഭൂമിയും ഉരുപ്പടികളും സംഭാവന നല്‍കിയതെന്നും രേഖപ്പെട്ട ചരിത്രം.

ഇന്നത്തെ മങ്കട ജുമാമസ്ജിദ്‌ എന്ന കോവിലകം പള്ളി വള്ളുവക്കോനാതിരിയുടെ സ്നേഹസമ്മാനമായി നിര്‍മിച്ചതാണ്‌. നിരവധി ബ്രിട്ടീഷ്‌ മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാടുവാഴികള്‍ക്കും ആതിഥ്യം പകര്‍ന്ന മങ്കട കോവിലകം ബംഗ്ലാവ്‌ 2011 നവംബറില്‍ പൊളിച്ചുനീക്കി. അരിപ്ര കോവിലകം പൂര്‍ണമായി പൊളിച്ചുനീക്കിയിട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടു. കടന്നമണ്ണ കോവിലകം 2007ല്‍ പൊളിച്ച്‌ ആദ്യനില നിലനിര്‍ത്തി പുതുക്കിപ്പണിതു. ആയിരനാഴി കോവിലകവും മങ്കട കോവിലകവുമാണ്‌ കുടുംബങ്ങള്‍ സംരക്ഷിച്ചു പോരുന്നത്‌. കൊളത്തൂര്‍ കോവിലകം വള്ളുവരാജ കുടുംബത്തിലെ തമ്പുരാട്ടിമാരാണു സംരക്ഷിക്കുന്നത്‌.
7:23 +0000

1 comment:

  1. താങ്കളുടെ ശ്രമത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP