.

മൊയ്തു മൗലവി ദേശീയ മ്യൂസിയം

ഓര്‍മകളുടെ അല്പായുസില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ മുങ്ങിപ്പോകരുത് : എം. ടി.കോഴാക്കോട്‌; സ്വാതന്ത്ര്യസമര ചരിത്രം കുറെ കഴിയുമ്പോള്‍ ഇളം തലമുറ മറക്കാനിടയുണ്ട്. പൊതുവെ നമ്മുടെ ഓര്‍മകള്‍ക്ക് അല്പായുസാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചവര്‍ നമ്മുടെ അല്പായുസുള്ള ഓര്‍മകളില്‍ മുങ്ങിപ്പോകരുതെന്ന് മൊയ്തു മൗലവി സ്മാരക ദേശീയ മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഓര്‍മപ്പെടുത്തി. ഈ രീതിയില്‍ അല്പായുസായ ഓര്‍മകള്‍ക്കുപകരം എക്കാലത്തും ഓര്‍മകള്‍ ഉണര്‍ത്തുവാനാണ് മ്യൂസിയങ്ങള്‍ മൊയ്തു മൗലവിയുടെ മ്യൂസിയംകൊണ്ട് കേരളത്തിലെ, മലബാറിലെ ചില ധീരമായ ചെറുത്തു നില്‍പുകള്‍ വ്യക്തമാക്കാന്‍ കഴിയും ഒരു പ്രദേശത്തിന്റെ പൂര്‍വ്വകാല ചരിത്രം രേഖപ്പെടുത്തുവാന്‍ മ്യൂസിയങ്ങള്‍ക്കേ കഴിയൂ. പഴയകാലങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ അതുമായി ബന്ധപ്പെട്ട ഉപാധികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അധികരേഖകളൊന്നുമില്ല. അതുകൊണ്ടുതന്നെ മൊയ്തു മൗലവി നിലകൊണ്ട പ്രസ്ഥാനവുമായി ബന്ധപ്പെട്ട സ്മാരകം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മ്യൂസിയങ്ങള്‍ പണിതീരുന്നില്ല. പുതിയകാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് അതുവിപുലീകരിക്കുകയാണ് പതിവ്. നൂറ്റാണ്ടിന്റെ സാക്ഷിയായ മൗലവി ഈ നൂറ്റാണ്ടിന്റെ അലയൊലികളും വികാസപരിണാമങ്ങളും ശ്രദ്ധിച്ചതുകൊണ്ടുതന്നെ ഇതിന്റെ പ്രാധാന്യം ഇരട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം. എല്‍. എ. അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് കൂടിച്ചേരാനുള്ള ഇടംകൂടിയാണ് മ്യൂസിയമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം വരുന്നമുറക്ക് മൊയ്തു മൗലവിയുടെ സ്മാരകം നില്ക്കുന്ന ക്യാമ്പസുള്‍പ്പെടെ മ്യൂസിയമാക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മള്‍ട്ടി മീഡിയ തിയേറ്റര്‍ ഇതില്‍ സജീകരിക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരമ്യൂസിയം കൂടിയായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേയര്‍ എ. കെ. പ്രേമജം, മൊയ്തു മൗലവിയുടെ മകന്‍ എം. റഷീദ്, മുന്‍മേയര്‍ എം. ഭാസ്‌കരന്‍, സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി , കൗണ്‍സിലര്‍ ജീന്‍മോസസ്, സ്വാതന്ത്ര്യസമര സേനാനി പി. വാസു,പ്രസ്‌ക്ലബ് സെക്രട്ടറി കെ. പ്രേംനാഥ്, പി. ദാമോദരന്‍, കെ. സി. അബു, ടി. വി. ബാലന്‍, കെ. സാദിരിക്കോയ, പി. ടി. ആസാദ്, സി. പി. ഹമീദ്, വി. ടി. മുരളി എന്നിവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ ഡോ. പി. ബി. സലീം സ്വാഗതവും പി. ആര്‍. ഡി. റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ടി. വേലായുധന്‍ നന്ദിയും പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം തലവന്‍ എം. സി. വസിഷ്ഠ് മ്യൂസിയത്തെക്കുറിച്ച് അവലോകനം നടത്തി. മ്യൂസിയത്തില്‍ മൊയ്തു മൗലവിയുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നാല് ഭാഗങ്ങളിലായി ഫോട്ടോകളുണ്ട്. പോര്‍ച്ചുഗീസ് ആഗമനം മുതല്‍ കുറിച്ച്യര്‍ കലാപം വരെയുള്ള ഒന്നാംഘട്ടവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രണ്ടാംഘട്ടവും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാനവ്യക്തികളും സംഭവങ്ങളും അടങ്ങുന്ന മുന്നാം ഘട്ടവും ദേശീയ പ്രസ്ഥാനത്തില്‍ മലബാറിന്റെ പങ്കുമായി ബന്ധപ്പെട്ട നാലാംഘട്ടവുമാണ് ഇതിലുള്ളത്. ഈ ഘട്ടം വി. കെ. കൃഷ്ണമേനോനിലാണ് അവസാനിക്കുന്നത്. 1498 മുതല്‍ മൗലവിജീവിച്ചിരുന്ന ആധുനിക കാലഘട്ടം വരെ ഇതില്‍ രേഖപ്പെടുത്തുന്നു. ഇത്തരത്തില്‍ 82 ഫോട്ടോകളാണുള്ളത്. എണ്‍പതുമുതല്‍ 95 വരെയുള്ള വിവിധഭാഷാപത്രങ്ങള്‍, കോണ്‍ഗ്രസില്‍ മൗലവി അംഗത്തമെടുത്തതിന്റെ 75-ാം വാര്‍ഷികദിനാഘോഷ സംബന്ധമായ പത്രവാര്‍ത്തകള്‍, ഇ. എം. എസ്. ആശംസ അര്‍പ്പിക്കുന്നത്, മൗലവിയുടെ നൂറ്റൊന്നാം ജ•ദിനാഘോഷം, നൂറ്റിപത്താം ജ•ദിനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ , മൊയ്തുമൗലവി ഗിന്നസ് ബുക്കിലേക്ക് എന്ന കൗതുക വാര്‍ത്തയും ഇതില്‍ കാണാം. ഇ. എം. എസ്, ഏ. കെ. ആന്റണി, എന്‍. പി. മന്‍മഥന്‍ തുടങ്ങി വിശിഷ്ടരെഴുതിയ കത്തുകള്‍, മൗലവിക്കുകിട്ടിയ പുരസ്‌കാരങ്ങള്‍, മൗലവിയുടെ കയ്യെഴുത്തു പ്രതികള്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന ഊന്നുവടികള്‍, എല്ലാം ഭദ്രമായി സ്മാരകത്തിലുണ്ട്. കെ. പി. കേശവമേനോന്‍, കെ. കേളപ്പന്‍, മഞ്ചേരി രാമയ്യര്‍, പി. കൃഷ്ണപ്പിള്ള, ഏ. കെ. ജി, കെ. ബി. മേനോന്‍ എന്നീ മലബാറിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോകളും ഇതിന്റെ ഭാഗമായിട്ടുണ്ട്. 1916 ലെ ടൗണ്‍ഹാള്‍ ബഹിഷ്‌ക്കരണം, കോഴിക്കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ ഉപ്പു സത്യാഗ്രഹത്തിന്റെ ഫോട്ടോകളും ഏ. കെ .ജി. യുടെ പട്ടിണി ജാഥയും ചരിത്രാന്വേഷകര്‍ക്ക് ഏറെ പ്രയോജനപ്പെടും.

Photos: Dool News
News: Pradeshikam.com

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP