മലബാര്‍ കലാപവും ഗാന്ധിജിയും

1920-ല്‍ മഹാത്മാഗാന്ധി ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തതും അക്കൊല്ലം നാഗ്പുര്‍ സമ്മേളനത്തിനുശേഷം ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനവും മലബാറിലെ രാഷ്ട്രീയരംഗം സജീവമാക്കി. ഖിലാഫത്ത് സമരത്തിന് ഗാന്ധിജി പിന്തുണ നല്‍കിയതോടെ മലബാറിലെ കോണ്‍ഗ്രസ്-മുസ്‌ലിം ഐക്യവും ശക്തിപ്പെട്ടു. ഇതെല്ലാം ഔദ്യോഗിക വൃത്തങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയ സംഭവങ്ങളായിരുന്നു.

ഇതിനിടയിലാണ് 1921 ല്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്രതിരിച്ച ഗാന്ധിജിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഖിലാഫത്ത് നേതാവ് മുഹമ്മദാലിയെ അറസ്റ്റുചെയ്തു. ഒരു മുന്‍ പ്രസ്താവനയുടെ പേരിലായിരുന്നു അറസ്റ്റ്. എന്നാല്‍ മലബാറില്‍ സമാധാനശ്രമത്തിന് തിരിച്ച ഗാന്ധിജിയെ തടഞ്ഞതിന് വ്യക്തമായ കാരണങ്ങളൊന്നും ഭരണാധികാരികള്‍ക്ക് ഇല്ലായിരുന്നു. എന്തുകൊണ്ടോ ഗാന്ധിജി കലാപ പ്രദേശങ്ങളില്‍ എത്താന്‍ പാടില്ലെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് അന്നത്തെ പല സംഭവങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നത്.

ഗാന്ധിജിയുടെ യാത്ര തടഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന പരിണാമം ഇവിടെ നിന്നായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. തല മുണ്ഡനം ചെയ്ത് മേലങ്കി വലിച്ചെറിഞ്ഞ് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ പ്രതീകമായ 'അര്‍ധ നഗ്‌നനായ ഫക്കീര്‍' ആയി അദ്ദേഹം മാറിയത് ഈ സംഭവത്തിനുശേഷമാണ്.

1921 സപ്തംബര്‍ 21ന് മധുരയില്‍നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള യോഗത്തില്‍ പ്രസംഗിക്കാനെത്തിയ പുതിയ ഗാന്ധിജിയെ കാണാന്‍ ഗ്രാമീണ ജനങ്ങള്‍ തടിച്ചുകൂടി. ഗാന്ധിജിയുടെ പ്രസംഗം മുഴുവന്‍ മലബാര്‍ കലാപത്തിന്റെ ദുഃഖവാര്‍ത്തകളെക്കുറിച്ചായിരുന്നു.

ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരേ ദൈവത്തിന്റെ മക്കളാണെന്നും രണ്ട് കൂട്ടരും ആത്മസംയമനം പാലിക്കണമെന്നും ലഹളയുടെ ആക്കം കൂട്ടാന്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഗൂഢതന്ത്രം ഉണ്ടെന്നും അദ്ദേഹം പലേടത്തും പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. പക്ഷേ, അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. മലബാര്‍ കലാപം ഓരോ ദിവസവും ശക്തിപ്പെടുകയായിരുന്നു.

കൊലപാതകങ്ങളുടേയും മതം മാറ്റലുകളുടെയും പട്ടാളക്കാര്‍ ആളുകളെ വെടിവെച്ചു കൊല്ലുന്നതിന്റെയും വാര്‍ത്തകള്‍ ഇന്ത്യ ഒട്ടാകെയുള്ള പത്രങ്ങളില്‍ സ്ഥലംപിടിച്ചു. ഇതെല്ലാം ഗാന്ധിജിയെ തളര്‍ത്തി. ഇതിനിടയിലാണ് അദ്ദേഹത്തിനെതിരെ ചില പത്രങ്ങളുടെയും നേതാക്കളുടെയും കുറ്റപ്പെടുത്തലുകള്‍ ഉണ്ടായത്. ഖിലാഫത്ത്' സമരത്തിന് ഗാന്ധിജി പിന്തുണ കൊടുത്തതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയതെന്നായിരുന്നു അവരുടെ ആക്ഷേപം.

ഖിലാഫത്ത് സമരവും ഗാന്ധിജിയും


ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കി ബ്രിട്ടന്റെ എതിര്‍ ചേരിയിലായിരുന്നത് ഇന്ത്യയിലെ മുസ്‌ലിങ്ങളെ ചിന്താക്കുഴപ്പത്തിലാക്കി. തുര്‍ക്കി സുല്‍ത്താന്‍ ഭരണാധികാരി എന്നതിന് പുറമേ, ലോകത്തെമ്പാടുമുണ്ടായിരുന്ന മുസ്‌ലിങ്ങളുടെ പുണ്യസങ്കേതങ്ങള്‍ കാത്തുസൂക്ഷിക്കുന്ന 'ഖലീഫ' കൂടിയായിരുന്നു.

യുദ്ധത്തില്‍ ബ്രിട്ടന്‍ ജയിച്ചാല്‍ തുര്‍ക്കി സുല്‍ത്താന്റെ മതപരമായ പദവിക്കോ പുണ്യസങ്കേതങ്ങള്‍ക്കോ കോട്ടം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഉറപ്പുകൊടുത്തു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ നടപടികളില്‍ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നു.

ഖിലാഫത്ത്-നിസ്സഹകരണ സമരങ്ങളുടെ പ്രചാരണാര്‍ഥം ആയിരുന്നു ഗാന്ധിജി 1920 ആഗസ്ത് 18 ന് കോഴിക്കോട്ട് എത്തിയത്. 19-ാം തീയതി അദ്ദേഹം തിരിച്ചുപോയി. ഇതായിരുന്നു ഗാന്ധിജിയുടെ പ്രഥമ കേരള സന്ദര്‍ശനം.

ഗാന്ധിജിക്കൊപ്പം മൗലാന ഷൗക്കത്തലിയും ഉണ്ടായിരുന്നു. ആഗസ്ത് 18ന് കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ ഇരുപതിനായിരത്തോളം ജനങ്ങളെ സാക്ഷിയാക്കി, ഇന്നലെവരെ ബഹുമതിയായി കരുതിയിരുന്ന ബിരുദങ്ങള്‍ ഉപേക്ഷിച്ചും ഓണററി ഉദ്യോഗങ്ങളില്‍നിന്ന് രാജിവെച്ചും വക്കീലന്മാര്‍ കോടതി ഉപേക്ഷിച്ചും ഐക്യം പ്രകടിപ്പിക്കണമെന്ന് ഗാന്ധിജി പറഞ്ഞു.

പ്രസംഗം കെ. മാധവന്‍നായര്‍ പരിഭാഷപ്പെടുത്തി. ഖിലാഫത്ത് നിധിക്കുവേണ്ടി ശേഖരിച്ച 2500 രൂപ രാമുണ്ണിമേനോന്‍ ഗാന്ധിജിക്ക് നല്‍കി. മലബാറില്‍ പുതിയ ഉണര്‍വും ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശവും സൃഷ്ടിച്ചതായിരുന്നു ഗാന്ധിജിയുടെ സന്ദര്‍ശനം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ഗാന്ധിജി മലബാര്‍ കലാപത്തെപ്പറ്റി അറിഞ്ഞ് ഞെട്ടിയത്. തീവണ്ടിയിലിരുന്നു തന്നെഅദ്ദേഹം മലബാറിലെ ജനങ്ങള്‍ക്ക് സന്ദേശം തയ്യാറാക്കി. നിസ്സഹകരണ പ്രസ്ഥാനത്തെയും തന്നെയും കുറ്റം പറയുന്നതിനെപ്പറ്റി ഗാന്ധിജി അതില്‍ ഇങ്ങനെ എഴുതി:

''ഇന്നിപ്പോള്‍ ക്ഷാമമായാലും കൂലിക്കാര്‍ നാടുവിട്ടുപോയാലും മാപ്പിളമാര്‍ ലഹള കൂട്ടിയാലും എല്ലാറ്റിനും നിസ്സഹകരണ പ്രസ്ഥാനത്തെ കുറ്റം പറയുന്നത് ഫാഷനായിട്ടുണ്ട്.... എന്നാല്‍ ഈ ആരോപണത്തിന് ഒരു തെളിവും മദ്രാസ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല....''

കലാപം രാഷ്ട്രീയ പശ്ചാത്തലത്തില്‍


മലബാറിലെ മാപ്പിള കലാപങ്ങള്‍ക്ക് ഏറെ പഴക്കം ഉണ്ട്. 1836 നും 1853 നും ഇടയ്ക്ക് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ നിരവധി കലാപങ്ങളുണ്ടായിട്ടുണ്ട്. ഈ കലാപങ്ങളെ അടിച്ചമര്‍ത്താനാണ് മലബാര്‍ സ്‌പെഷല്‍ പോലീസ് എന്ന പേരില്‍ 1854-ല്‍ ഒരു പ്രത്യേക പോലീസ് സേന(എം. എസ്. പി.) തന്നെ രൂപവത്കരിച്ചത്. സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍, കലാപങ്ങളെ ശമിപ്പിച്ചില്ല. കലാപം അവസാനം എത്തിയത് മലബാര്‍ കളക്ടറും ജില്ലാ മജിസ്‌ട്രേട്ടുമായ എച്ച്. വി. കനോലിയുടെ കൊലപാതകത്തിലായിരുന്നു.

അടിച്ചമര്‍ത്തല്‍ അതോടെ ശാന്തമായി. വര്‍ഷങ്ങള്‍ക്ക് ശേഷം മലബാറില്‍ നിന്നും ബ്രിട്ടീഷ് സര്‍ക്കാറിന് ലഭിച്ച ഒരു ഊമക്കത്ത് പ്രശ്‌നത്തില്‍, ഒരന്വേഷണത്തിന് പ്രേരകമായി. മതഭ്രാന്ത് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു അതേവരെ ഉള്ള വിശ്വാസം.
എന്നാല്‍, പ്രശ്‌നത്തില്‍ കുടിയാന്മാരുടെ നീറുന്ന പ്രശ്‌നങ്ങളുണ്ടെന്നും അതും കലാപത്തിന് കാരണമാണെന്നും ആയിരുന്നു ഊമക്കത്തിലുണ്ടായിരുന്നത്.

ഇതേപ്പറ്റി അന്വേഷിക്കാന്‍ വില്യം ലോഗന്‍ നിയമിതനായി. അദ്ദേഹത്തിന്റെ അന്വേഷണത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണം മതഭ്രാന്ത് മാത്രമല്ലെന്നും കൃഷി ഭൂമിയില്‍ അവകാശം ഇല്ലാത്ത കര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തി.

വില്യം ലോഗന്‍ നല്‍കിയ റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്ത് 1887-ല്‍ മലബാര്‍ കുടിയാന്‍ കുഴിക്കൂര്‍ ചമയ ആക്ട് (മലബാര്‍ കോംപെന്‍സേഷന്‍ ഫോര്‍ ടെനെന്റ്‌സ് ഇംപ്രൂവ്‌മെന്റ്‌സ് ആക്ട്) കൊണ്ടുവന്നു. പക്ഷേ, ഒന്നും പരിഹരിക്കാന്‍ ഈ നിയമത്തിന് കഴിഞ്ഞില്ല.

ഇതുകാരണം പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇതിന്റെ അവസാനമായിരുന്നു 1921 ലെ മലബാര്‍ കലാപം (മാപ്പിള കലാപം). മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ കലാപക്കാര്‍ ബ്രിട്ടീഷ് ഭരണം ഒഴിവാക്കി ഖിലാഫത്ത് ഭരണം സ്ഥാപിച്ചു. എന്നാല്‍ പിന്നീട് ബ്രിട്ടീഷ് പട്ടാളം എത്തി ലഹള അടിച്ചമര്‍ത്തി. പലേടത്തും പട്ടാള നിയമം പ്രഖ്യാപിച്ചു. 1921 നവംബര്‍ 10 ന് അടച്ചുമൂടിയ റെയില്‍വേ ഗുഡ്‌സ് വാഗണില്‍ തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ 90 മാപ്പിളമാരില്‍ അറുപത് പേരും ശ്വാസംമുട്ടി മരിച്ചു. ഇത് 'വാഗണ്‍ ട്രാജഡി' എന്ന പേരില്‍ അറിയപ്പെടുന്നു.

ഈ കാലഘട്ടത്തില്‍ മലബാറില്‍ മാത്രമല്ല, ഇന്ത്യ ഒട്ടാകെ അസ്വാസ്ഥ്യജനകമായ സംഭവങ്ങള്‍ അരങ്ങേറി എന്നത് യാഥാര്‍ഥ്യമാണ്.
1919 ഏപ്രില്‍ 13 ന് വൈശാഖി ദിനത്തില്‍ സുവര്‍ണക്ഷേത്രത്തിന് സമീപത്തുള്ള ജാലിയന്‍ വാലാബാഗില്‍ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ നടന്ന ക്രൂരമായ വെടിവെപ്പിന്, രണ്ടുവര്‍ഷത്തിനുശേഷമായിരുന്നു മലബാര്‍ കലാപം. മദ്രാസ് സംസ്ഥാനത്തിലെ ചില സ്ഥലങ്ങളില്‍ കൊടുംക്ഷാമം ഏതാണ്ട് ഈ കാലത്തായിരുന്നു. പട്ടിണി സഹിക്കാതെ അസമിലെ തൊഴിലാളികള്‍ തോട്ടം വിട്ടുപോയി. അവിടെ നടന്ന സമരം അടിച്ചമര്‍ത്താന്‍ ഗൂര്‍ഖാപട്ടാളത്തെ നിയോഗിച്ചു.

1921 സപ്തംബര്‍ 15 ന് 'മദ്രാസ് മെയില്‍' പത്രത്തിന് ഗാന്ധിജി നല്‍കിയ അഭിമുഖത്തില്‍ ലഹള നടക്കുന്ന പ്രദേശങ്ങളില്‍ കടന്നുചെല്ലുന്നതില്‍നിന്ന് നിസ്സഹകരണ പ്രസ്ഥാന പ്രവര്‍ത്തകരെ മനഃപൂര്‍വം സര്‍ക്കാര്‍ തടഞ്ഞുനിര്‍ത്തുന്നതായി പരാതിപ്പെട്ടു.
മദ്രാസിലെ 'ഡെയ്‌ലി എക്‌സ്​പ്രസ്' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രക്ഷുബ്ധരായ ജനവിഭാഗത്തെ മെരുക്കിയെടുത്ത് ശാന്തമാക്കുന്നതിന് പകരം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വന്തം ഹീനതാത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതായി ഗാന്ധിജി കുറ്റപ്പെടുത്തി. 'വാഗണ്‍ ട്രാജഡി' വാര്‍ത്ത അറിഞ്ഞ ഉടന്‍ ഗാന്ധിജി എഴുതി:

''ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത മലബാറില്‍ കാട്ടിക്കൂട്ടിയതായി പറയപ്പെടുന്ന മനുഷ്യത്വഹീനങ്ങളായ പ്രവൃത്തികളില്‍ അതിക്രൂരം എന്ന് വിളിക്കപ്പെടാവുന്ന പലതുണ്ടെങ്കിലും തടവുകാരെ ശ്വാസം മുട്ടിച്ചുകൊന്ന സംഭവം ഏറ്റവുമധികം ഞെട്ടിപ്പിക്കുന്ന ഒന്നാണ്. മാപ്പിളമാര്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയില്ലെന്നോ മറ്റ് ക്രൂരകൃത്യങ്ങള്‍ കാണിച്ചിട്ടില്ലെന്നോ ഞാന്‍ പറയുന്നില്ല. എന്നാല്‍ നിരപരാധികളായ മാപ്പിളമാരുടെ മേല്‍, അവരുടെ സ്ത്രീകളുടെയും കുട്ടികളുടെയും മേല്‍ പ്രതികാരം വീട്ടി കൃതാര്‍ഥതയടയാന്‍ എന്റെ ആത്മാവ് വിസമ്മതിക്കുന്നു. തെറ്റ് ചെയ്തവരെ മര്‍ദിച്ച് സന്തോഷമടയാന്‍ എനിക്ക് സാധിക്കില്ല. ഇത്തരം പ്രതികാര കൃത്യങ്ങള്‍ മനുഷ്യത്വത്തിന് നിരക്കുന്നതല്ല.''

വാഗണ്‍ ട്രാജഡിക്കുശേഷം മലബാറിലെ മുസ്‌ലിങ്ങളുടെ ദയനീയ സ്ഥിതി വിവരിച്ചുകൊണ്ട് ഇന്ത്യയുടെ പല ഭാഗത്തുനിന്നും നേതാക്കളും സംഘടനകളും ഗാന്ധിജിക്ക് പരാതി അയച്ചു. അതുപോലെ തന്നെ 'ദ സര്‍വന്റ്‌സ് ഓഫ് ഇന്ത്യ'യുടെ ആള്‍ക്കാര്‍ ഹിന്ദുക്കളുടെ പരിതാപകരമായ സ്ഥിതിയെക്കുറിച്ചാണ് പരാതി നല്‍കിയത്. ഇതില്‍ ചിലതെല്ലാം ഗാന്ധിജി അപ്പോഴപ്പോള്‍ 'യങ് ഇന്ത്യ'യില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ കത്തുകള്‍ക്ക് മറുപടികളും അദ്ദേഹം നല്‍കി. 1921 ഡിസംബറില്‍ 'യങ് ഇന്ത്യ'യില്‍ പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ അവസാനഭാഗത്ത് ഗാന്ധിജി എഴുതി:

''മാപ്പിളമാരുടെ ആക്രമണങ്ങളില്‍ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് പകരം അക്രമങ്ങള്‍ ചെയ്യുന്നതിന് അവരെ അനുവദിച്ചിട്ട് പിന്നീട് അവരെ ശിക്ഷിക്കുകയാണ് ചെയ്തതെന്ന് ഞാന്‍ ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്നു. ഹിന്ദുക്കളുടെ സ്ഥാനത്ത് അപകടത്തിലകപ്പെട്ടത് ഇംഗ്ലീഷുകാരായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഇത്ര സാവകാശമായി പെരുമാറുമായിരുന്നോ?
''മാപ്പിളമാരുടെ സ്ഥാനത്ത് യൂറോപ്യന്മാരാണ് കലാപകാരികളായി പ്രത്യക്ഷപ്പെട്ടതെങ്കില്‍ സര്‍ക്കാര്‍ ഇതുപോലെ മനുഷ്യത്വമില്ലാതെ പെരുമാറുമായിരുന്നോ? ഹിന്ദുക്കളെ സംരക്ഷിക്കുന്നതിലെന്നപോലെ മാപ്പിളമാരോട് മനുഷ്യപ്പറ്റോടെ പെരുമാറുന്നതിലും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാട്ടി എന്ന നിഗമനത്തിലെത്തിച്ചേരാന്‍ നിര്‍ബന്ധിതനായിരിക്കുന്നു''.

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal