.

മലബാര്‍ സമരം ഓര്‍മിക്കാന്‍ പോലും പാടില്ലെന്നോ?

"ഒരു ചരിത്രസംഭവം എന്ന നിലയ്ക്കല്ലാതെ മലബാര്‍ കലാപത്തെക്കുറിച്ചു സംസാരിക്കുന്നവരോടു നാവടക്കാനും തൊള്ളപൂട്ടാനും" ചരിത്രകാരനായ ഡോ. എം. ഗംഗാധരന്‍ ആവശ്യപ്പെടുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ജൂലൈ 10). അതിനു പറയുന്ന കാരണം "മുസ്ലിംകള്‍ക്കെന്നപോലെ ഹിന്ദുക്കള്‍ക്കും ആവേശം കൊള്ളേണ്ട ഒന്നും കലാപംവഴി സംഭവിച്ചിട്ടില്ല"എന്നത്രേ. ഡോ. ഗംഗാധരന്റെ വിലയിരുത്തലനുസരിച്ചു "ദൂരവ്യാപകമായ ദോഷഫലങ്ങളുളവാക്കിയതും യാതൊരു ഗുണഫലവും എടുത്തുപറയാനില്ലാത്തതുമായിരുന്നു 1921ലെ മലബാര്‍ കലാപം."
മുന്‍കൂര്‍ ജാമ്യം എന്ന നിലയ്ക്ക്‌ ഒരുകാര്യം അംഗീകരിക്കുന്നു. ഡോ. ഗംഗാധരന്‍ ചരിത്രകാരനാണ്‌. എന്റെ ചരിത്രവിവരം അദ്ദേഹത്തിന്റെ ഏഴയലത്തുപോലും എത്തില്ല. പക്ഷേ, ഇവിടെ നടക്കുന്നതു ചരിത്രസംഭവങ്ങളുടെ വിശദീകരണങ്ങളല്ല, വിലയിരുത്തലുകളാണ്‌. ചരിത്രജ്ഞാനമാവട്ടെ, കൈകളില്‍ വിരലുകളുള്ള ആര്‍ക്കും ഇക്കാലത്ത്‌ എളുപ്പത്തില്‍ സ്വായത്തമാണ്‌. വിരലൊന്നമര്‍ത്തിയാല്‍ കണ്‍മുമ്പില്‍ വിജ്ഞാനത്തിന്റെ വസന്തം വിരിയുന്ന ഇക്കാലത്തു വിവരവിദ്യയെക്കാള്‍ വിശകലനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമാണു പ്രസക്തി. അവിടെയാണു ഗംഗാധരന്‍ മാഷിനു കാലിടറുന്നതും.
'മലബാര്‍ കലാപം ആഘോഷിക്കരുതെന്നും ആവര്‍ത്തിക്കരുതെ'ന്നും പറഞ്ഞുകൊണ്ടു മാഷ്‌ പുതിയ സംവാദത്തിനു തുടക്കമിടുന്നു എന്ന്‌ ആഴ്ചപ്പതിപ്പ്‌ പറയുന്നു. എന്നാല്‍, വിവാദത്തിനുവേണ്ടി വിവാദം എന്നതില്‍ കവിഞ്ഞു മാഷുടെ വാദമുഖങ്ങളൊന്നുപോലും പ്രബലമോ പിടിച്ചുനില്‍ക്കാന്‍ മാത്രം ശക്തമോ അല്ല. "നീ വിയോജിക്കൂ, നീ അറിയപ്പെടും" എന്ന ചൊല്ല്‌ ഗംഗാധരന്‍ മാഷ്ക്ക്‌ ഏറെ ഇഷ്ടപ്പെട്ടതാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌. വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്റെ മഹത്ത്വം ജനസമക്ഷം അവതരിപ്പിക്കാന്‍ മാഷെ പ്രേരിപ്പിച്ചതിനു പിന്നില്‍ മറ്റു കാരണങ്ങള്‍ കണെ്ടത്തുക സാധ്യമല്ല. വാര്‍ധക്യസഹജമായ രോഗങ്ങളില്‍ ഇങ്ങനെയുമൊന്നുണ്ട്‌ എന്നു നാം ഇത്തരം ഘട്ടങ്ങളിലാണു ചിലപ്പോഴെങ്കിലും തിരിച്ചറിയുക. പ്രഷര്‍, ഷുഗര്‍, ആര്‍ത്രൈറ്റിസ്‌, കാല്‍മുട്ടുവേദന, കൊളസ്ട്രോള്‍ എന്നിവയ്ക്കു പുറമെ പൊതുരംഗത്തെ പഴയ പ്രതാപം വീണെ്ടടുക്കാനുള്ള പാഴ്ശ്രമം. വീട്ടുമുറ്റത്തെ ചപ്പുചവറുകള്‍ അടിച്ചുകൂട്ടി തീയിട്ട്‌ അതിന്റെ തീയിലും പുകയിലും ശരീരം ചൂടാക്കുന്നതില്‍ ആശ്വാസം കണെ്ടത്തുന്ന വൃദ്ധകളെപ്പോലെ, പഴയ വിവരങ്ങള്‍ തിരക്കിയെടുത്തു തീയിട്ട്‌ അതിന്റെ ചിതയില്‍ നിന്നുയരുന്ന പുകപടലങ്ങളില്‍ അവര്‍ സ്വന്തത്തെ കണെ്ടത്താന്‍ ശ്രമിക്കുന്നു. ഗംഗാധരന്‍ മാഷുടെ വിവാഹപൂര്‍വ ലൈംഗികവിപ്ലവാഹ്വാനം ക്ലച്ച്‌ പിടിക്കാതെ കടന്നുപോവാന്‍ കാരണം അദ്ദേഹത്തിന്റെയും എന്റെയുമൊക്കെ ജനനത്തിയ്യതിയെക്കുറിച്ചു സാംസ്കാരികകേരളത്തിനുള്ള കൃത്യമായ അറിവുമൂലമാണ്‌. മലബാര്‍ കലാപത്തെക്കുറിച്ചു പരാമര്‍ശിക്കവെ സമുദായസ്പര്‍ധ വളര്‍ത്തുന്നതും പരസ്പരവിദ്വേഷം ജനിക്കാന്‍ ഇടയാവുന്ന തരത്തിലുള്ളതുമായ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നു പറയാന്‍ മാത്രമല്ല, ആജ്ഞാപിക്കാന്‍തന്നെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളോടും ഗാഢസൌഹൃദം പുലര്‍ത്തുന്ന മലപ്പുറം ജില്ലക്കാരനായ ഗംഗാധരന്‍ മാഷ്ക്ക്‌ അവകാശമുണ്ട്‌. അതു വകവച്ചുകൊടുക്കാന്‍ ഈ ലേഖകന്‌ ഒട്ടും വൈമനസ്യമില്ലെന്നു മാത്രമല്ല, സന്തോഷം മാത്രമേയുള്ളൂ. ജപ്പാനില്‍ സംഘര്‍ഷമില്ലാത്തത്‌ അവിടെ മുസ്്ലിംകളില്ലാത്തതുകൊണ്ടാണ്‌ എന്നു മാഷ്‌ ഒരിക്കല്‍ തട്ടിവിട്ടതിനെ സായാഹ്നസ്ഖലിതമായി മാത്രമേ ഞാന്‍ കാണുകയുണ്ടായിട്ടുള്ളൂ. ഇന്ത്യയുടെ തൊട്ടയല്‍പക്കമായ നീപ്പാള്‍ അടുത്ത കാലംവരേയും കലാപങ്ങളാല്‍ പ്രകമ്പനം കൊണ്ടത്‌ അവിടെ മുസ്്ലിംകള്‍ ഉള്ളതുകൊണ്ടായിരുന്നില്ല എന്നറിയാത്ത ആളല്ല ശ്രദ്ധാപൂര്‍വം ദിനപത്രം വായിക്കുന്ന ഗംഗാധരന്‍. ഇന്ത്യാ മഹാരാജ്യം കാല്‍നീട്ടുന്ന ശ്രീലങ്ക കലാപത്താല്‍ കത്തിയെരിഞ്ഞതും മുസ്്ലിം സാന്നിധ്യം മൂലമായിരുന്നില്ല. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ, ഗംഗാധരന്‍ മാഷുടെ ഉദ്ദേശ്യശുദ്ധിയെ ഇവിടെ ഒരിക്കല്‍പ്പോലും വിചാരണചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഉല്‍ക്കൃഷ്ടവും സങ്കുചിതത്വം ആരോപിക്കാന്‍ പറ്റാത്തവിധം ഉദാത്തവുമാണു ഗംഗാധരന്‍ മാഷുടെ മനസ്സ്‌ എന്നു നേരിട്ടുള്ള അനുഭവത്തിലൂടെത്തന്നെ ഈ ലേഖകനറിയാം.

മാപ്പിള മൂട്ട്നി എന്നു സംഭവത്തിലെ പ്രതിനായകര്‍ അപഹാസ്യപൂര്‍വം വിളിക്കുന്ന മലബാര്‍ സമരം മലബാറിലെ ഒറ്റപ്പെട്ട ചില ഭാഗങ്ങളില്‍ തീര്‍ത്തും അനാര്‍ഭാടമായും ആഘോഷരഹിതമായും ഒറ്റപ്പെട്ട ഗ്രൂപ്പുകളും സംഘടനകളും അനുസ്മരിക്കാറുണ്ട്‌. എന്നല്ലാതെ, വിപുലമായ പരിപാടികളോടെ ഒരുല്‍സവമായി ആര്‍ഭാടപൂര്‍വം അത്‌ ആഘോഷിക്കപ്പെടുന്ന അനുഭവമില്ല. അങ്ങനെ ചെയ്യുന്നതു തെറ്റല്ലെന്നു മാത്രമല്ല, ശരിയായിട്ടുകൂടി അത്തരം ചരിത്രസംഭവങ്ങള്‍ക്കു നേര്‍ക്കെല്ലാം ഒരുതരം നിസ്സംഗതയാണു സമൂഹത്തിന്‌. അടിച്ചുപൊളി ആഘോഷങ്ങളില്‍ മാത്രമാണു പൊതുസമൂഹത്തിനു പൊതുവെ താല്‍പ്പര്യം. കൂടെ അവധിദിനങ്ങള്‍ കൂടി ആയാല്‍ സംഭവം കലക്കും. ബന്ദ്‌, ഹര്‍ത്താല്‍ മുതലായ പ്രതിഷേധസംഭവങ്ങള്‍പോലും കേരളത്തില്‍ ആഘോഷങ്ങളായി മാറുന്നത്‌ അതോടനുബന്ധിച്ചു ലഭിക്കുന്ന അവധി മൂലമാണ്‌.
ഗാന്ധിജയന്തി, ശ്രീനാരായണഗുരു ജയന്തി, നബിദിനം പോലുള്ള ആഘോഷദിനങ്ങളിലൊന്നായി മലബാര്‍ പോരാട്ടത്തെ ആരും കാണുന്നില്ല എന്നതിനു മലബാറുകാരോടു തെളിവു നിരത്തി വാദിക്കേണ്ടതായിട്ടില്ല. എന്നുവച്ച്‌ ഒരു ചാവടിയന്തിരമായും അതിനെ നോക്കിക്കാണേണ്ടതില്ല.
മലബാര്‍ അനുസ്മരണവുമായി ബന്ധപ്പെട്ട ഒരനുഭവം ഓര്‍മവരുന്നു. ഒരിക്കല്‍ വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി എന്ന ഖിലാഫത്ത്തലവന്റെ അനുസ്മരണം മലപ്പുറത്തിന്റെ നടുപ്പുറത്തു ചേര്‍ന്നു. യശശ്ശരീരരായ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും പ്രഗത്ഭ ബുദ്ധിജീവിയും പണ്ഡിതനുമായ പ്രഫ. ബഹാവുദ്ദീനും ഈ ലേഖകനുമായിരുന്നു അന്നത്തെ ആ അനുസ്മരണ ചടങ്ങിലെ പ്രസംഗകര്‍.
കഷ്ടിച്ചു നാല്‍പ്പത്‌ -അമ്പത്‌ ആളുകള്‍ക്ക്‌ ഇരിക്കാവുന്ന മലപ്പുറത്തെ ഒരു പീടികയുടെ മുകള്‍ത്തട്ടിലെ മുറിയായിരുന്നു യോഗവേദി. ആര്‍ഭാടമോ ആഘോഷമോ കൂടാതെ ഇത്ര ലളിതമായി നടത്തുന്ന ചടങ്ങിന്‌ കൊച്ചിയില്‍ നിന്നു പ്രഫ. ബഹാവുദ്ദീനെയും 'കൊയിലാണ്ടി'യില്‍ നിന്ന്‌ ഈയുള്ളവനെയും ക്ഷണിച്ചു വരുത്തിയതിലെ അസാംഗത്യത്തെക്കുറിച്ചു ചോദിക്കാന്‍ തോന്നായ്കയല്ല. പക്ഷേ, ചോദിച്ചില്ല.
മുഹമ്മദലി ശിഹാബ്‌ തങ്ങളെപ്പോലുള്ള ഒരാളെ മുമ്പില്‍നടത്തി മലപ്പുറം അങ്ങാടിയിലൂടെ വാദ്യഘോഷങ്ങളോടും ദഫ്മുട്ടോടും കോല്‍ക്കളിയോടുംകൂടി സംഭവത്തെ ഒരാഘോഷമാക്കി മാറ്റാന്‍ ഭാരവാഹികള്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഒരായിരം പേരെയെങ്കിലും അനായാസം സംഘടിപ്പിക്കാന്‍ സാധിക്കുമായിരുന്നു എന്ന കാര്യം അവിതര്‍ക്കിതം. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ശിഹാബ്‌ തങ്ങളെയും ബഹാവുദ്ദീനെയും പോലുള്ള പ്രഗത്ഭമതികള്‍ക്കു കേവലം അമ്പതില്‍ കുറഞ്ഞ ആളുകളെ അഭിമുഖീകരിച്ചു സംസാരിക്കേണ്ട ഗതികേടു വരില്ലായിരുന്നു. പരിപാടി നന്നേ ചെറുതായിരുന്നെങ്കിലും മലബാര്‍ സമരത്തെക്കുറിച്ചു പ്രൌഢവും വിജ്ഞാനപ്രദവുമായ ഒരവതരണം പ്രഫ. ബഹാവുദ്ദീന്റെ വാക്കുകളിലൂടെ കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ ധന്യമായ ഓര്‍മ ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
ഇത്തരം ഓര്‍മ പുതുക്കലുകള്‍ ഒറ്റപ്പെട്ട രീതിയില്‍ ഇപ്പോഴും നടന്നുവരുന്നു. ഇതുപോലും പാടില്ലെന്നു ഗംഗാധരന്‍ പറയുമ്പോള്‍ അദ്ദേഹം എന്തിനുവേണ്ടിയാണു വാല്‍ പൊക്കുന്നത്‌ എന്നു തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.

സാമ്രാജ്യത്വത്തിന്റെ നിഷ്ഠുരതകള്‍ക്കും ജന്‍മിമാരുടെ കൊടും ക്രൂരതകള്‍ക്കും കണ്ണില്‍ ചോരയില്ലായ്മയ്ക്കുമെതിരേ മലബാറിലെ സാധാരണക്കാരില്‍ സാധാരണക്കാരായ കര്‍ഷകര്‍ നടത്തിയ ഐതിഹാസികവും വിപ്ലവാത്മകവുമായ പോരാട്ടമായിരുന്നു മാപ്പിളസമരം. ശാന്തരായി അന്നന്നത്തെ അരിക്കു വകകാണാന്‍ ജന്‍മിമാരുടെ പാടത്തും പറമ്പിലും രാപകല്‍ അധ്വാനിച്ചും എല്ലുമുറിയെ പണിയെടുത്തും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ വഴികാണാതെ വയറുമുറുക്കി കഴിയുകയായിരുന്ന ഒരു വിഭാഗം, നെല്ലിപ്പടിയോളം ക്ഷമിച്ചും സഹിച്ചും ജീവിതം പൊറുപ്പിക്കവെ അവരെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ സര്‍വായുധ വിഭൂഷിതരായ സൈന്യത്തിന്റെ മുമ്പിലേക്കു തെളിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അക്കാലത്തെ ദേശീയപ്രസ്ഥാനത്തിനാണ്‌. ദേശീയപ്രസ്ഥാനം സമ്പന്നന്‍മാരുടെ സിറ്റിങ്ങ്‌ റൂമുകളിലും മേലേക്കിടക്കാരുടെ സായാഹ്ന ചര്‍ച്ചകളിലും പ്രതീകാത്മകമായ നൂല്‍നൂല്‍പ്പിലും നെയ്ത്തിലും ഒതുങ്ങിനില്‍ക്കവെ ഒരു സമൂഹമെന്ന നിലയ്ക്ക്‌ ഒരു പ്രദേശത്തെ ഒന്നുമറിയാത്ത സാധാരണക്കാരെ ഭവിഷ്യത്തുകള്‍ കണക്കിലെടുക്കാതെ ശത്രുവിന്റെ മുമ്പിലേക്കു കൂട്ടത്തോടെ ആട്ടിത്തെളിച്ചത്‌ ആരാണ്‌ എന്ന്‌ ഏവര്‍ക്കുമറിയാം. അതിന്നായവര്‍ എളുപ്പത്തില്‍ ആളിപ്പടരുന്ന മതത്തിന്റെ അടുപ്പില്‍ മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തി. ഇതിനുവേണ്ടി അതിസമര്‍ഥമായി അക്കാലത്തെ ലോകമുസ്്ലിംകളുടെ വ്യഥയായിരുന്ന ഖിലാഫത്ത്‌ പ്രശ്നത്തെ കൂട്ടുപിടിച്ചു. തലേദിവസംവരെ ഖിലാഫത്ത്‌ പുനസ്ഥാപനത്തെയും അതിനുവേണ്ടിയുള്ള പ്രക്ഷോഭത്തെയും തള്ളിപ്പറഞ്ഞ ഗാന്ധിജി പെട്ടെന്നൊരു പ്രഭാതത്തില്‍ ഇതു നല്ല 'തഞ്ചം' എന്നു മനസ്സിലാക്കി ഖിലാഫത്ത്‌ 'ഖാഫില'യെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കി. ഗാന്ധിജി ഈ ഒറ്റ ആവശ്യത്തിനുവേണ്ടിമാത്രം കേരളത്തില്‍ വന്നു. മുസ്്ലിംകളോടു ബ്രിട്ടനെതിരേ ഖുര്‍ആന്‍ അനുശാസിക്കുംവിധം പോരാടാനായിരുന്നു മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന അഹിംസാചാര്യന്റെ അര്‍ഥഗര്‍ഭവും അങ്ങേയറ്റം വിഷലിപ്തവുമായ ആഹ്വാനം. സംഗതി പിടിവിടുകയും ഭൂരിഭാഗം വരുന്ന ഹിന്ദുജന്‍മിമാര്‍ ആക്രമണത്തിന്നു വിധേയരാവുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തിറങ്ങി സമാധാനവും അഹിംസയും പ്രസംഗിച്ചു എന്നതു നേരാണെങ്കിലും പട്ടിണിയും പരിവട്ടവുമായി കഴിയുകയായിരുന്ന മലബാറിലെ മാപ്പിളകുടിയാന്‍മാരെയും അവരുടെ മതനേതാക്കളെയും കൊണ്ടു കറിക്കത്തിയും കുട്ടമ്പൂര്‍ കത്തിയുമായി ഒരു ലോകശക്തിയുമായുള്ള ഏറ്റുമുട്ടലിലേക്ക്‌ ഇറക്കിവിട്ടതിന്റെ സകലവിധ ഉത്തരവാദിത്തങ്ങളും ഗാന്ധിജിക്കും കോണ്‍ഗ്രസ്‌ നേതൃത്വത്തിനുമാണ്‌ എന്ന കാര്യം നിസ്തര്‍ക്കമത്രേ.
ഇത്‌ അനുസ്മരിക്കപ്പെടേണ്ടതില്ലെന്നോ? ചുരുക്കം ചിലരുടെ അപക്വങ്ങളായ പരാമര്‍ശങ്ങളുടെ പേരില്‍ മലബാറിന്റെ ചരിത്രത്തിലെ ഐതിഹാസികമായ പോരാട്ടത്തിന്റെ രക്തലിപികള്‍ കൊണെ്ടഴുതിയ താളുകളെ ആരും കാണാതെ ചീന്തിക്കളയണമെന്നു പറയുന്നവര്‍ മൈസൂര്‍ സുല്‍ത്താന്‍മാരുടെ മലബാര്‍ ആക്രമണവും മലബാര്‍ കലാപവും രാമസിംഹന്‍ വധവുമൊക്കെ ആയുധമാക്കി മതസൌഹൃദം പൂത്തുലയുന്ന ഒരു ഭൂമികയില്‍ വിദ്വേഷത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചു കാവിവസന്തങ്ങള്‍ വിരിയിക്കാന്‍ നനഞ്ഞ വെണ്ണീരില്‍ വര്‍ഷങ്ങളായി ഊതിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയുടെ നേരെ കണ്ണടയ്ക്കുന്നു.
മലബാര്‍ ലഹള ആഘോഷിക്കരുത്‌ എന്നു പറഞ്ഞു സമൂഹത്തില്‍ ചിലരുടെ മൊട്ടത്തലയില്‍ കിഴുക്കുമ്പോള്‍, പ്രസ്തുത ചരിത്രസംഭവത്തെ സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും വളര്‍ത്താനുള്ള തീക്കനലാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ചുരുട്ടിക്കെട്ടിയ കുടുമയിലുമിടേണ്ടതുണ്ട്‌ അല്‍പ്പം ഊക്കോടുകൂടിയുള്ള ഒരു കിഴുക്ക്‌. "ബ്രിട്ടിഷ്‌ ആധിപത്യത്തോടുള്ള വിരോധം കലാപകാരികള്‍ക്ക്‌ ആവേശം നല്‍കിയിരുന്നു എന്നതു ശരിയാണ്‌. പക്ഷേ, ആ വിരോധം പ്രകടിപ്പിക്കുന്നതിനും സ്വാതന്ത്യ്രം നേടാന്‍ ശ്രമിക്കുന്നതിനും മറ്റു മാര്‍ഗങ്ങളുള്ളപ്പോഴാണ്‌ അതിനെല്ലാം തടസ്സമാവുന്ന വിധത്തില്‍ കലാപം നടന്നത്‌"- ഗംഗാധരന്‍ മാഷെപ്പോലെ വിവരവും ചരിത്രബോധവുമുള്ള ഒരാളുടെ തൂലിക ഇത്തരം അസംബന്ധങ്ങള്‍ വിസര്‍ജിക്കുമെന്നു വിശ്വസിക്കാന്‍ അല്‍പ്പം നന്നായി സാഹസപ്പെടണം. ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്രത്തില്‍ നടന്ന ഒരേയൊരു സായുധ കലാപമായിരുന്നോ ശിപായിലഹളയ്ക്കുശേഷം അരങ്ങേറിയ മലബാര്‍ കലാപം?
ചരിത്രപണ്ഡിതനായ
മാഷെ ചരിത്രപുസ്തകങ്ങളുടെ പുറംചട്ടകള്‍പോലും വായിച്ചുതീര്‍ന്നിട്ടില്ലാത്ത ഒരാള്‍ തിരുത്തേണ്ടി വരുന്നതിലും വലിയ സാഹസമെന്തുണ്ട്‌! നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ കളര്‍ചിത്രം പ്രാഥമിക ക്ലാസിലെ പാഠാവലിയില്‍ കണ്ടതിന്റെ ഓര്‍മ എന്നെ ഇന്നുവരെയും വിട്ടുമാറിയിട്ടില്ല. ഗാന്ധിജി അഹിംസാമാര്‍ഗത്തിലൂടെ സ്വാതന്ത്യ്രസമരവുമായി മുന്നേറവെയാണ്‌ ഐ.എന്‍.എ. രൂപീകരിച്ചു പോരാട്ട ഗ്രൂപ്പുകള്‍ക്കു നേതൃത്വം നല്‍കാന്‍ ബോസ്‌ ലോകമാകെ പറന്നുനടന്നത്‌ എന്ന്‌ എന്നെ ഏതോ ഒരു വിവരമില്ലാത്ത സ്കൂള്‍ അധ്യാപകന്‍ പഠിപ്പിച്ചിരിക്കുന്നു. ഈ നേതാജിയെ വീരനായകനാക്കി അദ്ദേഹത്തിന്റെ ജന്‍മദിനവും ചരമദിനവും ഗംഭീരമായി ആഘോഷിക്കുക മാത്രമല്ല, തിരോധാനത്തെ തുടര്‍ന്നു ചിരഞ്ജീവിയായിത്തീര്‍ന്ന അദ്ദേഹത്തെ കണെ്ടത്താന്‍ മാറിമാറിവരുന്ന ഇന്ത്യന്‍ സര്‍ക്കാരുകള്‍ അനേകകോടികള്‍ തുലയ്ക്കുകവരെ പതിവായിരുന്നു സമീപകാലംവരെ.

ചന്ദ്രശേഖര്‍ ആസാദും ഭഗത്സിങ്ങും വക്കം അബ്ദുല്‍ഖാദറുമെല്ലാം അനുസ്മരിക്കപ്പെട്ടത്‌ അവര്‍ ബ്രിട്ടിഷ്‌ രാജ്ഞിക്കു പൂച്ചെണ്ടു സമ്മാനിച്ചതിന്റെ പേരിലല്ല. ഇവരുടെ ഓര്‍മകള്‍ പുതുക്കാന്‍ രാജ്യം വര്‍ഷംതോറും വരിയൊപ്പിച്ചുനിന്നു ദേശീയഗാനം പാടുന്നതും അവരുടെ ധീരകൃത്യങ്ങള്‍ തലമുറകള്‍ക്കു വിപ്ലവത്തിന്റെ ദീപശിഖകളായി കൈമാറുന്നതും അവര്‍ എന്തു ചെയ്തതിന്റെ പേരിലായിരുന്നുവെന്നു ഗംഗാധരന്‍മാഷ്‌ പറഞ്ഞിരിക്കുമോ! എന്തുകൊണ്ടാണു മലബാര്‍ കലാപകാരികള്‍ക്കു സ്വാതന്ത്യ്രം നേടാന്‍ സമാധാനപൂര്‍ണമായ മറ്റു വഴികള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന ഗംഗാധരന്‍ മാഷ്‌ നേതാജിയുടെയും ചന്ദ്രശേഖര്‍ ആസാദിന്റെയും വക്കം അബ്്ദുല്‍ഖാദറിന്റെയും പടങ്ങളും പ്രതിമകളും നീക്കംചെയ്യാനും അവരുടെ അനുസ്മരണയോഗങ്ങളില്‍ ഉരിയാടാനിടയുള്ള പരാമര്‍ശങ്ങളിലെ ഭീകരഭാഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനായി സമൂഹത്തെ ബോധവല്‍ക്കരിക്കാനും ആഖ്യാനമെഴുതാത്തത്‌?
പുന്നപ്ര, വയലാര്‍, വിയ്യൂര്‍, കയ്യൂര്‍ തുടങ്ങിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം നയിച്ച സമരങ്ങളെക്കുറിച്ചും ഇതുതന്നെ പറയാം. ദുരന്തസ്മരണകളല്ലാതെ അവരെന്താണു സമ്മാനിച്ചത്‌? സംഭവത്തിലെ ഇരു കക്ഷികളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരല്ല എന്നതൊഴിച്ചുനിര്‍ത്തിയാല്‍ ഹിംസയുടെ അരങ്ങേറ്റമായിരുന്നില്ലേ അവിടെയൊക്കെയും നടന്നത്‌?
"കലാപംകൊണ്ടു മുസ്ലിംകള്‍ക്കോ ഹിന്ദുക്കള്‍ക്കോ ദേശീയപ്രസ്ഥാനത്തിനോ എന്തെങ്കിലും ഗുണകരമായ ഫലം ഉണ്ടായിട്ടില്ല" എന്ന മാഷുടെ നിരീക്ഷണമാണു യഥാര്‍ഥത്തില്‍ ഏറ്റവും പരിതാപകരം. മാവില്‍ കല്ലെറിയുമ്പോലെയല്ല പോരാട്ടങ്ങള്‍ എന്നറിയാത്ത ആളാണോ പരപ്പനങ്ങാടിക്കാരന്‍ ഗംഗാധരന്‍. 1857ലെ ശിപായിലഹളകൊണ്ടുണ്ടായ ഭയം കാരണമാണോ ബ്രിട്ടന്‍ ഇന്ത്യവിട്ടത്‌? മഹാത്മാഗാന്ധി ഒരുപിടി ഉപ്പെടുത്ത്‌ ഉറക്കെ ഉറക്കെ കാലടികള്‍ എടുത്തുവച്ചു വടിയും കുത്തി ദണ്ഡിയിലേക്കു നടന്നു എന്നുവച്ച്‌ എന്തിനു ബ്രിട്ടിഷ്‌ സിംഹാസനം ബേജാറാവണം? മഹാത്മാഗാന്ധി ഉണ്ണാവ്രതം അനുഷ്ഠിച്ചു ശരീരം ശോഷിക്കുന്നതുകണ്ടു സഹിക്കാനാവാത്തതുകൊണ്ടാണോ മൌണ്ട്‌ ബാറ്റണ്‍ കടലാസും കത്രികയുമെടുത്തു ഭാരതത്തെ വെട്ടിമുറിച്ച്‌ ഇന്ത്യയും പാകിസ്താനുമുണ്ടാക്കി ഒരര്‍ധരാത്രി ബ്രിട്ടന്‍ ഇന്ത്യവിട്ടതായി പ്രഖ്യാപിച്ചത്‌? നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ സേനയെ കണ്ടമ്പരന്നാണോ ബ്രിട്ടിഷ്‌ രാജാവ്‌ ഇന്ത്യയില്‍നിന്നു കെട്ടുകെട്ടിയത്‌? പുന്നപ്ര, വയലാര്‍ കാരണമാണോ രാമസ്വാമി നായ്ക്കര്‍ നാടുനീങ്ങിയത്‌?
പോരാട്ടമാണ്‌ ഒരു ജനതയുടെ ജീവവായു. അക്രമങ്ങള്‍ക്കും അനീതിക്കുമെതിരേ പോരാടുക എന്നത്‌ ഒരു ജനതയില്‍ ജീവന്‍ തുടിച്ചുനില്‍ക്കുന്നു എന്നതിന്റെ ഏറ്റവും മുന്തിയ തെളിവാണ്‌. അനീതിക്കെതിരായ ജനതയുടെ ജന്‍മവാസനയാണു പോരാട്ടം. അതുകൊണ്ടുകൂടിയാണ്‌ രക്തത്തിലെ ഒരുവിഭാഗം അണുക്കള്‍ക്കു ചുവപ്പുവര്‍ണം കൈവന്നത്‌. സാമ്രാജ്യത്വം നാടുനീങ്ങിയിട്ടുണെ്ടങ്കിലും അതിന്റെ ദംഷ്ട്രകള്‍ ഭൂലോകത്തെ പിടിച്ചുകുലുക്കുന്നു ഇപ്പോഴും. രാജ്യങ്ങളെ അതു ചവിട്ടിപ്പറിച്ചു രക്തം കുടിക്കുകയും മാംസഭാഗങ്ങള്‍ തിന്നുതീര്‍ക്കുകയും ചെയ്യുന്നു. ഇതിനെതിരേ ജനമനസ്സുകളെ തൊട്ടുണര്‍ത്താന്‍ അമ്മമാര്‍ കുട്ടികളെ ഒക്കത്തുവച്ച്‌ അമ്പിളിമാമനെ കാണിച്ചുകൊടുത്തതുകൊണ്ടായില്ല. മറിച്ച,്‌ അവര്‍ക്കു ധീരവീരരായ നേതാജിയുടെയും ഭഗത്്്സിങ്ങിന്റെയും വാരിയന്‍കുന്നന്റെയും ആലിമുസ്ല്യാരെയുംപോലെ ധീരന്‍മാരുടെ ഐതിഹാസിക കഥകള്‍തന്നെ പറഞ്ഞുകൊടുക്കണം. അവര്‍ക്കു ഭക്ഷണത്തില്‍ വെണ്ടക്കയോടും വഴുതിനയോടും ഒപ്പം അസ്സല്‍ കൊറ്റനാടിന്റെയും കുട്ടിക്കുറുമ്പന്‍ മൂരിക്കുട്ടന്റെയും മാംസം കൊടുക്കണം. ഗംഗാധരന്‍ മാഷ്ക്കു വേണമെങ്കില്‍ ചെകിടു പൊത്താം. പക്ഷേ, ഞെട്ടരുത്‌. സാമ്രാജ്യത്വത്തെ പാഠംപഠിപ്പിക്കാന്‍ സദുപദേശം മാത്രംപോരാ. നല്ല മുട്ടന്‍വടിയും ആവശ്യമാണ്‌.

ഒ. അബ്ദുല്ല
Thejas Daily

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP