.

മലബാര്‍ കലാപം വായിക്കുമ്പോള്‍ മഞ്ഞക്കണ്ണട വെക്കരുത്

മലബാര്‍ കലാപത്തിന്റെ മുതുകിലടിക്കാന്‍ വര്‍ഗീയതയുടെ മുണ്ടന്‍വടിയുമായി അവര്‍ വീണ്ടും വരുന്നു. ഇത്തവണ കലാപത്തിന്റെ തൊണ്ണുറാം വാര്‍ഷികമാണ് പ്രകോപനം. മലബാര്‍ കലാപത്തിന്റെ വാര്‍ഷികം ആഘോഷിക്കുകയോ ആചരിക്കുകയോ ആ വഴിക്കു തിരിഞ്ഞു നോക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ, അതു വര്‍ഗീയതക്കു വളം വെക്കുമെന്ന ന്യായമാണ് മനസ്സിലാകാത്തത്. "മലബാര്‍ കലാപം ആഘോഷിക്കരുത്' എന്ന തലക്കെട്ടില്‍ ഡോ. എം. ഗംഗാധരന്‍ എഴുതിയ ലേഖനത്തില്‍ (മാതൃഭൂമി വാരിക; ജൂലൈ 10) ചുറ്റിയാണ് പുതിയ കോലാഹലം. "മലബാര്‍ കലാപം 192122' എന്ന വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ പണ്ഡിതനാണ് ഗംഗാധരന്‍ മാഷ്. അതുകൊണ്ട് അദ്ദേഹത്തിനു പറയാന്‍ അര്‍ഹതയുണ്ട്. പതിനായിരക്കണക്കിനു ഇന്ത്യക്കാര്‍ ജീവന്‍ വെടിഞ്ഞ്, കുടുംബം ത്യജിച്ച് മലബാറില്‍ രാജ്യസ്വാതന്ത്രyത്തിനായി നടത്തിയ പോരാട്ടത്തെ കുടില രാഷ്ട്രീയ ചിന്തകളാല്‍ വര്‍ഗീയ കലാപമായും കര്‍ഷകരുടെ "കൂലി'ത്തല്ലായും ചുരുട്ടിക്കൂട്ടിയ ചരിത്രകാരന്‍മാരുണ്ട്. അക്കൂട്ടത്തില്‍പെടാതെ, അതിമഹത്തായ ജീവത്യാഗങ്ങളുടെ ആ വിപ്ലവത്തെ ദേശീയ ചരിത്രത്തിന്റെ മുഖ്യധാരയില്‍ പ്രാധാന്യപൂര്‍വം അവതരിപ്പിച്ചു എന്ന സ്ഥാനമുണ്ട് ഡോ. എം. ഗംഗാധരന്.
പക്ഷേ, മലബാര്‍ കലാപത്തെ വര്‍ഗീയമായേ കാണാനാവൂ എന്നു ശഠിക്കുന്നവര്‍ക്ക് ഉദ്ദേശ്യം വേറെയാണ്. ഭരണകൂടവുമായും സൈന്യവുമായും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടുള്ള കലാപാന്തരീക്ഷം സമൂഹത്തില്‍ ദുരിതം വിതക്കുമെന്നുറപ്പാണ്. പ്രായ, മതഭേദമില്ലാതെ മനുഷ്യര്‍ അതിനിരയാവുകയും ചെയ്യും.
ഡോ. ഗംഗാധരന്‍ പറയുന്നു: "കലാപം ശക്തിയില്‍ നടന്ന ആറു മാസക്കാലം അത് നടന്ന പ്രദേശങ്ങളിലെ മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും ജീവിതം ദുരിതമയമായിത്തീര്‍ന്നു. പതിനായിരത്തിലേറെ മാപ്പിളമാര്‍ വധിക്കപ്പെട്ടു. അത്രതന്നെ പേരെ തടവിലാക്കുകയും നാടുകടത്തുകയും ചെയ്തു. ഹിന്ദുക്കള്‍ പലരും വധിക്കപ്പെടുകയും ദ്രോഹങ്ങള്‍ അനുഭവിക്കുകയും ചെയ്തു..... അവിഭക്ത ഇന്ത്യയിലെ വടക്കന്‍ പ്രവിശ്യകളിലെ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ വളരെയധികം അകല്‍ച്ചയുണ്ടാവാന്‍ കലാപം (മലബാര്‍) കാരണമായിട്ടുണ്ട്. മുസ്ലിംകള്‍ ഹിന്ദുക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്ന പ്രചാരണം മഹാരാഷ്ട്രയിലും മറ്റുമുണ്ടായി. ചില ഹിന്ദു പത്രങ്ങള്‍ പ്രതികാരത്തിനു വേണ്ടി മുറവിളി കൂട്ടിയിരുന്നു. മലബാറിലെ ഹിന്ദു കുടുംബങ്ങള്‍ കലാപകാലത്തനുഭവിച്ച കഷ്ടപ്പാടുകള്‍ വിവരിച്ചു കൊണ്ടുള്ള ലഘുലേഖകള്‍ ഉത്തരേന്ത്യയില്‍ പ്രചരിച്ചു. അതോടൊപ്പം മലബാറിലെ മുസ്ലിംകള്‍ പട്ടാളത്താലും പോലീസുകാരാലും അവരെ സഹായിക്കുന്ന ചില ഹിന്ദുക്കളാലും പീഡിപ്പിക്കപ്പെടുകയാണെന്ന പ്രചാരണവും ഉത്തരേന്ത്യയില്‍ നടന്നു. താമസിയാതെ വടക്കേയിന്ത്യയില്‍ ഇരു സമുദായങ്ങളുടെയും വികാരങ്ങള്‍ ആളിക്കത്തി. ""എല്ലായിടങ്ങളിലും, തെരുവുകളിലും പൊതുനിരത്തുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമെല്ലാം നിസ്സാര കാര്യങ്ങളുടെ പേരില്‍ ഇരുസമുദായങ്ങളും കലഹിക്കാന്‍ തുടങ്ങി'' എന്ന് അബ്ദുല്‍ഹമീദ് എഴുതി. 1922 മുതല്‍ പത്തു വര്‍ഷത്തോളം ഹിന്ദു മുസ്ലിം സംഘട്ടനങ്ങള്‍ നടന്നു. അക്കാലത്ത് ""ആരോപണ പ്രത്യാരോപണങ്ങളുടെ ദൂഷിതവലയം രൂപപ്പെടുകയും അതു സൃഷ്ടിച്ച ചൂടില്‍ ഹിന്ദു മുസ്ലിം എെക്യത്തിന്റെ ഇളംചെടി വാടാന്‍ തുടങ്ങുകയും ചെയ്തു'' എന്ന് പ്രശസ്ത ചരിത്രകാരി ജൂഡിത്ത് ബ്രൗണ്‍ എഴുതി....ഇത്രയും ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കിയതും യാതൊരു ഗുണഫലവും എടുത്തുപറയാനില്ലാത്തതുമായിരുന്നു 1921 ലെ കലാപം''. (മാതൃഭൂമി വാരിക).
മലബാറില്‍ നിന്നു ആയിരക്കണക്കിനു കിലോമീറ്ററുകള്‍ക്കപ്പുറം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ആരെല്ലാമോ പ്രചരിപ്പിച്ച കെട്ടുകഥകളുടെ ബലത്തില്‍ മലയാളക്കരയിലെ ഈ സ്വാതന്ത്രy സമരം അവിടെ തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ പിന്നീടാരും അത് ഓര്‍മിക്കേണ്ടതില്ലെന്നു പറയുന്നത് ഒരല്‍പം കടന്ന കയ്യാണ്.
മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷുകാരും തദ്ദേശീയരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറുപക്ഷം ചേര്‍ന്നവരും ഒറ്റുകാരുമെല്ലാം മതവും ജാതിയും നോക്കാതെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അത് ആ യുദ്ധത്തിന്റെ നിയമമായിരുന്നു. 1921 ഒക്ടോബര്‍ 25ന് മലപ്പുറം മേല്‍മുറിയില്‍ ബ്രിട്ടീഷ് പട്ടാളം വന്ന് വീടുകളില്‍ കയറി 246 പേരെ വെടിവെച്ചു കൊന്നു. അതില്‍ പട്ടിക ജാതിക്കാരുള്‍പ്പെടെയുള്ള നിരവധി ഹൈന്ദവ സഹോദരന്‍മാരുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് ആറു മാസക്കാലമെങ്കിലും ഇന്ത്യക്കാരുടെ ഭരണം സ്ഥാപിച്ച മലബാര്‍ കലാപത്തിന്, നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെയും മതം നോക്കിയുള്ള മനുഷ്യക്കുരുതിയുടെയും ഭീകര മുഖം നല്‍കേണ്ടത് ബ്രിട്ടന്റെ ആവശ്യമായിരുന്നു. ജനങ്ങളെ തമ്മിലകറ്റി സ്വാതന്ത്രy പോരാട്ടങ്ങളുടെ വീര്യം കെടുത്താന്‍ അതത്യാവശ്യവുമായിരുന്നു.
"ചരിത്രം' എഴുതുന്നതും വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും അതിനനുവാദം നല്‍കുന്നതും മുഖ്യമായും സര്‍ക്കാരും അതിന്റെ ഏജന്റുമാരുമായിരുന്ന ഇരുണ്ട യുഗത്തില്‍, സ്വോധിപത്യത്തിന്റെ താഴ്വരയില്‍ ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭങ്ങളെ ഏത് മര്യാദ ഭരണകൂടവും എങ്ങനെ നേരിടുമെന്ന് ഊഹിക്കാനാവും. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയെങ്ങും കലാപങ്ങള്‍ പലതുമുണ്ടായിട്ടും "1921'ലെ പൂക്കോട്ടൂര്‍ പോരാട്ടമാണ് യുദ്ധം എന്ന് സര്‍ക്കാര്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തിയത്. എഴുപത്തി രണ്ടാളുകളെ കൂട്ടത്തോടെ ശ്വാസം മുട്ടിച്ചുകൊന്ന സര്‍ക്കാരിന്റെ കിരാത നടപടിയായ വാഗണ്‍ ട്രാജഡിയും മലബാര്‍ കലാപത്തില്‍ തന്നെ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അത്രയ്ക്കും ഉള്‍ക്കിടിലമുണ്ടാക്കിയ സമരചരിത്രത്തെ വര്‍ഗീയ വിഷം പുരട്ടി പ്രചരിപ്പിക്കുമെന്നുറപ്പാണ്. അതിന്റെ സ്വാധീനം കേരളത്തിലുമുണ്ടായതിന് മലയാള സാഹിത്യം തന്നെ സാക്ഷി പറയും.
തിരുവിതാംകൂറില്‍ വസിച്ച മഹാകവി കുമാനാശാന്റെ "ദുരവസ്ഥ'യില്‍ മലബാര്‍ കലാപത്തിന്റെ സ്വയം കല്‍പിത "വര്‍ഗീയ' മുഖം വായിച്ചെടുക്കാന്‍ പറ്റിയിരുന്നു. "ക്രൂര മുഹമ്മദര്‍ ചിന്തിയ ഹൈന്ദവച്ചോരയാല്‍ ചോന്നൊഴും ഏറനാടും' "അള്ളാ, മതത്തില്‍ പിടിച്ചുചേര്‍ക്കലും' "ഈ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ' എന്ന ചോദ്യവുമെല്ലാം ആരുടെയൊക്കെയോ ആശ പോലെ ആശാന്‍ വരച്ചുവെച്ചു. വെയില്‍സ് രാജകുമാരനില്‍ നിന്നും പട്ടും വളയും കിട്ടിയ മലയാള മഹാകവിയും കുമാരനാശാന്‍ തന്നെയെന്നത് മറന്നുകൂടാ.
കലാപത്തിന്റെ അടുപ്പില്‍ ചുട്ടെടുത്ത കള്ളക്കഥകളുടെ പോക്ക് എങ്ങോട്ടാണെന്ന് പൊന്നാനിക്കാരനായ കലാപഭൂമിയുടെ ഹൃദയത്തില്‍ ജീവിച്ച "ഉറൂബ്' എന്ന മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ പി.സി. കുട്ടികൃഷ്ണന്‍ തന്റെ വിഖ്യാതമായ നോവലില്‍ ആ കഥ പോലെതന്നെ പറഞ്ഞു.
""ഒരു നാള്‍ ഉച്ചയ്ക്ക് അവള്‍ തെക്കിനിത്തറയില്‍ ചിന്താശൂന്യയായിരിക്കുകയാണ്. പെട്ടെന്ന് കാരണവര്‍ കിതച്ചുകൊണ്ടു ചവിട്ടിക്കയറി വന്നു വിളിച്ചു: ""കുഞ്ചികുട്ടീ!''
""ഉം?''
""അവരതാ വരണു!''
""ആര്?''
""ഖിലാഫത്തുകാര്?''
""ആര്?''
""ലഹളക്കാരേയ്. ഇല്ലത്തെ പത്തായപ്പുരയിലേക്കു വന്നു തുടങ്ങിയെന്നോ വന്നുവെന്നോ ഒക്കെ കേട്ടു''
ലഹളയെ സംബന്ധിച്ച് എമ്പാടും കഥകള്‍ നാട്ടുമ്പുറങ്ങളില്‍ പ്രചരിച്ചിരുന്നു. കുളക്കടവുകളിലും അമ്പലമുറ്റത്തും മുക്കുപെരുവഴികളിലും അതു ചര്‍ച്ചാ വിഷയമായിട്ടുണ്ട്. കൊലയുടെയും കൊള്ളയുടെയും തോലുരിയലിന്റെയും കഥകളാണ് പ്രചരിപ്പിച്ചിരുന്നത്. മുന്നൂറ്റിച്ചില്വാനം ഹിന്ദു സ്ത്രീകളില്‍ നിന്നായി അറുനൂറില്‍ പരം മുലകള്‍ ചെത്തിയെടുത്തതായി ഒരു കഥ പ്രചരിച്ചു. അവ വഴിപാടുചിരട്ട കൂട്ടിയിട്ട പോലെ കൂട്ടിയിട്ടിരിക്കുകയാണ്. പിന്നെ എണ്ണൂറ്റിച്ചില്വാനം മൂക്കരിഞ്ഞ കഥയാണ് പ്രചരിച്ചത്. മൂക്കുകള്‍ നഷ്ടപ്പെട്ടത് പുരുഷന്‍മാര്‍ക്കാണ്.
""കൊണ്ടോട്ടി അങ്ങാടീല് മനുഷ്യത്തോല് കൊണ്ടാണത്രെ ചെരുപ്പുണ്ടാക്കുന്നത്!'' കുളക്കടവില്‍ വെച്ച് ഒരാള്‍ പറയുന്നത് കേട്ടു.
""നേരോ?'' വേറൊരാള്‍ അത്ഭുതപ്പെട്ടു.
""പിന്നെ പൂക്കോട്ടൂരൊക്കെ അവര് പിടിച്ചടക്കിയത്രേ. അമ്പലമൊക്കെ നിസ്കാരപ്പള്ളിയാക്കി മാറ്റി!''
""എന്റെ ഈശ്വരന്‍മാരേ!''
""ശരാശരാന്ന് ആളുകളെ പിടിച്ചു മാര്‍ഗം കൂട്ടുന്നുണ്ടത്രേ''
""സര്‍ക്കാര്‍ ഇതു നോക്കി നില്‍ക്കാണോ?''
""യുദ്ധം നടക്കുന്നുണ്ടത്രേ. ഇന്നലെ അയ്യപ്പന്‍ നായര് ചന്തയില്‍ നിന്നു വന്നപ്പോ എന്തൊക്കെ കഥയാ പറഞ്ഞത്!''
""കലി വന്നു.''
""കലി മുഴുത്തു''
""ചേലക്കലാപം പോലെ തന്നെ'' ഒരാള്‍ തന്റെ ചരിത്രബോധം വെളിപ്പെടുത്തി.
""എന്തിനാ ഇവര് പുറപ്പെടുന്നത്?''
""രാജ്യം പിടിക്കാനും കൊള്ളയടിക്കാനും''
""മാര്‍ഗം കൂട്ടുന്നതോ?''
""അവരൊക്കെ മാപ്പിളമാരല്ലേ?''
""ഗാന്ധീം മാപ്പിളയാ?''
""പിന്നല്ലേ! അപ്പുക്കുട്ടന്‍ ഇന്നാള് അയാളുടെ ചിത്രം കാട്ടിത്തന്നു. തലമൊട്ടയടിച്ച് തൊപ്പിയും വച്ചിട്ടുണ്ട്.''
""എന്റെ തേവരേ അവിടുന്നെന്നെ കാത്തോളണേ!'' (സുന്ദരികളും സുന്ദരന്‍മാരും ഉറൂബ്)

കെട്ടുകഥകള്‍ക്കും മുന്‍വിധികള്‍ക്കും മനസ്സിലിടം നല്‍കാതെ സമീപിച്ചാല്‍ മലബാര്‍ കലാപത്തെ സംബന്ധിച്ച സ്മരണകള്‍ മതമൈത്രിക്ക് ഊര്‍ജ്ജം പകരുന്നവയാണെന്നു ബോധ്യപ്പെടും. ജനാധിപത്യത്തിലെ ആധുനിക സമരമാര്‍ഗമായ ഏകദിന ഹര്‍ത്താലിനിടയില്‍ പോലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുമെന്നിരിക്കെ, ആറു മാസത്തിലേറെ നീണ്ടുനിന്ന ഒരു സായുധ വിപ്ലവകാലത്തെ ഒറ്റപ്പെട്ട സംഗതികള്‍ ഊതിപ്പെരുപ്പിക്കുന്നതിലെന്തു കാര്യം?
താലൂക്ക് വിസ്തൃതി മാത്രമുള്ള ചെറിയൊരു ഭൂപ്രദേശത്തിനകത്ത് കാല്‍ ലക്ഷത്തോളം പേര്‍ വധിക്കപ്പെടുകയും അതിലധികം പേര്‍ നാടുകടത്തപ്പെടുകയും അപ്രത്യക്ഷരാവുകയും ചെയ്ത കലാപമാണ് 1921. അതും നാലര നൂറ്റാണ്ട് കാലം വൈദേശിക ശക്തികളോട് നിരന്തര യുദ്ധത്തിലേര്‍പ്പെട്ടുപോയ നാട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തന്നെ 1792ല്‍ തുടങ്ങി 1922 വരെ നീണ്ടുനിന്നു.
ഭരണം പിടിച്ചെടുക്കാന്‍ വന്നവര്‍ക്കെതിരെ സാമ്രാജ്യം നഷ്ടപ്പെടുന്നവരുടെ പ്രതിരോധം കൂടിയായിരുന്നു ഉത്തരേന്ത്യയിലേത്. ഇന്ത്യക്കാരില്‍ നിന്നു നികുതി വാങ്ങാനും ഇന്ത്യയെ ഭരിക്കാനും വിദേശികള്‍ക്കെന്തവകാശം എന്ന സാധാരണ ജനത്തിന്റെ ചെറുത്ത് നില്‍പായിരുന്നു മലബാറിലുയര്‍ന്നത്. രാജാക്കന്‍മാരുടെ കൂലിപ്പടയാളികളായല്ല, വൈദേശിക ശക്തിക്കെതിരെ സ്വയം യുദ്ധസജ്ജരായി വീരമരണത്തിനൊരുങ്ങി പൊരുതാനിറങ്ങിയവരായിരുന്നു മാപ്പിള സമൂഹം. മലബാര്‍ ജനത.
1921ലെ ഖിലാഫത്ത് സ്വാതന്ത്രy പ്രസ്ഥാനത്തില്‍ വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജി, ആലി മുസ്ലിയാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, കെ.എം. മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, പൊന്‍മാടത്ത് മൊയ്തീന്‍കോയ, ഇ.കെ. മൗലവി, ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍, താനൂരിലെ പരീക്കുട്ടി മുസ്ല്യാര്‍, മലപ്പുറം കുഞ്ഞിതങ്ങള്‍, ഇ. മൊയ്തുമൗലവി, വടക്കുവീട്ടില്‍ മമ്മദ് തുടങ്ങിയ മുസ്ലിം നേതാക്കള്‍ മാത്രമല്ല മുന്നണിയില്‍ നിന്നത്. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും എം.പി. നാരായണമേനോനും കെ. രാമുണ്ണിമേനോനും കെ. മാധവവന്‍നായരും യു. ഗോപാലമേനോനും കെ.പി. കേശവ മേനോനും മാപ്പിള നേതാക്കള്‍ക്കൊപ്പം പല ഘട്ടങ്ങളിലായി തോളുരുമ്മി നിന്നു. മാപ്പിളക്കുടിയാന്‍മാര്‍ക്കു വേണ്ടി തന്റെവക്കീല്‍ പ്രാക്ടീസ് പോലും ഉപേക്ഷിച്ച എം.പി. നാരായണ മേനോന്‍ "മാപ്പിള മേനോന്‍' ആയി അറിയപ്പെട്ടു. 1921ലെ കലാഘട്ടത്തിലുയര്‍ന്നുവന്ന മതഭേദത്തിന്റെ മതിലുകളില്ലാത്ത ആത്മബന്ധത്തിന്റെ അനന്തരമാണ് ഇന്നും മതസൗഹാര്‍ദ്ദത്തിന്റെ ഗാനവീചികളായി മലബാറിലെങ്ങും അലയടിക്കുന്നത്. ഉത്തരേന്ത്യ സ്വാതന്ത്രyാനന്തരവും വര്‍ഗീയ സംഘര്‍ഷ ഭൂമിയായി പുകയുമ്പോള്‍, കലാപാനന്തര മലബാര്‍ ശാന്തസ്വരൂപമായി നില്‍ക്കുന്നതിന്റെ തത്വശാസ്ത്രമാണാരായേണ്ടത്. ഇതില്‍ തന്നെ കലാപത്തിന്റെ കനല്‍ വീണു കത്തിയമര്‍ന്ന ഏറനാട്, വള്ളുവനാട് പൊന്നാനി താലൂക്കുകള്‍ മതസൗഹാര്‍ദ്ദം പൂത്തുലഞ്ഞു നില്‍ക്കുന്ന സ്നേഹതീരമായി ശ്രുതിപ്പെട്ടിരിക്കുന്നു. മലബാര്‍ കലാപത്തിന്റെ കേന്ദ്രഭൂമിയായിരുന്ന മലപ്പുറം മണ്ണില്‍ ഒരു വര്‍ഗീയ ലഹളക്കും വേദിയായിട്ടില്ല. ഒരു ഭീകരവാദിയും ഇവിടെ നിന്ന് പിടിക്കപ്പെട്ടുമില്ല. കേരളത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള കോവിലകങ്ങളും ക്ഷേത്രങ്ങളും പൂര്‍വപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഭൂവിഭാഗം നോക്കിയാലറിയാം മലബാര്‍ കലാപം മതവിശ്വാസത്തിനും ദേവാലയങ്ങള്‍ക്കും കാവലായി നിലകൊണ്ടു എന്ന്. മലബാര്‍ കലാപം അതിന്റെ മണ്ണില്‍ മതമൈത്രിയുടെ വിത്തുകള്‍ വിതച്ചാണ് ചരിത്രത്തിലേക്കു കയറിയതെന്നു വായിക്കാന്‍ ആ മഞ്ഞക്കണ്ണടയൊന്നു മാറ്റിവെച്ചാല്‍ മതി. അധികവായനക്ക് അന്നത്തെ മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ടും കലാപത്തിലെ നരമേധത്തിന്റെ നായകനുമായ ഹിച്ച് കോക്കിന്റെ രേഖകളും കിട്ടും. "കലാപം സംഘടിപ്പിക്കുന്നതില്‍ ചില ഹിന്ദുക്കള്‍ക്കും പങ്കുണ്ടായിരുന്നുവെന്നും എത്രയോ മാപ്പിളമാര്‍ കലാപത്തില്‍ പങ്കില്ലാത്തവരായുണ്ടെന്നുമുള്ള' നേര്‍രേഖ.
ബ്രിട്ടീഷുകാര്‍ക്ക് തുണനിന്ന ആനക്കയത്തെ അധികാരി ചേക്കുട്ടിയുടെ തലയറുത്ത് കുന്തത്തില്‍ നാട്ടി മഞ്ചേരി ടൗണില്‍ വാരിയങ്കുന്നന്‍ നടത്തിയ പ്രസംഗവും തിരൂരങ്ങാടിയില്‍ ബ്രിട്ടീഷ് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീന്റെ മയ്യിത്ത് മറവ് ചെയ്യാന്‍ ആളില്ലാതെ ചീഞ്ഞളിഞ്ഞു കിടന്നതും രാജ്യത്തിനു വേണ്ടി മതം നോക്കാതെ "പണി' കൊടുത്ത മലബാര്‍ കലാപത്തിന്റെ കാഴ്ചകളാണ്.
""ജന്മിമാരുടെയും ബ്രാഹ്മണാധിപത്യത്തിന്റെയും ഉദ്യോഗസ്ഥ പ്രമാണിമാരുടെ പോലും ഹുങ്ക് കലാപത്തോടെ കുറഞ്ഞിരുന്നു എന്നതും, ക്രമത്തില്‍ ജാതിവ്യവസ്ഥയുടെ ഉച്ചനീചഘടനയ്ക്കെതിരെയുള്ള പ്രസ്ഥാനങ്ങളാരംഭിച്ചതും'' മലബാര്‍ കലാപത്തിന്റെ ഫലമായിരുന്നുവെന്ന് മാപ്പിള പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ ഡോ. എം. ഗംഗാധരന്‍ എഴുതിയിട്ടുണ്ട്.

CP Saidalavi
Chandrika News

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP