മലബാര്‍ ലഹളയുടെ ശേഷിപ്പായി കാക്കത്തോട് പാലം

ചെര്‍പ്പുളശേരി: സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മലബാറിനെ ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തിയ മലബാര്‍ ലഹളയുടെ ശേഷിപ്പായി ഇന്നും നിലനില്‍ക്കുകയാണ് കച്ചേരിപ്പടിയിലെ കാക്കത്തോട് പാലത്തിന്റെ അവശിഷ്ടങ്ങള്‍ . കാക്കത്തോട് പാലത്തോടൊപ്പം ചെര്‍പ്പുളശേരിയിലെ ജനത ഓര്‍ക്കുകയാണ് സ്വാതന്ത്ര്യ സമരസേനാനിയായ മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെയും. ഖിലാഫത്ത് പ്രസ്ഥാനം മലബാര്‍ലഹളയായി മാറിയത് 1921ലായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ കോണ്‍ഗ്രസും ഖിലാഫത്തും ഒന്നിച്ച് പോരാടിയ കാലമായിരുന്നു അത്. ഖിലാഫത്തിന്റെ ആദ്യസമ്മേളനം ഒറ്റപ്പാലത്താണ് നടന്നത്. ചെര്‍പ്പുളശേരിയില്‍ മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനായിരുന്നു നേതൃത്വം. 1921 ആഗസ്ത് ഒന്നിന് ലോകമാന്യതിലകന്റെ ഒന്നാം ചരമവാര്‍ഷികത്തിന് അമ്പലപ്പറമ്പില്‍ അനുസ്മരണസമ്മേളനം നടന്നു. ജാതിമതഭേദമന്യേ നൂറുക്കണക്കിനാളുകള്‍ ഒത്തുകൂടി. ഇത് തടയാന്‍ പ്രമാണിമാരും പൊലീസും ഗൂഡാലോചന നടത്തി. എന്നാല്‍ ഇത് മോഴിക്കുന്നം വിഫലമാക്കിയത് ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി. ഒറ്റപ്പാലത്ത് നടന്ന എഐസിസി സമ്മേളനത്തെത്തുടര്‍ന്നാണ് ബ്രിട്ടീഷ്വിരുദ്ധ പോരാട്ടത്തിന് പുതിയ മുഖം കൈവന്നത്. മലബാറില്‍ തുടങ്ങിയ സായുധപോരാട്ടം വള്ളുവനാട്ടിലും പടര്‍ന്നു. പലയിടത്തും കൂട്ടക്കൊല, കവര്‍ച്ച, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ നടന്നു.1921 ആഗസ്ത് 23ന് പെരിന്തല്‍മണ്ണയിലൂടെ കടന്ന് തൂതപ്പുഴവഴി ചെര്‍പ്പുളശേരിയിലുമെത്തി. സായുധ കലാപം നിര്‍ത്താന്‍ മോഴിക്കുന്നം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കച്ചേരിക്കുന്ന് പൊലീസ് സ്റ്റേഷനും ഹജൂര്‍കച്ചേരിയും കലാപകാരികള്‍ പിടിച്ചടക്കി. പട്ടാളത്തിന്റെ വരവ് തടയാന്‍ കച്ചേരിക്കുന്നിലെ കാക്കത്തോട് പാലം കലാപകാരികള്‍ പൊളിച്ചു. പിന്നിട് എല്ലാ അക്രമങ്ങളും മോഴിക്കുന്നത്തിന്റെ തലയില്‍കെട്ടിവച്ചു. മഹാരാജാവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കാക്കത്തോട് പാലം പൊളിച്ചു, പട്ടാളത്തിന്റെ വഴിതടഞ്ഞു, നിയമവിരുദ്ധമായി സംഘംചേര്‍ന്നു തുടങ്ങിയ കുറ്റങ്ങളും ചുമത്തി. 1921 സെപ്തംബര്‍ 21ന് ബ്രിട്ടീഷ് ഭരണകൂടം നേതാക്കളെ വേട്ടയാടാന്‍ തുടങ്ങി. ഖിലാഫത്ത് നേതാക്കളെ അന്ന് പുലര്‍ച്ചെതന്നെ വീടുകളില്‍നിന്ന് പിടികൂടിയിരുന്നു.മോഴിക്കുന്നത്തെ മനയില്‍നിന്ന് പിടികൂടി പട്ടാളം തമ്പടിച്ചിരുന്ന കാറല്‍മണ്ണയിലെ ചെട്ടാത്തിപറമ്പിലേക്ക് കൊണ്ടുപോയി. അവിടെ ക്രൂരമായി മര്‍ദ്ദിച്ചശേഷം മറ്റ് തടവുകാരെയും കൂട്ടിക്കെട്ടി കുതിരയുടെ പിന്നില്‍കെട്ടിവലിച്ച് വാണിയംകുളം ചന്തയിലൂടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോഴിക്കുന്നത്തോടൊപ്പം അന്നത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ടി എ കേശവന്‍നായര്‍ , ശങ്കരന്‍ എന്നിവരുമുണ്ടായിരുന്നു. വിചാരണക്ക് ശേഷം മോഴിക്കുന്നത്തെ ജിവപര്യന്തം തടവിന് ശിക്ഷിച്ച് ബല്ലാരി ജയിലില്‍ അടച്ചു. പിന്നീട് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍നല്‍കിയതിനെതുടര്‍ന്ന് 1922 നവംബര്‍ ഒന്നിന് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. ഇ എം എസിന്റ നേതൃത്വത്തില്‍ വീണ്ടും മോഴിക്കുന്നം ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി. വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിലും പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്ശേഷം കോണ്‍ഗ്രസ് അധികാരത്തിന് പിറകേ പോയെങ്കിലും മോഴിക്കുന്നം അതിലൊന്നും ശ്രദ്ധിച്ചില്ല. മോഴിക്കുന്നത്തിനെതിരെ ബ്രിട്ടീഷ് ഭരണകൂടം ഗൂഢാലോചനകുറ്റം ചുമത്തിയതിന്റെയും സ്വാതന്ത്ര്യ പോരാട്ടത്തിന് മൂകമായി സാക്ഷ്യം വഹിച്ച കാക്കത്തോട് പാലത്തിന്റെ അവശേഷിപ്പിനും 90-ാം വാര്‍ഷികമാണ്.

News @ Seshabhimani
14-Aug-2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal