വെളിയങ്കോട്‌ ഉമര്‍ ഖാദി

പ്രതിഭയും പോരാട്ടവും -വെളിയങ്കോട്‌ ഉമര്‍ ഖാദി-
കാലം, കാല്‍പാടുകള്‍ -14-പി എം എ ഗഫൂര്‍
കടപ്പാട് :ശബാബ് വീക്ക്‍ലി

ജീവിതരേഖ
1765ല്‍ ജനനം. പൊന്നാനിക്കു സമീപം വെളിയങ്കോട്‌ ഖാദിയായിരുന്ന ആലി മുസ്‌ലിയാര്‍ പിതാവും കാക്കത്തറ ആമിന മാതാവും. പിതാവില്‍ നിന്ന്‌ പഠനാരംഭം. എട്ടാം വയസ്സില്‍ ഉമ്മയും പത്താം വയസ്സില്‍ ഉപ്പയും നഷ്‌ടപ്പെട്ടു. പതിനൊന്നാം വയസ്സില്‍ താനൂര്‍ ദര്‍സില്‍ ചേര്‍ന്നു. പൊന്നാനി മഖ്‌ദൂം കുടുംബത്തിലെ രുന്നം വിട്ടില്‍ അഹ്‌മദ്‌ മുസ്‌ലിയാരായിരുന്നു അവിടെ ഗുരു. താനൂരില്‍ പഠിക്കുന്ന കാലം തൊട്ടേ കവിതകളെഴുതി. പൊന്നാനിയിലായിരുന്നു തുടര്‍പഠനം. ജലാലൈനി, തുഹ്‌ഫ, ശര്‍ഹുല്‍ ഹികം, ഇഹ്‌യാ ഉലുമിദ്ദീന്‍, മിന്‍ഹാജുല്‍ ആബിദീന്‍, മഹല്ലി, ഫത്‌ഹുല്‍ മുഈന്‍ എന്നിവ പഠിച്ചു.

പൊന്നാനിയിലെ ഗുരുനാഥന്‍ മമ്മിക്കുട്ടി ഖാദിയുടെ ശിക്ഷണം ഉമര്‍ ഖാദിയുടെ ആത്മീയ വളര്‍ച്ചയില്‍ നിര്‍ണായകമായി. മമ്പുറം സയ്യിദ്‌ അലവി തങ്ങളുടെ സൗഹൃദത്തിലൂടെയും ശിക്ഷണത്തിലൂടെയും ആ വികാസത്തിന്‌ ശക്തികൂടി. മമ്മിക്കുട്ടി ഖാദി തിരൂരങ്ങാടിയിലെയും കൊണ്ടോട്ടിയിലെയും ഖാദിയായിരുന്നു. കൊണ്ടോട്ടി പഴയങ്ങാടി പള്ളിയില്‍ അദ്ദേഹത്തിന്റെ കവിതകള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മാലിക്‌ബ്‌നു ദീനാറിന്റെ കാലത്ത്‌ ചാലിയത്തുവെച്ച്‌ ഇസ്‌ലാം സ്വീകരിച്ച ഹസന്‍ താബി, വെളിയങ്കോട്‌ ഉമര്‍ഖാദിയുടെ പിതാമഹന്റെ പിതാവാണ്‌.
മമ്മിക്കുട്ടി ഖാദിയുടെ സമ്പര്‍ക്കമാണ്‌ ഉമര്‍ഖാദിയുടെ വ്യക്തിത്വവികാസത്തില്‍ പ്രധാന പങ്കുവഹിച്ചത്‌.

സര്‍വാംഗീകൃതനായ പണ്ഡിതനായിരുന്നു മമ്മിക്കുട്ടി ഖാദി. അമുസ്‌ലിം രാജാക്കന്മാര്‍ പോലും അദ്ദേഹത്തിന്‌ വലിയ പാരിതോഷികങ്ങള്‍ നല്‌കിയിരുന്നു. ഉമര്‍ ഖാദിയുടെ പ്രതിഭയും ബുദ്ധിശക്തിയും ഗുരുവര്യന്‍ അന്നേ തിരിച്ചറിഞ്ഞു. ഗുരുവിന്റെ ലൈബ്രറിയിലെ മഹാ ഗ്രന്ഥങ്ങളെല്ലാം ശിഷ്യന്‍ വായിച്ചുതീര്‍ക്കുക മാത്രമല്ല, അന്ത്യഘട്ടത്തില്‍ ഗുരുവിനെ ശുശ്രൂഷിക്കുകയും ഹൃദയാകര്‍ഷകമായ വിലാപ കാവ്യത്തിലൂടെ സ്‌നേഹഗുരുവിന്റെ സ്‌മരണ സൂക്ഷിക്കുകയും ചെയ്‌തു.
പൊന്നാനിയിലെ മുസ്‌ലിംകള്‍ക്കിടയില്‍ അന്നുണ്ടായിരുന്ന മിഥ്യാഭിമാനങ്ങളെ ഉമര്‍ ഖാദി നിശിതമായി വിമര്‍ശിച്ചു. സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളുടെ ആരംഭം അങ്ങനെയായിരുന്നു. നാട്ടുപ്രമാണികള്‍ക്ക്‌ അരുചികരമായ വരികള്‍ എഴുതിയതോടെ ഉമര്‍ഖാദി അവരുടെ പ്രതിപക്ഷത്തായി. പിന്നീട്‌ വിഖ്യാതമായിത്തീര്‍ന്ന ആ വരികള്‍:
അയാ ഫാഖിറന്‍ബിന്നസബി
കൈഫത്തഫാഖിറു
വഅസ്‌ലൂകുമൂ-മിന്‍ഖബ്‌ലു-തിയ്യന്‍-വനായരൂ.
വആശാരി മൂശാരി വ മണ്ണാനു പാണനൂ-
വകൊയപ്പാനു ചെട്ടിയും വ നായാടി പറയരും!

``ആഭിജാത്യം നടിക്കുന്നവരേ, നിങ്ങളുടെ തലമുറകളെ നോക്കൂ. അവര്‍ തിയ്യരോ നായരോ ആശാരിയോ മൂശാരിയോ മണ്ണാനോ പാണനോ കുശവനോ ചെട്ടിയോ നായാടിയോ പറയരോ ആണല്ലോ.''
അഗാധമായ ഭക്തിയിലൂടെ കൈവന്ന അസദൃശമായ നിര്‍ഭയത്വമയിരുന്നു ഉമര്‍ ഖാദിയുടെ സവിശേഷത. പ്രതിഭാധന്യമായ ആ ജീവിതം സാമൂഹിക ജാഗരണത്തിന്റെ ഊര്‍ജകേന്ദ്രമായി പ്രശോഭിച്ചു. ഭക്തിയെ സമരോത്സുക ജീവിതത്തിനുള്ള മൂലധനമാക്കിയതാണ്‌ ഉമര്‍ഖാദിയുടെ വൈഭവം.

യുവാവായിരിക്കെ 1804ല്‍ ജന്മനാട്ടിലെ ഖാദിയായിത്തീര്‍ന്ന അദ്ദേഹം കാവ്യങ്ങളിലൂടെ അക്കാലത്തെ മുസ്‌ലിം മനസ്സില്‍ പരിചിതനായി. പിന്നീട്‌ ചേറ്റുവായിലും താനൂരിലും ഖാദിയായിത്തീര്‍ന്നു. ഈ സന്ദര്‍ഭത്തിലാണ്‌, മമ്പുറം സയ്യിദ്‌ അലവി തങ്ങളെക്കുറിച്ചറിയുന്നതും പരിചയപ്പെടുന്നതും. പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാരായിരുന്നു ഉമര്‍ ഖാദിയെ മമ്പുറം തങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌. പൊന്നാനിയില്‍ ഇരുവരും സഹപാഠികളായിരുന്നു. മമ്പുറം തങ്ങളുടെയും ഉമര്‍ഖാദിയുടെയും സൗഹൃദത്തെപ്പറ്റി സര്‍ദാര്‍ അദാലത്ത്‌ കോടതിയിലെ ജഡ്‌ജിയായിരുന്ന സ്‌ട്രെയ്‌ഞ്ച്‌ മദ്രാസ്‌ ഗവര്‍ണര്‍ക്കെഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു: ``മമ്പുറത്തെ അറബി തങ്ങന്മാര്‍ (ഹസന്‍ ജിഫ്‌രിയും സയ്യിദ്‌ അലവി തങ്ങളും) ആദ്യകാലം മുതല്‍ തന്നെ ഇംഗ്ലീഷുകാരുടെ ജന്മവൈരികളാണ്‌. അവര്‍ രണ്ടുപേരും മരിച്ചതിന്‌ ശേഷം, സയ്യിദ്‌ ഫദ്‌ല്‍ പൂക്കോയ തങ്ങള്‍ ശിഷ്യന്മാരായ പല പണ്ഡിതരും മാപ്പിളമാരെ സൈദാക്കന്മാരാക്കാന്‍ (ശഹീദുകള്‍) പ്രേരിപ്പിക്കുന്നുണ്ട്‌. പുതിയങ്ങാടി തങ്ങള്‍, പാണക്കാട്‌ ഹുസൈന്‍ തങ്ങള്‍, വെളിയങ്കോട്‌ ഉമര്‍ മുസ്‌ലിയാര്‍, മരക്കാരകത്ത്‌ അവുക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്‌.'' (മാപ്പിള കലഹങ്ങള്‍, 1902 ലെ മദ്രാസ്‌ രേഖ, പേജ്‌ 166)
സര്‍വാംഗീകൃതനായ വൈദ്യന്‍ കൂടിയായിരുന്നു ഉമര്‍ ഖാദി. പ്രവാചക വൈദ്യവും ആയൂര്‍വേദവും സംലയിപ്പിച്ചുള്ള ചികിത്സാപദ്ധതിയായിരുന്നു അദ്ദേഹത്തിന്റേത്‌. ശാരീരികവും മാനസികവുമായ കാരണങ്ങളെ തിരിച്ചറിഞ്ഞ്‌ നടത്തിയ അദ്ദേഹത്തിന്റെ ചികിത്സാരീതി സമൂഹമനസ്സില്‍ അംഗീകരിക്കപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്ന, ആദര്‍ശാധിഷ്‌ഠിത ജീവിതമാണ്‌ മനോ-ശാരീരിക സൗഖ്യത്തിന്റെ മികച്ച വഴിയെന്ന്‌ തന്നെത്തേടിയെത്തുന്ന രോഗികളെ ഉമര്‍ ഖാദി പ്രബോധിപ്പിക്കുകയും ചെയ്‌തു. പില്‍ക്കാലത്ത്‌ വിശദപഠനങ്ങള്‍ നടന്ന ഖുര്‍ആനിന്റെ സമഗ്രാരോഗ്യ വീക്ഷണത്തെ അന്നേ തിരിച്ചറിഞ്ഞ പണ്ഡിതനായിരുന്നു അദ്ദേഹം.

സമകാലീനരായ അനേകം പണ്ഡിതന്മാരുമായി കാവ്യങ്ങളിലൂടെയായിരുന്നു ഉമര്‍ ഖാദിയുടെ സമ്പര്‍ക്കവും ആശയവിനിമയവും. കോഴിക്കോട്‌ ഖാദി മുഹ്‌യിദ്ദീന്‍ ബ്‌നു ഖാദി അലി, കൊച്ചി കൊച്ചങ്ങാടി സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങള്‍ ബുഖാരി, കായല്‍പട്ടണം അബ്‌ദുല്‍ ഖാദിരിയില്‍ ഖാഹിരി, കോഴിക്കോട്‌ ശൈഖ്‌ ഇബ്‌നു മുഹമ്മദില്‍ ജിഫ്‌രി, ചാവക്കാട്‌ ശൈഖ്‌ അഹ്‌മദുല്‍ ബുഖാരി എന്നിവര്‍ അതില്‍ പെടുന്നു. പ്രസിദ്ധരായ അനേകം ശിഷ്യരുമുണ്ട്‌ ഉമര്‍ ഖാദിക്ക്‌. ശൈഖ്‌ സൈനുദ്ദീന്‍, പൊന്നാനി കമ്മുക്കുട്ടി മുസ്‌ലിയാര്‍, ശൈഖ്‌ ഇബ്‌നു നൂറുദ്ദീന്‍ മഅ്‌ബരി, തിരൂരങ്ങാടി ഖാദി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, താനൂര്‍ ഖാദി മുഹമ്മദ്‌ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അവരിലുള്‍പ്പെടുന്നു. മക്തി തങ്ങളുടെ പിതാവ്‌ ഉമര്‍ഖാദിയുടെ ശിഷ്യനായിരുന്നുവെന്ന്‌ പ്രഫ. കെ എം ബഹാവുദ്ദീന്‍ രേഖപ്പെടുത്തുന്നുണ്ട്‌. (കേരള മുസ്‌ലിംകള്‍: ചെറുത്തുനില്‌പിന്റെ ചരിത്രം, പേജ്‌ 166)

നാട്ടില്‍ വ്യാപിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ കൊടുങ്കാറ്റുകണക്കെ ആഞ്ഞടിച്ച ജീവിതമാണ്‌ അദ്ദേഹത്തിന്റേത്‌. പ്രമാദമായ കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കത്തില്‍ പൊന്നാനിപക്ഷത്തിന്റെ പ്രധാന വക്താവായിരുന്നു അദ്ദേഹം. മുരീദുമാരെക്കൊണ്ട്‌ തങ്ങള്‍ക്ക്‌ സുജൂദ്‌ ചെയ്യിക്കുന്ന കൊണ്ടോട്ടി തങ്ങന്മാരുടെ രീതിക്കെതിരെ ഉമര്‍ ഖാദി തുറന്നടിച്ചു. ഇസ്‌ലാംവിരുദ്ധ സമീപനമാണിതെന്ന്‌ പത്തോളം ഫത്‌വാ ഇറക്കുകയും ഒരു കവിതയെഴുതുകയും ചെയ്‌തു. `ആദരവിന്റെ സുജൂദ്‌' എന്ന പേരില്‍ കൊണ്ടോട്ടി പക്ഷക്കാര്‍ക്ക്‌ ന്യായവാദമുണ്ടായിരുന്നെങ്കിലും മറയില്ലാത്ത ശിര്‍ക്ക്‌ ആണെന്ന്‌ ഉമര്‍ ഖാദി ആ സുജൂദിനെ വിശേഷിപ്പിച്ചു.

പ്രാര്‍ഥനയിലും ആരാധനയിലും അല്ലാഹുവിന്‌ പുറമെ മറ്റാരെയും പങ്കുചേര്‍ക്കാനോ അവരില്‍ നിന്ന്‌ സഹായം ആഗ്രഹിക്കാനോ പാടില്ലെന്ന തൗഹീദ്‌ വിശ്വാസത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത പണ്ഡിതനും നേതാവുമായിരുന്നു ഉമര്‍ ഖാദി. കേരളത്തിലാദ്യമായി മഖ്‌ബറ കേന്ദ്രീകരിച്ച്‌ നേര്‍ച്ച നടന്നത്‌ കാഞ്ഞിരപ്പള്ളി ഫരീദ്‌ ഔലിയയുടെ മഖ്‌ബറയിലാണ്‌. ഈ നേര്‍ച്ചയെ അന്ന്‌ ഏറ്റവും ശക്തമായി എതിര്‍ത്തത്‌ ഉമര്‍ ഖാദിയായിരുന്നു. മമ്പുറം സയ്യിദ്‌ അലവി തങ്ങളെക്കുറിച്ചെഴുതിയ വിലാപകാവ്യത്തിലും ഉമര്‍ ഖാദിയുടെ തൗഹീദ്‌ ആദര്‍ശം തുറന്നെഴുതുന്നുണ്ട്‌.
ഹിന്ദുമതത്തിനകത്തെ ഉച്ചനീചത്വങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലും വ്യാപിക്കുന്നതിനെ കരുതലോടെ കണ്ട സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം. ധനാഢ്യരായ മുസ്‌ലിംകള്‍ തറവാട്ടിന്റെ പേരില്‍ അഹങ്കരിച്ചതിനെ തുറന്നെതിര്‍ത്തതിനു പിന്നില്‍ ആ കരുതല്‍ വ്യക്തമാണ്‌. സമത്വം ഉദ്‌ബോധിപ്പിക്കുന്ന ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെ തടയുന്നതോടൊപ്പം, കീഴാളര്‍ക്ക്‌ ഇസ്‌ലാമിലേക്കും അതിലൂടെ വിമോചനത്തിലേക്കുമുള്ള വഴി തടസ്സപ്പെടാതിരിക്കാനുള്ള ദീര്‍ഘദര്‍ശനം കൂടിയായി നമുക്കതിനെ വായിക്കാം.
അദ്ദേഹത്തിന്റെ മഹല്ലില്‍ നിന്ന്‌ ഒരു കേസു പോലും കോടതിയിലെത്തിയിരുന്നില്ല. സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ക്ക്‌ നാനാജാതിക്കാരും ആശ്രയിച്ചത്‌ ഉമര്‍ഖാദിയെയായിരുന്നു. അദ്ദേഹത്തിന്റെ തീര്‍പ്പുകളെ അവര്‍ സന്ദേഹങ്ങളില്ലാതെ സ്വീകരിച്ചു. സിവില്‍ സമൂഹത്തിന്റെ ഈ അംഗീകാരമാകാം പ്രധാനമായും ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണമായിത്തീര്‍ന്നത്‌. സയ്യിദ്‌ അലവി തങ്ങളും ഇതേ കാരണത്താലാണ്‌ ബ്രിട്ടീഷുകാരുടെ പ്രതിപ്പട്ടികയിലെത്തിയത്‌. ഉമര്‍ഖാദിയെയും മമ്പുറം തങ്ങളെയും ഇണക്കിയതിനു പിന്നില്‍ തൗഹീദ്‌ ആദര്‍ശത്തിലും സാമ്രാജ്യത്വ വിരോധത്തിലുമുള്ള ഏകമനസ്സാണ്‌. `സാമ്രാജ്യത്തിനുള്ളിലെ സാമ്രാജ്യം' എന്നാണ്‌ ബ്രിട്ടീഷുകാര്‍ മമ്പുറം തങ്ങളെ അരിശത്തോടെ വിശേഷിപ്പിച്ചത്‌.

രചനകള്‍
ഇമാം ഇബ്‌നുഹജറില്‍ ഹൈഥമിയുടെ തുഹ്‌ഫയെ അവലംബിച്ച്‌ ഉമര്‍ഖാദി എഴുതിയ മഖാസ്വിദുന്നികാഹ്‌ അനിതര രചനയാണ്‌. ഭാഷാനൈപുണ്യവും കര്‍മശാസ്‌ത്ര പാണ്ഡിത്യവും കൊണ്ട്‌ മികവുറ്റ ഈ ഗ്രന്ഥം, ഉമര്‍ഖാദിയുടെ വൈജ്ഞാനിക ജീവിതത്തിന്റെ ഏറ്റവും മികച്ച ഈടുവെപ്പാണ്‌. 1132 വരികളിലെഴുതിയ ഗ്രന്ഥം വൈവാഹിക നിയമ സംഗ്രഹമാണ്‌. ബോംബെയിലെ മീര്‍ഗനി പ്രസ്സില്‍ അച്ചടിച്ച ഈ ഗ്രന്ഥം പുറത്തിറങ്ങിയത്‌ 1814ല്‍ ആണ്‌.
പ്രവാചക കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഫാഇസുദ്ദുറര്‍ 1801ല്‍ പുറത്തിറങ്ങി. പൊന്നാനി, തിരൂരങ്ങാടി, വാളക്കുളം, തലശ്ശേരി ലീത്തോ പ്രസ്സുകളില്‍ നിന്ന്‌ അച്ചടിച്ചു. പള്ളിദര്‍സുകളിലെ സിലബസില്‍ ഉള്‍പ്പെട്ട ഏഴു കിതാബ്‌, ബൈതു കിതാബ്‌ എന്നിവയില്‍ ഉമര്‍ ഖാദിയുടെ ഈ കാവ്യം ഉള്‍പ്പെടുത്തിയിരുന്നു. നൂറ്റി അന്‍പത്‌ വരികളുള്ള കാവ്യത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌. ഇസ്‌ലാമിക ആദര്‍ശമാണ്‌ ഒന്നാം ഭാഗത്തില്‍. വക്രതയില്ലാത്ത ഏകദൈവാരാധനയുടെ പ്രാധാന്യവും അല്ലാഹുവിനെക്കുറിച്ച വിവരണങ്ങളുമാണതില്‍. അക്കാലത്തെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന ഹൈന്ദവ സമാനതകളെ ഉമര്‍ഖാദി തുറന്നുകാണിക്കുന്നു. ചോദ്യങ്ങള്‍ക്കുള്ള മറുപടി രൂപത്തിലെഴുതിയ ഈ കാവ്യത്തില്‍ നിന്ന്‌ ഉമര്‍ഖാദിയുടെ ആദര്‍ശം വ്യക്തമാണ്‌. ഖബ്‌ര്‍ കെട്ടിപ്പടിക്കുന്നതിനെയും മേലാളന്മാരുടെ മുന്നില്‍ തല കുനിക്കുന്നതിനെയും ഖാദി ശക്തിമായി എതിര്‍ത്തതിനു പിന്നിലും അദ്ദേഹത്തിന്റെ ആദര്‍ശമായിരുന്നു. ഇതേ ആദര്‍ശ നിലപാടു പുലര്‍ത്തിയ മമ്പുറം തങ്ങളെയും ഉമര്‍ഖാദിയെയും ആദര്‍ശ വൈകൃതം പുലര്‍ത്തിയ പുത്തനാശയക്കാരാണ്‌ കൂടുതല്‍ കൊണ്ടാടിയതെന്നത്‌ ഏറെ വൈരുധ്യമുള്ള ചരിത്രമാണ്‌. ദൈവാസ്‌തിത്വത്തിന്റെ ഭൗതിക ദൃഷ്‌ടാന്തങ്ങള്‍, ദൈവശക്തിയുടെ പ്രകടനങ്ങള്‍, മൂസാനബിയുടെയും മുഹമ്മദ്‌ നബിയുടെയും അനുഭവങ്ങള്‍, അല്ലാഹുവിന്റെ മാപ്പ്‌, വിധിയുടെ അനിഷേധ്യത, തിന്മകളുടെ പര്യവസാനം എന്നിവ വിഷയത്തിലുള്‍പ്പെടുന്നു. നബി കീര്‍ത്തനമാണ്‌ രണ്ടാം ഭാഗം.
റുക്‌നുല്‍ ഹുദാ വബ്‌ലുന്നദാ വഹുവല്‍ ബദ്‌ര്‍
ബിതമാമിഹി വബിനൂരിഹിസ്‌തഹല്‍ ഖമര്‍
``സന്മാര്‍ഗ സ്‌തംഭമാണദ്ദേഹം, ഉദാരതയ്‌ക്കൊരു പെരുമയും, പൗര്‍ണമിയാണാ ജീവിതം. ഏതു ചന്ദ്രനും തോറ്റുപോകും -ചന്ദ്രരസൗന്ദര്യമാണാ പൂര്‍ണത.''

ബലിയെക്കുറിച്ച്‌ എഴുതിയ ഉസ്വൂലുദ്ദബ്‌ഹ്‌ ആണ്‌ മറ്റൊരു രചന. പുതിയ ജീവിത സാഹചര്യങ്ങളുമായി ഇണങ്ങിത്തുടങ്ങിയ അക്കാലത്തെ മുസ്‌ലിംകളെ, ഇസ്‌ലാമിക ജീവിതക്രമത്തെ സംബന്ധിച്ച്‌ അഭിമാനികളാക്കാനായിരുന്നു ആ സംരംഭം. ഖസ്വീദതുന്‍ ഉമരി ഫീ മദ്‌ഹി ഖൈരില്‍ ബരിയ്യ, ലാഹല്‍ ഹിലാല്‍, ലമ്മാ ളഹറാ, അല്ലഫന്‍ ആസ്വി തുടങ്ങിയ സ്‌തുതി ഗീതങ്ങളും ആ പ്രതിഭയുടെ മികച്ച അടയാളങ്ങളാണ്‌. ഖസ്വീദതുല്‍ ബി അസ്‌മാഇല്‍ ഖര്‍ആന്‍, ഖസ്വീദതുന്‍ ബില്‍ഹുറൂഫില്‍ മുജ്‌മഅ തുടങ്ങി വേറെയും രചനകളുണ്ട്‌. മമ്പുറം സയ്യിദ്‌ അലവി തങ്ങളെ അനുസ്‌മരിച്ചെഴുതിയ കാവ്യം അസാധാരണ പദശൃംഖലയുടെ ആവിഷ്‌കാരമാണ്‌.
കൊങ്ങണം വീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ ഉമര്‍ ഖാദിയുടെ നോട്ടുപുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതില്‍ അപ്രകാശിത രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഉദംത്തുസ്സാലിക്‌ എന്ന പേരില്‍ യുദ്ധായുധങ്ങളുടെ ഒരു ഡിക്‌ഷണറി അതില്‍ ശ്രദ്ധേയമാണ്‌. സകാത്ത്‌ നിര്‍ബന്ധമുള്ള പഴങ്ങളും ധാന്യങ്ങളും വിശദമാക്കുന്ന കവിതയും അതിലുണ്ട്‌.
പോരാട്ടം

ഡോ. കെ എന്‍ പണിക്കര്‍ എഴുതുന്നു: ``മതപരമായ വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഉമര്‍ ഖാദിയുടെ താല്‌പര്യങ്ങള്‍. ബ്രിട്ടീഷുകാരുടെ അമിതമായ നികുതി ചുമത്തലില്‍ രോഷാകുലനായ അദ്ദേഹം നികുതി അടയ്‌ക്കുന്നത്‌ ബഹിഷ്‌കരിക്കാന്‍ കര്‍ഷകരോട്‌ ആഹ്വാനം ചെയ്‌തിരുന്നു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരെ അദ്ദേഹം ഫത്‌വകളിറക്കി. ജനങ്ങളെ ഇളക്കി വിടാനുള്ള തന്ത്രമായിട്ടാണ്‌ ഇതിനെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ കണ്ടത്‌.'' (മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജാവാഴ്‌ചക്കുമെതിരെ, പേജ്‌ 80)

നികുതി നിഷേധത്തിലൂടെ സാമ്രാജ്യശക്തികളെ നേരിട്ട ഉമര്‍ഖാദി ശക്തമായ ബഹുജന പ്രക്ഷോഭത്തിന്റെ മാര്‍ഗമായാണ്‌ അതിനെ സ്വീകരിച്ചത്‌. പക്ഷേ, അദ്ദേഹത്തിന്റെ നികുതി ശിഷ്യനായ മരക്കാര്‍ രഹസ്യമായി അടച്ചുകൊണ്ടിരുന്നു. അയാള്‍ ബ്രിട്ടീഷുദ്യോഗസ്ഥര്‍ക്കെഴുതി: ``ഉമര്‍ ഖാദി വലിയ നികുതി നില്‌കുകയില്ലെന്ന്‌ ഉറച്ച സ്വരത്തില്‍ പയുന്നു. അല്ലാഹുവിന്റെ ഭൂമിക്ക്‌ കരം ചുമത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദത്തില്‍ നിന്ന്‌ അദ്ദേഹം ഒരിക്കലും പിന്‍മാറുകയില്ല. അതിനാല്‍ താങ്കള്‍ ഖാദിയോട്‌ യാതൊരു കാരണവശാലും നികുതി ചോദിക്കരുത്‌. അദ്ദേഹത്തിന്റെ നികുതി ഞാന്‍ അടച്ചേക്കാം.'' (വെളിയങ്കോട്‌ മഹല്ല്‌ ജമാഅത്ത്‌ പുറത്തിറക്കിയ ഉമര്‍ഖാദിയുടെ ജീവചരിത്രത്തില്‍ നിന്ന്‌)

1805ല്‍ മരക്കാര്‍ മരിച്ചതോടെ, ഉദ്യോഗസ്ഥര്‍ ഖാദിയുടെ വീട്ടിലെത്തി, നികുതി ആവശ്യപ്പെട്ടു. ഉമര്‍ ഖാദി രോഷത്തോടെയാണ്‌ മറുപടി പറഞ്ഞത്‌: ``ടിപ്പു സുല്‍ത്താനെ കൊല്ലുകയും കൊടുങ്ങല്ലൂര്‍, സാമൂതിരി, അറക്കല്‍ മുതലായ രാജസ്വരൂപങ്ങളെ തകര്‍ക്കുകയും ചെയ്‌ത ഇംഗ്ലീഷുകാരുടെ പാദസേവകരാണ്‌ നിങ്ങള്‍. വെള്ള നസ്രാണികളുടെ ഭരണത്തില്‍ ഉദ്യോഗം വഹിക്കുന്നതു തന്നെ ഹറാമാണ്‌. ഭൂമിയുടെ സാക്ഷാല്‍ ഉടമസ്ഥന്‍ പടച്ച തമ്പുരാനാണ്‌. ഞാന്‍ നികുതി തരില്ല.''

ഇതു കേട്ടതോടെ മേനോനും അധികാരിയും കച്ചേരിയിലേക്ക്‌ പോയി. ചാവക്കാട്‌ തുക്‌ടിയായിരുന്ന നീബു സായിപ്പിന്‌ പരാതി അയച്ചു: ``ബഹുമാനപ്പെട്ട തുക്‌ടി നീബു സായിപ്പ്‌ അവര്‍കളുടെ സമക്ഷത്തിങ്കലേക്ക്‌. വെളിയങ്കോട്‌ അംശം നിവാസിയും മേധാവിയുമായ മേത്തേരി ശങ്കരമേനോന്‍ അറിയിക്കുന്നത്‌. വെളിയങ്കോട്ടെയും പരിസര പ്രദേശങ്ങളിലെയും പ്രധാന മാപ്പിളനേതാവും മതപുരോഹിതനുമായ ഉമര്‍ മുസ്‌ലിയാര്‍- 48 വയസ്സ്‌- അയാളുടെ കൈയിലുള്ള വസ്‌തുവഹകള്‍ക്ക്‌ നികുതി തരുന്നതല്ലെന്ന്‌ എന്നോടും അധികാരി അവര്‍കളോടും തീര്‍ത്തു പറഞ്ഞിരിക്കുന്നു. അയാളുടെ വീട്ടില്‍ നികുതി പിരിവിന്‌ പോയപ്പോള്‍ ഞങ്ങള്‍ രണ്ടാളുകളെയും ശക്തമായി ആക്ഷേപിച്ചു. കൂട്ടത്തില്‍ ബഹുമാനപ്പെട്ട രാജഭരണത്തെയും കുറ്റപ്പെടുത്തി. അദ്ദേഹത്തില്‍ നിന്ന്‌ നികുതി ഈടാക്കാന്‍ വല്ല ബലപ്രയോഗവും നടത്തിയാല്‍ അത്‌ മാപ്പിള ലഹളക്ക്‌ കാരണമാകുമെന്ന്‌ ഞങ്ങള്‍ പേടിക്കുന്നു. അതിനാല്‍ ഉമര്‍ മുസ്‌ലിയാരുടെ കരംപിരിവ്‌ കാര്യത്തില്‍ അവിടന്ന്‌ തന്നെ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ താഴ്‌മയോടെ ബോധിപ്പിക്കുന്നു.'' (ഉമര്‍ഖാദി ചരിത്രം, 17)

കോപാന്ധനായ തുക്‌ടി സായിപ്പ്‌ ഉമര്‍ ഖാദിയെ ചാവക്കാട്ടേക്ക്‌ വരുത്തി. കോടഞ്ചേരിയില്‍ നിന്ന്‌ സംഘടിപ്പിച്ച പല്ലക്കിലായിരുന്നു ഖാദിയുടെ ചാവക്കാട്‌ യാത്ര. സായിപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക്‌ വശംവദനാകാതിരുന്ന ഖാദിയെ കോഴിക്കോട്ട്‌ ജയിലിലടയ്‌ക്കാന്‍ ഉത്തരവിട്ടു. കോഴിക്കോട്‌ കലക്‌ടര്‍ മെക്‌ളിന്‍ സായിപ്പിനോട്‌ ഉമര്‍ ഖാദി പറഞ്ഞു: ``നിങ്ങള്‍ വഞ്ചിച്ചാണ്‌ ഞങ്ങളുടെ രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നത്‌. ദൈവത്തിന്റെ ഭൂമിക്ക്‌ ഞാന്‍ നികുതി കൊടുക്കില്ല. എന്നെ അപമാനിച്ച ബ്രിട്ടീഷ്‌ പോലീസിനോട്‌ ഞാന്‍ കയര്‍ത്തിട്ടുണ്ട്‌. തുക്‌ടി നീബുസായിപ്പ്‌ എന്നോട്‌ അപമര്യാദയോടെ പെരുമാറിയപ്പോള്‍ ആ ദുഷ്‌ടന്റെ മുഖത്തേക്ക്‌ കാര്‍ക്കിച്ചു തുപ്പുകയും ചെയ്‌തിട്ടുണ്ട്‌. അതിലൊന്നും എനിക്ക്‌ ഖേദമില്ല. ഞാനാരോടും മാപ്പു ചോദിക്കുകയുമില്ല.''

1819 ഡിസംബര്‍ 18ന്‌ ഖാദിയെ ജയിലില്‍ പൂട്ടി. അവിടെ കിടന്ന്‌ മമ്പുറം തങ്ങള്‍ക്കയച്ച കവിത, അക്കാലത്തെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ മുദ്രാവാക്യമായിത്തീര്‍ന്നു. അവയിലെ ഏതാനും വരികള്‍:
ധിക്കാരിയായ നീബുസായിപ്പിനെ ദ്രോഹിച്ചു എന്നാരോപിച്ച്‌ തുക്‌ടി എന്നെ ജയിലിലാക്കി.
സമരായുധങ്ങളോ മൂര്‍ച്ഛയുള്ള ഒരു പേനാക്കത്തിയുമോ എന്റടുത്തില്ല.
രാവും പകലും അവരെന്നെ പിന്തുടരുന്നു. കള്ളനായ ആ ദുഷ്‌ടനാണിതിനു കാരണം.
കൂട്ടിലകപ്പെട്ട കിളിയെപ്പോലെയാണ്‌ എന്റെ അവസ്ഥ. കല്ലുപോലെ കരളുള്ള ദുഷ്‌ടനായ വെള്ളക്കാരനാണതിനു കാരണം.
മരണത്തിനായാണ്‌ അല്ലാഹുവിന്റെ ഈ സൃഷ്‌ടിപ്പ്‌. അവന്റെ മാര്‍ഗത്തിലുള്ള മരണമത്രെ അത്യുത്തമം.
കോഴിക്കോട്‌ ജയില്‍ പൊളിച്ച്‌ ഖാദിയെ രക്ഷിക്കാന്‍ ചിലര്‍ തുനിഞ്ഞെങ്കിലും അക്രമമാര്‍ഗത്തെ മമ്പുറം തങ്ങള്‍ അനുവദിച്ചില്ല. തങ്ങള്‍ മലബാര്‍ കലക്‌ടര്‍ക്ക്‌ അയച്ച നിവേദനമാണ്‌ ഖാദിയെ മോചിപ്പിക്കാന്‍ കാരണമായത്‌. നാട്ടിലെങ്ങും കലാപം പടരാനുള്ള സാധ്യതയും അധികാരികള്‍ ഭയപ്പെട്ടിരുന്നു. ജയിലിലേക്കുള്ള യാത്രയില്‍ തന്നെ കാണാന്‍ കൂടി നിന്നവരോട്‌ ഉമര്‍ ഖാദിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ``എന്റെ മുസ്‌ലിം സഹോദരന്മാരേ, അമുസ്‌ലിം സുഹൃത്തുക്കളേ, നാമെല്ലാം ദൈവദാസന്മാരാണ്‌. ഇസ്‌ലാം സമാധാനത്തെ മാത്രം ആശിക്കുന്ന മതമാണ്‌. നിങ്ങള്‍ എന്റെ പേരില്‍ ലഹളക്കും അക്രമത്തിനും മുതിരരുത്‌. ജയില്‍ ജീവിതം അനുഗ്രഹമാണ്‌. ഞാന്‍ കോഴിക്കോട്ട്‌ പോകുന്നു. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ താമസംവിനാ തിരിച്ചെത്തും. നിങ്ങളെല്ലാം ശാന്തരായി തിരിച്ചുപോകണം.'' (മഹത്തായ മാപ്പിള സാഹിത്യം: പേജ്‌ 201)
അനുശോചന കാവ്യരചനയില്‍ അഗ്രഗണ്യനാണ്‌ ഉമര്‍ ഖാദി. സമകാലിക പണ്ഡിതന്മാരുടെ വിയോഗത്തില്‍ മനം നൊന്ത്‌ അദ്ദേഹമെഴുതിയ കാവ്യങ്ങളില്‍ പലതും പള്ളിയുടെ ഭിത്തികളിലാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കോഴിക്കോട്‌ ഖാദി മുഹ്‌യുദ്ദീനെ പ്രശംസിച്ചെഴുതിയ കവിത കുറ്റിച്ചറ മിസ്‌കാല്‍ പള്ളിയുടെ ചുമരിലാണെഴുതിയത്‌. മമ്പുറം തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ എഴുതിയ വരികള്‍ ഏറെ ജനകീയമാണ്‌.

നന്മകളും ദാനധര്‍മങ്ങളും ചെയ്‌ത്‌ വലിയ വലിയ ഉദാരന്മാരുടെ കാലഘട്ടത്തെ പിന്നിലാക്കിയിരിക്കുന്നു എന്റെ ഗുരുവര്യന്‍.

അദ്ദേഹത്തിന്റെ നിര്യാണം മതത്തിന്‌ വലിയൊരു വിടവാണ്‌. അദ്ദേഹം ആനന്ദഭരിതനായി സ്വര്‍ഗപ്പൂങ്കാവനത്തിലധിവസിക്കുമെന്ന്‌ ഞാനാശിക്കുന്നു.

അദ്ദേഹം അല്ലാഹുവിന്റെ ദാസന്മാര്‍ക്കെല്ലാം കഴിയുന്ന നിലയിലുള്ള സര്‍വവിധ സഹായങ്ങളും നന്മയും ചെയ്‌തു കൊടുത്ത വ്യക്തിയാണ്‌.

അദ്ദേഹത്തിന്റെ സ്ഥിതിഗതികള്‍ അത്ഭുതകരമത്രെ. അല്ലാഹുവിനെയല്ലാതെ മറ്റൊരു വ്യക്തിയെയും അദ്ദേഹം ഭയപ്പെടുന്നില്ല.

അദ്ദേഹത്തിന്റെ ഗാംഭീര്യവും പ്രാര്‍ഥനയും നിമിത്തം എല്ലാവരും അദ്ദേഹത്തെ ഭയപ്പെടുകയും സദ്‌വൃത്തനും ദുര്‍മാര്‍ഗിയും ഉള്‍പ്പെടെ സര്‍വരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ചെയ്‌തിരുന്നു.

അല്ലാഹുവാണ്‌ സത്യം! വിശ്വാസദര്‍ശനങ്ങളിലും കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുന്നതിലും അദ്ദേഹം എല്ലാവരെക്കാളും ഉന്നതിയിലായിരുന്നു.

ജീവിതകാലത്തും മരണാനന്തരവും യാതൊരു ഗുണവും ദോഷവും ഉപകാരവും ഉപദ്രവവും എന്റെ നാഥനായ അല്ലാഹുവിങ്കല്‍ നിന്നല്ലാതെ നിനക്ക്‌ കിട്ടില്ല.

ഉന്നതനായ അല്ലാഹുവില്‍ നിന്നല്ലാതെ നന്മയും തിന്മയും ഉപകാരവും ഉപദ്രവവും ഒരിക്കലും നിനക്ക്‌ ലഭ്യമാകുന്നതുമല്ല.
മലയാള സാഹിത്യത്തില്‍ ഭക്തിപ്രസ്ഥാനം ശക്തിപ്പെട്ട കാലത്താണ്‌ ഉമര്‍ ഖാദി ജീവിച്ചത്‌. ഗദ്യസാഹിത്യം വികസിക്കാത്ത അന്ന്‌ പദ്യത്തെയാണ്‌ ഉമര്‍ ഖാദിയടക്കം ആശ്രയിച്ചത്‌. മഹാഗ്രന്ഥങ്ങളില്‍ മിക്കതും മനോഹരമായ കൈപ്പടയില്‍ ഉമര്‍ ഖാദി എഴുതിവെച്ചു. ഇമാം നവവിയുടെ ഈദാഹ്‌, ഫത്‌ഹുല്‍ മുഈന്‍, തഫ്‌സീറുല്‍ ജലാലൈനി എന്നിവ അതില്‍ പെടുന്നു. പുള്ളിയുള്ള അറബി അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച്‌ ഒരു പ്രവാചക കീര്‍ത്തനവും ഖാദി രചിച്ചിട്ടുണ്ട്‌.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഗാന്ധിജി നികുതി നിഷേധവും നിസ്സഹകരണ പ്രസ്ഥാനവും ആരംഭിക്കുന്നത്‌ ഒരു നൂറ്റാണ്ട്‌ മുമ്പാണ്‌ മലബാറിലെ ഒരു ഇസ്‌ലാമിക പണ്ഡിതന്‍ സാമ്രാജ്യത്വ ഭരണത്തിന്‌ നികുതി നിഷേധിച്ച്‌ ജയിലില്‍ പോയത്‌.

1831-1851 കാലഘട്ടത്തില്‍ മലബാറിന്റെ ഉള്‍നാടുകളില്‍ നിരവധി ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടങ്ങള്‍ നടന്നിരുന്നു. അമ്പതോളം കലാപങ്ങളില്‍ മുന്നൂറിലധികം മാപ്പിളമാര്‍ കൊല്ലപ്പെടുകയും ചെയ്‌തു. `മാപ്പിളമാരുടെ ഹാലിളക്കം' മാത്രമായി ബ്രിട്ടീഷുകാര്‍ വിലയിരുത്തിയ ഈ സമരങ്ങളാണ്‌ സത്യത്തില്‍, പിന്നീട്‌ മലപ്പുറം ജില്ലയായി വികസിച്ച ഏറനാട്‌-വള്ളുവനാട്‌ ദേശങ്ങളുടെ ഉള്ളടക്കത്തെ പ്രധാനമായും സ്വാധീനിച്ച ഘടകങ്ങള്‍. മലബാറിന്റെ തെക്കും കിഴക്കും ഭാഗങ്ങളിലാണ്‌ ഈ സമരങ്ങളിലേറെയും നടന്നത്‌. പടിഞ്ഞാറു ഭാഗത്തുള്ള പൊന്നാനിയും വെളിയങ്കോടുമൊക്കെ അന്ന്‌ ശാന്തമായിരുന്നെങ്കിലും, ഉമര്‍ ഖാദിയുടെ നിസ്സഹകരണ പ്രവര്‍ത്തനങ്ങളും മക്തി തങ്ങളുടെ (1847-1912) നവോത്ഥാന യത്‌നങ്ങളും അതേ പോരാട്ടങ്ങളോട്‌ ചേര്‍ത്തുവെക്കേണ്ടതാണ്‌. ശൈലി വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും രണ്ടുപേരും ഒരേ നാട്ടുകാരും ഒരേ ഉറവിടങ്ങളില്‍ നിന്ന്‌ വിജ്ഞാനം നേടിയവരുമായിരുന്നു. അധിനിവേശ അഹങ്കാരങ്ങള്‍ക്കെതിരെ പൊരുതിയ ഉമര്‍ഖാദിയും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരിക രംഗമായ ക്രൈസ്‌തവവത്‌കരണത്തിനെതിരെ തീക്കാറ്റായി ജ്വലിച്ച സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങളും സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ രണ്ട്‌ പ്രതീകങ്ങളും രണ്ട്‌ ധാരകളുടെ പ്രതിനിധികളുമാണെന്ന്‌ വിലയിരുത്താം.

95-ാം വയസ്സിലും കര്‍മനിരതനമായിരുന്നു ഉമര്‍ഖാദി. റമദാനിലെ ഇഅ്‌തികാഫുകളൊന്നും ആ പ്രായത്തിലും മുടക്കിയില്ല. 1854 റമദാന്‍ 21ന്‌ തറാവീഹ്‌ നമസ്‌കരിച്ചുകൊണ്ടിരിക്കെ തല കറക്കം ബാധിച്ചതിനെ തുടര്‍ന്ന്‌ ശയ്യാവലംബിയായി. 1854 ദുല്‍ഹിജ്ജ 23ന്‌ ആ ഇതിഹാസം വിടവാങ്ങി. വെളിയങ്കോട്‌ ജുമുഅത്ത്‌ പള്ളി ഖബ്‌ര്‍സ്ഥാനില്‍ മറവു ചെയ്‌തു. ഉറ്റ സുഹൃത്ത്‌ അവുക്കോയ മുസ്‌ലിയാര്‍ രചിച്ച വിലാപ കാവ്യം:
``ഇതാ ഇക്കാലഘട്ടത്തിലെ പണ്ഡിത സൂര്യന്‍ അസ്‌തമിച്ചു. ഘോരാന്ധകാരം ഇതാ തേര്‍വാഴ്‌ച നടത്താനിരിക്കുന്നു. ഇനി ഈ സമുദായത്തില്‍ എന്നാണൊരു ഉമര്‍ ഖാദി ജനിക്കുക? സംശയമാണ്‌ അക്കാര്യം. നമുക്കായ്‌ അല്ലാഹു കനിഞ്ഞ അത്ഭുത ജീവിതമായിരുന്നു ഉമര്‍ ഖാദി. സ്വര്‍ഗത്തിലാകണേ അദ്ദേഹത്തിന്നഭയം.'' l

കടപ്പാട് :ശബാബ് വീക്ക്‍ലി

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal