മലബാര്‍ കലാപം മണ്ണിന്റെ അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടം

മലബാര്‍ കലാപം മണ്ണിന്റെ അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടം: ഡോ. കെ കെ എന്‍ കുറുപ്പ്‌

നിലമ്പൂര്‍: വത്യസ്ത കള്ളികളാക്കി തിരിക്കാന്‍ കഴിയാത്ത വിധം നിരവധി അന്തര്‍ധാരകള്‍ ചേര്‍ന്നതായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനമെന്നു ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ്‌.
മമ്പാട്‌ എം.ഇ.എസ്‌ കോളജില്‍ അറബിക്‌ ഇസ്ല‍മിക്‌ ഹിസ്റ്ററി വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വശങ്ങള്‍ മാപ്പിളമാരില്‍ ചെലുത്തിയ സ്വാധീനം വിഷയത്തില്‍ നടന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം എന്നതുപോലെ ജന്‍മി-കുടിയാന്‍ ബന്ധത്തില്‍ നിലനിന്ന അനീതിക്കെതിരായ സമരമായും മലബാര്‍ കലാപത്തെ വിലയിരുത്താവുന്നതാണ്‌. മലബാര്‍ കലാപം എന്നതിനേക്കാള്‍ മലബാര്‍ വിപ്ലവം എന്ന വിശേഷണമാവും ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ കൂടുതല്‍ അനുയോജ്യമെന്നു ഡോ. കുറുപ്പ്‌ പറഞ്ഞു. 1498ലെ പോര്‍ച്ചുഗീസ്‌ ആഗമനം തൊട്ട്‌ വൈദേശിക ആധിപത്യത്തിനെതിരേ നടന്ന ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ പരിസമാപ്തിയായിരുന്നു മലബാര്‍ കലാപം.
1857നു ശേഷം ഇന്ത്യയില്‍ ഇത്രയും വലിയ സായുധ സമരം നടന്നിട്ടില്ല. മണ്ണിന്റെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമായിട്ടാണ്‌ വില്യം ലോഗണ്‍ മലബാര്‍ സമരത്തെ വിശേഷിപ്പിക്കുന്നത്‌.
ബ്രിട്ടീഷുകാര്‍ക്കും ജന്‍മിത്വത്തിനുമെതിരായ കലാപമായിരുന്നു മലബാര്‍ സമരമെന്നു മുഖ്യപ്രഭാഷണം നടത്തിയ മുന്‍ എം.പി ടി കെ ഹംസ അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ പ്രഫ. ഒ പി അബ്ദുര്‍റഹിമാന്‍ അധ്യക്ഷതവഹിച്ചു. കോളജ്‌ മാനേജിങ്ങ്‌ കമ്മിറ്റി സെക്ര. എ മുഹമ്മദ്‌, ഡോ. ഇ എം അബ്ദുന്നാസര്‍, പ്രഫ. മുഹമ്മദ്‌ അസ്ലം, മുഹമ്മദ്‌ അയ്യൂബ്‌, അസ്ല‍്ം അമീന്‍, ജബ്ബാര്‍, ഡോ. കെ പി അബ്ദുറഹിമാന്‍, പ്രഫ. പി വി അഹമ്മദ്‌ സംസാരിച്ചു.

News @ Thejas

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal