മലബാര്‍ കലാപത്തിലെ ഭാഷ

മലബാര്‍ കലാപത്തിലെ ഭാഷ

മനോജ് ഭാരതി

നിസ്സഹകരണപ്രസ്ഥാനത്തോടുള്ള ജനതയുടെ ആഭിമുഖ്യത്തെ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു മഹാത്മാഗാന്ധിയുടെയും ഖിലാഫത്ത്കമ്മറ്റിയുടെ ആദ്യസെക്രട്ടറിയായിരുന്ന ഷൗക്കത്തലിയുടെയും 1920-ലെ കോഴിക്കോട് സന്ദര്‍ശനം.എം പി നാരായണമേനോനെപ്പോലെയുള്ള അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും മറ്റുമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ,കെ എം മൗലവിസാഹിബ് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കുന്നു.ഖിലാഫത്ത് കമ്മറ്റികള്‍ വ്യാപകമായി ചേരുന്നു.

മാപ്പിളമാര്‍ പ്രസ്ഥാനത്തിലേക്ക് കൂടുതലായി ആകൃഷ്ടരാകുന്നു. ബ്രിട്ടീഷ് സാമ്രാജ്യവും ജന്‍മി ഭൂവുടമകളും സവര്‍ണ്ണ ഹിന്ദുക്കളും ഒരു ചേരിയില്‍.മാപ്പിളമുസ്ലിങ്ങളും കുടിയാന്‍പാട്ടക്കാരും മറുവശത്ത്.ഇപ്രകാരം ഉരുത്തിരിഞ്ഞ പ്രക്ഷോഭപശ്ചാത്തലത്തിലാണ് 1921-ലെ മലബാര്‍കലാപം നടന്നത്.

തോമസ് ടി എസ് ഹിച്ച്‌കോക്ക് ,എ എസ് പി ആമു എന്നിവര്‍ ബ്രട്ടീഷ് സര്‍ക്കാറിന്റെ നടപടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ചത് ഏരിക്കുന്നന്‍ ആലിമുസ്ല്യാരും കിഴക്കന്‍ ഏറനാട്ടില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സീതികോയ തങ്ങളുമടക്കമുള്ള നേതാക്കളുമായിരുന്നു.ഏറനാട് ,കോഴിക്കോട് വള്ളുവനാട് ,പൊന്നാനി താലൂക്കുകളിലായി പടര്‍ന്നുപിടിച്ച കലാപത്തിന്റെ കേന്ദ്രഭൂമി ഏറനാടുതന്നെയായിരുന്നു.

കോഴിക്കോട് മൊത്തമുണ്ടായിരുന്ന അറുപത്തിയഞ്ച് അംശങ്ങളില്‍ ഇരുപത്തിമൂന്നിടത്തും വള്ളുവനാട്ടെ നൂറ്റിപ്പതിനെട്ട് അംശങ്ങളില്‍ അറുപത്തിയെട്ടിടത്തും പൊന്നാനിയില്‍ നൂറ്റിയിരുപതില്‍ മുപ്പത്തിയഞ്ചിടത്തുമാണ് കലാപം ബാധിച്ചത്.അതേസമയം ഏറനാടന്‍ ഭൂപ്രദേശത്ത് അത് സമ്പൂര്‍ണ്ണമായിരുന്നു.ഇവിടെയുണ്ടായിരുന്ന തൊണ്ണൂറ്റിനാല് അംശങ്ങളില്‍ മുഴുവനിടത്തും കലാപത്തിന്റെ കനലുകള്‍ നീറിപ്പുകഞ്ഞു.അക്കാലയളവിലെ ജനസംഖ്യാതോത് പ്രകാരം ഇതരതാലൂക്കുകളില്‍ നിന്നു വിഭിന്നമായി ഏറനാട്ടില്‍ മുസ്ലീം ജനതതി വളരെക്കൂടുതലായിരുന്നു.ഇതും കലാപത്തിന്റെ ആക്കം കൂടാന്‍ കാരണമായി.

ഫ്യൂഡല്‍ ബന്ധങ്ങള്‍ക്കും സാമ്രാജ്യത്തിനുമെതിരെയുള്ള സായുധസമരമായിരുന്നു മലബാര്‍കലാപം.മതത്തിന്റെ ദാര്‍ശനികവശങ്ങളും പള്ളികളടക്കമുള്ള സാമൂഹികസ്ഥാപനങ്ങളുടെ സ്വാധീനവും പ്രക്ഷോഭകരുടെ ഏകീകരണത്തിനുവഴിയൊരുക്കി .എന്നാല്‍ ഇക്കാരണം കൊണ്ടുമാത്രം അവയെ കാര്‍ഷികകലാപങ്ങളുടെ കൂട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്തി വിവക്ഷിക്കേണ്ടതായി വരുന്നില്ല.മലബാര്‍കലാപങ്ങള്‍ക്കും അതിനുമുന്‍പ് ഏറനാട്ടില്‍ നടന്ന കാര്‍ഷികകലാപങ്ങള്‍ക്കുമെല്ലാം ഇത്തരം മതപരമായ സ്വഭാവം ഉണ്ടായിരുന്നതായി ചരിത്രഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ജന്മിത്തവ്യവസ്ഥയുടെ മര്‍ദ്ദനമുറകള്‍ക്കെതിരെ അന്‍പതോളം ചെറുകലാപങ്ങള്‍ക്കാണ് ഈ പ്രദേശം സാക്ഷ്യം വഹിച്ചത്.മുന്‍കാലങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ തിരൂര്‍,താനൂര്‍,പരപ്പനങ്ങാടി പ്രദേശങ്ങളില്‍ മാപ്പിളമാര്‍ പ്രതിരോധം തീര്‍ത്തിരുന്നതിന്റെ ശക്തമായ ചരിത്രസൂചനകള്‍ വേറെയുമുണ്ട്.ഉണ്ണിമൂത്തയും അത്തന്‍ഗുരിക്കളും ചെമ്പന്‍പോക്കറുമെല്ലാം ഇംഗ്ലീഷുകാര്‍ക്കെതിരെ പഴശ്ശിയുദ്ധങ്ങളില്‍ പടപ്പന്തിയില്‍ പോരടിച്ചവരുമാണ്.

മലബാര്‍കലാപകാലത്ത് ബ്രട്ടീഷ് ഭരണത്തിന്റെ കാര്യനിര്‍വ്വാഹകരില്‍ പ്രധാനിയായിരുന്ന സര്‍ മാല്‍ക്കോം ഹെയ്‌ലിയുടെ കണക്കുകള്‍പ്രകാരം ആകെ മരണം രണ്ടായിരത്തി മുന്നൂറ്റിമുപ്പത്തിഒന്‍പതും മുറിവേറ്റവര്‍ ആയിരത്തിയറുനൂറ്റി അന്‍പത്തിരണ്ടും ശിക്ഷിക്കപ്പെട്ടവര്‍ ഇരുപത്തിനാലായിരത്തി ഒരുനൂറ്റി അറുപത്തിയേഴും തടവിലാക്കപ്പെട്ടവര്‍ മൊത്തത്തില്‍ മുപ്പത്തിയൊന്‍പതിനായിരത്തി മുന്നൂറ്റിനാല്‍പ്പത്തിയെട്ടുമാണ്.

നൂറുകണക്കിനാളുകളെ വെടിവച്ചും തൂക്കിയും കൊല ചെയ്തു.മദ്രാസിലും ആന്തമാനിലുമുള്ള ജയിലുകളിലേക്ക് പലരെയുമയച്ചു.നവംബര്‍ 13 ന് പാണ്ടിക്കാട്ടുവച്ച് പട്ടാളത്തെ ആക്രമിച്ച കലാപകാരികളില്‍234 പേര്‍ വധിക്കപ്പെട്ടു.ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ചരക്കുകയറ്റുന്ന വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരേക്കു കൊണ്ടുപോകുമ്പോള്‍ അറുപത്തിയേഴുപേര്‍ ശ്വാസം മുട്ടി മരിച്ചു.ഇങ്ങനെ അടിമുതല്‍ മുടി വരെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ കൊണ്ടു രൂപപ്പെട്ടതായിരുന്നു മലബാര്‍ കലാപം

ചരിത്രവും സാമൂഹ്യബോധവും ഇഴചേര്‍ന്ന പശ്ചാത്തലത്തില്‍ നിന്നാണ് 1921 എന്ന സിനിമ തയ്യാറാവുന്നത്.

http://www.mathrubhumi.com/movies/web_exclusive/210006/#storycontent

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal