ചെമ്പ്രശേരി തങ്ങള്‍:പോരാട്ട ഭൂമിയിലെ മതനേതൃത്വം

ചെമ്പ്രശേരി തങ്ങള്‍:പോരാട്ട ഭൂമിയിലെ മതനേതൃത്വം -- പ്രൊഫ വി ഹരിദാസന്‍

1956-ല്‍ കേരളം ഒരു സംസ്ഥാനമായി രൂപം കൊള്ളുന്നതിനു മുമ്പ് മൂന്നു രാഷ്ട്രീയ ഘടകങ്ങളായിട്ടായിരുന്നു-തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍-നിലനിന്നിരുന്നത്. ഇതില്‍ മലബാര്‍ മാത്രമാണ് നേരിട്ട് ബ്രിട്ടീഷ് അധീനതയില്‍ വന്നത്. 1792ല്‍ നടന്ന മൂന്നാം ആംഗ്ളോ-മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുസുല്‍ത്താന്‍ പരാജയപ്പെട്ടതോടെയാണ് മലബാര്‍ ബ്രിട്ടീഷുകാര്‍ പിടിച്ചത്. സുഖന്ധ വ്യഞ്ജന വ്യാപാരം സ്വന്തം കൈയില്‍ കൊണ്ടു വരാനുള്ള ഈസ്റ് ഇന്ത്യാ കമ്പനിയുടെ ചിരകാല മോഹമാണ് ഈ വിജയത്തോടെ സാക്ഷാത്കരിക്കപ്പെട്ടത്. മൂന്നു നൂറ്റാണ്ട് കാലമായി ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള തീവ്രശ്രമങ്ങളിലായിരുന്നു യൂറോപ്യന്‍ ശക്തികള്‍ (1)
ഭൂപ്രഭുക്കള്‍ക്കും ബ്രിട്ടീഷുകള്‍ക്കുമെതിരെയുള്ള നിരവധി ബഹുജന പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും ഇക്കാലത്ത് മലബാര്‍ വേദിയായി. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരതകളോടു രാജിയാവാന്‍ മലബാറിന്റെ മനസ്സ് ഒരുക്കമായിരുന്നില്ല. നാട്ടുരാജാക്ക•ാര്‍, കര്‍ഷകര്‍, മതപണ്ഡിത•ാര്‍, സാമൂഹിക പരിഷ്കര്‍ത്താക്കള്‍ തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള ജനവിഭാഗങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തില്‍, പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും സ്വാതന്ത്യ്രം വീണ്ടെടുക്കാനുള്ള സംഘടിതമായ സമരങ്ങള്‍ക്ക് മലബാര്‍ നിരന്തരം കളമൊരുക്കി.(2)

1921-22 കാലഘട്ടത്തില്‍ നടന്ന മലബാര്‍ കലാപം, ഇടക്കിടെ വിവാദം സൃഷ്ടിക്കുന്ന സജീവ വിഷയമാണ്. 1921 ഓഗസ്റില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ കലാപം ആരംഭിച്ചതു മുതലേ അത് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പരസ്പരവിരുദ്ധമായ പ്രസ്താവനകളും പ്രഖ്യാപനങ്ങളും കലാപത്തെക്കുറിച്ചുള്ള വിവരങ്ങളെ സങ്കീര്‍ണ്ണമാക്കുകയായിരുന്നു(3). അതു കൊണ്ടാണ്, 1924ല്‍ ഗാന്ധിജി പറഞ്ഞത്; "കലാപം (മലബാര്‍) സംബന്ധിച്ച യഥാര്‍ത്ഥ കാരണങ്ങളിലേക്ക് എത്തിച്ചേരുകയെന്നത് അസാധ്യമാണ്. ''(4). മലബാര്‍ കലാപത്തെക്കുറിച്ചുള്ള കൃത്യമായ അക്കാദമിക പഠനങ്ങള്‍ പുറത്തുവരാന്‍ അതു നടന്ന് അന്‍പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കാരണം അക്കാലമത്രയും കലാപം സംബന്ധിച്ച ഔദ്യോഗിക രേഖകളോ രഹസ്യ പ്രബന്ധങ്ങളോ റിസര്‍ച്ചിനു വേണ്ടി വിട്ടു നല്‍കിയിരുന്നില്ല. 1971-72 വര്‍ഷങ്ങളിലാണ് അത് ലഭ്യമാകുന്നത്. അതിനെ തുടര്‍ന്ന് മലബാര്‍ കലാപത്തിന്റെ ചരിത്രം വിലയിരുത്തുന്ന കുറെ പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതില്‍ മൂന്നു പഠനങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.

1.Stephen F.Dale,

The Islamic Society on the South Asian Frontier: the Mappilas of Malabar,1498-1922,
Clarendon press Oxford,1980


2.Conrad Wood, 
The Moplah Rebellion and its Genisis,
 P.P.H, New Delhi,1987


 3.K N. Panikkar, 
Against Lord and State: Religion and Peasant Uprisings in Malabar,1836-1921,
O.U.P, Delhi,1989


. ഇതിന് പുറമെ കെ മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം (1971) എന്ന പുസ്തകവും ഈ വിഷയത്തിലുള്ള മികച്ച വിവരണമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ മലബാര്‍ കലാപത്തെക്കുറിച്ച് നിരവധി പഠനങ്ങളും പ്രബന്ധങ്ങളും പുറത്തു വന്നിട്ടുണ്ട്. അവയില്‍ മിക്കതും പുസ്തകങ്ങളോ ലേഖനങ്ങളോ ആയി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആലി മുസ്ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയ തങ്ങള്‍ കുമരംപുത്തൂര്‍ തുടങ്ങിയവര്‍ സ്വാതന്ത്യ്രത്തിനു വേണ്ടി നടത്തിയ പോരാട്ടങ്ങളും മലബാര്‍ കലാപത്തില്‍ വഹിച്ച പങ്കും സംബന്ധിച്ച അറിവുകള്‍ ഈ പഠന റിപ്പോര്‍ട്ടുകളില്‍ നിന്നും വായനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, ചെമ്പ്രശ്ശേരി തങ്ങള്‍ എന്ന പേരില്‍ വിശ്രുതനായ ഒറ്റകത്ത് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ മലബാര്‍ കലാപ വേളയില്‍ നല്‍കിയ സംഭാവനകള്‍ വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രബന്ധം ഞാന്‍ അവതരിപ്പിക്കുന്നത്.

പാണ്ടിക്കാട് താലൂക്കിലെ ചെമ്പ്രശ്ശേരി അംശത്തില്‍പെട്ട അരീച്ചോലയില്‍ ഹിജ്റ 1253(അഉ 1875) ലാണ് ചെമ്പ്രശ്ശേരി തങ്ങളുടെ ജനനം. (ഇന്നത്തെ മലപ്പുറം ജില്ലയിലാണ് ഈ പ്രദേശം.) സയ്യിദ് അബ്ദുള്ളകോയ തങ്ങള്‍ ആയിരുന്നു പിതാവ്. ഫാത്വിമ ബിന്‍ത് അഹമ്മദ് മാതാവും. നെല്ലിക്കുത്ത് സ്വദേശിയായ ശൈഖ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരില്‍ നിന്ന് അരീച്ചോലയില്‍ വച്ച് ചെറുപ്പ കാലത്തേ തങ്ങള്‍ മതവിദ്യാഭ്യാസം നേടി. ചെമ്പ്രശ്ശേരി തങ്ങളെ നേരില്‍ കണ്ട മാധവന്‍ നായരുടെ അഭിപ്രായ പ്രകാരം, അദ്ദേഹം സമാധാനപ്രിയനായ നല്ലൊരു മനുഷ്യനാണ്. ആരെയും ആകര്‍ഷിക്കുന്ന, നല്ല ഉയരവും സൌന്ദര്യവുമുള്ള ശരീര പ്രകൃതി. ഉറച്ച ദൈവവിശ്വാസിയായിരുന്നു തങ്ങള്‍. വിവിധ ജനവിഭാഗങ്ങളോട് അപാരമായ അനുകമ്പയും സഹിഷ്ണുതയും പുലര്‍ത്തി.(5) ജ•ദേശത്തു നിന്നുള്ള മതവിദ്യാഭ്യാസത്തിനു ശേഷം തൊട്ടടുത്ത ഗ്രാമമായ തൊടികപ്പുറത്ത് മുദരിസായി സേവനം ചെയ്തു. അനന്തരം പിതാവിനൊപ്പം തുവ്വൂരിലേക്ക് മാറി. അതിനു ശേഷമാണ് തങ്ങള്‍ ചെമ്പ്രശ്ശേരിയിലെത്തുന്നത്. ജീവിതാന്ത്യം വരെ അവിടെത്തന്നെ തുടരുകയും ചെയ്തു.

ചെമ്പ്രശ്ശേരിയിലേക്കുള്ള വരവ് തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിത്തീര്‍ന്നു. ആ കാലത്താണ് അദ്ദേഹം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മറ്റു ഖിലാഫത്ത് നേതാക്കളെയും പരിചയപ്പെടുന്നത്. അതോടെ, സാമ്രാജ്യത്വ വിരുദ്ധ ചിന്തയും ദേശീയതാബോധവും തങ്ങളുടെ അകത്ത് ശക്തമായി. ആ കാലത്തു തന്നെയാണ് എം വി നാരായണ മേനോന്‍, കെ മാധവന്‍ നായര്‍, ആലി മുസ്ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ നേതാക്കളുമായി തങ്ങള്‍ അടുത്ത് ബന്ധപ്പെടുന്നതും. അവര്‍ക്കൊപ്പം സാമ്രാജ്യത്വത്തിനെതിരെയും ബ്രിട്ടീഷ് അനുകൂലികളായ ജ•ിമാര്‍ക്കെതിരെയും തങ്ങള്‍ സമരത്തിനിറങ്ങി. ഖുര്‍ആനിലും മറ്റു മതഗ്രന്ഥങ്ങളിലുമുള്ള ആഴത്തിലുള്ള അറിവ് കാരണം സാധാരണ ജനങ്ങള്‍ അദ്ദേഹത്തെ ആത്മാര്‍ത്ഥമായി ആദരിച്ചു.(6) അനുയായികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നൈസര്‍ഗ്ഗികമായ വ്യക്തി പ്രഭാവത്തിലുടെയും ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെയും നിരവധി ആളുകളെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് പ്രാപ്തമാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. മാധവന്‍നായരുടെ അഭിപ്രായപ്രകാരം തങ്ങള്‍ക്ക് ഔദ്യോഗിക വിദ്യാഭ്യാസം തീരേ ഉണ്ടായിരുന്നില്ല. എന്നിട്ടും മതപണ്ഡിതന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ദേശീയതക്കും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനും സമാനതയില്ലാത്ത നേതൃത്വമാണ് അദ്ദേഹം നല്‍കിയത്.

1921-ലെ മലബാര്‍ കലാപകാലത്ത് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ചെമ്പ്രശ്ശേരി തങ്ങള്‍ നിരവധി തവണ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമിച്ച സംഭവം അതില്‍ സുപ്രധാനമായ ഒന്നാണ്.
ഒരു ആലിം എന്ന നിലയില്‍ ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മുസ്ലിം സമൂഹത്തിനിടയില്‍ ഉയര്‍ന്ന സ്ഥാനമുണ്ടായിരുന്നു. ഉലമാക്കളെ ഹൃദയപൂര്‍വ്വം സ്വീകരിച്ചവരും ആദരിച്ചവരുമാണ് മുസ്ലിം സമുദായം. മുസ്ലിയാര്‍, ഖാളി, മൊല്ല, മുക്രി-തുടങ്ങിയ പദവികളിലുള്ള ഉലമാക്കള്‍ ആയിരുന്നു ജനങ്ങളെ ഏകീകരിച്ചതും സ്വാതന്ത്യ്രസമരത്തിലേക്ക് ആനയിച്ചതും. മതചടങ്ങുകളും ആഘോഷങ്ങളും ജനങ്ങളെ ആത്മീയ നേതൃത്വത്തിനു കീഴില്‍ അണിനിരത്താനുള്ള ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള വേദികളായി. പള്ളികളില്‍ നിന്നു രൂപപ്പെട്ട കൂട്ടായ്മകളാണ് അനേകം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്നത്; വിശേഷിച്ചും മതപരമായി പ്രാധാന്യമുള്ള ആഘോഷദിനങ്ങളിലെ ഇത്തരം ഒത്തൊരുമകള്‍ പ്രക്ഷോഭങ്ങള്‍ക്കുള്ള ആലോചനാ വേദികളായിരുന്നു.(7) നേര്‍ച്ചകള്‍, റമളാനിനോടും, പെരുന്നാളിനോടും അനുബന്ധിച്ച് ഉണ്ടാവാറുള്ള ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മാപ്പിളമാര്‍ ഒന്നിച്ചു കൂടുകയും അവരുടെ ആധികളും പ്രതീക്ഷകളും പങ്കു വയ്ക്കുകയും സമരങ്ങള്‍ ആലോചിക്കുകയും ചെയ്യും.(8) ഈ വിധത്തിലുള്ള ചടങ്ങുകള്‍ മാപ്പിള കര്‍ഷകരുടെ മാത്രം സവിശേഷതയായിരുന്നില്ലെന്ന് രഞ്ജിത്ത് ഗുഹ നിരീക്ഷിക്കുന്നുണ്ട്. വ്യാവസായികവല്‍കരണത്തിനു മുമ്പ് യൂറോപ്പില്‍ നടന്ന ജനമുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും ക്രൈസ്തവ വിശേഷദിനങ്ങളെയും ആഘോഷങ്ങളെയും കേന്ദ്രീകരിച്ച് രൂപം കൊണ്ടതാണ്.(9) മലബാറിനെപ്പോലെ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും മതകൂട്ടായ്മകള്‍ മുഖേന ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രഞ്ജിത്ത് ഗുഹ സൂചിപ്പിക്കുന്നുണ്ട്. ആഘോഷ ആചാര സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്കകത്ത് തീവ്രമാകുന്ന മതബോധമാണ്, എല്ലാം ത്യജിച്ചും രണഭൂമിയിലേക്കിറങ്ങാന്‍ അവരെ പ്രാപ്തമാക്കുന്നത്.

മലബാറിലെ മാപ്പിളമാര്‍ക്കിടയിലുള്ള ഐക്യവും യോജിപ്പും ഔന്നത്യത്തിലെത്തിയത് 1920-21 കാലത്താണ്. ഖിലാഫത്ത് പ്രശ്നം ഒരു മതവിഷയമായി മാപ്പിളമാര്‍ ഏറ്റെടുത്തു എന്നതാണിതിന്റെ കാരണം. 1920-ലെ കലാപകാലത്ത് ഭൂപ്രഭുക്കള്‍ക്കും സാമ്രാജ്യത്വത്തിനുമെതിരെയുമുള്ള സമരത്തില്‍, മതകീയമായി ജനങ്ങള്‍ക്കിടയില്‍ തനിക്കുള്ള സ്വാധീനം തങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി. ആത്യന്തികമായി ജനങ്ങളുടെ ന•ക്കും പുരോഗതിക്കും വേണ്ടിയായിരുന്നു തങ്ങളുടെ ആക്ടിവിസവും പോരാട്ടവും. ജനകീയ പിന്തുണയോടെ ചെമ്പ്രശ്ശേരി അംശം സ്വതന്ത്രമാക്കാനും അവിടെ തന്റെ ഭരണം സ്ഥാപിക്കാനും തങ്ങള്‍ക്ക് സാധിച്ചു.

1921-ഓഗസ്റില്‍ വിപ്ളവകാരികളായ അനുയായികളോടൊപ്പം തങ്ങള്‍ പാണ്ടിക്കാട് സമ്മേളിച്ചു. മലബാര്‍ കലാപം നടന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പാണ്ടിക്കാട്. 1921-ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് പാണ്ടിക്കാട്ടെ ജനസംഖ്യ ഇപ്രകാരമാണ്: മുസ്ലിംകള്‍-2335, ഹിന്ദുക്കള്‍-1414.(10) പാണ്ടിക്കാട് നടന്ന ഈ മീറ്റിംഗില്‍ കുഞ്ഞഹമ്മദ് ഹാജിയും പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ വിപ്ളവ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള ചില പദ്ധതികള്‍ യോഗത്തില്‍ തയ്യാറാക്കി. പാണ്ടിക്കാടും പരിസരപ്രദേശങ്ങളിലും-ചെമ്പ്രശ്ശേരി, കാളികാവ്, കരുവാരക്കുണ്ട്, വണ്ടൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളില്‍-ഭരണം നടത്താന്‍ തങ്ങളെ വാരിയന്‍കുന്നത്ത് ചുമതലപ്പെടുത്തി. (കെ.എന്‍.പണിക്കര്‍ പറയുന്നത്, തങ്ങള്‍ തുവ്വൂരില്‍ മാത്രമേ ഭരണം നടത്തിയിട്ടുള്ളൂ എന്നാണ്) പാണ്ടിക്കാടിന്റെയും സമീപപ്രദേശങ്ങളുടെയും അധിപനായതോടെ പിന്നീട് നടന്ന നിര്‍ണ്ണായകമായ പോരാട്ടങ്ങളിലും തങ്ങള്‍ ഉജ്ജ്വലമായ പങ്ക് വഹിച്ചു.(11)

ആഗസ്റ് 21-ന്റെ പ്രഭാതത്തില്‍ പാണ്ടിക്കാട് വലിയൊരു കിംവദന്തി പരന്നു: മമ്പുറം മഖാം ബ്രിട്ടീഷുകാര്‍ തകര്‍ത്തു കളഞ്ഞെന്നും തുടര്‍ന്ന് മുസ്ലിംകളും സൈന്യവും നടത്തിയ ഏറ്റുമുട്ടലില്‍ ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് സുപ്രണ്ട്, ഡെപ്യൂട്ടി സുപ്രണ്ട് ആമുസാഹിബ് (12)എന്നിവര്‍ കൊല്ലപ്പെട്ടു എന്നുമായിരുന്നു കിംവദന്തിയുടെ ഉള്ളടക്കം. വാര്‍ത്ത വിശ്വസിച്ച മുസ്ലിംകള്‍ ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഈ വിഷയം ചര്‍ച്ച ചെയ്തു. അന്ന് ഉച്ചക്കു ശേഷം മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം പാണ്ടിക്കാട് പോലീസ് സ്റേഷനിലെ യുദ്ധോപകരണങ്ങളും ആയുധങ്ങളും ഒരു ഉന്തുവണ്ടിയില്‍ മഞ്ചേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു, ഹെഡ് കോണ്‍സ്റബിള്‍ ഉള്‍പ്പെടെ എട്ടു പോലീസുകാരുടെ നേതൃത്വത്തില്‍. എന്നാല്‍ പാണ്ടിക്കാട് പിന്നിട്ട ഉടനെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ അന്‍പതോളം മുസ്ലിംകള്‍ ഈ പോലീസ് ടീമിനെ അക്രമിച്ചു കീഴടക്കി. മഞ്ചേരിയിലേക്ക് കൊണ്ടുപോവുകയായിരുന്ന മുഴുവന്‍ ആയുധങ്ങളും കൈയിലാക്കി. ഉടന്‍ തന്നെ നൂറിലധികം വരുന്ന പ്രാദേശിക മുസ്ലിംകളുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസ്സ്റേഷന്‍ ആക്രമിച്ചു.(13) തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാണ്ടിക്കാടും പരിസരവും പ്രശ്നകലുഷിതമായിത്തീര്‍ന്നു. പിടിച്ചെടുത്ത ആയുധങ്ങളുമായി ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ വിപ്ളവകാരികള്‍ പോരാട്ടത്തിനിറങ്ങി. അംശക്കച്ചേരി, പോസ്റോഫീസ് തുടങ്ങിയ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സ്ഥാപനങ്ങളിലേക്ക് വെടിയുതിര്‍ത്തു.(14) പോലീസ് സ്റേഷനിലെയും ചെക്കു പോസ്റുകളിലെയും രേഖകള്‍ മുഴുവന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു കളഞ്ഞു. ശേഷം മാപ്പിളമാര്‍ പാണ്ടിക്കാട് ബസാറില്‍ സംഗമിച്ച് തക്ബീറുകള്‍ ഉറക്കെ വിളിച്ച് വെള്ളുവങ്ങാടിലേക്കു നീങ്ങി. മഞ്ചേരിയെയും പാണ്ടിക്കാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളുവനാട്ടെ പാലവും തകര്‍ത്തു കളഞ്ഞു. അന്നു രാത്രി എട്ടു മണിക്ക് ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ മുവ്വായിരത്തോളം മാപ്പിളമാര്‍ പാണ്ടിക്കാട് പള്ളിയില്‍ ഒരുമിച്ചു കൂടി. ഈ ഘട്ടത്തിലാണ് പാണ്ടക്കാട്ടെ അധികാരിയായ കോടാലയില്‍ മൂസ ഹാജി ഏറനാട്ടുകാരനായ നാലു പോലീസുകാരെയും കൂട്ടി വിപ്ളവ സംഘത്തില്‍ ചേര്‍ന്നത്.

മാപ്പിള കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്-സൈന്യം സ്വീകരിച്ച വഴികളെക്കുറിച്ച് എഫ്.ബി. ഇവന്‍സിന്റെ റിപ്പോര്‍ട്ടുകള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. സെപ്റ്റംബര്‍ പതിമൂന്നിന് മേലാറ്റൂരില്‍ വച്ച് ചെമ്പ്രശ്ശേരി തങ്ങളെ വിപ്ളവകാരികളുടെ നേതാവായി തിരഞ്ഞെടുത്തു. ഇതനുസരിച്ച് തങ്ങള്‍ സജീവമായി സമരത്തിന്റെ നേതൃത്വത്തിലെത്തിയത് സെപ്തംബര്‍ ആദ്യ വാരത്തോടു കൂടിയായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്. മാധവന്‍ നായരുടെ നിഗമനപ്രകാരം 1921 ഓഗസ്റ് അവസാന വാരത്തോടെ വിപ്ളവം തണുത്തു വന്നിരുന്നെങ്കിലും ബ്രിട്ടീഷ് അധികാരികള്‍ പ്രതികാരത്തിന് മുതിര്‍ന്നതിനാലാണ് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാര്‍ സെപ്തംബര്‍ 12,13 തിയ്യതികളില്‍ വീണ്ടും പോരാട്ടത്തിനിറങ്ങിയത്.(15) സെപ്തംബര്‍ 12-ാം തിയ്യതി ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം പോരാളികള്‍ മേലാറ്റൂരില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് നീങ്ങുകയും അവിടെയുള്ള ഗവണ്‍മെന്റ് സ്ഥാപനങ്ങളും ഓഫീസുകളും അക്രമിക്കുകയും ചെയ്തു. ആ സമയത്ത് മണ്ണാര്‍ക്കാട്ടെ വിപ്ളവകാരികള്‍ക്ക് നേതൃത്വം നല്‍കാന്‍ കുമരംപൂത്തൂര്‍ സീതിക്കോയ തങ്ങളെ ചെമ്പ്രശ്ശേരി തങ്ങള്‍ ചുമതലപ്പെടുത്തി. പിന്നീട് സെപ്തംബര്‍ 20ന് ചെര്‍പ്പുളശ്ശേരിക്ക് സമീപത്തുള്ള കാഞ്ഞിരമുക്കില്‍ വച്ച് ചെമ്പ്രശ്ശേരി തങ്ങളുടെയും വാരിയന്‍കുന്നത്തിന്റെയും നേതൃത്വത്തില്‍ വിപ്ളവകാരികളുടെ സംഗമം നടന്നു. അതു പോലെ, സെപ്തംബര്‍ 26ന് മേലാറ്റൂരിനടുത്തുള്ള വെള്ളിയഞ്ചേരി പള്ളിയില്‍ വച്ച് മറ്റൊരു മീറ്റിംഗും നടന്നു. വിപ്ളവകാരികളെ രഹസ്യ പോരാട്ടത്തിന് സജ്ജമാക്കുക എന്നതായിരുന്നു ഈ കൂടിച്ചേരലുകളുടെ പ്രധാന ലക്ഷ്യം. മാപ്പിളമാര്‍ ഒളിപ്പോരാട്ടത്തിന് സജ്ജമാവുകയാണെന്നു കണ്ടു ബ്രിട്ടീഷ് ഗവണ്‍മെന്റ് കൂടുതല്‍ സൈന്യത്തെ കൊണ്ടുവന്നു.(16)

ചിന്‍, കചിന്‍, ഗൂര്‍ക്കാ തുടങ്ങിയ സൈനിക സംഘങ്ങളെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇറക്കുമതി ചെയ്തെങ്കിലും, വിപ്ളവകാരികള്‍ക്കെതിരെ പേരിനു പോലും ഒരു വിജയം നേടാന്‍ അവവര്‍ക്ക് സാധിച്ചില്ല. രണ്ടു വിഭാഗം ഗൂര്‍ക്കാ ടീമുകള്‍ പെരിന്തല്‍മണ്ണയിലെയും മണ്ണാര്‍ക്കാട്ടെയും സ്റേഷനുകളില്‍ തമ്പടിച്ചു. ചെമ്പ്രശ്ശേരി തങ്ങളെ നേരിടുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ തങ്ങളുമായി വലിയൊരു ഏറ്റുമുട്ടല്‍ നടത്തുന്നതില്‍ അവരും പരാജയപ്പെട്ടു.
അവസാനം ബ്രിട്ടീഷ് സൈന്യം ഒരു ഉപാധി കണ്ടുപിടിച്ചു. വിപ്ളവകാരികള്‍ കുന്നിന്‍പുറങ്ങളില്‍ സമ്മേളിക്കുമ്പോള്‍ അവരെ തടഞ്ഞ്, ഭക്ഷണവും വെള്ളവും നിഷേധിച്ച് അശക്തമാക്കി കീഴടക്കുക എന്നതായിരുന്നു ആ മാര്‍ഗ്ഗം.(17)

ഈ ഘട്ടത്തില്‍ പോരാളികളുടെ മുഴുവന്‍ ശ്രദ്ധയും ചെമ്പ്രശ്ശേരി തങ്ങളിലായിരുന്നു. ഒന്നോ അതിലധികമോ മിലിറ്ററി ക്യാമ്പുകള്‍ ആക്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു തങ്ങള്‍.(18) അങ്ങനെയാണ് 1921 നവംബര്‍ 14ന് പ്രഭാതത്തില്‍ 5 മണിക്ക് ചെമ്പ്രശ്ശേരി തങ്ങളുടെയും വാരിയന്‍കുന്നത്തിന്റെയും നേതൃത്വത്തില്‍ രണ്ടായിരത്തോളം വിപ്ളവകാരികള്‍ പാണ്ടിക്കാട് ഗൂര്‍ക്കാ ക്യാമ്പ് ആക്രമിക്കുന്നത്. അപ്രതീക്ഷിതമായ ഈ ആക്രമണം പുറത്ത് ടെന്റുകളില്‍ കഴിഞ്ഞിരുന്ന ഗൂര്‍ക്കകളെ ആദ്യമൊന്ന് വിഭ്രമിപ്പിച്ചു.
ഈ സംഭവത്തെക്കുറിച്ച് കെ. മാധവന്‍ നായര്‍ എഴുതുന്നു: "കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും സംയുക്ത നേതൃത്വത്തില്‍ മുവ്വായിരത്തോളം മാപ്പിളമാര്‍ ക്യാമ്പ് ആക്രമിച്ചപ്പോള്‍ ഗുര്‍ക്കാസൈന്യം അകത്തുണ്ടായിരുന്നു. സാധാരണ ബ്രിട്ടീഷ് പട്ടാളക്കാരായിരുന്നു അവിടെയുണ്ടായിരുന്നതെങ്കില്‍ അവര്‍ക്കൊരിക്കലും മാപ്പിളമാരുടെ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാനാകുമായിരുന്നില്ല. എന്നാല്‍ എതിരാളികളെ നേരിടുന്നതില്‍ അതീവ വൈദഗ്ധ്യം നേടിയ ഈ ഗൂര്‍ക്കകള്‍-അവര്‍ എണ്‍പത് പേര്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്-ശക്തമായി തിരിച്ചടിച്ചപ്പോള്‍ മലബാര്‍ കണ്ട ഏറ്റവും ഉജ്ജ്വലമായ പോരാട്ടം പരാജയത്തില്‍ കലാശിച്ചു.

ഇരുന്നൂറ്റിമുപ്പതിലേറെ വരുന്ന മാപ്പിളമാര്‍ സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ പി•ാറിയെങ്കിലും ഗുര്‍ക്കാ സൈനികര്‍ അവരെ പിന്‍തുടര്‍ന്ന് തുരുതുരെ വെടിവച്ചു. അപ്പോഴും അനേകം ജീവനുകള്‍ നഷ്ടപ്പെട്ടു. ഗൂര്‍ക്കകളില്‍ നിന്ന് കൊല്ലപ്പെട്ടത് വെറും നാലു പേര്‍ മാത്രം. അവരുടെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മുപ്പത്തിനാലു പേര്‍ക്ക് പരിക്ക് പറ്റി''.(19) സംഘടിതമായി നടത്തിയ അവസാനത്തെ ആക്രമണമായിരുന്നു ഇത്. അതിനുശേഷം, ഒരു വലിയ സംഘമാകാന്‍ വിപ്ളവകാരികള്‍ക്ക് സാധിച്ചില്ല. അവര്‍ കൊച്ചു കൊച്ചു സംഘങ്ങളായി ചിതറി.(20) ഇത് രണ്ടു തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. ഒന്ന്: നേരത്തെ, ഒരൊറ്റ നേതൃത്വത്തിനു കീഴില്‍ അവര്‍ സുധീരം അടരാടിയിരുന്നു. വ്യത്യസ്ത വിഭാഗങ്ങളായി മാറിയപ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേക ലക്ഷ്യങ്ങളും താത്പര്യങ്ങളും ഉണ്ടായി. രണ്ട്: വിപ്ളവകാരികള്‍ക്ക് ആത്മവീര്യം നഷ്ടപ്പെട്ടു. അനാവശ്യമായ ഒരു യുദ്ധത്തിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത് എന്ന ചിന്ത അവര്‍ക്കിടയില്‍ പരക്കെ രൂപപ്പെട്ടു. പോരാത്തതിന് ആളും ആയുധവും കിട്ടാതായപ്പോള്‍ മിക്കവാറും എല്ലാ നേതാക്കളും പിന്‍വാങ്ങിയ മട്ടിലായി.(21)

എന്നാല്‍, ചെമ്പ്രശ്ശേരി തങ്ങള്‍ അടങ്ങിയിരുന്നില്ല. ചെമ്പ്രശ്ശേരിയില്‍ സംഗമിക്കാന്‍ വിവിധ ഗ്രൂപ്പുകളുടെ നേതാക്കള്‍ക്ക് അദ്ദേഹം കത്തയച്ചു. മിക്കവാറും ആ യോഗത്തിന്റെ ഉദ്ദേശ്യം ഇങ്ങിനെയായിരുന്നു: തിരൂരങ്ങാടിയിലെ മമ്പുറം മഖാമില്‍ ചെന്ന് പ്രാര്‍ത്ഥന നടത്തിയ ശേഷം, ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഒരു അന്തിമ പോരാട്ടം നടത്തുക.(22) പക്ഷേ ആ പദ്ധതി നിറവേറ്റാനായില്ല.

1921-ഡിസംബര്‍ ഒന്നിന് മേലാറ്റൂരിലെ ഗൂര്‍ക്കാ യൂണിറ്റില്‍ ചെമ്പ്രശ്ശേരി തങ്ങളുടെ ഒരു കത്ത് ലഭിച്ചു. ആ കത്തില്‍ തങ്ങള്‍ പറയുന്നു: മാപ്പിളമാര്‍ വിപ്ളവം നടത്താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബ്രിട്ടീഷ് ഗവണ്‍മെന്റ് വേട്ടയാടിയ സംഭവങ്ങള്‍ കത്തില്‍ എണ്ണമിട്ട് പറഞ്ഞിരുന്നു. ആ സംഭവങ്ങളെ ന്യായീകരിച്ച് ഗൂര്‍ക്കാ കമാന്‍ഡര്‍ ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മറുപടി അയക്കുകയും ചെയ്തു.
അവസാനം, ചെമ്പ്രശ്ശേരി തങ്ങളും, മറ്റു നേതാക്കളും കീഴടങ്ങാന്‍ തീരുമാനിച്ചു. സത്യത്തില്‍ ബ്രിട്ടീഷ് ഓഫീസര്‍മാര്‍ തങ്ങളെ തന്ത്രപരമായി വീഴ്ത്തിയതാണെന്നു പറയാം. കാരണം, നേരത്തെ കീഴടങ്ങിയ നേതാക്കളെ ഉപയോഗിച്ച്, കീഴടങ്ങിയാല്‍ വെറുതെ വിടാമെന്ന് തങ്ങള്‍ക്കും അനുയായികള്‍ക്കും അവര്‍ വാഗ്ദാനം നല്‍കി.(23) ചെമ്പ്രശ്ശേരി തങ്ങളുടെ വലംകയ്യായിരുന്ന കോഴിശ്ശേരി മമ്മദ് എന്ന വ്യക്തിയെ ഉപയോഗിച്ചാണ്, ഡിസംബര്‍-17ന് അദ്ദേഹത്തെ മേലാറ്റൂര്‍ സബ് ഇന്‍സ്പെക്ടര്‍ക്കു മുമ്പില്‍ ഹാജരാക്കിയത്. ഡിസംബര്‍ പത്തൊമ്പതിന് തങ്ങളെയും കോഴിശ്ശേരി മമ്മദിനെയും വെട്ടത്തൂര്‍ സബ് ഇന്‍സ്പെക്ടറുടെ മുമ്പില്‍ ഹാജരാക്കുകയും അതേതുടര്‍ന്ന് അറസ്റ് ചെയ്യുകയും ഉണ്ടായി. പിന്നീട്, യുദ്ധകോടതിയില്‍ വിചാരണ ചെയ്യുകയും 1922 ജനുവരി 9ന് ചെമ്പ്രശ്ശേരി തങ്ങളെയും കോഴിശ്ശേരി മമ്മദിനെയും വെടി വച്ച് കൊല്ലുകയും ചെയ്തു.(24) അതോടെ, മലബാറിലെ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കായികവും ധൈഷണികവുമായ നേതൃത്വം നല്‍കിയ ഇതിഹാസ പുരുഷന്റെ ജീവിതം അവസാനിച്ചു.

സാമ്രാജ്യത്വത്തിനെതിരെയും ഭൂപ്രഭുക്കള്‍ക്കെതിരെയുമുള്ള സമരത്തിന് തന്റെ ആത്മീയശക്തി ഫലപ്രദമായി ഉപയോഗിച്ച നേതാവായിരുന്നു ചെമ്പ്രശ്ശേരി തങ്ങള്‍. 1921-ലെ മലബാര്‍ കലാപകാലത്ത് അദ്ദേഹം പ്രദര്‍ശിപ്പിച്ച ഉയിരും വീര്യവും പുതിയ തലമുറക്ക് മാതൃകയാക്കാവുന്നതാണ്. എങ്ങനെ ഒരു മതനേതാവ് ജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളില്‍ ഇടപടണം എന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നു. അദ്ദേഹത്തിന്റെ നാമവും പോരാട്ട വീര്യവും മലബാറിലെ മുസ്ലിംകള്‍ക്കു മാത്രമല്ല, ലോകത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഒരു പ്രചോദനമാകട്ടെ.

(1) K.N.Panikkar, Against Lord and State, Religion and peasant uprisings in Malabar 1836-1921, Oxford India paperbacks, New Delhi, 1992, Page.2
(2) A. Sreedharamenon, A Survey of kerala History, S. Viswanathan printers, Madras, 1984. Page. 269
(3) എം.ഗംഗാധരന്‍: മലബാര്‍ കലാപം, DC Books, Kottayam, 2008, Page:9
(4)Young India, 29 May 1924
(5) കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ് 202-203
(6) ഫീല്‍ഡ് സര്‍വ്വേയിലൂടെ ലഭിച്ച വിവരങ്ങള്‍.
(7) KN Panikkar, Agaist Lord... Page 195
(8) Ibid Page 196
(9) Ranjith Guha, Elementary aspects of peasant Insurancy in colonial india, Delhi Page-123
(10) എം.ഗംഗാധരന്‍, മലബാര്‍ കലാപം പേ:170
(11) K.N.Panikkar, Against Lord and... page-173
(12)സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധനായിരുന്നു ആമു സാഹിബ്
(13) എം.ഗംഗാധരന്‍, മലബാര്‍ കലാപം പേജ്. 157-158
(14) കയശറ
(15)കെ.മാധവന്‍ നായര്‍ പേജ്: 214-215
(16) G.R.F. Tottenbam (Edited), The Mappila Rebellion 1921-22, Madras, 1922, Page 247
(17)എം.ഗംഗാധരന്‍, മലബാര്‍ കലാപം പേജ്: 211
(18) .R.F Totteman, The Mappila Rebellion-P:50
(19)കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം
(20) K.N. Panikkar, Against Lord....Page-162
(21) Ibid - Page. 216,217
(22) എം.ഗംഗാധരന്‍ നായര്‍, മലബാര്‍ കലാപം-പേജ് 216-217
(23) എം ഗംഗാധരന്‍, മലബാര്‍ കലാപം പേജ്. 217
(24) Ibid - Page.217
മറ്റു റഫന്‍സുകള്‍:
*A. Shreedhara Menon, A Survey
A Kerala History Madras-1984
* E. Moithu Moulavi,
, എന്റെ കൂട്ടുകാരന്‍-മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്-1964


(Chembrasseri Thangal: A Forgotten Chembrasseri of South Malabar എന്നാണ് മൂലപ്രബന്ധത്തിന്റെ ശീര്‍ഷകം. പാലക്കാട് വിക്ടോറിയ കോളേജില്‍ ഹിസ്ററി ഡിപ്പാര്‍ട്ട്മെന്റ് പ്രഫസറാണ് ഹരിദാസന്‍.)

Source : Risala Online

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal