വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി അഞ്ചു വര്‍ഷം മക്കയില്‍ പ്രവാസിയായി കഴിഞ്ഞെന്നു ചരിത്ര രേഖ

ജിദ്ദ: മലബാറിലെ സ്വാതന്ത്യ്രസമര പോരാളി വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ പട്ടാളം അറസ്റ്റ്‌ ചെയ്തതിന്‌ ഇന്ന്‌ ഒമ്പത്‌ പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ അഞ്ചു വര്‍ഷത്തോളം അദ്ദേഹം പ്രവാസ ജീവിതം നയിച്ച സൌദിയില്‍ വിവിധ സംഘടനകള്‍ ആ ധീര ദേശാഭിമാനിയെ സ്മരിക്കുന്നു.
പലയിടങ്ങളിലും പ്രവാസി സംഘടനകള്‍ അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹം ആദ്യമായി മക്കയിലേക്കു പുറപ്പെട്ടത്‌ സമരത്തിന്റെ ഭാഗമായിരുന്നെന്നും അവസാനകാലത്ത്‌ ജീവനോടെ പിടികൂടാന്‍ മക്ക യാത്ര വാഗ്ദാനം ചെയ്ത്‌ ബ്രീട്ടീഷുകാര്‍ ദൂതനെ അയച്ചിരുന്നുവെന്നും ചരിത്രരേഖകളില്‍ പറയുന്നു.
കടുത്തബ്രിട്ടീഷ്‌ വിരുദ്ധതയുടെ പേരില്‍ ഗവണ്‍മെന്റിന്റെ നീരീക്ഷണത്തിലായിരുന്ന വാരിയന്‍കുന്നനെ താല്‍ക്കാലികമായി അവരുടെ കണ്‍മുമ്പില്‍ നിന്നു മാറ്റുന്നതിനായിരുന്നു ആദ്യം മക്കയിലേക്കയച്ചത്‌. അഞ്ച്‌ വര്‍ഷത്തിനുശേഷം തിരിച്ചുവന്ന വാരിയന്‍കുന്നന്‍ പൂര്‍വ്വാധികം വിപ്ലവവീര്യമുള്ള വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയാവുകയായിരുന്നു.
1899ല്‍ വാരിയന്‍കുന്നത്തിന്റെ സഹായികളായ അബ്ദുല്ലാ കുരിക്കളും അനുജന്‍ നെല്ലിക്കുത്ത്‌ അംശം അധികാരിയായിരുന്ന അഹമ്മദ്കുരിക്കളും കുഞ്ഞഹമ്മദിന്റെ മറ്റു കുടുംബങ്ങളും ഇടപെട്ടാണ്‌ അദ്ദേഹത്തെ മക്കത്തേയക്കക്കുന്നത്‌. സമരത്തെ സംബന്ധിച്ചെഴുതപ്പെട്ട ഗ്രന്ഥങ്ങളിലും ഹിച്ച്കോക്കിന്റെ മലബാര്‍ റെബല്യനിലും മക്ക യാത്രപരാമര്‍ശിക്കുന്നുണ്ട്‌.
ബ്രീട്ടീഷ്‌ ഗവണ്‍മെന്റ്‌ നിരോധിച്ച ചേറൂര്‍ പടപ്പാട്ടും മറ്റു യുദ്ധ സീറാ പാരായണവും സംഘടിപ്പിക്കുന്നതിലടക്കം സജീവമായിരുന്ന വാരിയന്‍ കുന്നത്ത്‌ നേരത്തെ തന്നെ ചേക്കുട്ടി പോലിസിന്റെ നോട്ടപ്പുള്ളിയായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ കൂടുതല്‍ കുതന്ത്രങ്ങള്‍ വാരിയന്‍കുന്നനെ വലയിലാക്കാന്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്‌ മക്കയിലേക്ക്‌ പറഞ്ഞയക്കുന്നത്‌. മക്കയിലെത്തി ഹജ്ജ്‌- ഉംറ കര്‍മ്മങ്ങള്‍ക്ക്‌ ശേഷം ചെറിയ കച്ചവടവുമായി അഞ്ച്‌ കൊല്ലം അദ്ദേഹം അവിടെ തങ്ങുകയായിരുന്നു.
1905ല്‍ മക്കയില്‍ നിന്നുതരിച്ചെത്തിയ ഹാജിയെ സ്വദേശമായ നെല്ലിക്കുത്ത്‌ താമസിക്കാന്‍ ബ്രിട്ടീഷുകാര്‍ അനുവദിച്ചില്ല. നെടിയിരുപ്പില്‍ താമസിക്കുന്നതിനാണ്‌ അനുമതി കിട്ടിയത്‌. ലോകതലത്തില്‍ തന്നെ ശ്രദ്ധേയമാവുന്ന വിധം വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പോരാട്ടങ്ങള്‍ക്കു ശക്തിപകരുന്നതായിരുന്നു ആദ്യത്തെ ഹജ്ജ്‌ യാത്രയെന്ന്‌ പിന്നീടുള്ള അദ്ദേഹത്തിന്റെ സമരങ്ങള്‍ സാക്ഷി.
വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ സമാന്തരസര്‍ക്കാര്‍ അടക്കമുള്ള വിപ്ലവകരമായ പ്രവര്‍ത്തനങ്ങളില്‍ അസഹ്യരായ ബ്രിട്ടിഷുകാര്‍ അദ്ദേഹത്തെ മക്കാ വാഗ്ദാനം നല്‍കി ചതിയില്‍ പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കീഴടങ്ങിയാല്‍ മാപ്പുതരുമെന്നും മക്കത്തേക്ക്‌ പോവാന്‍ കലക്ടര്‍ വേണ്ട ഏര്‍പ്പാട്‌ ചെയ്തു തരുമെന്നും ദൂതന്‍ ഹാജിയാരെ കണ്ട്‌ അറിയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീട്‌ 1922 ജനുവരി 6 നു ചതിയിലൂടെ കീഴടക്കി. മക്കയുടെ പേരുപറഞ്ഞ്‌ തന്നെ വഞ്ചിക്കാനുള്ള തീരുമാനം തരംതാണതായിപ്പോയെന്നും താന്‍ പിറന്നു വീണ ഇവിടെ തന്നെ മരിക്കുകയും ചെയ്യുമെന്നായിരുന്നു ബ്രിട്ടിഷുകാരോടുള്ള ഹാജിയുടെ പ്രതികരണം. ജനുവരി 20 നു രാവിലെ പത്തുമണിക്ക്‌ ഹാജിയെ കോട്ടക്കുന്നിന്റെ വടക്കെ ചെരുവില്‍ വെടിവച്ച്‌ കൊല്ലുകയായിരുന്നു.


ഫഹദ്‌ സലീം
News @ Thejas
Fri, 6 Jan 2012

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal