വാരിയന്‍ കുന്നത്തിന്റെ രക്ത രക്തസാക്ഷിത്വത്തിന്‌ 90 വയസ്സ്

വാരിയന്‍കുന്നന്‍ മരിക്കാത്ത വിപ്ലവ പോരാളി


ജനുവരി 20, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദാജിയെന്ന വിപ്ലവകാരിയുടെ രക്തസാക്ഷിത്വത്തിന്‌ സാക്ഷ്യംവഹിച്ച ദിനം. 'കണ്ണുമൂടിക്കെട്ടി പിന്നില്‍ നിന്ന്‌ വെടിവയ്ക്കുന്ന നിങ്ങളുടെ പതിവു രീതിക്കെതിരായി എന്റെ മുന്നില്‍ വന്നുനിന്നു നേരെ നെഞ്ചിലേക്കു വെടിവയ്ക്കണ'മെന്നു പട്ടാള കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയോട്‌ ആത്മാഭിമാനത്തോടെ പ്രതികരിച്ച ആ മാപ്പിളപ്പോരാളി 1922 ജനുവരി 20ാ‍ം തിയ്യതി മലപ്പുറം-മഞ്ചേരി പാതയിലെ കോട്ടക്കുന്നിന്റെ ചരിവില്‍ വച്ച്‌ ധീരമായി രക്തസാക്ഷിത്വം വരിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വാരിയന്‍കുന്നന്‍ തിളങ്ങുന്ന അധ്യായമാണ്‌. ഒടുങ്ങാത്ത ബ്രിട്ടീഷ്‌-ജന്‍മി വിരോധത്തിന്റെ പ്രതീകമായിരുന്നു ആ ദേശസ്നേഹി. അതുകൊണ്ടുതന്നെയാണ്‌ അദ്ദേഹത്തെ കേവലം പ്രാകൃതനും പോത്തുവണ്ടിക്കാരനുമായി ചിത്രീകരിച്ച തന്നെ മറ്റൊരിടത്ത്‌ അതു തിരുത്തിയെഴുതേണ്ടിവന്നത്‌.

നെല്ലിക്കുത്തിലെ ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവട്ടി കുഞ്ഞായിശയുടെയും മകനായി 1873ലാണ്‌ അദ്ദേഹം ജനിക്കുന്നത്‌. പൊടുന്നനെ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തെറിയപ്പെട്ട വ്യക്തിയായിരുന്നില്ല വാരിയന്‍കുന്നന്‍. അദ്ദേഹത്തിന്റെ പിതാവ്‌ ധീരദേശാഭിമാനിയായിരുന്നു. 1894ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരേ നടന്ന മണ്ണാര്‍ക്കാട്ട്‌ യുദ്ധത്തില്‍ പങ്കെടുത്തതിന്‌ പിതാവിനെ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക്‌ നാടുകടത്തി. പിതൃസ്വത്തായ 200 ഏക്കര്‍ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. അതിനാല്‍ മാതാവിന്റെ വീട്ടിലാണു ബാല്യകാലം കഴിച്ചുകൂട്ടിയത്‌. ഹിന്ദി, ഉര്‍ദു, അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ സ്വായത്തമാക്കിയ വാരിയന്‍കുന്നന്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന്‌ വ്യാപാരവും സാമൂഹികസേവനവും ആരംഭിച്ചു. കുറഞ്ഞ കാലംകൊണ്ട്‌ അദ്ദേഹം ജനങ്ങള്‍ക്കു സ്വീകാര്യനായി. ഖിലാഫത്ത്‌-നിസ്സഹകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. ബ്രിട്ടീഷുകാരെ തുരത്തിയോടിക്കേണ്ടത്‌ മതബാധ്യതയാണെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ഏതു വൈതരണികളെയും മറികടന്ന്‌ പോരാടാനുള്ള നിശ്ചയദാര്‍ഢ്യം ഹാജിയുടെ മനസ്സില്‍ വേരുറച്ചുനിന്നിരുന്നു. ഖിലാഫത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖ്യ സംഘാടകനായി അദ്ദേഹം സമരമുഖത്ത്‌ സുസജ്ജനായി.
മിതവാദത്തിന്റെ കരിമ്പടം വലിച്ചെറിഞ്ഞ്‌ സാമ്രാജ്യത്വശക്തികളോടു പോരാടാന്‍ അദ്ദേഹം തയ്യാറായി. 1920 ഏപ്രില്‍ 29ന്‌ മഞ്ചേരിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ ഖിലാഫത്ത്‌ സമ്മേളനത്തില്‍ ഹാജി തന്റെ നയം തുറന്നുപറഞ്ഞു. അതോടെ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായി അദ്ദേഹം മാറി. ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടം തുടങ്ങിയതോടെ ഇരുനൂറോളം താലൂക്കുകളില്‍ ഹാജിയും പോരാളികളും ബ്രിട്ടീഷ്‌ ഭരണത്തെ ആറുമാസത്തേക്ക്‌ നിശ്ചേതനമാക്കി.

1921 ആഗസ്ത്‌ 20ന്‌ കലക്ടര്‍ തോമസ്‌, ഹിച്ച്‌ കോക്ക്‌ എന്നിവര്‍ തിരൂരങ്ങാടിയില്‍ വച്ച്‌ വാരിയന്‍കുന്നന്റെ സേനയോടു തോറ്റോടിയപ്പോള്‍ ലണ്ടന്‍ ടൈംസ്‌ എന്ന ഇംഗ്ലീഷ്‌ പത്രം മലബാറില്‍ ഇംഗ്ലീഷ്‌ ഭരണം അവസാനിച്ചെന്നാണ്‌ എഴുതിയത്‌.

വാരിയന്‍കുന്നന്റെ വിപ്ലവവീര്യത്തിന്റെ അലയൊലികള്‍ ലണ്ടനില്‍ ബ്രിട്ടീഷ്‌ ആസ്ഥാനങ്ങളില്‍പ്പോലും കോളിളക്കം സൃഷ്ടിച്ചുവെന്നര്‍ഥം. മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട ആ വിപ്ലവകാരിയുടെ രക്തസാക്ഷിത്വം ചരിത്രവിരോധികള്‍ വികലമാക്കിയാലും ആ അധ്യായം എന്നും ജ്വലിച്ചുകൊണ്ടിരിക്കും. കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത്‌ നേരിനൊപ്പം നില്‍ക്കാന്‍ ആ ഓര്‍മകള്‍ നമുക്കു കരുത്തുപകരട്ടെ.

സാദിഖ് മന്‍സൂര്‍
തേജസ്‌ .
20.01.08

Repost: http://malabarkalapam.blogspot.com/2009/01/blog-post_20.html 

Related Post

1 comments:

SAHEER MAJDAL said...

congrats basheer...........
best wishes...........

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal