.

മലബാര്‍ സമരം : കിഴക്കന്‍ ഏറനാട്ടിലെ ചരിത്രശേഷിപ്പുകള്‍ വിസ്മൃതിയിലേക്ക്‌

മലബാര്‍ സമരം: കിഴക്കന്‍ ഏറനാട്ടിലെ ചരിത്രശേഷിപ്പുകള്‍ വിസ്മൃതിയിലേക്ക്‌

കാളികാവ്: മലബാര്‍ സമരത്തിന്റെ അലയൊലികള്‍ ഏറ്റെടുത്ത് വെള്ളപ്പട്ടാളത്തിനെതിരെ ധീരമായ ചെറുത്തുനില്പ് നടത്തിയ കിഴക്കന്‍ ഏറനാട്ടുകാരുടെ ചരിത്രശേഷിപ്പുകള്‍ വിസ്മൃതിയിലേക്ക്. പൂക്കോട്ടൂരില്‍ തുടങ്ങിവെച്ച കലാപത്തിന് ആവേശം പകര്‍ന്നത് കിഴക്കന്‍ ഏറനാട്ടിലെ സമരനായകരായ ചെമ്പ്രശ്ശേരി തങ്ങളും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, തുവ്വൂര്‍, കരുവാരകുണ്ട്, കാളികാവ്, പുല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് മലബാര്‍ കലാപത്തിന്റെ സമരനാളം ആളിപ്പടര്‍ന്നത്.

വെള്ളപ്പട്ടാളം തമ്പടിച്ചിരുന്ന കരുവാരകുണ്ടിലെ സൈനികകേന്ദ്രം ആക്രമിച്ചാണ് സമരപോരാളികള്‍ ആയുധം സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ അധീനതയിലുണ്ടായിരുന്ന പുല്ലങ്കോട് എസ്റ്റേറ്റ് മാനേജര്‍ ഈറ്റണ്‍ സായിപ്പിന്റെ കൊലപാതകത്തോടുകൂടിയാണ് സമരത്തെ എന്ത് വിലകൊടുത്തും നേരിടാന്‍ സൈന്യം തയ്യാറായത്. പോരാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ കൊന്നൊടുക്കിയ സൈന്യം മരിച്ചവരെ തുവ്വൂരിലെ ഒരു കിണറ്റില്‍ തള്ളി.

ജനങ്ങളില്‍ സമരാവേശം പടര്‍ത്തുന്നതിന് മലവാരത്തില്‍ ഒളിച്ച ഈറ്റണ്‍ സായിപ്പിന്റെ തലവെട്ടിയെടുത്ത് കുന്തത്തില്‍ കുത്തി കാളികാവില്‍ നാട്ടിയിരുന്നു.

പൂക്കോട്ടൂരിലും തിരൂരങ്ങാടിയിലും സമരം തണുത്ത് തുടങ്ങിയിട്ടും കിഴക്കന്‍ ഏറനാട്ടിലെ സമരവീര്യം അണയ്ക്കാന്‍ വെള്ളപ്പട്ടാളം ബുദ്ധിമുട്ടി.

ഒടുവില്‍ ചതിപ്രയോഗത്തിലൂടെ 1922 ജനവരി നാലിന് ചോക്കാടന്‍ മലവാരത്തില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പിടികൂടിയാണ് വെള്ളപ്പട്ടാളം സമരത്തീ കെടുത്തിയത്. സമരനായകന് അഭയം നല്‍കിയ ചീപ്പിപ്പാറയും രക്തസാക്ഷികളുടെ നിണമണിഞ്ഞ തുവ്വൂര്‍ കിണറും ഈറ്റണ്‍ സായിപ്പിന്റെ തലനാട്ടിയ കാളികാവ് ടൗണിലെ സമരമൂലയും വെള്ളപ്പട്ടാളത്തിന്റെ പടയോട്ടത്തിന് വേദിയായ കരുവാരകുണ്ട് കേമ്പിന്‍കുന്ന് സൈനികത്താവളവും കാളികാവ് സ്റ്റേഷന്‍ തുടങ്ങിയ സ്മാരകങ്ങളെല്ലാം വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP