.

അബ്ദുര്‍റഹിമാന്‍ സാഹിബിനു തുല്യം ഗാന്ധിജി മാത്രം

അബ്ദുര്‍റഹിമാന്‍ സാഹിബിനു തുല്യം ഗാന്ധിജി മാത്രം: ഡോ. എം ഗംഗാധരന്‍

മലപ്പുറം: ദേശീയ പ്രസ്ഥാനത്തില്‍ മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ പൂര്‍ണ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിനു തുല്യമായി ഗാന്ധിജി മാത്രമേയുള്ളൂവെന്നും ചരിത്രകാരന്‍ ഡോ. എ ഗംഗാധരന്‍. മലപ്പുറം ടൌണ്‍ഹാളില്‍ മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബ്‌ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ പേരില്‍ ഒരു വിഭാഗം മുസ്ലിംകള്‍ ബ്രിട്ടീഷുകാരുമായി സായുധ ഏറ്റുമുട്ടലിനൊരുങ്ങിയപ്പോള്‍ അവരെ പിന്‍തിരിപ്പിക്കുന്നതിന്‌ കോണ്‍ഗ്രസ്‌ നേതാക്കളോടൊപ്പം അബ്ദുര്‍റഹ്മാന്‍ സാഹിബും മുന്നിട്ടിറങ്ങി. ഉപദേശം ചെവിക്കൊള്ളാതെ ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ സായുധസമരം തുടങ്ങിയപ്പോള്‍ നേതാക്കള്‍ മാറിനിന്നു.
എന്നാല്‍ സാഹിബ്‌ മാത്രമാണ്‌ ഈ ഘട്ടത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നിലകൊണ്ടത്‌.
കലാപ സ്ഥലങ്ങളില്‍ നിന്നു സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ അദ്ദേഹം കലക്ടര്‍ക്ക്‌ കത്തെഴുതി.
ഇതു പരിഗണിക്കാത്തതിനാല്‍ മദ്രാസിലെയും ബോംബെയിലെയും പത്രങ്ങള്‍ക്കു കലാപസ്ഥലങ്ങളിലെ ദുരിതം കാണിച്ച്‌ കത്തയച്ചു.
ഇതിന്റെ കാരണത്താല്‍ മാര്‍ഷല്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ രണ്ടുവര്‍ഷത്തെ തടവിന്‌ 23ാ‍ം വയസ്സില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ്‌ ശിക്ഷിക്കപ്പെട്ടു. 1921നു ശേഷം മുസ്ലിം സമുദായത്തിന്റെ ദുരവസ്ഥ കാക്കിനട കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ്‌ അവതരിപ്പിച്ചതിനാലാണ്‌ ജെ.ഡി.ടി ഉള്‍പ്പെടെയുള്ള അനാഥമന്ദിരങ്ങള്‍ സംസ്ഥാനത്ത്‌ രൂപികൃതമായത്‌.
ഭാര്യയുടെ മരണശേഷം എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ വൃതമനുഷ്ഠിച്ചിരുന്ന സാഹിബ്‌ കുടുംബ ജീവിതത്തിലും സമൂഹജീവിതത്തിലും മാതൃകയായിരുന്നുവെന്നും ഡോ. എം ഗംഗാധരന്‍ പറഞ്ഞു.
ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത അബ്ദുര്‍റഹ്മാന്‍ സാഹിബിനെ കുറിച്ചുള്ള വീരപുത്രന്‍ എന്ന സിനിമ സംസ്ഥാനത്തെ പല തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാതിരുന്നത്‌ അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരണം മുടക്കുന്നവര്‍ ഇപ്പോഴുമുണെ്ടന്നതിന്റെ തെളിവാണെന്നും ഡോ. ഗംഗാധരന്‍ പറഞ്ഞു.
അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മംഗലം ഗോപിനാഥ്‌ മോഡറേറ്ററായി. ഹമീദ്‌ ചേന്ദമംഗല്ലൂര്‍, ആലങ്കോട്‌ ലീലാകൃഷ്ണന്‍, വി എം കൊളക്കാട്‌, വീക്ഷണം മുഹമ്മദ്‌, സി ഹരിദാസ്‌ സംസാരിച്ചു.

News @ Thejs Online
Photo: Mathrubhumi

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP