മലബാര്‍ സമര സ്മാരകങ്ങള്‍ക്ക് അവഗണന

മലബാര്‍ കലാപത്തെത്തുടര്‍ന്നുണ്ടായ വാഗണ്‍ട്രാജഡിക്ക് 90 വര്‍ഷം തികയുന്നു. കലാപസ്മാരകങ്ങളുടെ ഇന്നത്തെ അവസ്ഥയിലേക്ക് ഒരു എത്തിനോട്ടം... മലബാര്‍ കലാപ സ്മാരകങ്ങള്‍ക്ക് അവഗണന

തിരൂരങ്ങാടി: ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്‌കാരവും അതിലുപരി സ്വാതന്ത്ര്യസമരത്തിന്റെ വീറുറ്റ സ്മരണകളും ഉറങ്ങുന്ന നിര്‍മിതികള്‍ക്ക് അവഗണന മാത്രം. ഭാവിതലമുറകള്‍ക്കുകൂടി കാണാനും പഠിക്കാനും കാത്തുവെക്കേണ്ടവ നശിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.

മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷുകാര്‍ തേര്‍വാഴ്ച നടത്തിയ തിരൂരങ്ങാടിയിലും പരിസരത്തുമുള്ള ചരിത്ര ശേഷിപ്പുകള്‍ വേണ്ടവിധം പരിഗണിച്ചിട്ടില്ല.

നൂറ്റാണ്ട് പഴക്കമുള്ള നിര്‍മിതികള്‍ പലതും കലര്‍പ്പില്ലാത്ത പണിയുടെ ഗുണംകൊണ്ട് മാത്രമാണ് പൂര്‍ണമായി മണ്ണടിയാതിരിക്കുന്നത്.


  • അന്ന് ഹജൂര്‍കച്ചേരി, ഇന്ന് താലൂക്കോഫീസ്


ബ്രിട്ടീഷ് ഭരണകാലത്ത് കോടതിയും പോലീസ്‌സ്റ്റേഷനും ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍കച്ചേരി കെട്ടിടത്തിന് ഇന്നും കാര്യമായ കുഴപ്പങ്ങളില്ല. 1906ലാണ് ഇത് നിര്‍മിച്ചതെന്ന് കരുതുന്നു.

കാറ്റും വെളിച്ചവും യഥേഷ്ടം കിട്ടുന്ന വിസ്താരമേറിയ മുറികളും ചുറ്റും വരാന്തകളുമുള്ള ഈ കെട്ടിടം വാസ്തുവിദ്യാ വിദഗ്ധര്‍ക്കുപോലും അദ്ഭുതമാണ്. റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തില്‍ ഇപ്പോള്‍ താലൂക്കോഫീസാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഇതിന്റെ പരിസരമാകെ മണലും മണല്‍വാഹനങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ബ്രിട്ടീഷ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നിര്‍മിച്ച കെട്ടിടങ്ങളുടെ കൂട്ടത്തിലാകും ഇതിന്റെയും പണി നടന്നതെന്ന് കരുതുന്നു. ചരിത്രസ്മാരകമായി നിലനിര്‍ത്തുന്നതിനുവേണ്ടി കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതാണ്. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിവെക്കുകയുംചെയ്തു. താലൂക്കോഫീസ് പുതുതായി നിര്‍മിച്ച മിനിസിവില്‍സ്റ്റേഷനിലേക്ക് മാറുന്നതോടെ ചരിത്രസ്മാരകം സംരക്ഷിക്കാന്‍ വീണ്ടും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.


  • ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറകള്‍


മലബാര്‍ കലാപത്തിന് അന്ത്യംകുറിച്ച് തിരൂരങ്ങാടിയില്‍ നടന്ന പോരാട്ടങ്ങളില്‍ കൊല്ലപ്പെട്ടത് നാട്ടുകാരായ ധീരസമരക്കാര്‍ മാത്രമായിരുന്നില്ല. കൈയില്‍ കിട്ടിയതെല്ലാം ആയുധമാക്കി അവര്‍ നടത്തിയ ചെറുത്തുനില്‍പ്പില്‍ തോക്കേന്തിയ പട്ടാളക്കാരും മരിച്ചുവീണു.

1921 ആഗസ്ത് 20ന് ഹജൂര്‍കച്ചേരിക്കുമുന്നില്‍ നടന്ന സമരത്തില്‍ നാട്ടുകാരായ 17പേര്‍ രക്തസാക്ഷികളായി. പ്രത്യാക്രമണത്തില്‍ ആറ് പട്ടാളക്കാരും മരിച്ചു.

ഇതില്‍ പാലക്കാട് എ.എസ്.പി ആയിരുന്ന വില്യം ജോണ്‍ ഡങ്കണ്‍ റൗളി, ലെഫ്റ്റനന്റ് വില്യം ജോണ്‍സ്റ്റണ്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഹജൂര്‍കച്ചേരി അങ്കണത്തില്‍ത്തന്നെ അടക്കി. ഈ കല്ലറ ഇരുമ്പുവേലികെട്ടി സംരക്ഷിക്കുകയുംചെയ്തു.

ആഗസ്ത് 30ന് വലിയപള്ളിക്കുനേരെ നടന്ന വെടിവെപ്പിലും തുടര്‍ന്നുണ്ടായ പോരാട്ടത്തിലും കൊല്ലപ്പെട്ട സൈനികരെ ചന്തപ്പടിയിലാണ് അടക്കംചെയ്തത്. ഈ കല്ലറ കാടുമൂടി സംരക്ഷണമില്ലാതെ നശിച്ചു.

താലൂക്കോഫീസ് അങ്കണവും അവിടെയുള്ള ശവക്കല്ലറയും കാണാന്‍കഴിയാത്തവിധം മണല്‍വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. കല്ലറയ്ക്ക് ചുറ്റും കാടുമൂടിയിട്ടുമുണ്ട്. അര്‍ഹിക്കുന്ന ചരിത്രപ്രാധാന്യം ഇവയ്ക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.


  • കുതിരാലയം


ബ്രിട്ടീഷ് പട്ടാളവും ഉന്നതോദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന കുതിരകളെ കെട്ടാന്‍ നിര്‍മിച്ച കുതിരാലയത്തിന്റെ അവശിഷ്ടങ്ങള്‍ തിരൂരങ്ങാടി ആസ്​പത്രിക്ക് പിന്നില്‍ ഇപ്പോഴും കാണാം.

കല്ലും മണ്ണും ഉപയോഗിച്ചുണ്ടാക്കിയ ചുമരുകളും തകര്‍ന്ന മേല്‍ക്കൂരയും മണ്ണടിയാന്‍ മനസ്സില്ലാതെ കിടക്കുകയാണ്. വാഹനപാര്‍ക്കിങ്ങിനോ വിശ്രമകേന്ദ്രത്തിനോ ഉപയോഗിക്കാമായിരുന്ന ഇത് അധികൃതര്‍ യഥാസമയം ശ്രദ്ധിച്ചില്ല.

കള്ളമില്ലാത്ത പണിയുടെ ഉത്തമോദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്ന മറ്റൊന്ന് ഒരു ചൂണ്ടുപലകയാണ്. സിമന്റില്‍ തീര്‍ത്ത ചതുരാകൃതിയുള്ള ചൂണ്ടുപലകയില്‍ പഴയമട്ടില്‍ 'തിരൂരങ്ങാടി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരൂരങ്ങാടിയിലെ നെടിയേരി കോളനി റോഡിന് സമീപത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായി വെയിലും മഴയും ഏറ്റിട്ടും കാര്യമായ തകരാറുകളൊന്നും ഇതിന് സംഭവിച്ചിട്ടില്ല.

ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറകള്‍


അന്ന് ഹജൂര്‍കച്ചേരി, ഇന്ന് താലൂക്കോഫീസ്


ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറകള്‍

ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറകള്‍
സി.കെ. ഷിജിത്ത്
News @ Mathrubhumi
Photo: Calicut Heritage

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal