.

നാലു നൂറ്റാണ്ട്‌ മുമ്പുള്ള ഖുത്ബത്തുല്‍ ജിഹാദിയ്യ കണെ്ടടുത്തു

തേഞ്ഞിപ്പലം: പോര്‍ച്ചുഗീസുകാര്‍ക്കെതിരേ നായര്‍ പടയാളികള്‍ക്കൊപ്പം പോരാടി രക്തസാക്ഷിത്വം വരിക്കണമെന്നു ആഹ്വാനം ചെയ്യുന്ന കോഴിക്കോട്‌ ഖാസി മുഹമ്മദിന്റെ 1571ലെ അറബി ഖുതുബയായ ഖുതുബത്തുല്‍ ജിഹാദിയ്യ എന്ന കൃതി പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ല്യാരുടെ വീട്ടില്‍ നിന്നു കണെ്ടടുത്തു. ഇതിനൊപ്പം എഴുതിയ അല്‍കസീദത്തുല്‍ ജിഹാദിയ എന്ന കാവ്യവും കണെ്ടടുത്തിട്ടുണ്ട്‌. ചാലിയം കോട്ട പിടിച്ചെടുക്കുന്നതിനു സാമൂതിരി രാജാവിന്റെ നായര്‍ പടയാളികള്‍ക്കൊപ്പം പോരാടണമെന്നാണ്‌ ഖുത്തുബയില്‍ ആഹ്വാനം ചെയ്യുന്നത്‌.
ചാലിയം കോട്ടയില്‍ തടിച്ചു കൂടിയ മുസ്ലിംകള്‍ക്കും അടുത്തുള്ള പള്ളികളികളിലേക്കും ഖാസി മുഹമ്മദ്‌ ഈ ആഹ്വാനം ഫത്‌വ രൂപത്തില്‍ തയ്യാറാക്കി അയച്ചിരുന്നു. കാലിക്കറ്റ്‌ വാഴ്സിറ്റി അറബിക്‌ ഡിപാര്‍ട്ട്മെന്റിന്റെയും ഡല്‍ഹിയിലെ നാഷനല്‍ മാനുസ്ക്രിപ്റ്റ്‌ മിഷന്റെയും നേതൃത്വത്തില്‍ നടത്തിവരുന്ന അറബി, ഉറുദു, പേര്‍ഷ്യന്‍ കൈയെഴുത്തു പ്രതികളുടെ എഡിറ്റിങ്ങ്‌ ശില്‍പ്പശാലയോടനുബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ ഡോ. എന്‍ എ എം അബ്ദുല്‍ഖാദറിന്റെ നേതൃത്വത്തില്‍ നാലു നൂറ്റാണ്ട്‌ മുമ്പുള്ള കൃതി കണെ്ടടുത്തത്‌.
ആമിനുമ്മാന്റകത്ത്‌ പരീകുട്ടി മുസ്്ല്യാരുടെ മുഹിമ്മാത്തുല്‍ മുഅ്മിനീന്‍, സയ്യിദലവി മമ്പുറം തങ്ങളുടെ മകനായ ഫള്‍ല്‍ തങ്ങളുടെ തന്‍ബീഹുല്‍ കാഫിലീന്‍, പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച കുഞ്ഞിമരക്കാര്‍ ശഹീദിന്റെ കോട്ടൂപള്ളിമാല, കാസര്‍കോഡിനടുത്ത്‌ രാമംതളിയില്‍ അക്രമികളായ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ രക്തസാക്ഷികളായവരുടെ പേരിലുള്ള രാമംതളി ശുഹദാമാല, ഖുതുബതുല്‍ ജിഹാദിയ എന്നിങ്ങനെ അഞ്ച്‌ അധിനിവേശ വിരുദ്ധ സാഹിത്യ കൃതികള്‍ എഡിറ്റിങ്ങ്‌ പൂര്‍ത്തിയാക്കി അറബി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രസിദ്ധീകരിക്കും. കേരളത്തിലെ അറബി ലിപിയുടെ വികാസമെന്ന പുസ്തകവും മലയാളത്തിലെ അറബി-ഉറുദു-പേര്‍ഷ്യന്‍ പദങ്ങളടങ്ങിയ നിഘണ്ടുവും പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്‌. ഒരു മാസമായി നടന്നുവരുന്ന ശില്‍പ്പശാല ഇന്നലെ സമാപിച്ചു. സുലൈഖ ഹുസൈന്‍, മൂസ അയിരൂര്‍, കെ മുഹമ്മദ്കുട്ടി ബാഖവി പൂക്കോട്ടൂര്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌ എന്നീ എഴുത്തുകാരെ ശില്‍പ്പശാലയില്‍ ആദരിച്ചു. എസ്‌ പി സ്വാമി, കെ കെ എന്‍ കുറുപ്പ്‌, എ ഐ റഹ്മത്തുല്ല, ഡോ. എന്‍ എ എം അബ്ദുല്‍ഖാദര്‍ സംസാരിച്ചു.

പി വി മുഹമ്മദ്‌ ഇഖ്ബാല്‍
Thejs News

1 comment:

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP