അവഗണനയുടെ 'കാടുമൂടി' മലബാര്‍ ലഹള സ്മാരകങ്ങള്‍

തിരൂരങ്ങാടി: മലബാര്‍ കലാപ സ്മരണകളുടെ ചുരുക്കംചില അവശേഷിപ്പുകളില്‍ ഒന്ന് കാടുമൂടി നശിക്കുന്നു.

തിരൂരങ്ങാടി താലൂക്കോഫീസ് മുറ്റത്തുള്ള ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറയാണ് അവഗണന നേരിടുന്നത്. 1921ലെ കലാപത്തിന് അന്ത്യംകുറിച്ചത് ആഗസ്ത് 20ന് തിരൂരങ്ങാടിയില്‍നടന്ന പോരാട്ടത്തിലായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ ഹജൂര്‍കച്ചേരിയാണ് ഇന്നത്തെ താലൂക്കോഫീസ്. പോലീസ്‌സ്റ്റേഷനും കോടതിയും ജയിലുമൊക്കെ അടങ്ങുന്ന കച്ചേരിയിലേക്ക് സമരക്കാര്‍ മാര്‍ച്ച് നടത്തി. പട്ടാളം അറസ്റ്റുചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആലിമുസ്‌ലിയാരുടെ നേതൃത്വത്തിലായിരുന്നു സമരം.

പ്രകടനത്തിനുനേരെ പട്ടാളം വെടിയുതിര്‍ക്കുകയും 17 സമരക്കാര്‍ മരിക്കുകയുംചെയ്തു. തിരിച്ചുനടന്ന ആക്രമണത്തില്‍ പാലക്കാട് എ.എസ്.പി വില്യം ജോണ്‍ ഡങ്കണ്‍ റൗളിയും ലെഫ്റ്റനന്റ് വില്യം ജോണ്‍സണും ഉള്‍പ്പെടെ ആറുപേരും മരിച്ചു.

റൗളിയെയും ജോണ്‍സണെയും അടക്കംചെയ്ത കല്ലറ താലൂക്കോഫീസ് വളപ്പില്‍ കമ്പിവേലികെട്ടി സൂക്ഷിക്കുകയായിരുന്നു. ഈ കല്ലറയാണ് ആര്‍ക്കും കാണാനാവാത്തവിധം കാടും പടര്‍പ്പും മൂടിയിരിക്കുന്നത്.

മലബാര്‍ കലാപത്തിന്റെ ഏറ്റവുംവലിയ സ്മാരകമായ ഇന്നത്തെ താലൂക്കോഫീസ് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ പുരാവസ്തുവകുപ്പ് തയ്യാറായിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

അനധികൃത മണല്‍ക്കടത്തിനിടെ പിടിയിലായ ടിപ്പര്‍ലോറികളും ഗുഡ്‌സ് ഓട്ടോകളും മണലുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് താലൂക്കോഫീസ് മുറ്റം. ഇതിലൂടെയുള്ള കാല്‍നടയാത്രപോലും ദുഷ്‌കരമാണ്. മാത്രമല്ല, പിടിച്ചിട്ട വാഹനങ്ങള്‍ക്കിടയില്‍ തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നുമുണ്ട്.

News: Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal