ഒളിമങ്ങാത്ത ഓര്‍മകള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് ബാപ്പുട്ടിമാഷ്

അങ്ങാടിപ്പുറം: പതിനഞ്ചാം വയസ്സ് മുതല്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മനസ്സില്‍ ആവേശം നിറച്ചു. 1921 ല്‍ പിതാവിന്റെ ജ്യേഷ്ഠ സഹോദരന്‍ മമ്മദിനെ ബ്രിട്ടീഷ് ഖൂര്‍ഖാ പട്ടാളം എന്റെ കണ്‍മുമ്പില്‍ വെച്ചാണ് വെടിവെച്ചുകൊന്നത്. അങ്ങനെ പൊള്ളുന്ന എത്രയെത്ര അനുഭവങ്ങള്‍. സ്വതന്ത്ര്യ സമരസേനാനി പുലാമന്തോള്‍ ബാപ്പുട്ടിമാസ്റ്റര്‍ തന്റെ സ്മരണകള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സ്വാതന്ത്ര്യസമര ഓര്‍മകള്‍ പങ്കുവെക്കാന്‍ ബാപ്പുട്ടി മാസ്റ്ററെത്തിയത്.

മൊയ്തു മൗലവി, മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ , ഇ.എം.എസ് എന്നിവരോടൊപ്പമുള്ള വെല്ലൂര്‍ ജയിലിലെ അനുഭവം, 1930ല്‍ വിദേശ വസ്ത്ര ബഹിഷ്‌കരണ സമരം, മഹാത്മജിയെ നേരിട്ട് കണ്ടത് എല്ലാം ബാപ്പുട്ടി മാസ്റ്റര്‍ കുട്ടികളോട് വിവരിച്ചു. വൈകാരികത ഒട്ടുംചോരാതെ.

സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ബാപ്പുട്ടി മാസ്റ്റര്‍ മറുപടി നല്‍കി. വിദ്യാരംഗം കണ്‍വീനര്‍ സി. ആഷിഫ പൊന്നാടയണിയിച്ചു സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരഞ്ഞാണി ഓലിക്കല്‍, പ്രധാനാധ്യാപകന്‍ പി.എസ്.എബ്രഹാം, വിദ്യാരംഗം ചെയര്‍മാന്‍ മനോജ് വീട്ടുവേലികുന്നേല്‍, ജോസ് കുര്യന്‍, വി.പി. മുഹാജിര്‍, ഡി. സുരേഷ്ബാബു, ബിനു മാത്യു, പി. ഫഹിമ, പി.പി.മുഹമ്മദ് ജസീം എന്നിവര്‍ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിന പതിപ്പായി പ്രസിദ്ധീകരിച്ച സമന്വയം മാസികയുടെ 31-ാം ലക്കം ബാപ്പുട്ടി മാസ്റ്റര്‍ പ്രകാശനം ചെയ്തു.

Mathrubhumi
Posted on: 18 Aug 2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal