തൊണ്ണൂറ് പിന്നിട്ട മലബാര്‍ കലാപം പ്രദര്‍ശനത്തിലൂടെ


കോഴിക്കോട്: പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയും 25,000 ത്തോളം പേര്‍ നാടുകടത്തപ്പെടുകയും ചെയ്ത മലബാര്‍ കലാപം. ലഹളയ്ക്ക് ഇടയാക്കിയ സാഹചര്യത്തിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ടുകള്‍. തൊണ്ണൂറ് പിന്നിട്ട മലബാര്‍ ലഹളയുടെ ഓരോ ഘട്ടങ്ങളും വിവരിക്കുന്നതായിരുന്നു മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംഘടിപ്പിച്ച ചരിത്രരേഖകളുടെ പ്രദര്‍ശനം. കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്ന മദ്രാസ് റെസിഡന്‍സിയുടെ ഭാഗമായിരുന്ന ബ്രീട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലുക്കുകളിലെ വിവിധ പ്രദേശങ്ങള്‍ ഭൂപടത്തിലൂടെ വ്യക്തമാക്കിയിരുന്നു.

കലാപത്തിന് നേതൃത്വം വഹിച്ച ആലി മുസ്‌ല്യാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, സീതിക്കോയ തങ്ങള്‍, എം.പി.നാരായണ മേനോന്‍ എന്നിവരുടെയെല്ലാം പ്രവര്‍ത്തനങ്ങളും അവര്‍ക്കെതിരെയുണ്ടായ ബ്രിട്ടീഷ് സര്‍ക്കാറിന്റെ നടപടികളും ചരിത്രരേഖയില്‍ പ്രതിപാദിച്ചു. മലബാര്‍ കലാപത്തിന്റെ പ്രധാന സംഭവങ്ങളുടെ സംക്ഷിപ്ത വിവരവുമായാണ് പ്രദര്‍ശനം ഒരുക്കിയത്. 1836-നും 1896-നും ഇടയില്‍ ഉണ്ടായ 36 കലാപങ്ങളും മലബാര്‍ കലാപത്തിലേക്ക് വഴിവെച്ചതുകൊണ്ട് 1836 മുതല്‍ 1921വരെയുള്ള സംഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1849-ലെ കലാപവുമായി ബന്ധപ്പെട്ട രേഖ, ലഹള സംബന്ധിച്ച മലബാര്‍ സ്‌പെഷല്‍ കമ്മീഷന്‍ സ്‌ട്രെയിഞ്ചിന്റെ റിപ്പോര്‍ട്ട്, കലാപമുണ്ടാക്കാനുള്ള മാപ്പിളമാരുടെ ഉദ്ദേശ്യത്തെപ്പറ്റി മേജര്‍ ജി.ടി.ഹാലി എഴുതിയ കത്ത്, കനോലിയുടെ വധവുമായി ബന്ധപ്പെട്ട രേഖ, കനോലിയുടെ വധത്തിന് പ്രേരണ നല്‍കിയതായി സംശയിക്കപ്പെട്ട സയ്യിദ് ഫസല്‍ തങ്ങളുമായി ബന്ധപ്പെട്ട രേഖ, കലാപത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മറ്റ് കലാപകാരികളെയും അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ട്. 1921-ല്‍ വാഗണ്‍ ട്രാജഡിയുമായി ബന്ധപ്പെട്ട രേഖ, മലബാര്‍ കലാപത്തെപറ്റി ഇ. എം. എസ്. നമ്പൂതിരിപ്പാട് എഴുതിയ ചിലഭാഗങ്ങള്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ മലബാര്‍ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതാണ്.

കലാപത്തില്‍ പങ്കെടുത്ത പ്രായം കുറഞ്ഞവരുടെ വിചാരണയും ശിക്ഷയുമെങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രദര്‍ശനം. 1921-ലെ കലാപത്തില്‍ മാപ്പിള മേനോന്‍ എന്നറിയപ്പെട്ടിരുന്ന എം.പി. നാരായണ മേനോനുള്ള പങ്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രവൃത്തികളെക്കുറിച്ചും വ്യക്തമാക്കുന്ന പോലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടുമുണ്ട്. മലബാര്‍ സ്‌പെഷല്‍ പോലീസിന്റെ അതിക്രമങ്ങള്‍ കാണിക്കുന്ന കാര്‍ട്ടൂണും ഉള്‍പ്പെടുത്തിയിരുന്നു.

റീജ്യണല്‍ ആര്‍ക്കെവ്‌സിന്റെ സഹകരണത്തോടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗമാണ് ചൊവ്വാഴ്ച പുരാരേഖകളുടെ പകര്‍പ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. പുരാരേഖ വകുപ്പ് പ്രസിദ്ധീകരിച്ച ചരിത്ര പുസ്തകങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
പ്രദര്‍ശനം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പാവമണി മേരി ഗ്ലാഡിസ് ഉദ്ഘാടനം ചെയ്തു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal