തക്ബീര്‍ മുഴക്കി മാപ്പിളപ്പോരാളികള്‍: പോരാട്ടവീര്യം പുനരാവിഷ്കരിച്ച്‌ സമരജ്വാലാ സംഗമം

മലപ്പുറം: പ്രതിരോധവും പോരാട്ടവും അവസാനിക്കില്ലെന്ന്‌ ഓര്‍മപ്പെടുത്തി മലബാര്‍ സമരങ്ങള്‍ക്കു സാക്ഷ്യംവഹിച്ച മണ്ണില്‍ നിന്നു സമരജ്വാലകള്‍ നെഞ്ചിലേറ്റി മാപ്പിളപ്പോരാളികള്‍ വീണ്ടും പടയ്ക്കിറങ്ങി. തക്ബീര്‍ മുഴക്കി വാരിക്കുന്തവും കരവാളുമേന്തി മലപ്പുറത്തിന്റെ നഗരവീഥിയിലൂടെ അവര്‍ കടന്നുവന്നപ്പോള്‍ 1921ലെ രണമുഹൂര്‍ത്തങ്ങള്‍ പുനര്‍ജനികൊണ്ടു.

മലബാര്‍ സമരസമിതി സംഘടിപ്പിക്കുന്ന മലബാര്‍ സമരത്തിന്റെ 90ാ‍ം വാര്‍ഷിക പരിപാടികളുടെ ഭാഗമായി സമരകേന്ദ്രങ്ങളില്‍ നിന്നു സമ്മേളനവേദിയായ മലപ്പുറം വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്മാരക ടൌണ്‍ഹാളിലേക്കു നടത്തിയ സമരജ്വാലാ പ്രയാണമാണു പടയോട്ടത്തിന്റെ പുനരാവിഷ്കാരമായത്‌. കള്ളിമുണ്ടും ബനിയനും തൊപ്പിയുമിട്ട്‌ അരയിലെ യമനി ബെല്‍റ്റില്‍ കഠാരയും തിരുകി പ്രതീകാത്മകമായായിരുന്നു സമരജ്വാല മലപ്പുറത്തു സംഗമിച്ചത്‌. പോരാട്ടവീര്യം തലമുറകള്‍ കെടാതെ സൂക്ഷിക്കുമെന്നതിന്റെ വെളിപ്പെടുത്തല്‍കൂടിയായി പ്രായാണം.

മമ്പുറം മഖാം പരിസരത്ത്‌ ഹുസയ്ന്‍ ചെമ്മാട്‌ ജ്വാല ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ തിരൂരങ്ങാടി, സൈനുദ്ദീന്‍ ചെമ്മാട്‌ സംസാരിച്ചു. കട്ടിലശ്ശേരി കുഞ്ഞഹമ്മദ്‌ മുസ്്ല്യാര്‍ സ്മാരക ജ്വാല രാമപുരത്ത്‌ അദ്ദേഹത്തിന്റെ പേരമകന്‍ മുഹമ്മദ്‌ ഇഖ്ബാല്‍ അബ്ദുല്‍ റസാഖ്‌ പാലൊളിക്ക്‌ കൈമാറി. നാസര്‍, ഗഫൂര്‍ കടുങ്ങപുരം, ബഷീര്‍ രാമപുരം, ഇബ്രാഹീം ഫൈസി നേതൃത്വം നല്‍കി.
വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ ചോലമലയില്‍ നിന്നു പിടികൂടി ബ്രിട്ടീഷുകാര്‍ വീപ്പയില്‍ കയറ്റി ആണിയടിച്ച്‌ ഉരുട്ടിക്കൊണ്ടുവന്ന്‌ പീഡിപ്പിച്ച വണ്ടൂര്‍ ടി.ബിയില്‍ സമരജ്വാല കൈമാറ്റം നടത്തി. ബെല്ലാരി ജയിലില്‍ ഏഴുവര്‍ഷം തടവില്‍കിടന്ന കണ്ടന്‍കുടുക്ക കുഞ്ഞഹമ്മദിന്റെ മകന്‍ മുഹമ്മദ്കുട്ടി സമരജ്വാല പൌരാവകാശ പ്രവര്‍ത്തകന്‍ ചാത്തോലി മുഹമ്മദിന്‌ കൈമാറി. സജ്ജാദ്‌ വാണിയമ്പലം ചരിത്രവിവരണം നടത്തി. മുഹമ്മദ്‌ അഞ്ചച്ചവിടി സംസാരിച്ചു. ദീപശിഖ കൈമാറി. സ്വാതന്ത്യ്രസമര നേതാവ്‌ വെളിയങ്കോട്‌ ഉമര്‍ഖാസിയുടെ മഖ്ബറയില്‍ വെളിയങ്കോട്‌ ഖുര്‍ആന്‍ അക്കാദമി ഡയറക്ടര്‍ സാലിഹ്‌ നിസാമി പുതുപൊന്നാനി സമരജ്വാല ബുഷ്‌റുവിനു കൈമാറി. ബിലാല്‍ പൊന്നാനി, റഫീഖ്‌, ശിഹാബ്‌ പങ്കെടുത്തു.

മലബാര്‍ സമരത്തില്‍ രക്തസാക്ഷികളായി എടരിക്കോട്‌ ക്ലാരി പുത്തുര്‍ ജുമാ മസ്ജിദില്‍ മറവുചെയ്ത 14 പേരുടെ ഖബര്‍ സന്ദര്‍ശനം നടത്തിയാണ്‌ പ്രയാണത്തിനു തുടക്കംകുറിച്ചത്‌. കൈതക്കല്‍ മൊയ്തീന്‍ ഹാജി ദീപശിഖ കൈമാറി മങ്ങാടന്‍ നാസര്‍, പുന്നക്കോടന്‍ അഷ്‌റഫ്‌, ഏലാന്തി മുഹമ്മദലി, ഫൈസല്‍ മുസ്്ല്യയാര്‍ നേതൃത്ത്വം നല്‍കി.
താനൂര്‍-കുഞ്ഞിഖാദര്‍, തിരൂര്‍-വാഗണ്‍ ട്രാജഡി, വെളിയങ്കോട്‌ -ഉമര്‍ഖാസി, ഒര്‍മസ്ഥലങ്ങളില്‍ നിന്നു തിരൂരങ്ങാടി, കോട്ടക്കല്‍, എടരിക്കോട്‌, കണ്ണമംഗലം പടപ്പറമ്പ്‌, ചേലേമ്പ്ര, പോത്തുവെട്ടിപ്പാറ, അങ്ങാടിപ്പുറം, നെല്ലിക്കുത്ത്‌, ഒതായി, പുല്ലങ്കോട്‌, ചേറൂര്‍, പൂക്കോട്ടൂര്‍, ക്ലാരി, പൂത്തൂര്‍, പന്താരങ്ങാടി, പന്തല്ലൂര്‍, പാണ്ടിക്കാട്‌ എന്നിവിടങ്ങളില്‍ നിന്നു സമരജ്വാലകള്‍ സമ്മേളനവേദിയിലേക്കു പുറപ്പെട്ടു.

തേജസ്‌ 07.05.2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal