മലബാര്‍ കലാപത്തിലെ സുപ്രധാന സമരങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നു

മലബാര്‍ സമരത്തിന്റെ 90 ാ‍ം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ നടത്തും:
മലപ്പുറം: ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന മലബാര്‍ സമരത്തിന്റെ 90 ാ‍ം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ നടത്താന്‍ മലബാര്‍ സമര അനുസ്മരണ സമിതി തീരുമാനിച്ചു. ആദ്യപടിയായി നാളെ മലപ്പുറം കുന്നുമ്മല്‍ വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്മാരക നഗരസഭാ ടൌണ്‍ ഹാളില്‍ അനുസ്മരണ പരിപാടി നടക്കും.

ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന കലാകാരന്‍മാരുടെ കൂട്ടായ്മയില്‍ മലബാര്‍ സമരവുമായി ബന്ധപ്പെട്ടു കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ഒത്തുചേരും. ഡോ.കെ.കെ.എന്‍. കുറുപ്പ്‌, ഡോ.എം.ഗംഗാധരന്‍ എന്നിവരെ ആദരിക്കും. മണ്‍മറഞ്ഞ ചരിത്രകാരന്‍മാരായ നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്്ല്യാര്‍, കെ.കെ. മുഹമ്മദ്‌ അബ്ദുല്‍ കരീം, എ.കെ. കോഡുര്‍ എന്നിവരെ ചടങ്ങില്‍ അനുസ്മരിക്കും. രാത്രി ഏഴിന്‌ ആയോധന കലകളായ കളരിപ്പയറ്റ്‌, കോല്‍ക്കളി എന്നിവ അരങ്ങേറും. പടപ്പാട്ടുകളുടെ അവതരണവും ഉണ്ടാകും.വാര്‍ത്തസമ്മേളനത്തില്‍ കണ്‍വീനര്‍ സി അബ്ദുല്‍ ഹമീദ്‌, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. എ എ റഹീം, പ്രോഗ്രാം കണ്‍വീനര്‍ പി പി റഫീഖ്‌ പങ്കെടുത്തു.

മലബാര്‍ കലാപത്തിലെ സുപ്രധാന സമരങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നു
ബ്രിട്ടീഷ്‌ മോധവിത്വത്തിനെതിരെ ധീരോദാത്തമായി പൊരുതിയ മലബാര്‍ കലാപത്തിലെ സുപ്രധാന സമരങ്ങള്‍ വീണ്ടും പുനരാവിഷ്ക്കരിക്കപ്പെടുന്നു. മുമ്പു പുനരാവിഷ്ക്കാരം ഉണ്ടായെങ്കിലും പുതുതായി നിര്‍മിക്കുന്ന നാടകത്തില്‍ ചരിത്ര സംഭവങ്ങളെ കൂടുതല്‍ പഴമയോടെ സമൂഹത്തിലെത്തിക്കുകയാണു ലക്ഷ്യം. മലബാര്‍ സമര അനുസ്മരണ സമിതിക്കു കീഴിലാണു ഒരു മണിക്കൂറിലേറെ നീളുന്ന നാടകം അണിയറയില്‍ ഒരുങ്ങുന്നത്‌.

മലബാര്‍ കലാപത്തിലെ പ്രധാന യുദ്ധമായ പൂക്കോട്ടുര്‍ യുദ്ധം, കോട്ടയ്ക്കലില്‍ നിന്നും തിരൂരങ്ങാടിയിലേയ്ക്കു മാപ്പിളമാര്‍ നടത്തിയ മാര്‍ച്ച്‌, ഹിച്ച്കോക്കിന്റെ നേതൃത്വത്തില്‍ നടന്ന വാഗണ്‍ട്രാജഡി എന്നീ സംഭവങ്ങളും സമരനായകന്‍ വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മധാജിയെയും അദ്ദേഹത്തിന്റെ പോരാട്ടത്തേയും കുറിച്ചാണു നാടകം തയ്യാറാവുന്നത്‌.
എന്‍.എം. സിദ്ധീഖ്‌, പി.എ.എം. ഹനീഫ്‌ എന്നിവരുടെ മേല്‍നോട്ടത്തിലാണു നാടകം.

യുദ്ധത്തിന്റെ സ്മരണകള്‍ നിലനില്‍ക്കുന്ന സ്മാരകങ്ങള്‍ ചിലതില്ലാതാവുകയും ഗ്രാമീണപ്രദേശങ്ങള്‍ ആധുനികതയിലേക്കു വരുകയും ചെയ്തതോടെ പഴയ തനിമയോടെ നാടകം ആവിഷ്ക്കരിക്കാന്‍ കൂടുതല്‍ പ്രയാസവുമാണ്‌. എന്നാല്‍ പഴമ കൈവിടാതെ ചരിത്ര സംഭവങ്ങളൊന്നും ചോര്‍ന്നുപോവാത്ത വിധമുള്ള നാടകമാണു തയ്യാറാക്കുന്നതെന്നു മലബാര്‍ സമര അനുസ്മരണ സമിതി കണ്‍വീനര്‍ സി. അബ്ദുല്‍ ഹമീദ്‌ പറഞ്ഞു.

പൂക്കോട്ടുര്‍ യുദ്ധം നടന്ന സ്ഥലത്തു നിന്നും മരം മുറിക്കുന്നതിനിടെ മരത്തൊലിയില്‍ പതിഞ്ഞ നിലയില്‍ വെടിയുണ്ടകള്‍ ലഭിച്ചിരുന്നു. കലാപത്തിന്റെ ഓര്‍മയില്‍ നിലനില്‍ക്കുന്നതില്‍ ഒന്നായിരുന്നു ഈ മരം. പക്ഷെ ഈ മരം ഇന്നില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിഞ്ഞിരുന്നു അക്രമം നടത്തിയതും പൂക്കോട്ടൂരില്‍ വെച്ചാണ്‌. പോരാടി രക്തസാക്ഷികളായവരുടെ ഖബറിടവും ഇവിടെയുണ്ട്‌. 1921 ഓഗസ്റ്റ്‌ 25 നായിരുന്നു പൂക്കോട്ടുര്‍ യുദ്ധം.
വാഗണ്‍ ട്രാജഡി നടന്നതു തിരൂരില്‍ നിന്നും സമരസേനാനികളെ കയറ്റിയ ട്രെയിനിലായിരുന്നു. കാളകളെ കൊണ്ടുപോകുന്ന ട്രെയിനിലാണ്‌ അന്നു സമരസേനാനികളെ അടച്ചിട്ടത്‌.

ഇതിന്റെ ഓര്‍മയില്‍ ഇന്നുള്ളത്‌ തിരൂരില്‍ ടൌണ്‍ഹാള്‍ ആണ്‌. അവസാന ശ്വാസം വരെ ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ പൊരുതിയ വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി വെടിയേറ്റു മരിച്ചത്‌ മലപ്പുറം കോട്ടക്കുന്നിലാണ്‌. എന്നാല്‍ കോട്ടക്കുന്നിപ്പോള്‍ ടുറിസം പ്രദേശമായതോടെ അവിടെ പതിഞ്ഞതു ടൈല്‍സുകളാണ്‌. ഒരു സ്മാരകം പോലും ഇവിടെയുയര്‍ന്നിട്ടില്ല. 1921 ലെ പഴമയോടെ മലബാര്‍ കലാപം പുനരാവിഷ്ക്കരിക്കാനുള്ള പ്രധാന തടസം പഴമയോടെ പഴയ സ്ഥലങ്ങളില്‍ ഇപ്പോള്‍ ഇല്ല എന്നതാണ്‌.

News @ Thejas
Tag: Malabar Revolt,Pookkottur Battle,Wagon Tragedy

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal