എം.പി. നാരായണമേനോന്‍ മതമൈത്രിയുടെ പ്രതീകം-പി. സുരേന്ദ്രന്‍

പെരിന്തല്‍മണ്ണ: മതമൈത്രി വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് എം.പി. നാരായണമേനോനെപ്പോലുള്ളവരുടെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാകണമെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു.

എം.പി. നാരായണമേനോന്‍ സ്മാരക സമിതി അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാരും നാരായണമേനോനും തമ്മിലുള്ള സൗഹൃദം അക്കാലത്ത് മലബാറില്‍ വലിയ ചലനങ്ങളുണ്ടാക്കിയെന്നും സുരേന്ദ്രന്‍ അനുസ്മരിച്ചു. പാവപ്പെട്ട കുടിയാന്‍ കര്‍ഷകരുടെ മോചനത്തിനുവേണ്ടി ഇവര്‍ നടത്തിയ പോരാട്ടം ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാരക സമിതി പ്രസിഡന്റ് ഡോ. ടി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വ്വകലാശാലാ ചരിത്രവിഭാഗം മേധാവി ഡോ. കെ. ഗോപാലന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. നാരായണമേനോന്റെ 125-ാം ജന്‍മവാര്‍ഷികം അടുത്ത ഒരു വര്‍ഷം നീണ്ടുനില്‍ക്കും വിധം, കോഴിക്കോട് സര്‍വ്വകലാശാലാ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എഡിറ്റര്‍ ഡോ. അസീസ് തരുവണ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എം.പി.എസ്. മേനോന്‍, മങ്കട മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എം.അഹമ്മദ് കബീര്‍, സ്വാഗതസംഘം കണ്‍വീനര്‍ പി. രാധാകൃഷ്ണന്‍, സെക്രട്ടറി യു. ഹരിഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Mathrubhumi: 24 Mar 2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal