സ്വാതന്ത്ര്യസമര സ്മരണയില്‍ ഒരു തറവാട്ട് കൂട്ടായ്മ

അങ്ങാടിപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മുതല്‍ പുരേടത്ത് തറവാട്ടംഗങ്ങളുടെ ഒത്തുചേരല്‍ ചരിത്ര സ്മരണകളുണര്‍ത്തി. ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കേണ്ടിവന്ന എം.പി.നാരായണമേനോന്‍, സഹോദരന്മാരായിരുന്ന എം.പി.ഗോവിന്ദമേനോന്‍, എം.പി.കുഞ്ഞിക്കണ്ണമേനോന്‍ എന്നിവരുടെ പിന്‍തലമുറക്കാരാണ് തങ്ങളുടെ മുന്‍ഗാമികളെ അനുസ്മരിക്കാന്‍ കുടുംബസംഗമം സംഘടിപ്പിച്ചത്.

എം.പി സഹോദരന്മാര്‍ക്കുപുറമെ ഐ.എന്‍.എയില്‍ ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച എം.പി. നാരായണമേനോന്‍ ജൂനിയര്‍ എന്നറിയപ്പെട്ടിരുന്ന നാണേട്ടന്റെ ജീവിതകഥ സംഗമത്തില്‍ ചര്‍ച്ചാവിഷയമായി. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ജന്മനാടായ കടുങ്ങപുരത്ത് ഒരു സ്മാരകം സ്ഥാപിക്കാന്‍ കുടുംബസദസ്സില്‍ ധാരണയായി.

വള്ളുവനാട്ട് രാജാവിനെ സാമ്പത്തികകാര്യങ്ങളില്‍ സഹായിച്ച് 'മുതല്‍പിടി' സ്ഥാനം വഹിച്ചിരുന്നവരുടെ കുടുംബമാണ് പിന്നീട് മുതല്‍പുരേടത്ത് എന്നറിയപ്പെട്ടത്. കോട്ടയ്ക്കലിനടുത്ത് ക്ലാരിയിലാണ് തറവാടിന്റെ ആസ്ഥാനം. പിന്നീട് ഈ കുടുംബം മുതല്‍ പുരേടത്ത് കളത്തില്‍, മുതല്‍ പുരേടത്ത് പടിഞ്ഞാറേക്കര തുടങ്ങി പല തായ്‌വഴികളായി മാറിത്താമസിച്ചു.

കട്ടിളശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ നാരായണമേനോനില്‍നിന്ന് പ്രചോദിതനായാണ് സമരരംഗത്തെത്തിയത്. 1988-ല്‍ എം.പി. നാരായണമേനോന്‍ ട്രസ്റ്റ് നടത്തിയ കുടുംബസദസ്സില്‍ എം.പി.യുടെ ഒപ്പം മുസ്‌ലിയുടെ കുടുംബവും ഒത്തുചേര്‍ന്നിരുന്നു.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ച എം.പി.മാധവമേനോന്‍, എം.പി.രാമചന്ദ്രമേനോന്‍, തോര്‍ത്തുമുണ്ടുടുത്ത് നടന്ന് ഡല്‍ഹിയിലെത്തി ഗാന്ധിജിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ കുഞ്ഞന്‍മേനോന്‍, എം.പി.ഗോവിന്ദമേനോന്റെ മകന്‍ ഡോ. കെ.പി.കരുണാകരന്‍ എന്നിവര്‍ മുതല്‍ പുരേടത്ത് കുടുംബാംഗങ്ങളായിരുന്നു.

ഡല്‍ഹി ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടറും 'എം.പി. നാരായണമേനോന്‍ എ ഫോര്‍ഗോട്ടണ്‍ പയനിയര്‍' എന്ന പുസ്തകത്തിന്റെ ഉപജ്ഞാതാവുമായ ഡോ. എം.പി.എസ്.മേനോന്‍, ബ്രസീല്‍, കാനഡ എന്നിവിടങ്ങളിലും അറബ് രാജ്യങ്ങളിലും ഇന്ത്യന്‍ അംബാസഡറായിരുന്ന എം.പി. മുരളീധരമേനോന്‍ എന്നിവരുടെ സാന്നിധ്യം കുടുംബസദസ്സില്‍ ശ്രദ്ധേയമായി.

നാനൂറോളം കുടുംബാംഗങ്ങളാണ് എം.പി. നാരായണമേനോന്‍ സ്മാരക ഓഡിറ്റോറിയത്തിലെ സംഗമത്തില്‍ പങ്കെടുത്തത്. തറവാട്ടിലെ മുതിര്‍ന്നഅംഗം കുഞ്ഞിമാളുഅമ്മ കുടുംബസദസ്സ് നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.പി. സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചയോഗത്തില്‍ 84 കഴിഞ്ഞ തറവാട്ടംഗങ്ങളെ നിലവിളക്ക് നല്‍കി ആദരിച്ചു. കുഞ്ഞിമാളുഅമ്മ, ദാക്ഷായണിയമ്മ, എം.പി.ജനാര്‍ദ്ദനമേനോന്‍, എം.പി.കൃഷ്ണന്‍കുട്ടിമേനോന്‍ എന്നിവരെയാണ് ആദരിച്ചത്. കുടുംബസംഗമ കോര്‍ഡിനേറ്ററും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഇന്ത്യനൂര്‍ ഗോപിയാണ് കുടുംബത്തിന്റെ സ്വാതന്ത്ര്യസമര മഹത്വത്തെക്കുറിച്ച് വിശദീകരിച്ചത്. ഇന്ത്യനൂര്‍ ഗോപിയേയും നിലവിളക്ക് നല്‍കി ആദരിച്ചു. കണ്‍വീനര്‍ എം.പി. കരുണാകരന്‍ സംസാരിച്ചു.

വിദ്യാഭ്യാസരംഗത്ത് തിളക്കമാര്‍ന്ന വിജയം നേടിയ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്‍കി. വരുംവര്‍ഷങ്ങളിലും കുടുംബസദസ്സുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal