.

അങ്ങാടിപ്പുറം റെയില്‍വേ ടിക്കറ്റ്‌ സ്റ്റേഷന്‍ ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യം ശക്തം

പെരിന്തല്‍മണ്ണ: 1921 മലബാര്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ വെള്ളപട്ടാളം ഇറങ്ങിയ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ്‌ കൌണ്ടറും അനുബന്ധ കെട്ടിടങ്ങളും ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യം ശക്തം.
നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്ര സ്മാരകങ്ങളാവുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ആധുനിക സൌകര്യത്തോടെയുള്ള കോണ്‍ക്രീറ്റ്‌ സൌധങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ്‌ പഴയ കെട്ടിടം നിലനിര്‍ത്തണമെന്നാവശ്യവുമായി പഴമക്കാര്‍ രംഗത്തെത്തിയത്‌. കഴിഞ്ഞ ദിവസം സ്റ്റേഷന്‍ സന്ദര്‍ശിച്ച സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക്‌ കൃഷ്ണന്‍ സ്റ്റേഷനിലെ കെട്ടിടങ്ങളുടെ അസൌകര്യങ്ങള്‍ നേരില്‍ കണ്ടിരുന്നു.
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ 60 കോടിരൂപയോളം ചെലവഴിച്ചു നടക്കുന്ന നവീകരണങ്ങളില്‍ ചരിത്ര ശേഷിപ്പായുള്ള അങ്ങാടിപ്പുറം സ്റ്റേഷനിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ്‌ നടക്കേണ്ടതെന്ന്‌ ചരിത്ര സ്നേഹികള്‍ ആവശ്യപ്പെട്ടു.
നിലമ്പൂര്‍ കാടുകളിലെ വന സമ്പത്ത്‌ കടത്തിക്കൊണ്ടുപോവുക എന്നതിനോടൊപ്പം മലബാര്‍ പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്നിരുന്ന സമര വീര്യവും നേതാക്കളെയും അമര്‍ച്ച ചെയ്യുക എന്ന ഗൂഡ ലക്ഷ്യവും ബ്രിട്ടീഷ്‌ വൈസ്രോയിമാര്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രമാക്കി നടപ്പാക്കിയിരുന്നു.
വള്ളുവനാടിലെ നേതാക്കളായ കട്ടിലശ്ശേരി മുഹമ്മദ്‌ മൌലവിയും എം പി നാരായണ മേനോനും അങ്ങാടിപ്പുറം താവളമാക്കിയാണ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടിയിരുന്നത്‌.വാഗണ്‍ ട്രാജഡിയില്‍ പെരിന്തല്‍മണ്ണ താലൂക്കിലെ കുരുവമ്പലത്തുകാര്‍ രക്തസാക്ഷികളായതും മലബാര്‍ സ്വാതന്ത്യ സമരത്തില്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ ഒഴിച്ചുകൂടാനാവാത്ത സ്മാരകമാകുന്നുണ്ട്‌.
പുതുയുഗങ്ങള്‍ പിറക്കുമ്പോഴും നവീകരണങ്ങളും വികസന പ്രവര്‍ത്തനങ്ങളും വരുമ്പോഴും ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുക കൂടി ചെയ്യണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP