.

ഓര്‍മയായത്‌ മലപ്പുറത്തിന്റെ സ്വന്തം ചരിത്രകാരന്‍

മലപ്പുറം: കോഡൂര്‍ ഉറുദുനഗര്‍ പട്ടര്‍കടവന്‍ അലവിക്കുട്ടി എന്ന എ കെ കോഡൂരിന്റെ വിയോഗത്തോടെ നഷ്ടമായത്‌ മലപ്പുറത്തിന്റെ സ്വന്തം ചരിത്രകാരനെ. 1921ലെ ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം വസ്തുനിഷ്ടമായി പുതുതലമുറയിലേക്ക്‌ പകര്‍ന്നു നല്‍കിയ വ്യക്തിത്വമായിരുന്നു അലവിക്കുട്ടി.

1974-75 കാലഘട്ടത്തില്‍ മലപ്പുറത്തെ പത്രപ്രവര്‍ത്തകരുടെ ആദ്യകൂട്ടായ്മയായ മലബാര്‍ പ്രസ്ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. പി പി കമ്മു എഡിറ്ററായിരുന്ന മാപ്പിളനാട്‌ പത്രത്തിന്റെ സഹപത്രാധിപരായും 1967-69 കാലഘട്ടത്തില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മലപ്പുറം ജില്ല നിലവില്‍വന്നപ്പോള്‍ തൃശൂരില്‍ നിന്നിറങ്ങിയിരുന്ന മലബാര്‍ എക്സ്പ്രസിന്റെ ജില്ലാ ലേഖകനായി രുന്നു അലവിക്കുട്ടി. ഈ കാലഘട്ടത്തില്‍ തന്നെ പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ സ്ട്രിങ്ങറായും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്‌.

അടിയന്തരാവസ്ഥകാലത്ത്‌ പത്രങ്ങള്‍ കര്‍ശന സെന്‍സര്‍ഷിപ്പിന്‌ വിധേയമാക്കിയിരുന്ന ഘട്ടത്തില്‍ കല്‍പ്പകഞ്ചേരിയിലെ മമ്മിയെന്ന വ്യക്തി പോലിസ്‌ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത മലയാളം എക്സ്പ്രസില്‍ നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തെ പോലിസ്‌ പിടികൂടി ചോദ്യം ചെയ്യുകയും നിയമ നടപടിക്ക്‌ വിധേയനാക്കുകയും ചെയ്തിരുന്നു. മലപ്പുറം പ്രസ്‌ ക്ലബ്ബ്‌ നിലവില്‍ വന്ന ശേഷം വൈസ്പ്രസിഡ ന്റ്‌, ജോയിന്റ്‌ സെക്രട്ടറി, എക്സിക്യുട്ടീവ്‌ കമ്മിറ്റിയംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം അലവിക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1921 വിപ്ലവ അനുസ്മരണ സമിതി ജനറല്‍ കണ്‍വീനറായിരുന്ന അദ്ദേഹം മലബാര്‍ വിപ്ലവത്തിന്റെ മുഴുവന്‍ ചരിത്രവും ഏറനാട്‌, വള്ളുവനാട്‌ തിരൂര്‍, താലൂക്കുകളിലെ ദൃക്സാക്ഷികളില്‍ നിന്ന്‌ ഒപ്പിയെടുത്ത്‌ പുസ്തകം രചിച്ചിട്ടുണ്ട്‌. ആഗ്ലോ മാപ്പിള യുദ്ധം എന്ന പേരില്‍ പുറത്തിറക്കിയ പുസ്‌ തകം അക്കാദമിക്‌ തലത്തിലും റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. എ കെ കോഡൂര്‍ എന്ന തൂലികാനാമത്തിലാണ്‌ അദ്ദേഹം ഈ പുസ്തകം പുറത്തിറക്കിയത്‌.

ആദ്യംകാലം മുതലേ സജീവ മുസ്്ലിംലീഗ്‌ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പാണക്കാട്‌ കൊടപ്പനക്കല്‍ തറവാടുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്‌.
ലീഗ്‌ പിളര്‍ന്ന ഘട്ടത്തില്‍ അഖിലേന്ത്യാ ലീഗില്‍ ചേരുകയും ലീഗ്‌ ടൈംസില്‍ തുടര്‍ച്ചയായി ലേഖനമെഴുതുകയും ചെയ്തിരുന്നു. തേജസ്‌, സുന്നി അഫ്കാര്‍, മാധ്യമം തുട ങ്ങിയ ആനുകാലികങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.
കോഡൂര്‍ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരസമിതി അംഗമായ അദ്ദേഹത്തിന്റെ വിയോഗത്തോടെ ഓര്‍മയായത്‌ മലപ്പുറത്തിന്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ സാമൂഹിക പ്രവര്‍ത്തകനേയും ചരിത്രകാരനേയുമാണ്‌.

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP