.

മമ്പുറം തലമുറ മടങ്ങിവരുമ്പോള്‍...

മമ്പുറം സെയ്ദലവി തങ്ങളുടെ ജീവിതകാലം. ഒരിക്കല്‍ അദ്ദേഹം എന്തോ കത്തിക്കാന്‍ ശ്രമിക്കുന്നത്‌ മകള്‍ ശരീഫാ സാറ കാണാനിടയായി. 'എന്താണ്‌ ഉപ്പാ നിങ്ങള്‍ ചെയ്യുന്നതെ'ന്ന ചോദ്യത്തിനു 'പാരിതോഷികമായി ലഭിച്ച ചില സ്വത്തുക്കളുടെ രേഖകളാണ്‌ കത്തിക്കുന്നതെ'ന്നായിരുന്നു സെയ്തലവി തങ്ങളുടെ മറുപടി. മകള്‍ ഫാത്തിമ അന്നു കൈക്കു പിടിച്ചു തടഞ്ഞപ്പോള്‍ ബാക്കിയായ സ്വത്തുക്കളാണ്‌ പിന്നീടു മമ്പുറം സ്വത്തുക്കള്‍ എന്ന പേരില്‍ വിവിധ ദേശങ്ങളിലായി പരന്നുകിടക്കുന്നതെന്നാണ്‌ ചരിത്രം. അക്കാദമിക്‌ ചരിത്രരേഖകളില്‍ ഈ സംഭവം കാണില്ലെങ്കിലും മമ്പുറം സെയ്ദലവി തങ്ങളുടെ ഭൌതിക വിരക്തിയിലേക്കു വിരല്‍ ചൂണ്ടുന്ന നിരവധി നുറുങ്ങുസത്യങ്ങളിലൊന്നാണിത്‌. മമ്പുറം സെയ്ദലവി തങ്ങളെ കുറിച്ച്‌ അറിഞ്ഞതിലും കൂടുതലാണ്‌ അറിയാനുള്ളത്‌. ഗാന്ധിജിക്കു മുമ്പ്‌ നികുതിനിഷേധത്തിന്‌ ആഹ്വാനം നല്‍കിയ വെളിയങ്കോട്‌ ഉമര്‍ഖാസി, സെയ്ദലവി തങ്ങള്‍ മരിച്ചപ്പോള്‍ കാലത്തിന്റെ മാതൃകയും ഇസ്ലാമിന്റെ വെളിച്ചവും അണഞ്ഞുവെന്നു വിലപിച്ചത്‌ ഇതു മനസ്സിലാക്കിത്തന്നെയാണ്‌.

പ്രതാപത്തിന്റെ കൊടുമുടികളില്‍ വാഴുകയും ബ്രിട്ടീഷുകാരോട്‌ എതിര്‍ത്തതിന്റെ പേരില്‍ വിദേശത്തേക്കു കടക്കേണ്ടിവരുകയും ചെയ്ത മമ്പുറം സയ്യിദ്‌ ഫസലിന്റെ കുടുംബം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്‌ ഈയിടെ പൌത്രന്‍മാരില്‍ ചിലര്‍ മമ്പുറത്തുവന്നതോടെയാണ്‌.
മമ്പുറം സെയ്ദലവി തങ്ങളുടെ പൌത്രന്‍മാരിലൊരാള്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വരുന്നത്‌ 1970കളിലാണെന്നതു പുറത്ത്‌ ആരുമറിയാത്ത വസ്തുതയാണ്‌. ഇറാഖ്‌ റെയില്‍വേയിലെ മന്ത്രിയായിരുന്ന സയ്യിദ്‌ അദ്നാന്‍ ആയിരുന്നു ഈ വ്യക്തി. ഉന്നത സ്വാധീനമുപയോഗിച്ച്‌ അദ്ദേഹം സ്വയം നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ മമ്പുറത്തെത്തുന്നത്‌. ഇന്ത്യന്‍ റെയില്‍വേ മുഖാന്തരം നടത്തിയ അന്വേഷണത്തില്‍ മമ്പുറത്തെക്കുറിച്ചുള്ള അന്വേഷണം തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ്‌ ആദ്യമെത്തിയത്‌. തലശ്ശേരിയില്‍ നിന്നു നല്‍കിയ വിവരപ്രകാരമാണ്‌ മമ്പുറത്തെക്കുറിച്ചുള്ള വിവരം അദ്നാന്‍ ശേഖരിച്ചത്‌.

തുടര്‍ന്ന്‌, ആരുമറിയാതെ മമ്പുറത്തെത്തിയ അദ്നാന്‍ 24 മണിക്കൂര്‍ മക്ബറയിലും പരിസരങ്ങളിലും ചെലവഴിച്ചു മടങ്ങുകയായിരുന്നു.ഇക്കാലത്തു തന്നെ മാതൃപരമ്പരയിലെ പിന്‍തലമുറയില്‍പ്പെട്ട എസ്‌.എ. ജിഫ്രി അടക്കമുള്ളവരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തു. ഇറാഖിന്റെ കുവൈത്ത്‌ അധിനിവേശത്തോടെ ആ രാജ്യത്തിന്റെ തകര്‍ച്ച ആരംഭിച്ചത്‌ ഈ കുടുംബത്തിന്റെ നിലനില്‍പ്പ്‌ താറുമാറാക്കി.

മദീനയിലും സയ്യിദ്‌ ഫസലിന്റെ കുടുംബമുണെ്ടങ്കിലും അവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ഈയിടെ മമ്പുറത്തെത്തിയ സിറിയന്‍ സ്വദേശികള്‍ പറയുകയുണ്ടായി. ഇറാഖിലുള്ള സയ്യിദ്‌ ഫസല്‍ കുടുംബത്തെക്കുറിച്ചും ഈയിടെയെത്തിയ സിറിയക്കാര്‍ക്കു കൂടുതല്‍ വിവരങ്ങളറിയില്ല. സിറിയയില്‍ തന്നെ സയ്യിദ്‌ ഫസല്‍ കുടുംബം നൂറോളം വരുമത്രെ. സിറിയയിലെ വന്‍കിട കച്ചവട കുടുംബത്തില്‍പ്പെട്ടവരാണ്‌ ഈയിടെ വന്നുമടങ്ങിയവര്‍. പഞ്ചാബ്‌ അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു കാര്‍ഷികയന്ത്രങ്ങള്‍ കയറ്റി അയക്കുന്നതിനായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിനിടെയാണ്‌ പിതൃദേശമായ മമ്പുറത്തേക്ക്‌ ഇവര്‍ വരുന്നത്‌. മമ്പുറം മഖാമിന്റെ ഇപ്പോഴത്തെ കൈകാര്യകര്‍ത്താക്കളായ ദാറുല്‍ഹുദാ അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തിലും അതിനൊപ്പം നടന്ന കുടുംബങ്ങള്‍ക്കൊത്തുള്ള കൂടിച്ചേരലുകളിലും നിറഞ്ഞ മനസ്സുമായാണ്‌ സിറിയന്‍ സംഘം മടങ്ങിയത്‌. സയ്യിദ്‌ ഫസല്‍ കുടുംബത്തില്‍ സാമ്പത്തികമായി ഏറെ തകര്‍ച്ച അനുഭവിക്കുന്നവരുമുണ്ട്‌.
സയ്യിദ്‌ ഫസല്‍ സന്തതികളിലെ നാലാം തലമുറയിലുള്ള ബഗ്ദാദ്‌ സ്വദേശി യൂസുഫ്‌ ഫാദില്‍ അല്‍ അലവി 1995 ഏപ്രില്‍ അഞ്ചിന്‌ എസ്‌.എ. ജിഫ്രിക്കെഴുതിയ കത്തില്‍ ഫസല്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്‌. മുഹമ്മദ്‌ അബ്ദുര്‍റഹ്മാനു ശേഷം സയ്യിദ്‌ ഫസല്‍ പരമ്പരയെക്കുറിച്ച്‌ ഏറെ ജിജ്ഞാസയോടെ അന്വേഷിച്ച പ്രമുഖനായിരുന്നു എസ്‌.എ. ജിഫ്രി. സയ്യിദ്‌ ഫസലിലേക്കെത്തുന്ന യൂസുഫ്‌ ഫാദിലിന്റെ കുടുംബവേരുകള്‍ ഇങ്ങനെയാണ്‌- സയ്യിദ്‌ ഫാദില്‍, യൂസുഫ്‌, ഹസന്‍, സയ്യിദ്‌ ഫസല്‍ (മമ്പുറം). എഴുത്തില്‍ രണ്ടാമത്തെ ഖണ്ഡികയില്‍ പരാമര്‍ശിക്കുന്ന അദ്നാനായിരുന്നു കേരളത്തില്‍ ആദ്യമെത്തിയ സയ്യിദ്‌ ഫസല്‍ പൌത്രന്‍. കഷ്ടപ്പാടുകളുടെ ദുരിതക്കയങ്ങളില്‍ നിന്നാണ്‌
കത്തെഴുതിയതെന്ന്‌ എഴുത്തു വ്യക്തമാക്കുന്നു. സയ്യിദ്‌ ഫസലിനു രണ്ടു ഭാര്യമാരിലായി ഒമ്പതു സന്തതികളാണുണ്ടായിരുന്നത്‌. അവരില്‍ രണ്ടു പെണ്‍കുട്ടികള്‍ ശൈശവത്തില്‍ മരിച്ചു. സഹല്‍ (തുര്‍ക്കി), അഹ്മദ്‌ (സിറിയ), മുഹമ്മദ്‌ (ഹളര്‍മൌത്ത്‌, യമന്‍), ഹസന്‍ (യമന്‍), യൂസുഫ്‌ (ഇറാഖ്‌), സയ്യിദലി (ഈജിപ്ത്‌) ശരീഫാജര്‍ (സിറിയ) എന്നിങ്ങനെ വിവിധ നാടുകളിലാണ്‌ മക്കള്‍ പിന്നീടു ജീവിച്ചത്‌. സയ്യിദ്‌ ഫസല്‍ തുര്‍ക്കിയിലായിരുന്നെങ്കിലും കുടുംബം വീണ്ടും ചിതറാന്‍ കാരണം തുര്‍ക്കി ഖിലാഫത്തിന്റെ പതനത്തോടെ ഇവര്‍ സാമ്പത്തികമായി തകര്‍ന്നതാണ്‌.

തങ്ങളുടെ ദീര്‍ഘദര്‍ശനം
സെയ്ദലവി തങ്ങള്‍ ആദ്യം താമസിച്ചിരുന്നത്‌ മമ്പുറത്തെ തറമ്മല്‍ തറവാട്ടിലായിരുന്നു. പിന്നീട്‌ അവിടെനിന്നു മാളിയേക്കല്‍ വീട്ടിലേക്കു താമസം മാറ്റി. ഈ വീടിന്റെ മുന്‍വശത്തെ മസ്ജിദും സെയ്ദലവി തങ്ങളുടെ കാലത്തു നിര്‍മിച്ചതാണ്‌. ഇതിനു പിറകിലുമുണെ്ടാരു കുഞ്ഞു ചരിത്രം.
സെയ്ദലവി തങ്ങളുടെ കാലത്തു തന്നെ മറ്റൊരു വീട്‌ നിര്‍മിക്കാന്‍ സയ്യിദ്‌ ഫസല്‍ ഉപ്പയോട്‌ അനുവാദം ചോദിച്ചെങ്കിലും 'ഇവിടെ വീടുണ്ടാക്കേണ്ട നമുക്ക്‌ ഇവിടെ താമസിക്കാനുള്ളതല്ല' എന്നുപറഞ്ഞു നിരുല്‍സാഹപ്പെടുത്തുകയായിരുന്നത്രെ. പലവട്ടം ഉപ്പയോടു സയ്യിദ്‌ ഫസല്‍ ആവശ്യമുന്നയിച്ചപ്പോള്‍ തൊട്ടുമുന്നില്‍ ഇപ്പോള്‍ ഒറ്റത്തൂണ്‍ പള്ളിയെന്നറിയപ്പെടുന്ന പള്ളി നിലകൊള്ളുന്നസ്ഥലത്ത്‌ വീടു നിര്‍മിക്കാന്‍ സെയ്ദലവി തങ്ങള്‍ ഒടുവില്‍ അനുവാദം നല്‍കി. തുടര്‍ന്ന്‌, ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയ സെയ്ദലവി തങ്ങള്‍ കണ്ടതു രണ്ടാളോളം ഉയരത്തില്‍ കെട്ടിയ വീടിന്റെ തറയാണ്‌. പുഴയും തോടുകളുമായി നാലുപാടും ചുറ്റപ്പെട്ട മമ്പുറത്ത്‌ വെള്ളപ്പൊക്കം പതിവായിരുന്നതിനാലായിരുന്നു സയ്യിദ്‌ ഫസല്‍ തറ ഉയരത്തില്‍ കെട്ടിയത്‌. ഇതു കണ്ട സെയ്ദലവി തങ്ങള്‍ എന്നാല്‍, ഇവിടെ വീടു വേണ്ട പകരം പള്ളി മതിയെന്നു പറഞ്ഞ്‌ ഈ തറയില്‍ പള്ളി നിര്‍മിക്കുകയായിരുന്നു. മമ്പുറത്ത്‌ താമസിക്കാനാവില്ലെന്നു സെയ്ദലവി തങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നുവെന്നാണ്‌ ഈ ചരിത്രം വെളിപ്പെടുത്തുന്നത്‌.

മാളിയേക്കല്‍ വീട്‌ പിന്നീട്‌ സയ്യിദ്‌ ഫസല്‍ വിപുലീകരിച്ചു. അതോടെയാണ്‌ മാളിക വീടെന്ന പേരു വന്നത്‌. അതിമനോഹരമായ കൊത്തുപണികളുള്ള പ്രൌഢമായ വസതിയായിരുന്നുവത്രെ അത്‌. പില്‍ക്കാലത്ത്‌ സയ്യിദ്‌ ഫസല്‍ നാടു വിട്ടപ്പോള്‍ ഈ വീടിന്റെ അപൂര്‍വമായ കൊത്തുപണികളുള്ള ഭാഗം അദ്ദേഹത്തിന്റെ തന്നെ താല്‍പ്പര്യപ്രകാരം പൊളിച്ചു പരപ്പനങ്ങാടി കടപ്പുറത്തുനിന്നു ജിഫ്രി കുടുംബം ഇതു ളഫാറിലേക്കു കയറ്റി അയക്കുകയായിരുന്നു.

സയ്യിദ്‌ കുടുംബത്തിന്റെ വേരുകള്‍
മലബാറിലേക്കു സയ്യിദ്‌ കുടുംബങ്ങളുടെ കുടിയേറ്റം ഏതു കാലഘട്ടം മുതലാണ്‌ തുടങ്ങിയതെന്നു വ്യക്തമല്ല. യമനിലെ ഹളര്‍മൌത്തില്‍ നിന്നു മലബാറിലേക്കു കുടിയേറിയ പ്രവാചകപരമ്പരയില്‍പ്പെട്ടവര്‍ ഹളര്‍മി സയ്യിദുമാര്‍ എന്നാണറിയപ്പെടുന്നത്‌. വിവിധ കാലഘട്ടങ്ങളിലായി നാല്‍പ്പതിലേറെ വംശങ്ങള്‍ മലബാറില്‍ താമസമുറപ്പിച്ചു.
ഇവരോടൊപ്പം ചില അറബി കുടുംബങ്ങളും കേരളത്തില്‍ സ്ഥിരവാസമാക്കിയതിനുദാഹരണമാണ്‌ കോഴിക്കോട്ടെ ബറാമി കുടുംബം. പൊന്നാനി, കോഴിക്കോട്‌, കൊയിലാണ്ടി തുടങ്ങിയ കടലോര പ്രദേശങ്ങളിലാണ്‌ പ്രധാനമായും സയ്യിദ്‌ കുടുംബങ്ങളെത്തിയത്‌. ഇത്തരം കേന്ദ്രങ്ങളില്‍നിന്ന്‌ അതാത്‌ പ്രദേശങ്ങളിലെ നാട്ടുപ്രമുഖര്‍ വന്ന്‌ ഈ വിദേശ സംഘങ്ങളെ കൂട്ടിക്കൊണ്ടുപോവുകയോ പ്രബോധന ദൌത്യം സ്വയം ഏറ്റെടുത്തു വിദൂരദേശങ്ങളില്‍ ഇവര്‍ സ്വയം ചെന്നെത്തുകയോ ആയിരുന്നു പതിവ്‌. ഓരോ വംശത്തിലും അംഗസംഖ്യ കൂടുന്നതോടെ ഒരു താവഴിപില്‍ക്കാലത്തു വ്യത്യസ്ത വംശനാമം സ്വീകരിക്കുകയായിരുന്നു. അംഗസംഖ്യ കൂടുമ്പോള്‍ മഹാന്‍മാരായ പ്രപിതാക്കളുടെയൊ അതല്ലെങ്കില്‍ ദേശം മാറി താമസിച്ച ഏതെങ്കിലും പൂര്‍വികരുടെയോ പേരിനോടു ചേര്‍ത്താണ്‌ മറ്റൊരു വംശപേരുണ്ടാവുന്നത്‌. ശിഹാബ്‌, ശിഹാബുദ്ദീന്‍, ജിഫ്രി തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഉടലെടുത്ത വംശനാമങ്ങളാണ്‌.

മമ്പുറം സെയ്ദലവി തങ്ങളുടെ വംശനാമം (ഖബീല) മൌലദ്ദവീല എന്നായിരുന്നു. ഒരു ദേശത്തിന്റെ രാജാവ്‌ എന്നര്‍ഥം വരുന്ന പദമാണിത്‌. മൌലദ്ദവീല വംശക്കാര്‍ ഇന്നു കേരളത്തിലില്ലെന്നാണറിവ്‌. ഇപ്പോള്‍ മൌലദ്ദവീല എന്ന കുടുംബനാമം സയ്യിദ്‌ ഫസലിന്റെ വിദേശത്തുള്ള പൌത്രന്‍മാരും ഉപയോഗിക്കുന്നില്ല. പകരം 'ഫസല്‍' വംശമായാണ്‌ ഇവര്‍ അറിയപ്പെടുന്നത്‌. ഈയിടെ മമ്പുറത്തെത്തിയ സിറിയന്‍ ദേശക്കാരായ ശരീഫ്‌ സഹല്‍ ബിന്‍ ഫസല്‍ ആലു ഫസല്‍ ഉദാഹരണം.
മലബാറില്‍ അറിയപ്പെട്ടിരുന്നതു പോലെ വിദേശത്തുപോയ സയ്യിദ്‌ ഫസല്‍ പരമ്പരകള്‍ അന്നാടുകളിലും പ്രശസ്തരായിരുന്നു. സിറിയയിലെ ലാദിഖ എന്ന സ്ഥലത്തുനിന്നു ഫസലിന്റെ ഒരു പുത്രനായ സയ്യിദ്‌ അഹ്മദിന്റെ നേതൃത്വത്തില്‍ അല്‍ മുര്‍ഷിദ്‌ എന്ന പേരില്‍ അറബ്‌ വാരിക പുറത്തിറങ്ങിയിരുന്നു. ഇതിന്റെ കോപ്പി കോഴിക്കോട്‌ ഖാസിയായിരുന്ന പരേതനായ ശിഹാബുദ്ദീന്‍ ഇമ്പിച്ചികോയ തങ്ങളുടെ പക്കല്‍ ഈ ലേഖകന്‍ കാണുകയുണ്ടായി. അദ്ദേഹത്തിന്‌ അവര്‍ അയച്ചുകൊടുത്തതായിരുന്നു വാരിക.

നാടുകടത്തല്‍
പുത്രന്‍മാരില്‍ ഏറ്റവും ഇളയ ആളായ സയ്യിദലിയെ കേരളത്തില്‍ പുനരധിവസിപ്പിക്കാന്‍ 1933ല്‍ മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം ഏറെ കോളിളക്കമാണുണ്ടാക്കിയത്‌. ഒരു വര്‍ഷത്തോളം മാഹിയില്‍ താമസിച്ചാണ്‌ സയ്യിദലി മടങ്ങിയത്‌.
സെയ്ദലവി തങ്ങളുടെയും മകന്‍ സയ്യിദ്‌ ഫസലിന്റെയും കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ സ്വൈര്യം അനുഭവിച്ചിരുന്നില്ല എന്നിടത്തു നിന്നാണ്‌ മമ്പുറം തങ്ങള്‍മാരുടെ ചരിത്രം തുടങ്ങുന്നത്‌. സെയ്ദലവിയുടെ കാലഘട്ടത്തില്‍ മലബാറില്‍ നടന്നിരുന്ന ലഹളകള്‍ക്കുള്ള കാരണങ്ങള്‍ കണെ്ടത്താന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ടി.എന്‍. സ്ട്രേഞ്ച്‌ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുകയുണ്ടായി.
സ്ട്രേഞ്ചിനുള്ള നിര്‍ദേശങ്ങളില്‍ അടിയന്തര സ്വഭാവമര്‍ഹിക്കുന്ന ഒന്നായി എടുത്തുപറഞ്ഞിരിക്കുന്നത്‌ തിരൂരങ്ങാടി തങ്ങളുടെ (സയ്യിദ്‌ ഫസല്‍) രൂപമാറ്റവും ഈ പ്രത്യേക വ്യക്തിക്കെതിരായി കൈക്കൊള്ളുന്ന നടപടികളുമാണ്‌ (മലബാര്‍ മാന്വല്‍, പേജ്‌. 623). പക്ഷേ, ഇക്കാര്യം ഒരിക്കല്‍ പോലും തെളിഞ്ഞിട്ടില്ലെന്നു പില്‍ക്കാല ചരിത്രകാരനും ഗവേഷകനുമായ റൊണാള്‍ഡ്‌ ഇ. മിലര്‍ പ്രസ്താവിച്ചു. വിവരങ്ങള്‍ മനസ്സിലാക്കിയ സയ്യിദ്‌ ഫസല്‍ തന്നെച്ചൊല്ലി ചോര ചിന്തുന്നതൊഴിവാക്കാന്‍ രഹസ്യമായി സ്ഥലം വിടാന്‍ തീരുമാനിച്ചു. മമ്പുറം തങ്ങള്‍ നാടുവിട്ടുപോവുകയാണെന്നു വാര്‍ത്ത കാട്ടുതീ പോലെ പരന്നു. പുറപ്പെടുന്നതിന്റെ തലേന്ന്‌ അദ്ദേഹം താമസിച്ച വീടിനു മുമ്പാകെ ജനം തടിച്ചുകൂടി. പുറപ്പെട്ടു വീടിന്റെ ആറുനാഴിക അകലെ പരപ്പനങ്ങാടിയിലെത്തുമ്പോഴേക്കും അദ്ദേഹത്തെ അനുഗമിച്ച അനുയായികളുടെ എണ്ണം എണ്ണായിരമായി. നടന്നു രാത്രി കോഴിക്കോട്ടെത്താനായിരുന്നു തങ്ങളുടെ പദ്ധതി. കുടുംബവും അപ്രകാരം കോഴിക്കോട്ടേക്കു പോവാനായിരുന്നു പദ്ധതിയിട്ടത്‌. കുടുംബം കോഴിക്കോട്ടേക്കു പോവുകയും ചെയ്തു.

മമ്പുറം തങ്ങളെ ഉപേക്ഷിച്ചുപോവാന്‍ ജനക്കൂട്ടം തയ്യാറല്ല എന്നു വന്നപ്പോള്‍ പരപ്പനങ്ങാടിയില്‍നിന്നു തന്നെ കോഴിക്കോട്ടെത്താന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു (മലബാര്‍ മാന്വല്‍, പേജ്‌. 624). പിന്നീട്‌ ഈ കുടുംബത്തിലെ ആരും മമ്പുറത്തോ ഏറനാട്ടിലോ കാലുകുത്തരുതെന്നു നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഒട്ടനവധി സ്വത്തുക്കള്‍ മമ്പുറത്തുപേക്ഷിച്ചു മലബാര്‍ വിട്ട സയ്യിദ്‌ ഫസല്‍ പിന്നീട്‌ യമനിലെ ഗവര്‍ണര്‍, തുര്‍ക്കിയിലെ ഭരണോപദേഷ്ടാവ്‌ എന്നീ പദവികളില്‍ തിളങ്ങി. തുര്‍ക്കിയില്‍ അദ്ദേഹത്തിനു 'സഹല്‍ പാഷ' എന്ന യമനില്‍ ഗവര്‍ണറാവുന്ന ബഹുമതി ലഭിച്ചു. ഉന്നത പദവിയില്‍ തുടര്‍ന്ന ഫസല്‍ 78ാ‍ം വയസ്സില്‍ 1864ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മരിച്ചു. തുര്‍ക്കി ഖലീഫയുടെ മൃതദേഹത്തിനടുത്താണ്‌ അദ്ദേഹത്തെ സംസ്കരിച്ചത്‌. സയ്യിദ്‌ ഫസല്‍ സന്തതികള്‍ക്കു തുര്‍ക്കി ഗവണ്‍മെന്റ്‌ പെന്‍ഷന്‍ നല്‍കിയിരുന്നു. പക്ഷേ, തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ചയോടെ എല്ലാ നിലയ്ക്കും കുടുംബങ്ങള്‍ താറുമാറായി. പ്രിയ പിതാവ്‌ മമ്പുറത്ത്‌ അന്തിയുറങ്ങിയപ്പോള്‍ മകന്‍ തുര്‍ക്കിയില്‍ ഖബറടക്കപ്പെട്ടു. അവരുടെ മക്കള്‍ വേറെയും നാടുകളില്‍ ചിതറിക്കിടന്നു. പക്ഷേ, സെയ്ദലവി തങ്ങളുടെ മമ്പുറത്തെ മഖ്ബറയില്‍ (മറവ്‌ ചെയ്തസ്ഥലം) ജാതിമത ഭേദമന്യേ പതിനായിരക്കണക്കിനാളുകള്‍ വരുകയും പൊന്നും പണവും സമര്‍പ്പിക്കുകയും ചെയ്യുന്നത്‌ ഇന്നും തുടരുന്നു.

പുനരധിവാസ ശ്രമം
മമ്പുറം കുടുംബത്തിന്റെ കഥ അറേബ്യയിലെന്ന പോലെ മലബാറിലും തുടര്‍ന്നു. മലബാറിലെ സ്വാധീനത്തെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കിയ സ്വാതന്ത്യ്രസമര സേനാനിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബ്‌ ഫസല്‍ കുടുംബത്തെ തിരികെ കൊണ്ടുവരാനും പുനരധിവസിപ്പിക്കാനും ശ്രമിച്ചു. 1933 ജനുവരി 16ന്‌ ഉച്ചയ്ക്കു 3.00ന്‌ കോഴിക്കോട്‌ ടൌണ്‍ഹാളില്‍ യോഗം ചേര്‍ന്നു. ഇ. മൊയ്തു മൌലവിയായിരുന്നു അന്നത്തെ യോഗാധ്യക്ഷന്‍. ഈ യോഗത്തില്‍ മമ്പുറം സ്റ്റേഷന്‍ കമ്മിറ്റി രൂപീകരിച്ചു. സയ്യിദ്‌ ഫസലിന്റെ ഇളയ സന്തതിയായ സയ്യിദലിയെ ഈജിപ്തില്‍ നിന്നു തിരികെ കൊണ്ടുവരാനായിരുന്നു തീരുമാനം. വിവരങ്ങള്‍ അപ്പപ്പോള്‍ സയ്യിദലിയെ അറിയിച്ചു. 1934 ഫെബ്രുവരി ഒന്നിന്‌ കെയ്‌റോയില്‍ നിന്ന്‌ അദ്ദേഹം പുറപ്പെട്ടു. ഈ ശ്രമങ്ങളോടെ മലബാര്‍ വീണ്ടുമിളകി. പക്ഷേ, ബ്രിട്ടീഷുകാരും സില്‍ബന്തികളും നടത്തിയ കുതന്ത്രങ്ങള്‍ ഫലിച്ചതോടെ അദ്ദേഹത്തിനു നിരാശനായി മടങ്ങേണ്ടിവന്നു. പിന്നീട്‌ 1937ല്‍ മദിരാശിയില്‍ രാജാജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ഈ ആവശ്യത്തിനു വീണ്ടും ശക്തിവന്നു. ഇതിന്റെ ഭാഗമായി 1937 നവംബര്‍ അഞ്ചു മുതല്‍ 12 വരെ സാഹിബിന്റെ നേതൃത്വത്തില്‍ തന്നെ ഒപ്പുശേഖരണം നടത്തി. മലബാറിലുടനീളം പ്രകടനങ്ങളും പൊതു യോഗങ്ങളും ഇരമ്പി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി നാലു ലക്ഷത്തോളം ഒപ്പുകളാണ്‌ ശേഖരിച്ചത്‌. ഈ യത്നം പൂര്‍ണതയിലെത്തും മുമ്പു രാജാജി മന്ത്രിസഭ രാജിവയ്ക്കുകയും സാഹിബ്‌ ജയിലിലാവുകുയും ചെയ്തു. ഈ ചരിത്രം പിന്നീടു വിസ്മൃതിയിലായിടത്തുനിന്നാണ്‌ വീണ്ടും സയ്യിദ്‌ ഫസല്‍ കുടുംബത്തിലേക്കു ജനശ്രദ്ധ തിരിയുന്നത്‌.

സയ്യിദ്‌ ഫസലിന്റെ കുടുംബം മഗ്‌രിബ്‌ നാടുകളില്‍ ചിതറിയതു മലബാറിനുവേണ്ടിയാണ്‌. അതുകൊണ്ടു തന്നെ ഒരു കൂടിച്ചേരലിന്റെ ആദരവ്‌ അവരെപ്പോഴും അര്‍ഹിക്കുന്നു.

Mon, 1 Feb 2010 00 Thejas Daily

സലിം ഐദീദ്‌

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP