ഹിന്ദുസ്ഥാന്റെ പുത്രി

സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളില്‍ ഉറങ്ങിക്കിടക്കുന്ന കേസരികളാണല്ലോ മൌലാനാ മുഹമ്മദലി ജൌഹറും മൌലാനാ ഷൌക്കത്തലിയും. 1906ല്‍ ബ്രിട്ടീഷ്‌ കോണ്‍ഫറന്‍സില്‍ വച്ചു ജോര്‍ജ്‌ രണ്ടാമനോട്‌ സ്വാതന്ത്ര്യ ത്തിനുവേണ്ടി ഗര്‍ജിച്ച മുഹമ്മദലിയെ കുറിച്ചു വായിച്ചിട്ടുണെ്ടങ്കില്‍ ഒരിക്കലും ആബിദാ ബീഗത്തെ മറക്കാന്‍ സാധിക്കുകയില്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ജീവിതം ബലിയര്‍പ്പിച്ചു പോരാടുകയും സ്ത്രീത്വത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നു വീടുവീടാന്തരങ്ങളില്‍ കയറി സ്ത്രീകളോടു സമരമുഖത്തേക്കിറങ്ങാന്‍ കല്‍പ്പിക്കുകയും ചെയ്ത ബീഗത്തെ സ്വതന്ത്രഭാരതം ഇന്നു മറന്നിരിക്കുന്നു.

27ാ‍ം വയസ്സില്‍ തന്നെ ഭര്‍ത്താവ്‌ നഷ്ടപ്പെട്ട ബീഗത്തിന്റെ പിന്നീടുള്ള ജീവിതം ഏറെ ദുഃഖകര വും ക്ലേശകരവും നിറഞ്ഞതായിരുന്നു. രണ്ടു പിഞ്ചു മക്കളെ യതീം ആക്കി മറഞ്ഞുപോയ പിതാവിന്റെ അഭാവം വിഷയമാക്കാതെ തന്റെ ആഭരണങ്ങള്‍ വിറ്റ്‌ മക്കളെ പഠിക്കാന്‍ പറഞ്ഞയച്ചുകൊണ്ട്‌ അവരെ ഉന്നത സ്ഥാനത്തിലെത്തിച്ചു. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ടുള്ള അവരുടെ ജീവിതം വിജയത്തിലേക്കായിരുന്നു ചെന്നുവീണത്‌.

സ്നേഹവും വാല്‍സല്യവും ധീരതയും ഇണങ്ങിച്ചേര്‍ന്ന ജീവിതമായിരുന്നു മഹതിയുടേത്‌. രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം മുഴങ്ങിയപ്പോള്‍ സ്വന്തം രാഷ്ട്രത്തിനുവേണ്ടി പോരാടാന്‍ അവര്‍ രണ്ടു മക്കളെയും പറഞ്ഞയച്ചു. തന്റെ കുടുംബത്തില്‍ നിന്നു കഠിനമായ എതിര്‍പ്പുകള്‍ വന്നപ്പോള്‍, തന്റെ ധീര ദേശാഭിമാനിയായ മക്കളിലേക്കു നോക്കി ആ മഹതി പറഞ്ഞു:
"എന്റെ മക്കളെ നിങ്ങളിരുവരെയും പോരാളികളായി കാണാന്‍ നിങ്ങളുടെ ഉമ്മ കൊതിക്കുന്നത്‌, അഗതികള്‍ക്ക്‌ ആശ്വാസമേകുന്ന മര്‍ദ്ദിതരെ സഹായിക്കുന്ന രണ്ടു പടയാളികളായിട്ടാണ്‌. അത്തരമൊരു പാതയിലൂടെയാണ്‌ നിങ്ങളുടെ പ്രയാണമെങ്കില്‍ ഈ ഉമ്മയുടെ മോഹം സഫലമായി; പൂര്‍ണ സംതൃപ്തമായി."

സ്വാതന്ത്ര്യ സമരത്തിനുവേണ്ടി കസ്തൂര്‍ബ ഗാന്ധി, സരോജിനി നായിഡു, സരളാ ദേവി, സക്കീന ലുഖ്മാനിയ തുടങ്ങിയ ധീര വനിതകള്‍ക്കൊപ്പം പല രംഗത്തും മുന്നിട്ടിറങ്ങി പോരാടി സ്വാതന്ത്യ്രസമരഘട്ടത്തില്‍ ജ്വലിച്ചുനിന്ന വെള്ളിനക്ഷത്രമായിരുന്നു ബീഗം.
ഇങ്ങനെ സ്വയം ഇന്ത്യാ മഹാരാജ്യത്തിനുവേണ്ടി ബലിയര്‍പ്പിക്കുകയും ഇസ്ലാമിക ആശയാദര്‍ശങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ബീഗം തലശ്ശേരിയില്‍ നടന്ന ഖിലാഫത്ത്‌ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ വേണ്ടി കേരളത്തില്‍ വരെ വന്നിട്ടുണ്ടായിരുന്നു. 1917ല്‍ മകന്‍ മുഹമ്മദലിയുമൊത്ത്‌ ചാന്ഥര ജയിലില്‍ കഴിയുമ്പോള്‍ അവര്‍ ചെയ്ത സേവനങ്ങള്‍ നിസ്തുലമായിരുന്നു.

കറാച്ചി ജയിലില്‍ കിടക്കുന്ന തന്റെ മക്കള്‍ക്ക്‌ മാപ്പപേക്ഷയിലൊപ്പുവച്ചാല്‍ രക്ഷ ലഭിക്കുമെന്നറിഞ്ഞപ്പോള്‍ വൈദേശികാനുകൂല്യങ്ങളെ തിരസ്കരിച്ചുകൊണ്ടവര്‍ കറാച്ചി ജയിലിലേക്കു കുതിച്ച്‌ മുഹമ്മദലിയെയും ഷൌക്കത്തലിയെയും വിളിച്ചുപറഞ്ഞു: "നിങ്ങള്‍ മാപ്പു ചോദിച്ചു മോചിതരായാല്‍ ഈ ദുര്‍ബല കരങ്ങള്‍കൊണ്ടു കഴുത്ത്‌ ഞെരിച്ചു നിങ്ങളിരുവരെയും ഞാന്‍ കൊല്ലും. ശാരീരികസുഖത്തിനു വേണ്ടിയുള്ള ആഗ്രഹം മൂലം ജയില്‍വാസത്തോടു വല്ലപ്പോഴും വെറുപ്പ്‌ തോന്നുന്നുണെ്ടങ്കില്‍ ഈ ഉമ്മാക്ക്‌ അതൊരിക്കലും പൊരുത്തപ്പെടാനാവുകയില്ല." ഇത്തരം ധീര പ്രഖ്യാപനം സ്വതന്ത്രഭാരതം വേണ്ടത്ര പരിഗണിച്ചില്ല. ഈ ധീരവനിത നമുക്കു കാണിച്ചുതന്ന മാതൃക സ്വതന്ത്രഭാരതം ചിതയിലെറിഞ്ഞു; ദുഃഖകരം.

1924ല്‍ ചരിത്രത്തിന്റെ ഈ വീരകേസരി മൃതിയടഞ്ഞു. ഇന്ത്യയുടെ മണ്ണില്‍ ഇവരൊഴുക്കിയ വിയര്‍പ്പുകണങ്ങളുടെയും ചോരത്തുള്ളികളുടെയും ഗന്ധം ഓരോ സ്വാതന്ത്ര്യ സ്മരണകളിലും ചെങ്കോട്ടയ്ക്കു മീതെ പരിമളം പരത്തുന്നുണ്ട്‌. ഓരോ ആഗസ്ത്‌ 15നും ത്രിവര്‍ണ പതാക വാനിലേക്കുയരുമ്പോഴും ആബിദാ ബീഗവും മുഹമ്മദലിയും ഷൌക്കത്തലിയും പറയുന്നുണ്ടാവും: 'ഭാരത്‌ മാതാ കീ ജയ്‌.'
ഫാസില്‍ തൃപ്പനച്ചി
ആഴ്ചവട്ടം [Aug-18 12:31:35]

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal