.

ചരിത്രം കണ്ണടച്ച വെടിയൊച്ച


വെടിയേറ്റ് മരിച്ച അഹമ്മദ് കുട്ടിയുടെ ഖബറിടത്തിനു സമീപം സഹോദരന്‍ മുഹമ്മദ് കുട്ടിയും നാട്ടുകാരും
1921 വെള്ളപ്പടയുടെ തോക്കില്‍ നിന്ന്‌ ഒരു നാടിന്റെ നെഞ്ച്കീറി ഒരു വെടിയുണ്ട പാഞ്ഞു. പൊലിഞ്ഞത്‌ അന്ധനായ പതിമൂന്നുകാരന്റെ ജീവന്‍. നാടു വിറപ്പിക്കാന്‍ കണ്ണടച്ചുള്ള ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ തോക്ക്‌ ഗര്‍ജ്ജിച്ചപ്പൊള്‍ അത്‌ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ കണ്ണീരായി. പക്ഷോ വെടിയുണ്ടയുടെ ശബ്ദമോ നാടിന്റെ വേദനയോ ഒരു ചരിത്രവും കണ്ടതും കേട്ടതുമില്ല.

മുന്നിയൂര്‍ പഞ്ചായത്തിലെ പടിക്കല്‍ പാനൂര്‍ റോഡില്‍ മുള്ളുങ്ങല്‍ താഴെകുനിഞ്ചീരി പരേതനായ വലിയ ഉണ്ണീന്‍ കുട്ടിയുടെ മകന്‍ അഹമ്മദ്‌ കുട്ടി (13) യുടെ വീരമൃത്യു നാട്ടുകാര്‍ക്കിന്നും നടുക്കുന്ന ഓര്‍മയാണ്‌. പടിക്കലില്‍ നിന്നു ചാപ്പനൂര്‍ റോഡിലൂടെ പോകുമ്പോള്‍ വീട്ടുമുറ്റത്തായി ഒരു ഖബര്‍ കാണാം. മരത്തോടു ചാരി രണ്ടറ്റത്തും ചെങ്കല്ലു കൊണ്ട അടയാളം വെച്ച ഖബര്‍. തൊട്ടടുത്ത്‌ ഒരു ധര്‍മ്മപ്പെട്ടിയും. സ്വാതന്ത്രസമര പോരാട്ടത്തിനിടെ നാട്ടുകാര്‍ക്ക്‌ നഷ്ടപ്പെട്ട പൊന്നോമനയുടെ ഓര്‍മക്ക്‌ അത്രയെങ്കിലും ബാക്കിയുള്ളതിന്റെ ആശ്വാസത്തിലാണ്‌ ഗ്രാമം. മലബാര്‍ കലാപം എന്നറിയപ്പെട്ട സ്വാതന്ത്യ്രസമര പോരാട്ടം ശക്തിപ്പെട്ട കാലം തിരൂരങ്ങാടി മേഖലയിലെ ചെറുത്ത്‌ നില്‍പ്പിനെ ഭയന്ന പട്ടാളം ചേളാരിയിലും ചെമ്മാട്ടുമായി ക്യാമ്പ്‌ ചെയ്തു. വള്ളിക്കുന്നില്‍ തീവണ്ടിയിറങ്ങി ഗ്രാമങ്ങളിലൂടെ മാര്‍ച്ച്‌ ചെയ്ത്‌ പട്ടാളം ക്യാമ്പുകളിലേക്ക്‌ പ്രവഹിച്ചു കൊണ്ടിരുന്നു. ബൂട്ടടിയുടെ ശബ്ദം അകലും വരെ ഗ്രാമവാസികള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിഞ്ഞു. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ ഭയന്നു.

അഹമ്മദ്‌ കുട്ടിയുടെ മരണത്തിനു പിന്നിലെ കഥ സഹോദരന്‍ മുഹമ്മദ്‌ കുട്ടി (95) യുടെ മനസ്സില്‍ ഇന്നും സങ്കടപ്പെടുത്തുന്ന ഓര്‍മകളാണ്‌.
സമരനാളുകളിലൊന്ന്‌.... വീടിനടുത്തുള്ള റോഡ്‌ അന്നില്ല. സമീപത്ത്‌ ഇടവഴി മാത്രം .പട്ടാളസംഘം വരുന്നതറിഞ്ഞ്‌ എല്ലാവരും വീടുകളിലൊളിച്ചു. എപ്പോഴോ പുറത്തിറങ്ങിയിരുന്ന അഹമ്മദ്‌ കുട്ടി പക്ഷേ ഇതൊന്നുമറിഞ്ഞിരുന്നില്ല. ജന്‍മനാ കാഴ്ച ഇല്ലാത്തതിനാല്‍ അധികം ദൂരയൊന്നും അഹമ്മദ്‌ കുട്ടി പോകാറുണ്ടായിരുന്നില്ല. ഗര്‍ജ്ജിക്കുന്ന തോക്കുകളുമായി പട്ടാളം റോന്ത്‌ ചുറ്റിയിരുന്നു. അതിനിടെ ഒരു വെടി ശബ്ദം കേട്ടു. മണിക്കൂറുകള്‍ക്ക്‌ ശേഷം ബൂട്ടടികള്‍ നിലച്ചപ്പോഴാണ്‌ വീട്ടുകാര്‍ പുറത്തിറങ്ങുന്നത്‌. മുറ്റത്ത്‌ വെടിയേറ്റ്‌ ശ്വാസം നിലച്ച അഹമ്മദ്‌ കുട്ടിയുടെ ശരീരമാണ്‌ കണ്ടത്‌. പിന്നീട്‌ രാത്രിയോടെ, പടിക്കല്‍ പള്ളിയിലെ ഖത്തീബിന്റെ നിര്‍ദ്ധേശപ്രകാരം വീട്ടുമുറ്റത്ത്‌ തന്നെ മറവ്‌ ചെയ്യുകയായിരുന്നുവെന്ന്‌ മുഹമ്മദ്‌ കുട്ടി ഓര്‍ക്കുന്നു. മരിച്ചു വീണ അഹമ്മദ്‌ കുട്ടിയുടെ ദേഹത്ത്‌ പണം വെച്ച ശേഷമാണ്‌ പട്ടാളം മടങ്ങിയതെന്നും മരിച്ചയാള്‍: അന്ധനാണെന്ന വിവരമറിഞ്ഞപ്പോള്‍ മനസ്സലിഞ്ഞ പട്ടാളക്കാര്‍ ചെയ്തതാകാമെന്നും കാരണവന്‍മാര്‍ പറയുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ അഹമ്മ്ദ്‌ കുട്ടിയുടെ ഖബറിനു സമീപത്തായി ഒരു പെട്ടി സ്ഥാപിച്ചു. അതു വഴി പോകുന്നവരും വിവരമറിഞ്ഞവരും പെട്ടിയില്‍ നിക്ഷേപിച്ച പണമെടുത്ത്‌ നാട്ടുകാര്‍ പിന്നീട്‌ അന്നദാനം നടത്തി. ചെറിയ തോതിലാണെങ്കിലും വര്‍ഷത്തിലൊരിക്കലുള്ള അന്നദാനവും സ്മരണ പുതുക്കലും നാട്ടുകാര്‍ മുറതെറ്റാതെ ഇന്നും നടത്തുന്നുണ്ട്‌.

ചരിത്രം അഹമ്മദ്‌ കുട്ടിയുടെ മരണം അറിഞ്ഞില്ലെങ്കിലും മരിക്കാത്ത ഓര്‍മകളുടെ വ്യക്തതയുള്ള ചരിത്ര ചിത്രം മനസ്സിലുണ്ടെന്ന്‌ നാട്ടുകാര്‍.

മലപ്പുറം മനോരമ
2009 ജനുവരി 19

1 comment:

  1. ഞാനൊരു പടിക്കൽ കാരനാണ്. കൊച്ചുനാൾ മുതൽ ഞാൻ കാണുന്നതാണ് ആഖബറും നേർച്ചപ്പെട്ടിയും. ഇതിന്റെകഥ ഇപ്പോഴാണ് മനസ്സിലായത്.
    പിന്നെ ഒരുതിരുത്ത് ‘പാനൂർ റോഡ്’ എന്നും ‘ചാപ്പന്നൂർ റോഡ്‘എന്നും എഴുതിയിരിക്കുന്നുരണ്ടും തെറ്റാണ്. അത് പാപ്പനൂർ റോഡാണ്.

    ReplyDelete

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP